ഒന്റാറിയോ വിദ്യാലയങ്ങള്‍ സെപ്തംബറില്‍ തുറക്കാനുള്ള പദ്ധതി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും

ഒന്റാറിയോ വിദ്യാലയങ്ങള്‍ സെപ്തംബറില്‍ തുറക്കാനുള്ള പദ്ധതി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും

ടൊറന്റോ: ഒന്റാറിയോയിലെ വിദ്യാലയങ്ങള്‍ സെപ്തംബറില്‍ വീണ്ടും തുറക്കുന്നതിനുള്ള പുതിയ പദ്ധതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും പരിശീലനവും നല്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്റാറിയോയിലെ ബ്രാംപ്ടണിലെ ഒരു സ്‌കൂളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്റ്റീഫന്‍ ലെസ്സെ.

ഒന്റാറിയോയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ പ്രവിശ്യാ ആരോഗ്യ ഉദ്യോഗസ്ഥരുമായി സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് അന്തിമ രൂപം നല്കുകയാണ്. ഒന്റാറിയോയിലെ 72 സ്‌കൂള്‍ ബോര്‍ഡുകളോടും സാധ്യമായ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്‌ല പദ്ധതികള്‍ തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. വ്യക്തിഗത പഠനത്തിലേക്കുള്ള മുഴുവന്‍ സമയ മടങ്ങിവരവ്, എല്ലാവര്‍ക്കുമായി വെര്‍ച്വല്‍ ക്ലാസുകള്‍, ഇവ രണ്ടും സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് മാതൃക എന്നിവയ്ക്ക് അനുസരിച്ച പദ്ധതികള്‍ തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.

ആഗസ്ത് ആദ്യവാരത്തില്‍ തന്നെ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അംഗീകാരം വാങ്ങിയിരിക്കണമെന്നും നിബന്ധനയുണ്ട്. സ്‌കൂള്‍ ബോര്‍ഡുകള്‍ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മുമ്പുതന്നെ വീണ്ടും തുറക്കുന്നതിനെ കുറിച്ച് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യത്തെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഹൈബ്രിഡ് പഠനത്തിനാണ് മുന്‍ഗണന നല്കിയിരുന്നതെങ്കിലും പിന്നീട് എല്ലാ വിദ്യാര്‍ഥികളേയും മുഴുവന്‍ സമയ ക്ലാസിലേക്ക് തിരികെയെത്തിക്കാനുള്ള നടപടികള്‍ക്കാണ് മുന്‍ഗണന നല്കിയത്.

പുതിയ അധ്യാപകരുടെ നിയമനത്തിനും പരിശീലനത്തിനും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമെല്ലാം കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും തിരക്കിട്ട് സ്‌കൂളുകള്‍ തുറക്കല്‍ പ്രഖ്യാപിക്കുന്നത് ഗുണകരമാവില്ലെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കോവിഡ് സുരക്ഷാ പ്രോട്ടോകോളുകള്‍ വര്‍ധിപ്പിക്കുന്നതിന് സ്‌കൂള്‍ കെട്ടിടങ്ങളില്‍ ആവശ്യമായ മാറ്റവും വരുത്തേണ്ടതുണ്ട്.

പ്രവിശ്യയിലെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഫണ്ട് വകയിരുത്താന്‍ തത്ക്കാലം സാധിക്കില്ലെന്നും ലെസ്സെ വിശദീകരിച്ചു. ഒരു മാസം മുമ്പ് ഇങ്ങനെയായിരുന്നില്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ തുറക്കാന്‍ ആറാഴ്ചകള്‍ മാത്രമാണ് ബാക്കിയെന്നിരിക്കെ സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങളില്‍ മാതാപിതാക്കളും അധ്യാപകരും സ്‌കൂള്‍ ബോര്‍ഡുകളും നിരാശരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകാത്തതും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഫണ്ട് ലഭിക്കാത്തതും ഇവരെ ആശങ്കയിലാക്കുന്നുണ്ട്.

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ അര്‍ഥവത്തായ കൂടിയാലോചനകളൊന്നും നടത്തിയിട്ടില്ലെന്നാണ് ഒന്റാറിയോ സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ഹാര്‍വി ബിഷോഫ് കുറ്റപ്പെടുത്തുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിലവില്‍ ഫണ്ടില്ലെന്നതാണ് അവസ്ഥയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്ന തങ്ങളുടെ ആവശ്യം ഗൗരവമായി ചെവിക്കൊള്ളണമെന്നും അദ്ദേഹം പറയുന്നു.

നിലവില്‍ പ്രവിശ്യാ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം ഉപയോഗിച്ച് സ്‌കൂളുകള്‍ക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നാണ് ഹാല്‍ട്ടണ്‍ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആന്‍ഡ്രിയ ഗ്രെബെന്‍ക് പറയുന്നത്. പ്രവിശ്യയിലുടനീളം 56 ബില്യണ്‍ ഡോളര്‍ അധിക ഫണ്ടിംഗ് ലഭിച്ചാല്‍ പോലും തുല്യമായി വിഭജിക്കുമ്പോള്‍ ഹാല്‍ട്ടണ്‍ ബോര്‍ഡിന് ഒരു മില്യന്‍ ഡോളറില്‍ താഴെയാണ് ലഭ്യമാവുകയെന്നും ബക്കറ്റിലെ ഒരു തുള്ളി മാത്രമായിരിക്കും ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു. മാസ്‌കുകള്‍ക്ക് വേണ്ടി മാത്രമായി പ്രതിമാസം രണ്ട് മില്യന്‍ ഡോളര്‍ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Share this story