ട്രംപ്-ചൈന യുദ്ധം മുറുകുന്നു

ട്രംപ്-ചൈന യുദ്ധം മുറുകുന്നു

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാശക്തിയായ യുഎസുമായി ഒരു ഏറ്റുമുട്ടലിനോ അല്ലെങ്കിൽ അതിന്റെ സ്ഥാനത്തേക്ക് എത്തുന്നതിനോ ചൈന ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ “ദുഷ്ടലാക്കോടെയുള്ള അപവാദപ്രചാരണങ്ങളെ”യും ആക്രമണങ്ങളെയും ചൈന ചെറുക്കുമെന്നും ചൈന. സമീപകാലത്തായി ട്രംപ് ഭരണത്തിൽ നിന്നുമുണ്ടാകുന്ന നിരന്തരമായ കുറ്റപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

സൈനിക-സാങ്കേതികവിദ്യ, സാമ്പത്തിക മേഖലകളിലും മറ്റും ചൈനയുടെ സ്വാധീനം വിപുലമാക്കുന്നതിനുള്ള കൂടുതൽ ആക്രമണോന്മുഖമായി മാറുന്ന ഒരു വിദേശ നയമാണ് ചൈന അനുവർത്തിക്കുന്നതെന്നാണ് വിമർശകർ കുറ്റപ്പെടുത്തുന്നതെങ്കിലും ചൈനയുടെ മുഖ്യ ശ്രദ്ധ രാജ്യത്തെ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിലും ലോകസമാധാനവും സുസ്ഥിരതയും കാത്തു സൂക്ഷിക്കുന്നതിലുമാണെന്നു ചൈനീസ് വക്താവ് ഹുവ ചുൻയിങ് പറഞ്ഞു.

ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയിൽ സ്വന്തം പരമാധികാരവും സുരക്ഷിതത്വവും വികസന താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനും കഠിനമായ പ്രയത്നങ്ങളിലൂടെ ചൈനീസ് ജനത കൈവരിച്ച നേട്ടങ്ങളെ കാത്തുസൂക്ഷിക്കുന്നതിനും ചൈനക്കെതിരായ ഭീഷണികളെയും അനീതിയെയും ചെറുക്കുന്നതിനും ചൈനക്കെതിരെ യുഎസ് നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും തിരിച്ചടി നൽകുന്നതിനുമുള്ള അവകാശം ചൈനക്കുണ്ടെന്നു പതിവ് വാർത്ത സമ്മേളനത്തിൽ ചൈനീസ് വിദേശമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.

ബെയ്‌ജിങിന് അനുകൂലമായ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ബിസിനസ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് അറ്റോണി ജനറൽ വില്യം ബാർ ചെയ്ത പ്രസംഗത്തിന് തൊട്ടടുത്ത ദിവസമാണ് ചൈനീസ് വക്താവിന്റെ പ്രതികരണമുണ്ടായത്.

കൊറോണ വൈറസ് മഹാമാരിയുടെ തുടക്കത്തിൽ സംരക്ഷണ ഉപകരണങ്ങളുടെ കാര്യത്തിൽ വിപണിയിൽ ആധിപത്യംപുലർത്തുകയും അമേരിക്കക്കു ചൈനയോടുള്ള ആശ്രിതത്വം തുറന്നു കാട്ടുകയും ചെയ്ത ചൈന പൂഴ്ത്തിവെപ്പിലൂടെ അവയുടെ വിതരണം തടസ്സപ്പെടുത്തുകയും ആവശ്യമുള്ള രാജ്യങ്ങളിലേക്ക് അവ കയറ്റുമതിചെയ്യുന്നതിൽ നിന്നും ഉൽപ്പാദകരെ തടയുകയും ചെയ്യുകയാണുണ്ടായതെന്നു ബാർ പറഞ്ഞു.

കൊറോണ വാക്സിൻ വികസനത്തിന്റെ ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മോഷ്ടിക്കാൻ അമേരിക്കൻ യുണിവേഴ്സിറ്റികളെയും ബിസിനസ് സ്ഥാപനങ്ങളെയും ചൈനീസ് ഗവൺമെന്റുമായി ബന്ധപ്പെട്ട ഹാക്കർമാർ ലക്ഷ്യമിടുന്നതായും ബാർ കുറ്റപ്പെടുത്തി. റഷ്യക്കെതിരെ സമാനമായ ഒരു ആരോപണം പാശ്ചാത്യ ഏജൻസികൾ ഉയർത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു ബാർ ഇത് പറഞ്ഞത്.

ആഗോള സാമ്പത്തിക ആധിപത്യം നേടുന്നതിനായും ലോകത്ത് സാങ്കേതികവിദ്യാരംഗത്ത് യുഎസിനുള്ള നേതൃസ്ഥാനം കയ്യടക്കുന്നതിനായും ചൈന ഒരു സാമ്പത്തിക കടന്നാക്രമണം നടത്തുകയാണെന്ന് ബാർ പറഞ്ഞു.

ട്രംപിന്റെ സഖ്യശക്തികൾ സമീപദിവസങ്ങളിലായി ചൈനക്കെതിരെ കടുത്ത വിമർശനമാണ് അഴിച്ചുവിട്ടിട്ടുള്ളത്. സാങ്കേതിക വിദ്യ മോഷ്ടിക്കുന്നതായുള്ള ആരോപണങ്ങൾ മുതൽ ദക്ഷിണ ചൈന സമുദ്രത്തിൽ ചൈന ഉന്നയിക്കുന്ന അവകാശവാദങ്ങൾ വരെയുള്ള പ്രശ്നങ്ങളുടെ പേരിൽ നിരവധി ദശകങ്ങൾക്കിടയിൽ ഉഭയകക്ഷി ബന്ധങ്ങൾ ഏറ്റവും വഷളായ ഒരു സമയത്തു തന്നെയാണിതും സംഭവിക്കുന്നത്.

വാക്സിൻ വികസന വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതായുള്ള ബാറിന്റെ ആരോപണം “ശുദ്ധ അസംബന്ധം” എന്ന് പറഞ്ഞു തള്ളിക്കളയുകയാണ് ചൈനീസ് വക്താവ് ചെയ്തത്. കൊറോണ വൈറസ് വാക്സിൻ ഗവേഷണത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ ചൈനക്കുള്ള നേതൃസ്ഥാനം എല്ലാവർക്കും അറിവുള്ള കാര്യമാണെന്നും ലോകത്തിലെ,മികച്ച ഗവേഷകർ ചൈനക്കുണ്ടെന്നും മോഷണത്തിലൂടെ നേതൃസ്ഥാനത്തേക്ക് വരേണ്ട കാര്യമൊന്നും ചൈനക്കില്ലെന്നും ഹുവ പറഞ്ഞു.

അന്തസ്സുയർത്തുകയും വലിയ ലാഭം നേടുകയും ചെയ്യുമെന്നതിനാൽ കൊറോണ വൈറസ് വാക്സിൻ ആദ്യം വിപണിയിലെത്തിക്കുന്ന കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ചൈനീസ് കമ്പനികൾ വളരെ വേഗതയിലാണ് അതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.

Share this story