യു.എസില്‍ കോവിഡ് വ്യാപനം രൂക്ഷം: രാജ്യം അടച്ചിട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്ന് വിദഗ്ധര്‍

യു.എസില്‍ കോവിഡ് വ്യാപനം രൂക്ഷം: രാജ്യം അടച്ചിട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്ന് വിദഗ്ധര്‍

അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യം അടച്ചിട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്ന് വിദഗ്ധര്‍. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കവിയുകയും പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുകയും ചെയ്തതോടെയാണ് ആവശ്യം. മെഡിക്കല്‍ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, നഴ്‌സുമാര്‍ തുടങ്ങിയവരാണ് ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്ക് കത്തയച്ചതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ ഒന്നിനകം രണ്ടു ലക്ഷത്തിലധികം അമേരിക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന പാതയിലാണ് നാം. എന്നിട്ടും, പല സംസ്ഥാനങ്ങളിലും ആളുകള്‍ക്ക് ബാറുകളില്‍ പോയി കുടിക്കാനും മുടി വെട്ടാനും റെസ്റ്റോറന്റിനകത്തിരുന്ന് ഭക്ഷണം കഴിക്കാനും പച്ചകുത്താനും മസാജ് ചെയ്യാനും തുടങ്ങി സാധാരണവും എന്നാല്‍ അനിവാര്യവുമല്ലാത്ത കാര്യങ്ങള്‍ ചെയ്യാനാകുന്നുവെന്ന് കത്തില്‍ പറയുന്നു.

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും സി.എന്‍.എന്‍ പരിപാടിയില്‍ സമാന ആശങ്കകള്‍ പങ്കുവെച്ചു. രാജ്യത്തെ രോഗബാധ നിരക്ക് വളരെയധികം വിഷമിപ്പിക്കുന്നതാണ്. കാരണം വേനല്‍ക്കാലമാണ്. ചൂട് കൂടുമ്പോള്‍ ആളുകള്‍ കൂടുതലായി പുറത്തിറങ്ങും. അതുകൊണ്ട് ഇപ്പോള്‍ രോഗബാധ കുറയ്ക്കുക എളുപ്പമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ബില്‍ ഗേറ്റ്‌സ് സജീവമാണ്. കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്ക് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലൂടെ ബില്‍ ഗേറ്റ്‌സ് സാമ്പത്തിക സഹായവും ലഭ്യമാക്കുന്നുണ്ട്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 40,38,748 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,44,304 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന മരണത്തിന് കാരണമായി കോവിഡ് മാറിയേക്കാമെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനിലെ സ്ഥിതിവിവര വിദഗ്ധന്‍ അറിയിച്ചതായും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this story