യുവാക്കളോട് പൊതു ആരോഗ്യ ഓഫിസര്‍: കോവിഡിനെ പ്രതിരോധിക്കാന്‍ ജാഗ്രത കാണിക്കണം

യുവാക്കളോട് പൊതു ആരോഗ്യ ഓഫിസര്‍: കോവിഡിനെ പ്രതിരോധിക്കാന്‍ ജാഗ്രത കാണിക്കണം

ഒട്ടാവ: കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് കാനഡയുടെ ചീഫ് പൊതുജനാരോഗ്യ ഓഫിസര്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പ് നൽകി. ഇരുപതുകളും മുപ്പതുകളും പ്രായമുള്ളവരില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരോഗ്യ വിദഗ്ധന്‍ മുന്നറിയിപ്പ് നൽകിയത്.

ഇരുപതു മുതല്‍ 39 വയസ്സുവരെയുള്ളവരില്‍ രോഗബാധ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ഡോ. തെരേസ ടാം പറഞ്ഞു. കാനഡക്കാരില്‍ ഒരു ശതമാനത്തില്‍ താഴെ പേര്‍ക്ക് രോഗബാധയുണ്ടായാല്‍ അതിനര്‍ത്തം എളുപ്പത്തില്‍ രോഗവ്യാപനമുണ്ടായേക്കാമെന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിതരുടെ കണക്കുകള്‍ ഏറ്റവും ഉയര്‍ന്ന് മെയ് മാസത്തിന്റെ തുടക്കത്തിലായിരുന്നുവെന്ന് ടാം വിശദീകരിച്ചു. പ്രതിദിനം 1800 പേര്‍ വരെ രോഗം ബാധിക്കുന്ന സമയമായിരുന്നു അത്. എന്നാല്‍ പിന്നീട് ജൂലൈ ആദ്യവാരമായതോടെ പുതിയ കേസുമായി എത്തുന്നവര്‍ പ്രതിദിനം 273 ആയി ചുരുങ്ങിയിരുന്നു. പ്രസ്തുത അക്കമാണ് കഴിഞ്ഞ ഏഴ് ദിവസത്തിനിടയില്‍ 487 വരെയായി വര്‍ധിച്ചതെന്നും അവര്‍ വിശദീകരിച്ചു.

വാരാന്ത്യത്തില്‍ പുറത്തുപോകുന്നതിന് മുമ്പ് ഓരോരുത്തരും ഇത്രയേറെ റിസ്‌കെടുത്ത് താനിത് ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം സ്വയം ഉയര്‍ത്തണമെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രി പാറ്റി ഹാജ്ഡു ആവശ്യപ്പെട്ടു. യുവ കാനഡക്കാര്‍ക്കായി സര്‍ക്കാര്‍ ആരോഗ്യ സന്ദേശങ്ങള്‍ എത്തിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാറിന് പലപ്പോഴും നേരിട്ടെത്തിച്ചേരാന്‍ സാധിക്കാത്ത യുവ വിഭാഗങ്ങളിലേക്ക് അവരുടെ ഭാഷയിലും മാര്‍ഗ്ഗത്തിലൂടേയും സംവദിക്കാനുള്ള ശ്രമങ്ങളാണ് തന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഫെബ്രുവരിയിലും മാര്‍ച്ചിലും രോഗികളുടെ എണ്ണം കൂടാന്‍ പോവുകയാണെന്ന് തങ്ങള്‍ ചിന്തിക്കുക പോലും ചെയ്തിരുന്നില്ലെന്നും അവര്‍ അറിയിച്ചു.

കാനഡക്കാര്‍ക്കായി സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടൂള്‍ പുറത്തിറക്കിയിട്ടുണ്ട്. വിവിധ കളികളിലും പെരുമാറ്റങ്ങളിലും കൊറോണ വൈറസ് പകരാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നുണ്ട്. ചില കാര്യങ്ങളില്‍ രോഗം വ്യാപകമാകുന്നതിന്റെ ഓണ്‍ലൈന്‍ മുന്നറിയിപ്പുകളും സര്‍ക്കാര്‍ നൽകുന്നുണ്ട്.

റോയിട്ടേഴ്‌സിന്റെ കണക്കുള്‍ പ്രകാരം ലോകത്താകമാനം 15.8 മില്യന്‍ ജനങ്ങള്‍ക്കാണ് കോവിഡ് രോഗബാധയുണ്ടായത്. ആഗോളതലത്തില്‍ 6,38,271 പേര്‍ മരിക്കുകയും ചെയ്തു. ലോകത്തിലെ 210ലേറെ രാജ്യങ്ങളിലാണ് കോവിഡ് ബാധിച്ചത്.

Share this story