കോവിഡ് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; ഇന്ത്യന്‍ വംശജനായ ഐ.ടി എക്‌സിക്യൂട്ടീവ് മുകുന്ദ് മോഹന്‍ യു.എസില്‍ അറസ്റ്റില്‍

കോവിഡ് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; ഇന്ത്യന്‍ വംശജനായ ഐ.ടി എക്‌സിക്യൂട്ടീവ് മുകുന്ദ് മോഹന്‍ യു.എസില്‍ അറസ്റ്റില്‍

സീയാറ്റില്‍: വ്യാജ രേഖകളുണ്ടാക്കി 5.5 മില്യണ്‍ ഡോളറിന്റെ കോവിഡ് ദുരിതാശ്വാസ ഫണ്ട് നേടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഇന്ത്യന്‍ വംശജനായ ഐ.ടി എക്‌സിക്യൂട്ടീവ് മുകുന്ദ് മോഹന്‍ യു.എസില്‍ അറസ്റ്റില്‍.

യു.എസ് അറ്റോര്‍ണി ഓഫീസാണ് വ്യാഴാഴ്ച ആമസോണ്‍, മൈക്രോസോഫ്റ്റ് മുന്‍ എക്‌സിക്യൂട്ടീവ് കൂടിയായ മുകുന്ദ് മോഹനെ അറസ്റ്റ് ചെയ്തതെന്ന് ദി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുകുന്ദിന്റെ ഉടമസ്ഥതയിലുള്ള ആറ് ഷെല്‍ കമ്പനികള്‍ക്കായുള്ള പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം (പി.പി.പി) അപേക്ഷകള്‍ക്കൊപ്പം വ്യാജ ഫെഡറല്‍ ടാക്‌സ് ഫയലിംഗുകളും മറ്റു കൃത്രിമ രേഖകളുമാണ് സമര്‍പ്പിച്ചത്. തുടര്‍ന്ന് കുറച്ച് പണം തന്റെ വ്യക്തിഗത റോബിന്‍ഹുഡ് ബ്രോക്കറേജ് അക്കൗണ്ടിലേക്ക് മാറ്റിയതായും യു.എസ് അറ്റോര്‍ണി വ്യക്തമാക്കി.

കോവിഡ് കാലത്ത് തൊഴിലാളികളെ നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനാണ് ഫെഡറല്‍ സര്‍ക്കാര്‍ പി.പി.പി വായ്പ പദ്ധതി നടപ്പാക്കിയത്. എന്നാല്‍ മുകുന്ദിന്റെ കമ്പനികളില്‍ ഒരു തൊഴിലാളിയെപ്പോലും നിയമിച്ചിട്ടില്ലെന്ന് യു.എസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

മുകുന്ദിന്റെ ഉടമസ്ഥതയിലുള്ള മഹെന്‍ജോ ഇന്‍കോര്‍പ്പറേഷനില്‍ നിരവധി ജീവനക്കാരുണ്ടെന്നും ഇവര്‍ക്ക് വേതനം നല്‍കാന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചതായും അതനുസരിച്ചുള്ള ശമ്പളനികുതി അടച്ചതായും കാണിക്കാന്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു യു.എസ് അറ്റോര്‍ണി ഓഫിസിന്റെ വിശദീകരണം. അതേസമയം, ഇക്കാര്യത്തില്‍ മുകുന്ദിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല.

ക്ലൈഡ് ഹില്ലിലെ താമസിക്കുന്ന മുകുന്ദ് ഒന്നിലധികം സംരംഭങ്ങള്‍ ഉള്ളയാളും എയ്ഞ്ചല്‍ നിക്ഷേപകനുമാണെന്നാണ് ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ വിവരം നല്‍കിയിരിക്കുന്നത്. നിലവില്‍ ഓണ്‍ലൈന്‍ കനേഡിയന്‍ കെട്ടിട നിര്‍മ്മാണ റീട്ടെയ്‌ലറായ ബില്‍ഡ് ഡയറക്ട് ചീഫ് ടെക്‌നോളജി ഓഫിസറായ മുകുന്ദ് നേരത്തെ ആമസോണ്‍ ബിസിനസില്‍ പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടറായും മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആന്റ് എന്റര്‍പ്രൈസ് ബിസിനസ്സില്‍ എഞ്ചിനീയറിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share this story