ഇന്ത്യ-ചൈന ചര്‍ച്ച ഫലപ്രദം; സംഘര്‍ഷമേഖലകളില്‍നിന്ന് സൈന്യം പിന്മാറിയതായി ചൈന

ഇന്ത്യ-ചൈന ചര്‍ച്ച ഫലപ്രദം; സംഘര്‍ഷമേഖലകളില്‍നിന്ന് സൈന്യം പിന്മാറിയതായി ചൈന

ബീജിങ്: ചര്‍ച്ചകളെത്തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍നിന്ന് സൈന്യം പിന്‍മാറിയതായി ചൈന. തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തെ ഭൂരിഭാഗം ഇടങ്ങളില്‍ പിന്മാറിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. മേഖലയിലെ സാഹചര്യം കൂടുതല്‍ മെച്ചപ്പെടുകയാണെന്നും വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തര്‍ക്ക പ്രദേശങ്ങളില്‍നിന്ന് ഇരു രാജ്യങ്ങളുടേയും മുന്‍നിര സൈനികര്‍ പിന്‍വാങ്ങിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള അഞ്ചാം വട്ട ചര്‍ച്ചയ്ക്കായുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എന്നാണ് ചര്‍ച്ച എന്നതുള്‍പ്പെടെ മറ്റു വിവരങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.

പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ലഡാക്കില്‍ ഇന്ത്യ-ചൈന സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എത്രപേരാണ് കൊല്ലപ്പെട്ടതെന്ന വിവരം ചൈന പുറത്തുവിട്ടിരുന്നില്ല. പിന്നാലെയാണ് നയതന്ത്ര, സൈനികതല ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഇരു സൈന്യങ്ങളും പിന്‍മാറാന്‍ ധാരണയായെങ്കിലും ചൈന ഇക്കാര്യം പാലിച്ചില്ല. കിഴക്കന്‍ ലഡാക്കില്‍ ഉള്‍പ്പെടെ ചൈനീസ് ക്യാംപുകള്‍ ഉള്ളതായി സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഉള്‍പ്പെടെ വ്യക്തമായിരുന്നു. ഇതോടെ അതിര്‍ത്തിമേഖലയില്‍ ഇന്ത്യ സൈനികശേഷി വര്‍ധിപ്പിച്ചിരുന്നു. പിന്നീട് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ചൈനീസ് സൈന്യം പിന്‍മാറ്റം തുടങ്ങിയത്.

Share this story