നേപ്പാള്‍ ഭരണകക്ഷിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആറംഗ സമിതി

നേപ്പാള്‍ ഭരണകക്ഷിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആറംഗ സമിതി

കാഠ്മണ്ഡു: നേപ്പാളില്‍ ഭരണകക്ഷിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവം. ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രശ്നപരിഹാരത്തിനായി ആറംഗ സമിതിയെ ചുമതലപെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യപെട്ട് പി കെ ധഹലും മാധവ് കുമാര്‍ നേപ്പാളും രംഗത്ത് വന്നതോടെയാണ് പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തത്, നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ പ്രശ്നം പരിഹാരമായില്ല.

പലതവണ ചേരാന്‍ നിശ്ചയിച്ച നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃയോഗം നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം കാരണം മാറ്റിവെയ്ക്കുകയായിരുന്നു.

അതിനിടെ ശര്‍മ ഒലിയും ധഹലും തമ്മില്‍ നടന്നകൂടിക്കാഴ്ചയിലാണ് പാര്‍ട്ടി തലത്തില്‍ സമിതിക്ക് രൂപം നല്‍കാന്‍ ധാരണയായത്‌.

സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ ശങ്കര്‍ പോഖ്രേല്‍,ജനാര്‍ദ്ദന്‍ ശര്‍മ,ഭിം റാവല്‍,സുരേന്ദ്ര പാണ്ഡേ,പംഭാ ഭുഷല്‍ എന്നിവരടങ്ങുന്ന സമിതിയെ നയിക്കുന്നത് ജനറല്‍ സെക്രട്ടറി ബിഷ്ണു പൌദെല്‍ ആണ്.

അതേസമയം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും കെപി ശര്‍മ ഒലി രാജിവെയ്ക്കണം എന്ന ആവശ്യം പികെ ധഹല്‍ ഉന്നയിച്ചതിന് പിന്നാലെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി രണ്ട് ചേരികളിലായി നിലകൊള്ളുകയാണ്. മാധവ് കുമാര്‍ നേപ്പാളും ധഹലിനൊപ്പം നിലകൊള്ളുകയാണ്.

എന്നാല്‍ ആറംഗ സമിതി നിശ്ചയിച്ച് കൊണ്ട് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തുമ്പോഴും നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്.

Share this story