ഖുർആൻ കത്തിച്ച സംഭവം; സ്വീഡനില്‍ കലാപം ആളികത്തുന്നു

ഖുർആൻ കത്തിച്ച സംഭവം; സ്വീഡനില്‍ കലാപം ആളികത്തുന്നു

മല്‍മോ: ദക്ഷിണ സ്വീഡനിലെ തെക്കന്‍ നഗരമായ മല്‍മോയില്‍ ഖുര്‍ആന്‍ അവഹേളനത്തിനെതിരേ വന്‍ പ്രതിഷേധം. തീവ്ര വലതുപക്ഷ വാദികള്‍ ഖുര്‍ആന്‍ കത്തിച്ചും തെരുവിലിട്ട് തട്ടിയും നടത്തിയ ഇസ്ലാം വിരുദ്ധ പ്രകടനത്തിനെതിരേയുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്.

തെരുവിലിറങ്ങിയ 300 പേര്‍ പൊലീസിനെതിരെ ആക്രമണം അഴിച്ചുവിടുകയും തീവയ്പ്പ് നടത്തുകയും ചെയ്തു. ഒരു തീവ്രവലതുപക്ഷ നേതാവിന്റെ റാലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയത്.പ്രതിഷേധ പ്രകടനക്കാര്‍ പോലിസ് ഓഫിസര്‍മാര്‍ക്കു നേരെ കല്ലെറിയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു.

തീവ്ര വലതുപക്ഷ ഡാനിഷ് പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ നേതാവ് റാസ്മസ് പാലുദാന് മല്‍മോയില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇസ്ലാം വിരുദ്ധ പ്രകടനങ്ങളുമായി വലതുപക്ഷ വാദികള്‍ തെരുവിലിറങ്ങിയത്.

മുന്‍പ് തന്നെ ഇയാളുടെ സ്വീഡനിലേക്കുള്ള വരവ് സ്വീഡിഷ് അധികൃതര്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇയാള്‍ സമൂഹത്തിന് വെല്ലുവിളി ഉയര്‍ത്തിയതിനാലാണ് ഇയാളെ റാലിക്ക് മുന്‍പേ കസ്റ്റഡിയില്‍ എടുത്തത്.

ഇതിനെ തുടര്‍ന്ന് മാല്‍മോയില്‍ നിരവധി മുസ്ലീം വിരുദ്ധ പ്രകടനങ്ങള്‍ നടന്നെന്നാണ് ആഫ്‌ടോണ്‍ബ്ലാഡേ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിലര്‍ മതഗ്രന്ഥം കത്തിക്കുകയും ഒരു പബ്ലിക് സ്‌ക്വയറില്‍ വെച്ച് മൂന്നുപേര്‍ ചേര്‍ന്ന് മതഗ്രന്ഥത്തിന്റെ കോപ്പിയില്‍ തൊഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ വൈകുന്നേരമായപ്പോഴേക്കും തെരുവില്‍ വന്‍ അക്രമങ്ങളാണ് അരങ്ങേറിയത്. റാലി നടത്തിയതിനും തെരുവില്‍ അക്രമണം നടത്തിയതിനും നിരവധിപ്പേര്‍ പിടിയിലായി എന്നാണ് റിപ്പോര്‍ട്ട്. ഖുർആൻ കത്തിച്ച സ്ഥലത്തു തന്നെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതെന്നും പോലീസ് വക്താവ് സ്ഥിരീകരിച്ചു. കുടിയേറ്റക്കാര്‍ പ്രദേശങ്ങളിലാണ് കലാപം അരങ്ങേറിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സംഘര്‍ഷാവസ്ഥ പൂര്‍ണമായും നിയന്ത്രണത്തിലായിട്ടില്ലെന്നും ഇതിനായി ശ്രമിക്കുകയാണെന്നും പോലിസ് പറയുന്നു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് സ്വിഡീഷ് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Share this story