യമനിൽ മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷക്ക് സ്റ്റേ; പ്രതീക്ഷയോടെ കുടുംബം

യമനിൽ മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷക്ക് സ്റ്റേ; പ്രതീക്ഷയോടെ കുടുംബം

കൊലപാതകക്കേസില്‍ യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു ഇതോടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു.

ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നത കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. യെമനില്‍ ക്ലിനിക്ക് നടത്താന്‍ സഹകരിച്ച യുവാവില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നിമിഷ മുന്‍പ് പറഞ്ഞിരുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ യുവതിയുടെ മോചനം സാധ്യമാകുകയുളളുവെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ നിയമം അനുസരിച്ച്‌ ബ്ലഡ് മണി കുടുംബം സ്വീകരിച്ചാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാകാം. ജയിലില്‍നിന്ന് മോചിപ്പിക്കാനും കുടുംബത്തിന് കോടതിയോട് ആവശ്യപ്പെടാം. 70 ലക്ഷം രൂപയാണ് ബ്ലഡ് മണിയായി നല്‍കേണ്ടി വരിക.

Share this story