ഫത്ഹ്-ഹമാസ് ഒത്തുതീർപ്പിലെത്തി; 14 വര്‍ഷത്തിനു ശേഷം ഫലസ്തീനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു

ഫത്ഹ്-ഹമാസ് ഒത്തുതീർപ്പിലെത്തി; 14 വര്‍ഷത്തിനു ശേഷം ഫലസ്തീനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു

അങ്കാറ: അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം സ്ഥാപിക്കുന്നതിനിടെ ഫലസ്തീനിലെ ഏറ്റവും വലിയ രണ്ട് സംഘടനകളായ ഫത്ഹും ഹമാസും ഒത്തുതീര്‍പ്പിലെത്തി.

തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചയിലാണ് വെസ്റ്റ് ബാങ്കില്‍ അധികാരത്തിലുള്ള ഫത്ഹും ഗസ്സയില്‍ ഭരണത്തിലുള്ള ഹമാസും ധാരണയിലെത്തിയത്. ഫത്ഹ് നേതാവ് മഹ്മൂദ് അബ്ബാസും ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ്യയും ഒത്തുതീര്‍പ്പ് അംഗീകരിച്ചു.

ആറു മാസത്തിനകം ഫലസ്തീനില്‍ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചു. 2006-നുശേഷം ആദ്യമാണ് ഫലസ്തീനില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. അന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് അട്ടിമറി വിജയം നേടുകയായിരുന്നു.

ഇപ്രാവശ്യം തങ്ങള്‍ യഥാര്‍ഥ പരിഹാരത്തിലെത്തിയതായി ഹമാസിന്റെ മുതിര്‍ന്ന നേതാവ് സാലിഹ് അല്‍ അറൗറി പറഞ്ഞു. ഭിന്നിപ്പ് ദേശീയ ലക്ഷ്യത്തെ ബാധിക്കുമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ജറൂസലം, ഗസ്സ എന്നിവിടങ്ങളില്‍ അടക്കം തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഫത്ഹ് കേന്ദ്ര കമ്മിറ്റി അംഗം അസ്സം അല്‍ അഹ്മദ് പറഞ്ഞു. ജറൂസലം ഉള്‍പ്പെടുത്താതെ തെരഞ്ഞെടുപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്തംബൂളില്‍ രണ്ടു ദിവസമായി ഹമാസും ഫത്ഹും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയിലെത്തിയതായും ദേശീയ ഐക്യം ഉറപ്പാക്കാനുള്ള എല്ലാ നടപടികള്‍ക്കും തയാറാണെന്നും ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ഷത്തയ്യ പറഞ്ഞു.

Share this story