ബ്രിട്ടീഷ് എംപ്ലോയര്‍മാര്‍ ഓഗസ്റ്റില്‍ 58,000 പേരെ പിരിച്ച് വിടാന്‍ പദ്ധതിയിട്ടു; 2019 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ നാല് മടങ്ങിലധികം വര്‍ധനവ്

ബ്രിട്ടീഷ് എംപ്ലോയര്‍മാര്‍ ഓഗസ്റ്റില്‍ 58,000 പേരെ പിരിച്ച് വിടാന്‍ പദ്ധതിയിട്ടു; 2019 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ നാല് മടങ്ങിലധികം വര്‍ധനവ്

ബ്രിട്ടീഷ് എംപ്ലോയര്‍മാര്‍ ഓഗസ്റ്റില്‍ 58,000 പേരെ പിരിച്ച് വിടാന്‍ പദ്ധതിയിട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതോടെ കോവിഡ് പ്രതിസന്ധി തുടങ്ങിയ ആദ്യമാസങ്ങളില്‍ പിരിച്ച് വിടപ്പെട്ടത് മൊത്തം 498,000 പേരെയാണെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതിന് പുറമെ 966 വ്യത്യസ്ത എംപ്ലോയര്‍മാര്‍ 20 അല്ലെങ്കില്‍ അതിലധികം പേരെ പിരിച്ച് വിടാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഗവണ്‍മെന്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ ഇത്തരത്തില്‍ പദ്ധതിയിട്ടവര്‍ വെറും 214 എംപ്ലോയര്‍മാരായിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ നാല് മടങ്ങിലധികം വര്‍ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണിലും ജൂലൈയിലുമുണ്ടായ പിരിച്ച് വിടല്‍ പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഓഗസ്റ്റില്‍ കുറവാണുണ്ടായിരിക്കുന്നത്. ഈ രണ്ട് മാസങ്ങളിലും കൂടി 1,50,000 ജീവനക്കാരെയാണ് പിരിച്ച് വിടാന്‍ പദ്ധിയിട്ടിരുന്നത്.

ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റിലൂടെ ബിബിസിയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യം കോവിഡ് പ്രതിസന്ധി കാരണം രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് സമ്മറില്‍ സമ്പദ് വ്യവസ്ഥ കുറെശ്ശെ നാശത്തില്‍ നിന്നും കരകയറാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് പിരിച്ച് വിടല്‍ പദ്ധതികളിലും കുറവുണ്ടായിരിക്കുന്നത്.

കോവിഡ് ലോക്ക്ഡൗണിലെ ഇളവുകള്‍ക്ക് ശേഷം തൊഴിലാളികളോടും ജീവനക്കാരോടും തൊഴിലുകളിലേക്ക് മടങ്ങിയെത്താനും കസ്റ്റമര്‍മാരോട് കൂടുതല്‍ ചെലവഴിക്കാനും സര്‍ക്കാര്‍ പ്രേരിപ്പിച്ചതിനെ തുടര്‍ന്നാണ് സമ്പദ് വ്യവസ്ഥ നാശത്തില്‍ നിന്നും കരകയറാന്‍ തുടങ്ങിയിരിക്കുന്നത്. ഈറ്റ് ഔട്ട് ടു ഹെല്‍പ് ഔട്ട് റസ്റ്റോറന്റ് സ്‌കീമുകള്‍ പോലുള്ള പദ്ധതികള്‍ കസ്റ്റമര്‍മാരെ കൂടുതല്‍ ചെലവഴിക്കാന്‍ പ്രേരിപ്പിച്ചത് സമ്പദ് വ്യവസ്ഥക്ക് ഊര്‍ജം പകര്‍ന്നിരുന്നു.

എന്നാല്‍ കോവിഡ് കാരണം കടുത്ത തകര്‍ച്ച നേരിട്ട റീട്ടെയില്‍, റസ്‌റ്റോറന്റുകള്‍, തുടങ്ങിയ മേഖലകള്‍ പിരിച്ച് വിടല്‍ പദ്ധതികളുമായി മുന്നോട്ട് പോകുന്ന പ്രവണതയാണുള്ളത്. ഡെബന്‍ഹാംസ്, ഡി ഡബ്ല്യൂ സ്‌പോര്‍ട്‌സ്, മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, പ്രെറ്റ് എ മാന്‍ഗെര്‍, കറന്‍സി എക്‌സേഞ്ച് കമ്പനിയായ ട്രാവലെക്‌സ്, ഡബ്ല്യൂ എച്ച് സ്മിത്ത് തുടങ്ങിയവ ജീവനക്കാരെ വന്‍ തോതില്‍ പിരിച്ച് വിടുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്ന ആശങ്കാ ജനകമായ പ്രവണത നിലനില്‍ക്കുന്നതാണ് കൂടുതല്‍ പേരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നത്.

Share this story