അമേരിക്കയെ ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും ഞാൻ; തനിക്ക് മുന്നിൽ രാഷ്ട്രീയ വർണ വ്യത്യാസങ്ങളില്ലെന്ന് ബൈഡൻ

അമേരിക്കയെ ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും ഞാൻ; തനിക്ക് മുന്നിൽ രാഷ്ട്രീയ വർണ വ്യത്യാസങ്ങളില്ലെന്ന് ബൈഡൻ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും. അമേരിക്കയെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും താനെന്ന് ബൈഡൻ പറഞ്ഞു. കൊവിഡ് വ്യാപനം തടയാൻ ശാസ്ത്രീയ സമീപനവും ഇടപെടലുകളുമുണ്ടാകും.

ലോകത്തിന് മുന്നിൽ നഷ്ടപ്പെട്ടു പോയ അമേരിക്കയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ ഒന്നിച്ചു നിന്ന് പ്രവർത്തിക്കാൻ ബൈഡൻ ആഹ്വാനം ചെയ്തു. കറുത്ത വർഗക്കാർ ഈ നാടിന്റെ അനിവാര്യഘടകമാണ്. അതിൽ ആർക്കും സംശയം വേണ്ട. അമേരിക്ക പ്രതീക്ഷകളുടെ നാടാണ്. എന്നാൽ എല്ലാ പൗരൻമാർക്കും അത് ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. ആ അവസ്ഥക്ക് മാറ്റം വരുത്തും

എന്റെ വിജയം എല്ലാ അമേരിക്കക്കരുടെയും വിജയമാണ്. രാജ്യത്തെ ജനങ്ങൾ കൃത്യമായ ഒരു സന്ദേശം നൽകി കഴിഞ്ഞു. രാജ്യത്തെ ഏകീകരിക്കുന്ന പ്രസിഡന്റാകും ഞാൻ. എനിക്ക് മുന്നിൽ റെഡ് സ്റ്റേറ്റുകളോ ബ്ലൂ സ്‌റ്റേറ്റുകളോ ഇല്ല. യൂനൈറ്റഡ് സ്‌റ്റേറ്റ് മാത്രമേയുള്ളു. ഞാൻ ഡെമോക്രാറ്റിക് പാർട്ടിക്കാരനാണ്. ഇനി പക്ഷേ പ്രവർത്തിക്കുക അമേരിക്കയുടെ നേതാവായിട്ടാകും. കുടിയേറ്റക്കാരിയുടെ മകളാണ് കമലാ ഹാരിസ്. ഈ രാജ്യം ലോകത്തെ എങ്ങനെ സ്വീകരിക്കുമെന്നതാണ് കമലയുടെ വിജയമെന്നും ബൈഡൻ പറഞ്ഞു.

Share this story