യുകെയില്‍ ഇന്നലെ 20,572 പുതിയ കോവിഡ് കേസുകളും 156 മരണങ്ങളും; മരണത്തില്‍ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 3.7 ശതമാനവും രോഗികളില്‍ 11.5 ശതമാനവും ഇടിവ്

Share with your friends

യുകെയില്‍ ഇന്നലെ 20,572 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയ 23,254 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 11.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ വിവാദമായ രണ്ടാം ലോക്ക്ഡൗണിന്റെ ആദ്യ വീക്കെന്‍ഡിലാണ് ആശ്വാസകരമായ ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. ഇന്നലെ 156 പുതിയ കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ രാജ്യത്ത് ഇതു വരെ രേഖപ്പെടുത്തിയിരിക്കുന്ന മൊത്തം കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 49,044 ആയാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയിരിക്കുന്ന മൊത്തം കോവിഡ് മരണമായ 162മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ മരണത്തില്‍ 3.7 ശതമാനം കുറവുണ്ടായിട്ടുണ്ട്.തൊട്ട് തലേദിവസമായ ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്ന 413 കോവിഡ് മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴും ഇന്നലത്തെ മരണങ്ങളില്‍ കുറവാണുള്ളത്.

എന്നാല്‍ സാധാരണ വീക്കെന്‍ഡില്‍ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ കാലതാമസമുണ്ടാകുന്നതിനാല്‍ ഞായറാഴ്ചകളില്‍ കോവിഡ് മരണങ്ങള്‍ സാധാരണ കുറയാറുണ്ടെന്ന യാഥാര്‍ത്ഥ്യവും മുന്നിലുണ്ട്. ഇത്തരത്തില്‍ കോവിഡ് കേസുകളില്‍ കുറവുണ്ടായിരിക്കുന്നതിനാല്‍ കഴിഞ്ഞ വാരത്തില്‍ ബോറിസ് ജോണ്‍സന്‍ ഇംഗ്ലണ്ടില്‍ ഏര്‍പ്പെടുത്തിയ ഒരു മാസത്തെ ലോക്ക്ഡൗണ്‍ അനാവശ്യമാണെന്ന വിമര്‍ശനവും ശക്തമാണ്.

സെപ്റ്റംബറിലും ഒക്ടോബറിലും കോവിഡ് പിടിവിട്ട് പടരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളില്‍ വന്‍ കുതിച്ച് കയറ്റമുണ്ടായതിനെ തുടര്‍ന്നാണ് ബോറിസ് ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ രണ്ട് വരെയാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുള്ളത്. എന്നാല്‍ രാജ്യമാകമാനം വൈറസ് വ്യാപനത്തില്‍ കുറവുണ്ടാകുന്നുവെന്ന് വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ അനാവശ്യമാണെന്ന ആരോപണവുമായി നിരവധി എംപിമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-