റഷ്യയിൽ വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചു

റഷ്യയിൽ വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചു

മോസ്കോ: റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക് 5 വാക്സിൻ മോസ്കോയിലെ ജനങ്ങൾക്ക് നൽകിത്തുടങ്ങി.ഓരോ വ്യക്തിക്കും രണ്ടു ഡോസ് വീതമാകും ലഭിക്കുക. ആദ്യത്തേത് സ്വീകരിച്ച് 21 ദിവസത്തിനു ശേഷമാണ് രണ്ടാമത്തേതു നൽകുക. ഇത്തരത്തിൽ, ആദ്യ ഡോസ് 22,000 സന്നദ്ധ പ്രവർത്തകരാണു സ്വീകരിച്ചത്. രണ്ടു ഡോസും സ്വീകരിച്ചവർ 19,000ലേറെ വരുമെന്നും റഷ്യ പറഞ്ഞു.

സ്കൂളുകളിലും ആരോഗ്യ– സാമൂഹിക രംഗത്തും പ്രവർത്തിക്കുന്ന 13 ദശലക്ഷം ആളുകൾക്ക് വാക്സിൻ വിതരണം ചെയ്യുമെന്ന് മോസ്കോ ഗവർണർ സെർഗെയ് സോബിയാനിൻ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. വാക്സിൻ 95% ഫലപ്രദമാണെന്ന് റഷ്യ വിലയിരുത്തുന്നു. വാക്സിൻ സ്വീകരിക്കേണ്ടവർക്കായി ഓൺലൈൻ റജിസ്ട്രേഷൻ സംവിധാനം മോസ്കോ ഒരുക്കിയിട്ടുണ്ട്.

ഈ വർഷം അവസാനത്തോടെ രണ്ടു മില്യൻ ഡോസുകൾ നിർമിക്കാനാകുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്. രണ്ടു ഡോസ് വാക്സീൻ രാജ്യാന്തര വിപണിയിൽ 10 ഡോളറിൽ താഴെ വിലയ്ക്കു ലഭ്യമാകും. റഷ്യൻ പൗരന്മാർക്കു സൗജന്യമായാണ് ലഭിക്കുക.

Share this story