വാക്‌സിനെടുത്ത് ദിവസങ്ങൾക്കകം കൊവിഡ് പോസിറ്റീവാകുന്നു; കാരണം വ്യക്തമാക്കി അധികൃതർ

വാക്‌സിനെടുത്ത് ദിവസങ്ങൾക്കകം കൊവിഡ് പോസിറ്റീവാകുന്നു; കാരണം വ്യക്തമാക്കി അധികൃതർ

മെക്‌സിക്കന്‍ സിറ്റി: വാക്സീന്‍ സ്വീകരിച്ച് ദിവസങ്ങള്‍ക്കകം കൊവിഡ് പോസിറ്റീവാകുന്നു. കഴിഞ്ഞ ദിവസം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഇത്തരത്തില്‍ ഒരു സംഭവമാണ്. ഫൈസറിന്റെ വാക്സീന്‍ സ്വീകരിച്ച് ഒരാഴ്ച തികയും മുന്‍പാണ് 45 കാരനായ നഴ്സ് മാത്യു ഡബ്യുവിന് കൊവിഡ് പോസിറ്റീവായത്. കയ്യില്‍ കുത്തിവയ്പ്പ് എടുത്ത ഇടത്ത് ചെറുതായി പഴുത്തു എന്നല്ലാതെ വേറെ കാര്യമായ പാര്‍ശ്വ ഫലമൊന്നും മാത്യുവിന് ഉണ്ടായിരുന്നില്ല.

പേശീ വേദന, ക്ഷീണം, കുളിര് പോലുള്ള ലക്ഷണങ്ങള്‍ പിന്നാലെ പ്രകടമായി. തുടര്‍ന്ന് പരിശോധന നടത്തി ഫലം ലഭിച്ചപ്പോള്‍ മാത്യു കൊവിഡ് പോസിറ്റീവ്. ഇതിനിടെ മെക്‌സികോയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച വനിത ഡോക്ടറെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ഡോക്ടര്‍ക്ക് സന്നിയും ശ്വാസതടസവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതിനെ കുറിച്ച് കുറിച്ച് പഠനം നടക്കുന്നതായി മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു.

എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നതിനെപ്പറ്റി വിശദമായ പഠനത്തിലാണ് ഗവേഷകര്‍. വാക്സീന്‍ എടുത്ത ശേഷം കൊറോണ വൈറസിനെതിരെ ശരീരത്തിലെ പ്രതിരോധം വളരാന്‍ 10 മുതല്‍ 14 ദിവസം വരെ എടുക്കും.

മേല്‍പ്പറഞ്ഞ സംഭവത്തില്‍ ഡിസംബര്‍ 18നാണ് നഴ്സ് കൊവിഡ് പ്രതിരോധ വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ആദ്യ ഡോസിന് ശേഷം 50 ശതമാനം പ്രതിരോധമേ ഉണ്ടായെന്ന് വരൂ. രണ്ടാമത്തെ ഡോസ് കൂടി കഴിഞ്ഞാല്‍ മാത്രമേ 95 ശതമാനത്തിലേക്ക് വാക്സീന്‍ സംരക്ഷണം എത്തുകയുള്ളൂ എന്ന് പകര്‍ച്ച വ്യാധി വിദഗ്ധര്‍ പറയുന്നു. രണ്ടാമത്തെ ഡോസ് എടുക്കാനും ശരീരത്തില്‍ പ്രതിരോധം വളരാനുമുള്ള സാവകാശം മാത്യുവിന് ലഭിക്കാത്തതിനാലാവാം ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതെന്ന് വിദഗ്ദര്‍ പറയുന്നു.

Share this story