യുഎസ് പാർലമെന്റിലേക്ക് ട്രംപ് അനുകൂലികളുടെ ആക്രമണം; ഒരാൾ വെടിയേറ്റ് മരിച്ചു, വാഷിംഗ്ടൺ ഡിസിയിൽ കർഫ്യൂ

യുഎസ് പാർലമെന്റിലേക്ക് ട്രംപ് അനുകൂലികളുടെ ആക്രമണം; ഒരാൾ വെടിയേറ്റ് മരിച്ചു, വാഷിംഗ്ടൺ ഡിസിയിൽ കർഫ്യൂ

യു എസ് പാർലമെന്റിൽ ട്രംപ് അനുകൂലികളുടെ ആക്രമണം. ജോ ബൈഡന്റെ വിജയം അംഗീകരിക്കാനായി യു എസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലികൾ പാർലമെന്റിലേക്ക് അതിക്രമിച്ചു കയറിയത്. കലാപത്തിനിടെ വെടിയേറ്റ് ഒരു യുവതി കൊല്ലപ്പെട്ടു

ആയിരക്കണക്കിന് ട്രംപ് അനുകൂലികളാണ് കാപിറ്റോൾ മന്ദിരത്തിന് അകത്തു കടന്നത്. പ്രതിഷേധക്കാരോട് സമാധാനം പാലിക്കാൻ അഭ്യർഥിച്ച ട്രംപ് ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ആവർത്തിച്ചു. ഇതിനിടെ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. നിയമങ്ങൾ തുടർന്നും ലംഘിച്ചാൽ എന്നന്നേക്കുമായി അക്കൗണ്ട് നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

അക്രമികളായ അനുകൂലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ ഫേസ്ബുക്കും യൂട്യൂബും നീക്കം ചെയ്തു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ് വീഡിയോയിലൂടെ ട്രംപ് ആരോപിക്കുന്നത്. നിലവിലെ സ്ഥിതി കൂടുതൽ വഷളാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് തിരിച്ചറിഞ്ഞാണ് വീഡിയോ നീക്കം ചെയ്തിരിക്കുന്നത്.

കലാപത്തിന്റെ പശ്ചാത്തലത്തിൽ വാഷിംഗ്ടൺ ഡി സിയിൽ ആറ് മണി മുതൽ കർഫ്യൂ ഏർപ്പെടുത്തി. വിർജീനിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അലക്‌സാൻഡ്രിയ, അർലിംഗ്ടൺ എന്നിവിടങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story