ബൈഡന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കില്ലെന്ന് ട്രംപ്; തൊട്ടുപിന്നാലെ അക്കൗണ്ട് പൂട്ടി ട്വിറ്റർ

ബൈഡന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കില്ലെന്ന് ട്രംപ്; തൊട്ടുപിന്നാലെ അക്കൗണ്ട് പൂട്ടി ട്വിറ്റർ

സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ പൂട്ടി. വെരിഫൈഡ് പ്രൊഫൈലും ഇതിലടങ്ങിയ ട്വീറ്റുകളും ട്വിറ്റർ പിൻവലിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ ഇനിയും പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് അക്കൗണ്ട് സ്ഥിരമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം 12 മണിക്കൂർ നേരത്തേക്ക് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

ജനുവരി 20ന് നടക്കുന്ന അധികാര കൈമാറ്റ ചടങ്ങിലും ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുക്കില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ജനുവരി 20നുള്ള ഉദ്ഘാടന ചടങ്ങിന് ഞാൻ പോകില്ല എന്നായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ പൂട്ടിയത്.

അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യത്തെ സംഭവമാണ്. 1869 മുതൽ ഒരു പ്രസിഡന്റ് പോലും ഇത്തരത്തിൽ അധികാര കൈമാറ്റം നടത്താതെ പോയിട്ടില്ല. സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് ആരും വിട്ടു നിൽക്കുകയും ചെയ്തിട്ടില്ല.

ട്രംപിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ഒരു ദിവസമെങ്കിൽ ഒരു ദിവസം മുമ്പെങ്കിലും ട്രംപിനെ പുറത്താക്കിയാൽ നല്ലതെന്നാണ് റിപബ്ലിക്കൻ പാർട്ടിക്കാർ പോലും പറയുന്നത്. സ്വന്തം പാർട്ടിയിൽ തന്നെ ആരും പിന്തുണക്കാനില്ലാത്ത സ്ഥിതിയാണ് ട്രംപ് ഇപ്പോൾ നേരിടുന്നത്.

Share this story