പാകിസ്ഥാന്‍ ഇരുട്ടിലായി; ഇന്റര്‍നെറ്റ് സംവിധാനവും അവതാളത്തില്‍

പാകിസ്ഥാന്‍ ഇരുട്ടിലായി; ഇന്റര്‍നെറ്റ് സംവിധാനവും അവതാളത്തില്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്ഷണനേരം കൊണ്ട് ഇരുട്ടിലായി. വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ഇരുട്ടിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ലാഹോര്‍ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി തടസ്സം നേരിട്ടു.

ദക്ഷിണ പാക്കിസ്ഥാനില്‍ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലര്‍ച്ച രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണമായതെന്ന് വൈദ്യുതമന്ത്രി ഒമര്‍ അയൂബ് ഖാന്‍ ട്വീറ്റ് ചെയ്തു. ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനില്‍ തകരാറുണ്ടായാല്‍ അത് രാജ്യമാകെ വൈദ്യുതി തടസ്സത്തിന് കാരണമാകും.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്നും മറ്റിടങ്ങളില്‍ അതിനുള്ള ജോലികള്‍ നടക്കുകയാണെന്നും ഊര്‍ജ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെയും വൈദ്യുതി തടസ്സം സാരമായി ബാധിച്ചിട്ടുണ്ട്.

Share this story