പാകിസ്താനെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്

പാകിസ്താനെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്

ഭീകരരുടെ താവളമായ പാകിസ്താന് കനത്ത പ്രഹരവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത്. പാകിസ്താനെ അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയാണ് ബ്രിട്ടണ്‍ ഉത്തരവിറക്കിയത്. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ നിയമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് പ്രകാരമാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം, ഫണ്ടുകളുടെ കൈമാറ്റം ചട്ടങ്ങള്‍ 2017 നിയമമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. 3 ZA ഷെഡ്യൂളിന് കീഴിലുള്ള നിയമ പ്രകാരം 21 രാജ്യങ്ങളെയാണ് അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ മൂന്നാം സ്ഥാനമാണ് പാകിസ്താനുളളത്. ഉത്തരകൊറിയ, സിറിയ, സിംബാബ് വെ , യെമന്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങള്‍.

പുതിയ ഭേദഗതി പ്രകാരം യൂറോപ്യന്‍ കമ്മീഷന്‍ അതീവ അപകടകമായ രാജ്യങ്ങളിലൊന്നായി നിരീക്ഷിച്ച പാകിസ്താനെ ബ്രിട്ടന്റെ അതീവ അപകടകാരിയായ മൂന്നാമത്തെ രാജ്യമായി പ്രഖ്യാപിക്കുകയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം വസ്തുതകള്‍ മനസ്സിലാക്കിയല്ല ബ്രിട്ടണ്‍ നടപടി സ്വീകരിച്ചതെന്ന് പാക് സര്‍ക്കാര്‍ പ്രതികരിച്ചു. രാജ്യത്തിനെതിരെയുള്ള നടപടിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതിഷേധം രേഖപ്പെടുത്തി. നടപടി ബ്രിട്ടന്‍ പുന പരിശോധിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ് പാകിസ്ഥാന്‍റെ നിലപാട്.

3 ZA ഷെഡ്യൂളിന് കീഴിലുള്ള ഉയർന്ന അപകടസാധ്യതയുള്ള മൂന്നാം രാജ്യങ്ങളുടെ പൂർണ്ണ പട്ടികയിൽ ഉൾപ്പെടുന്നവ: അൽബേനിയ, ബാർബഡോസ്, ബോട്സ്വാന, ബർകിന ഫാസോ, കംബോഡിയ, കേമാൻ ദ്വീപുകൾ, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ, ഘാന, ഇറാൻ, ജമൈക്ക, മൗറീഷ്യസ്, മൊറോക്കോ, മ്യാൻമർ, നിക്കരാഗ്വ, പാകിസ്ഥാൻ, പനാമ, സെനഗൽ, സിറിയ, ഉഗാണ്ട, യെമൻ, സിംബാബ്‌വെ തുടങ്ങിയവയാണ്.

Share this story