പഴുതടച്ച പ്രതിരോധം; മൃഗങ്ങള്‍ക്കുള്ള വാക്‌സിനേഷന് തുടക്കം കുറിച്ച് റഷ്യ

പഴുതടച്ച പ്രതിരോധം; മൃഗങ്ങള്‍ക്കുള്ള വാക്‌സിനേഷന് തുടക്കം കുറിച്ച് റഷ്യ

മോസ്‌കോ: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി റഷ്യ. ഇതിന്റെ ഭാഗമായി മൃഗങ്ങള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് റഷ്യ തുടക്കം കുറിച്ചു. കാര്‍ണിവാക്‌-കോവ് വാക്‌സിന്‍ മൃഗങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

നായ, പൂച്ച, കുറുക്കന്‍, നീര്‍നായ എന്നീ മൃഗങ്ങളില്‍ നടത്തിയ വാക്‌സിന്റെ പരീക്ഷണം വിജയകരമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൃഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള വാക്‌സിന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേയ്ക്കും തിരിച്ചും വൈറസ് പടരാനുള്ള സാധ്യതയുള്ളതിനാലാണ് വാക്‌സിന്‍ വികസിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

വംശനാശഭീഷണിയുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നതിനും വൈറസിന്റെ മ്യൂട്ടേഷന്‍ തടയുന്നതിനും വാക്‌സിന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനത്തിന്റെ ആരംഭ ഘട്ടം മുതല്‍ വൈറസ് മൃഗങ്ങളിലേയ്ക്ക് പകരുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്നു. വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്ന സാഹചര്യത്തില്‍ മൃഗങ്ങളിലേയ്ക്കും രോഗം വ്യാപിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റഷ്യ പുതിയ വാക്‌സിന്‍ പുറത്തിറക്കിയിരിക്കുന്നത്.

Share this story