ഇംഗ്ലണ്ടില്‍ കുടിയൊഴിപ്പിക്കല്‍ നിരോധനം അവസാനിച്ചു; ഒരു മില്യണോളം കുടുംബങ്ങള്‍ക്ക് കിടപ്പാടമില്ലാതാകും

ഇംഗ്ലണ്ടില്‍ കുടിയൊഴിപ്പിക്കല്‍ നിരോധനം അവസാനിച്ചു; ഒരു മില്യണോളം കുടുംബങ്ങള്‍ക്ക് കിടപ്പാടമില്ലാതാകും

ഇംഗ്ലണ്ടില്‍ കുടിയൊഴിപ്പിക്കല്‍ നിരോധനം അഥവാ എവിക്ഷന്‍ ബാന്‍ അവസാനിച്ചതോടെ ഏതാണ്ട് ഒരു മില്യണോളം കുടുംബങ്ങള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി ചാരിറ്റിയായ ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷന്‍ രംഗത്തെത്തി. കോവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചായിരുന്നു ഇംഗ്ലണ്ടില്‍ സര്‍ക്കാര്‍ എവിക്ഷന്‍ ബാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇത് പ്രകാരം വാടക കുടിശ്ശിക വരുത്തിയവരെ പോലും കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു നിഷ്‌കര്‍ഷിച്ചിരുന്നത്.

നിലവില്‍ വാടക കുടിശ്ശിക വരുത്തിയിരിക്കുന്ന ഏതാണ്ട് നാല് ലക്ഷത്തോളം പേര്‍ക്കാണ് എവിക്ഷന്‍ നോട്ടീസുകള്‍ വീട്ടുടമകളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ മറ്റ് നിരവധി പേര്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് പ്രതീക്ഷിച്ചിരിക്കുന്നുണ്ടെന്നും പ്രസ്തുത ചാരിറ്റി മുന്നറിയിപ്പേകുന്നു. തങ്ങള്‍ ഏത് നിമിഷവും വാടക വീടുകളില്‍ നിന്നും ഇറക്കി വിടുമെന്ന ഭീഷണിയിലാണ് കഴിയുന്നതെന്നാണ് നിരവധി വാടകക്കാര്‍ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ വാടകക്കാര്‍ കുടിശ്ശിക വരുത്തിയിരിക്കുന്നതിനാല്‍ തങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടക്കാന്‍ പാടുപെടുന്നുവെന്ന വെളിപ്പെടുത്തലുമായി നിരവധി ലാന്‍ഡ്‌ലോര്‍ഡുമാരും രംഗത്തെത്തിയിട്ടുണ്ട്. ഇതിനാല്‍ തങ്ങള്‍ക്ക് വാടകക്കാരെ കുടിയൊഴിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും അവര്‍ ന്യായീകരിക്കുന്നു. നിലവില്‍ ലാന്‍ഡ്‌ലോര്‍ഡുമാരുടെയും വാടകക്കാരുടെയും ആവശ്യങ്ങളെ സമതുലിതമാക്കിക്കൊണ്ടുള്ള നീക്കമാണ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

ഇത് പ്രകാരം കോടതിയുടെ സഹായത്തോടെ വീട്ടുടമകള്‍ക്ക് വാടക കുടിശിക വരുത്തിയവരെ കുടിയൊഴിപ്പിക്കാമെന്നും അതേ സമയം നോട്ടീസ് പിരിയഡ് ദീര്‍ഘിപ്പിക്കേണ്ട വാടകക്കാര്‍ക്ക് അതിനുള്ള അവസരവുമൊരുക്കുമെന്നും സര്‍ക്കാര്‍ ഉറപ്പേകുന്നു. കോവിഡിനിടെ സര്‍ക്കാര്‍ കൈക്കൊണ്ട അടിയന്തിര മാനദണ്ഡ പ്രകാരം എവിക്ഷന്‍ നോട്ടീസ് കാലം ആറ് മാസത്തേക്ക് ദീര്‍ഘിപ്പിച്ചിരുന്നു. എന്നാല്‍ ഇത് നാളെ മുതല്‍ നാല് മാസമാക്കി വെട്ടിച്ചുരുക്കുകയാണ്. കോവിഡിന് മുമ്പ് ഇംഗ്ലണ്ടില്‍ എവിക്ഷന്‍ നോട്ടീസ് ദൈര്‍ഘ്യം വെറും രണ്ട് മാസമായിരുന്നു.

Share this story