ഇംഗ്ലണ്ടില്‍ ശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങളെല്ലാം ജൂണ്‍ 21ന് എടുത്ത് മാറ്റിയേക്കില്ല; ഇളവുകള്‍ക്കായി ഒരു മാസം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം

ഇംഗ്ലണ്ടില്‍ ശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങളെല്ലാം ജൂണ്‍ 21ന് എടുത്ത് മാറ്റിയേക്കില്ല; ഇളവുകള്‍ക്കായി ഒരു മാസം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം

ഇംഗ്ലണ്ടില്‍ ശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങളെല്ലാം ജൂണ്‍ 21ന് എടുത്ത് മാറ്റാനുള്ള നീക്കം ഒരു മാസം കൂടി വൈകിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സാമൂഹിക ഇടപെടലുകള്‍ക്കുള്ള നിയന്ത്രണങ്ങളെല്ലാം ഈ മാസം 21ന് എടുത്ത് മാറ്റാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. രാജ്യമെമ്പാടും ഇന്ത്യന്‍ കോവിഡ് വേരിന്റ് അടക്കമുള്ള കോവിഡ് കേസുകള്‍ വീണ്ടും പെരുകുന്നത് പരിഗണിച്ചാണ് നിയന്ത്രണങ്ങളെല്ലാം റദ്ദാക്കുന്നത് ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുന്നത് രാജ്യത്ത് വീണ്ടും കോവിഡ് പിടിവിട്ട് പടരുന്നതിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ണായകമായ ഈ തീരുമാനമെടുക്കാന്‍ പോകുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമതീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് ഉറവിടങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമപ്രഖ്യാപനം തിങ്കളാഴ്ച നടത്തുന്നതിന് മുന്നോടിയായി കോവിഡ് സ്ഥിതിഗതികളുമായി ബന്ധപ്പെട്ട ഡാറ്റ സൂക്ഷ്മമായി അവലോകനം ചെയ്യുകയാണ് അധികൃതര്‍.

ഇത് സംബന്ധിച്ച് നിരവധി ഓപ്ഷനുകള്‍ പരിഗണിച്ച് വരുന്നുവെന്നാണ് വൈറ്റ്ഹാള്‍ ഉറവിടം പ്രതികരിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിക്കുന്നത് നാലാഴ്ച കൂടി വൈകിപ്പിക്കുക എന്ന നിര്‍ദേശമാണ് ഇതില്‍ മുഖ്യമെന്നും ഇതായിരിക്കും പരിഗണിക്കുകയെന്നും പ്രസ്തുത ഉറവിടം സൂചനയേകുന്നു. ഇത്തരത്തില്‍ ഇളവുകള്‍ അനുവദിക്കുന്നത് കുറച്ച് കൂടി ദീര്‍ഘിപ്പിക്കുന്നതിലൂടെ വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന നിര്‍ദേശവും ശക്തമാണ്.

നിലവില്‍ ചെറുപ്പക്കാരുടെ ഗ്രൂപ്പുകളിലാണ് വാക്‌സിന്‍ നല്‍കി വരുന്നത്. ജൂണ്‍ 21ന് നിയന്ത്രണങ്ങളെല്ലാം എടുത്ത് മാറ്റുന്നതിന്റെ ഭാഗമായി നൈറ്റ് ക്ലബുകള്‍ വീണ്ടും തുറക്കാനും പെര്‍ഫോമന്‍സുകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റാനും വിവാഹങ്ങള്‍ക്കും ലൈവ് ഇവന്റുകള്‍ക്കും മേലുള്ള നിയന്ത്രണങ്ങള്‍ നീക്കാനുമായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സമീപവാരങ്ങളിലായി കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ച് വരുന്നതിനാല്‍ ജൂണ്‍ 21ന് നിയന്ത്രണങ്ങള്‍ നീക്കുന്നത് വൈകിപ്പിക്കാനുള്ള സമ്മര്‍ദം ബോറിസിന് മേല്‍ ശക്തമായിരുന്നു.

Share this story