ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയിൽ ചർച്ചയില്ലെന്ന് ഇറാൻ; ഗൾഫിന്‍റെ ആവശ്യം തള്ളി

Share with your friends

ബാലിസ്റ്റിക് മിസൈൽ പദ്ധതി ആണവ കരാറിന്‍റെ ഭാഗമാക്കണമെന്ന ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന ഇറാൻ തളളി. മിസൈൽ പദ്ധതിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇറാന്‍റെ നിയുക്ത പ്രസിഡന്റ് ഇബ്രാഹിം റഈസി പറഞ്ഞു. പ്രസിഡന്‍റായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി തെഹ്റാനിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഇബ്രാഹിം റഈസി.

ഇറാന്‍റെ ആണവ പദ്ധതിക്കൊപ്പം തന്നെ മിസൈൽ വികസന പദ്ധതിയും വൻശക്തി രാജ്യങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് കഴിഞ്ഞ ദിവസം സൗദിയിൽ ചേർന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ആവശ്യപ്പെട്ടിരുന്നു. ആണവ കരാറിൽ വിയന്ന ചർച്ച പുരോഗിക്കുന്ന സാഹചര്യത്തിലായിരുന്നു ജി.സി.സി രാജ്യങ്ങൾ നിലപാട് കടുപ്പിച്ചത്. എന്നാൽ മിസൈൽ പദ്ധതിയുടെ കാര്യത്തിൽ ഒരുവിധ ചർച്ചക്കും ഒരുക്കമല്ലെന്ന് ഇറാന്‍റെ നിയുക്ത പ്രസിഡന്‍റ് ഇബ്രാഹിം റഈസി പറഞ്ഞു. സൗദി ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം ആഗ്രഹിക്കുന്നതായും ഇബ്രാഹിം റഈസി കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡന്‍റ് ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. പൗരാവകാശ സംരക്ഷകനാണ് താനെന്നും മറിച്ചുള്ള പ്രചാരണം നിക്ഷിപ്‌ത താല്പര്യക്കാരെന്നും റഈസി വിശദീകരിച്ചു. മുമ്പ് ജഡ്ജിയായിരിക്കെ, നൂറുകണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷക്ക് വിധിച്ചതായ ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇബ്രാഹിം റഈസി. ജഡ്ജി എന്ന നിലയിൽ ഇറാൻ താല്പര്യം സംരക്ഷിക്കാനാണ് എന്നും ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-