കീവിൽ അഗ്നിവർഷം; പകരം വീട്ടുമെന്ന് പ്രഖ്യാപിച്ച് റഷ്യയുടെ ഭീകരമായ 'ഒരേഷ്നിക്' മിസൈൽ ആക്രമണം
കീവ്: അധിനിവേശ കിഴക്കൻ യുക്രെയ്നിലെ റഷ്യൻ താവളങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ റഷ്യയുടെ അതിശക്തമായ മിസൈൽ-ഡ്രോൺ വർഷം. ആണവ ശേഷിയുള്ളതും വിനാശകാരിയുമായ റഷ്യയുടെ അത്യാധുനിക 'ഒരേഷ്നിക്' (Oreshnik) ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് റഷ്യ കീവിനെ ലക്ഷ്യമിട്ടത്.
ഞായറാഴ്ച പുലർച്ചെയോടെ കീ നഗരത്തെ പിടിച്ചുകുലുക്കിക്കൊണ്ട് തുടർച്ചയായ സ്ഫോടനങ്ങളാണ് ഉണ്ടായത്. റഷ്യൻ ആക്രമണത്തിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നതായും നിരവധി ജനവാസ കെട്ടിടങ്ങൾക്കും സ്കൂളുകൾക്കും ബിസിനസ്സ് സെന്ററുകൾക്കും തീപിടിച്ചതായും കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ, യൂറോപ്യൻ ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്ന് യുക്രെയ്ൻ ജനങ്ങളോട് മുൻകൂട്ടി സുരക്ഷിത താവളങ്ങളിലേക്ക് മാറാൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ ഈ ഭ്രാന്തൻ നീക്കത്തിനെതിരെ ലോകരാജ്യങ്ങൾ വെറുതെയിരിക്കരുതെന്നും മോസ്കോയ്ക്ക് മേൽ ശക്തമായ രാജ്യാന്തര സമ്മർദ്ദം ചെലുത്തണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. ഒരേഷ്നിക് മിസൈലുകൾ ഉപയോഗിച്ചുള്ള റഷ്യയുടെ ഈ മൂന്നാമത്തെ വലിയ ആക്രമണം യുദ്ധത്തിന്റെ തീവ്രത ഇനിയുമേറെ വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
