ഹമാസ് തീവ്രവാദ വിരുദ്ധ റാലി: പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ബദലുമായി ബിജെപി

എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ബദലായി ഹമാസ് തീവ്രവാദ വിരുദ്ധ റാലിയുമായി ബിജെപി. സംസ്ഥാനത്ത് നാലിടത്ത് റാലിക്കും സംഗമത്തിനുമാണ് ബിജെപിയുടെ തീരുമാനം. മണിപ്പൂർ കലാപത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസം ഹമാസ് തീവ്രവാദ വിരുദ്ധ റാലി വഴി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി
ഹമാസിന്റെ ആക്രമണമാണ് എല്ലാത്തിനും കാരണമെന്ന് ആരോപിച്ചാണ് ബിജെപിയുടെ റാലി. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ മുസ്ലീങ്ങൾക്ക് ആശങ്കയുള്ളതുപോലെ തന്നെ ക്രിസ്ത്യാനികൾക്കുള്ള ആശങ്ക മുതലെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. യുഡിഎഫും എൽഡിഎഫും തീവ്രവാദികൾക്കൊപ്പമാണെന്ന് പറഞ്ഞാണ് ബിജെപിയുടെ പ്രചാരണം. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് നഗരങ്ങളിലാണ് റാലിയും സംഗമവും. കേന്ദ്രമന്ത്രിമാരടക്കം പരിപാടിയിൽ പങ്കെടുക്കും. ക്രിസ്ത്യൻ സഭാ നേതൃത്വത്തെയും പരിപാടിയിലേക്ക് ക്ഷണിക്കും.