ഫ്‌ളോറിഡയിൽ കനത്ത നാശം വിതച്ച് ഇഡാലിയ ചുഴലിക്കാറ്റ്; വൈദ്യുതി ബന്ധം താറുമാറായി
Aug 31, 2023, 08:27 IST

അമേരിക്കയിലെ ഫ്‌ളോറിഡയിൽ കനത്ത നാശം വിതച്ച് ഇഡാലിയ ചുഴലിക്കാറ്റ്. കാറ്റിന് പിന്നാലെ കനത്ത മഴയും വെള്ളക്കെട്ടും കൂടിയായതോടെ ജനജീവിതവും താറുമാറായി. അതേസമയം കാറ്റ് വീശിയടിച്ചത് ജനസാന്ദ്രത കുറഞ്ഞ മേഖലകളിലായതിനാൽ വലിയ ആൾനാശം സംഭവിച്ചിട്ടില്ല.
രണ്ട് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കാറ്റിന്റെ വേഗത നിലവിൽ കുറഞ്ഞിട്ടുണ്ട്. മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശുന്ന കാറ്റ് ജോർജിയ, സൗത്ത് കരോലീന സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. രണ്ടിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളോറിഡയിലും ജോർജിയയിലുമായി നാല് ലക്ഷത്തോളം പേരാണ് വൈദ്യുതി ഇല്ലാതെ കഷ്ടപ്പെടുന്നത്.