ഇമ്രാൻ ഖാന് ജയിലിൽ തേനും ഈന്തപ്പഴവും പ്രത്യേക ഭക്ഷണവും; ചികിത്സിക്കാൻ 5 ഡോക്റ്റർമാർ

ലാഹോർ: തോഷഖാന അഴിമതിക്കേസിൽ തടവ് അനുഭവിക്കുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കി സർക്കാർ. അറ്റോക്ക് ജയിലിലാണ് ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്നത്. ജയിൽ നിയമം പ്രകാരം കട്ടിൽ, കിടക്ക, തലയണ, കസേര, എയർകൂളർ എന്നിവയാണ് നൽകേണ്ടത്. ഇവയ്ക്കു പുറമേ ഫാൻ, പ്രാർഥനാ മുറി, ഇംഗ്ലിഷ് തർജമയോടു കൂടിയ ഖുറാൻ, പുസ്തകങ്ങൾ, വർത്തമാനപ്പത്രം, ഈന്തപ്പഴം, തേൻ, ടിഷ്യു പേപ്പർ, സുഗന്ധ ലേപനം എന്നിവയും ഇമ്രാന് അനുവദിച്ചതായി ദിഎക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു
പുതിയ സൗകര്യങ്ങളിൽ ഇമ്രാൻ ഏറെ സംതൃപ്തനാണെന്ന് ജയിലിൽ സന്ദർശനം നടത്തിയ പഞ്ചാബ് പ്രിസൺസ് ഐജി മിയാൻ ഫാറുഖ് നാസിർ വ്യക്തമാക്കി. ഇമ്രാന് പുതുതായി യൂറോപ്യൻ ക്ലോസറ്റോടു കൂടിയ ടോയ്ലെറ്റും, 5 ഡോക്റ്റർമാരെയും അനുവദിച്ചിട്ടുണ്ട്. പ്രിസൺസ് ഐജിയുടെ നിർദേശ പ്രകാരം പ്രത്യേക ഭക്ഷണവും ഇമ്രാനു വേണ്ടി ജയിലിൽ എത്തിക്കും. ഇമ്രാൻ ഖാന്‍റെ ആരോഗ്യത്തിലും സുരക്ഷയിലും ഭീതിയുണ്ടെന്ന് കാണിച്ച് ഇമ്രാന്‍റെ ഭാര്യയും പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയും പരാതി നൽകിയതോടെയാണ് മുൻ പ്രധാനമന്ത്രിക്ക് കൂടുതൽ സൗകര്യങ്ങൾ അനുവദിച്ചത്.