യുകെയില്‍ 24,701 പുതിയ കോവിഡ് രോഗികളും 300ല്‍ അധികം മരണങ്ങളും; രണ്ടാം വരവില്‍ 85,000 പേര്‍ കൂടി മരിക്കുമെന്ന് മുന്നറിയിപ്പ്

യുകെയില്‍ 24,701 പുതിയ കോവിഡ് രോഗികളും 300ല്‍ അധികം മരണങ്ങളും; രണ്ടാം വരവില്‍ 85,000 പേര്‍ കൂടി മരിക്കുമെന്ന് മുന്നറിയിപ്പ്

യുകെയില്‍ ഇന്നലെ 24,701 പുതിയ കോവിഡ് രോഗികളും 300ല്‍ അധികം കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സമീപവാരങ്ങളിലായി പെരുകി വരുന്ന കോവിഡ് രണ്ടാം തരംഗത്തിലും കൂടുതലും മരിച്ച് വീഴുന്നത് പ്രായമേറിയവരും മറ്റ് രോഗങ്ങളുള്ളവരുമാണെന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. ഈ തരത്തില്‍ തന്നെയാണ് വരും ദിനങ്ങളിലും രോഗവ്യാപനം തുടരുന്നതെങ്കില്‍ രാജ്യമാകമാനം വരും മാസങ്ങളിലായി 85,000 പേരുടെ കൂടി ജീവന്‍ കോവിഡ് കവരുമെന്ന മുന്നറിയിപ്പും ശക്തമായിട്ടുണ്ട്.

ഇതിനാല്‍ രാജ്യമാകമാനം രണ്ടാമതും കടുത്ത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ടോറി എംപിമാരില്‍ നിന്ന് പോലും ശക്തമായി വരുകയുമാണ്. എന്നാല്‍ ദേശീയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന കടുത്ത നിലപാടിലാണ്പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. പ്രധാനമന്ത്രിയുടെ ഈ കടുംപിടിത്തത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നിരവധി ടോറി എംപിമാര്‍ പോലും മുന്നോട്ട് വന്നിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ബോറിസ് നിലവില്‍ കടുത്ത സമ്മര്‍ദത്തിലായിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണമായ 26,688മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 24,701 രോഗികളാണെന്നത് ആശ്വാസമേകുന്നുണ്ട്. എന്നാല്‍ മരണനിരക്കില്‍ കുതിച്ച് കയറ്റമുണ്ടാകുന്നത് കടുത്ത ഭീതിയാണുണ്ടാ ക്കിയിരിക്കുന്നത്. ഇതിനാല്‍ ഒന്നാം തരംഗ കാലത്തേക്കാള്‍ ജീവനുകള്‍ രണ്ടാം തരംഗ കാലത്ത് പൊലിയുമെന്ന ആശങ്ക പങ്ക് വച്ച് ആരോഗ്യ വിദഗ്ധര്‍ മുന്നോട്ട് വന്നിട്ടുമുണ്ട്.

നിലവിലെ രോഗപ്പകര്‍ച്ചയുടെ ആസുരതയ്‌ക്കൊപ്പം വിന്റര്‍ കൂടി രാജ്യത്തെത്തുന്നതോടെ വൈറസിന്റെ പകര്‍ച്ചയുടെ ആക്കം കൂടുമെന്ന ആശങ്കയും അതിനിടെ ശക്തമായിട്ടുണ്ട്.കോവിഡ് രണ്ടാം തരംഗത്തിലെ മൂര്‍ധന്യാവസ്ഥ ഒന്നാം തരംഗത്തിലെ മൂര്‍ധന്യ ഘട്ടം പോലെ രൂക്ഷമായിരിക്കില്ലെങ്കിലും അത് ദീര്‍ഘകാലം ഭീഷണി സൃഷ്ടിക്കുമെന്നും അതിനാല്‍ നാഷണല്‍ ലോക്ക്ഡൗണ്‍ ഉടന്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന എക്‌സ്പര്‍ട്ടുകളുടെ മുന്നറിയിപ്പ് ബോറിസിനെ തികഞ്ഞ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ കൂടുതല്‍ കാലം നിലന നില്‍ക്കുന്ന രോഗപ്പകര്‍ച്ച കൂടുതല്‍ പേരുട ജീവന്‍ കവരുമെന്നും അതിനാല്‍ വരും നാളുകളില്‍ പ്രതിദിനം 500 കോവിഡ് മരണങ്ങളെങ്കിലും രാജ്യത്തുണ്ടാകുമെന്നുമുള്ള ഗവണ്‍മെന്റിന്റെ സയന്റിഫിക്ക് അഡൈ്വസര്‍മാരുടെ മുന്നറിയിപ്പ് ബോറിസിന് മേല്‍ കടുത്ത സമമര്‍ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേ സമയം ഇനിയും ദേശീയ തലത്തില്‍ രണ്ടാം ലോക്ക്ഡൗണ്‍ നടപ്പിലാക്കിയാല്‍ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് ചാന്‍സലര്‍ അടക്കം സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പേകിയിരിക്കുന്നത് ബോറിസിന്റെ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പമേറ്റിയിട്ടുണ്ട്.

Share this story