പുടിനെ അട്ടിമറിക്കാൻ നോക്കിയ വാഗ്നർ ഗ്രൂപ്പ് തലവൻ പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു ​​​​​​​

prigoshin

റഷ്യയിൽ വിമത നീക്കം നടത്തി ഭരണകൂടത്തെ വിറപ്പിച്ച കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ടു. വിമാനാപകടത്തിലാണ് പ്രിഗോഷിൻ കൊല്ലപ്പെട്ടതെന്ന് റഷ്യ സ്ഥിരീകരിച്ചതായി ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിശ്വസ്തനായ ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് എട്ട് പേരും കൊല്ലപ്പെട്ടു

മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ് ബർഗിലേക്കുള്ള യാത്രക്കിടെയാണ് വിമാനാപകടമുണ്ടായത്. ഏഴ് യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം വെടിവെച്ചിട്ടതാണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ജൂണിൽ 25000 അംഗങ്ങളുള്ള വാഗ്നർ കൂലിപ്പട്ടാളം മോസ്‌കോ ലക്ഷ്യമിട്ട് നീങ്ങിയത് റഷ്യയെയും ലോകത്തെയും മുൾമുനയിൽ നിർത്തിയിരുന്നു. ഒടുവിൽ അജ്ഞാതമായ എന്തോ കാരണത്താൽ അട്ടിമറി നീക്കത്തിൽ നിന്നും വാഗ്നർ ഗ്രൂപ്പ് പിൻമാറുകയായിരുന്നു

ഒരുകാലത്ത് റഷ്യൻ പ്രസിഡന്റ് പുടിന്റെ വിശ്വസ്തനായിരുന്നു പ്രിഗോഷിൻ. പുടിന്റെ പാചകക്കാരൻ എന്ന് പോലും ആളുകൾ കളിയാക്കി പ്രിഗോഷിനെ വിളിച്ചിരുന്നു. പിന്നീട് പുടിനേക്കാളും ശക്തനായി പ്രിഗോഷിൻ വളർന്നു തുടങ്ങിയിരുന്നു. ഇതിനിടെയാണ് അട്ടിമറി നീക്കമെല്ലാം നടക്കുന്നത്. ഒടുവിൽ വിമാനാപകടത്തിൽ മരണവും.
 

Share this story