വിയന്ന കണ്‍വെന്‍ഷന്‍ ധാരണകള്‍ ലംഘിച്ചു; നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരായ ആരോപണം ആവർത്തിച്ച് കാനഡ

india canada

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരായ ആരോപണം ആവര്‍ത്തിച്ച് കാനഡ. വിയന്ന കണ്‍വെന്‍ഷന്‍ ധാരണകള്‍ ഇന്ത്യ ലംഘിച്ചെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു. 40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ എടുത്തുകളഞ്ഞെന്നും ട്രൂഡോ പറഞ്ഞു.

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിലെ അന്വേഷണവുമായി കാനഡ മുന്നോട്ടുപോകുന്നതും അത് സാധ്യമാക്കാൻ ഇന്ത്യ സഹായിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന. ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി നടത്തിയ ടു പ്ലസ് ടു കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബ്ലിങ്കന്റെ പ്രസ്താവന. ഇരുരാജ്യങ്ങളുടെയും സുഹൃത്തെ നിലയിൽ, കാനഡയുമായി ചേർന്ന് അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന നിലപാടിലാണ് യുഎസ് എന്നും അദ്ദേഹം പറഞ്ഞു.

കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ഞങ്ങൾ ആദ്യമേ പറ‍ഞ്ഞതാണ്. അന്വേഷണത്തോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങൾ ഇന്ത്യയിലെത്തി. അന്താരാഷ്ട്ര നിയമത്തിന്റെയും ജനാധിപത്യത്തിന്റെ പരമാധികാരത്തിന്റെയും ഗുരുതരമായ ഈ ലംഘനത്തിനെതിരെ പ്രവർത്തിക്കാൻ യുഎസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ സമീപിച്ചെന്നും ട്രൂഡോ ആവർത്തിച്ചു. കാനഡ എല്ലായ്പ്പോഴും നിയമവാഴ്ചയ്ക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമാണ്. വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെങ്കിൽ ലോകം മുഴുവൻ അതപകടകരമാകുമെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

Share this story