ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 47
[ad_1]
രചന: റിൻസി പ്രിൻസ്
കാശ് വാങ്ങുന്നോട് കുഴപ്പമൊന്നുമില്ല, സമാധാനം ഉണ്ടല്ലോ മൂന്നുമാസം കഴിഞ്ഞ് മടക്കി തന്നാൽ മതിയല്ലോ, അപ്പോഴേക്കും ഞാനൊന്ന് സെറ്റിൽ ആവുകയും ചെയ്യും.. പക്ഷെ ഒരു വലിയ കണ്ടിഷനുണ്ട്…
അവൻ പറഞ്ഞു
“എന്ത്…?
മനസ്സിലാവാതെ അവൾ ചോദിച്ചു
” തനിക്ക് എന്നോട് സംസാരിക്കുമ്പോൾ ഭയങ്കര ജാഡ ആണെന്ന് എനിക്ക് ഇപ്പോഴും ഫീൽ ചെയ്തിട്ടുണ്ട്, വളരെ എണ്ണിത്തിട്ടപ്പെടുത്തി കുറച്ചു കാര്യങ്ങൾ സംസാരിക്കും. ആ പരിപാടി നിർത്തണം, എന്നിട്ട് എന്നോട് കുറച്ച് ഫ്രീ ആയിട്ട് സംസാരിക്കാം. നമ്മൾ നല്ല ഫ്രണ്ട്സ് ആണെന്നുണ്ടെങ്കിൽ ഞാൻ തൻറെ കാശ് വാങ്ങിക്കാം… അപ്പോൾ എനിക്ക് പറയാലോ ഇത് എന്റെ ഫ്രണ്ട് തന്നതാണ് എന്ന്.. താൻ ഒരുമാതിരി അന്യഗ്രഹജീവികളോട് പെരുമാറുന്ന പോലെയാണ് എന്നെ കാണുമ്പോൾ, ഇനി തന്റെ മനസ്സിൽ മറ്റെന്തെങ്കിലും ചമ്മലാണ് എന്നോട് സംസാരിക്കാൻ എങ്കിൽ അത് വിട്ടേക്ക്…
അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ അറിയാതെ അവന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിരുന്നു, കണ്ണുകൾ അവന്റെ കണ്ണുകളുമായി ഇടഞ്ഞ നിമിഷം രണ്ടുപേരും ഒന്നും സംസാരിക്കാൻ സാധിക്കാതെ ഇരുന്നു….
” ഓക്കേ ശരി നമ്മൾ ഇനി തൊട്ട് ഫ്രണ്ട്സ്,
അവൾ പറഞ്ഞപ്പോൾ അവനും ചിരിയോടെ അത് സമ്മതിച്ചിരുന്നു… തിരികെ മുറിയിലേക്ക് ചെന്നപ്പോൾ രണ്ടുപേർക്കും ഉറക്കം വരേണ്ട കാര്യം ഉണ്ടായിരുന്നില്ല, പല കാര്യങ്ങളും തുറന്ന് സംസാരിച്ചത് കൊണ്ട് മനസ്സ് നന്നായി തെളിഞ്ഞു നിൽക്കുകയാണ്.. അതുകൊണ്ട് നന്നായി ഉറങ്ങുകയും ചെയ്തിരുന്നു…
പിറ്റേന്ന് രാവിലെ എല്ലാവരും ഒരേ താളത്തിൽ വീണ്ടും സ്വന്തം ജോലികളിലേക്ക് കടന്നിരുന്നു. രാവിലെ ഓഫീസിലേക്ക് കയറുന്നതിനു മുൻപ് അവന്റെ കയ്യിൽ നിന്നും അവൾ അക്കൗണ്ട് നമ്പറും വാങ്ങിയിരുന്നു. ഉച്ചയ്ക്ക് മുൻപേ ഇടണേ എന്ന് അവൻ അധികാരത്തോടെ പറഞ്ഞപ്പോൾ അവളുടെ മനസ്സും നിറഞ്ഞിരുന്നു. ഒരുപക്ഷേ അവൻ തന്റെ ഓഫർ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ അത് തനിക്ക് വേദനയായേനെ എന്ന് അവൾ വിചാരിച്ചിരുന്നു.
പണ്ടുമുതലേ അവൻ വളരെ ഫ്രീയാണെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്.. ഇല്ലെങ്കിൽ വീട്ടിലെ ജോലിക്കാരിയ്ക്ക് വേണ്ടി ചായയും വാങ്ങിക്കൊണ്ട് ഹോസ്പിറ്റലിൽ വരുമോ.? അന്ന് മനസ്സിൽ ഉടക്കിയതാണല്ലോ ഈ മുഖം. അതായിരുന്നല്ലോ അതിന്റെ തുടക്കവും. എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ ഇടപെടുന്ന ഒരാൾ. ആ നാട്ടിലെ തന്നെ ഏറ്റവും വലിയ സമ്പന്ന കുടുംബമായിരുന്നു താൻ പഠിക്കുന്ന കാലത്ത് അവന്റേത്. അങ്ങനെയുള്ള ഒരാൾ സ്വാഭാവികമായും ജാഡയോടെയാണ് പെരുമാറേണ്ടത്,
എന്നാൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ ഇടപെടുന്ന വ്യക്തിയായിരുന്നു. ആദ്യം മുതലേ അവൾ ശ്രദ്ധിച്ചതും അതായിരുന്നു, കൂലിപ്പണിക്ക് പോകുന്നവരായിരുന്നു റിയ ചേച്ചിയുടെ വീട്ടുകാരും. അങ്ങനെയുള്ള വീട്ടിൽ നിന്നും ആത്മാർത്ഥമായി ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ മനസ്സ് കാണിച്ച അവനോട് ബഹുമാനം അവൾക്ക് തോന്നിയിരുന്നു.. എന്നിട്ടും എന്താണ് ഇരുവരും തമ്മിൽ പിരിഞ്ഞത് എന്ന് വ്യക്തമല്ല.
അത് ചോദിക്കാനുള്ള സൗഹൃദം തങ്ങൾക്കിടയിൽ ആയിട്ടുണ്ടോ എന്നും അവൾക്കറിയില്ല… തൽക്കാലം അത്തരം കാര്യങ്ങൾ ചോദിച്ച് അവനെ വിഷമിപ്പിക്കേണ്ട എന്ന് തോന്നിയത് കൊണ്ട് അത്തരം ചോദ്യങ്ങൾക്ക് അവൾ വിട നൽകുകയായിരുന്നു ചെയ്തത്… രാവിലെ തന്നെ അവന്റെ അക്കൗണ്ടിലേക്ക് അവൾ പൈസ ട്രാൻസ്ഫർ ചെയ്തിരുന്നു, കിട്ടി എന്ന് വാട്സാപ്പിൽ അവൻ മെസ്സേജ് അയച്ചു കഴിഞ്ഞപ്പോൾ ആണ് അവൾ ജോലിയിലേക്ക് കടന്നത്…
വൈകുന്നേരം വീട്ടിൽ വച്ചാണ് പിന്നീട് രണ്ടുപേരും കാണുന്നത്.. പൂനത്തിനും സോയയ്ക്കും ഒപ്പം അവൾ നേരത്തെ ഫ്ലാറ്റിലേക്ക് പോയിരുന്നു സഞ്ജീവും മുഹമ്മദും സാമും കുറച്ച് ലേറ്റ് ആയി വരും എന്ന് പറയുകയും ചെയ്തിരുന്നു… അവർക്ക് സലൂണിൽ പോകണമെന്നും ഷേവ് ചെയ്യണമെന്ന് ഒക്കെയാണ് പറഞ്ഞത്, പെൺപടകൾ നേരത്തെ പോയി തങ്ങളെക്കൊണ്ട് പറ്റുന്ന രീതിയിലുള്ള ജോലികളൊക്കെ ചെയ്തുവച്ചു… അപ്പോൾ തന്നെ സഞ്ജീവ് വിളിച്ചിരുന്നു, ചപ്പാത്തിക്ക് മാവ് കുഴച്ചു വെച്ചിട്ടുണ്ട് എന്ന് പൂനം പറഞ്ഞപ്പോൾ കറിയുമായി വരാം എന്ന് പറയുകയും ചെയ്തു. അങ്ങനെ ആ ഒരു രാത്രിയും അവിടെ അവസാനിച്ചു…
എല്ലാവരും ഒരുമിച്ചു ഉള്ളതുകൊണ്ട് തന്നെ വീണ്ടും സാമിനോടൊപ്പം ഒരുപാട് സംസാരിക്കാൻ ഉള്ള അവസരം ശ്വേതയ്ക്കും ലഭിച്ചിരുന്നില്ല. ദിവസങ്ങൾ ഇങ്ങനെ ഓടി മറയുകയാണ് ഞായറാഴ്ച ദിവസം എല്ലാവരും നല്ല ഉറക്കമാണ്. ആകപ്പാടെയുള്ള ഒരു അവധി ദിവസമാണ്, പലപ്പോഴും പതിനൊന്നു മണിയായിട്ടാണ് എല്ലാരും ഉണരാറുള്ളത്… ശ്വേത നേരത്തെ ഉണർന്നപ്പോൾ അടുക്കളയിൽ സാം ഉണ്ട് അവൻ വെള്ളം കുടിച്ചുകൊണ്ട് നിൽക്കുകയാണ്… അവളെ കണ്ടതും അവൻ ചിരിയോടെ നേരത്തെ ഉണർന്നോ എന്ന് ചോദിച്ചിരുന്നു..
” പള്ളിയിൽ പോണം,
” താൻ ഇവിടെ പള്ളിയിൽ പോവുമോ
” ചിലപ്പോഴൊക്കെ പോകും എല്ലാ ആഴ്ചയിലും ഒന്നും പറ്റില്ല, ചില സമയത്ത് ഭയങ്കര ക്ഷീണം ആയിരിക്കും. അപ്പൊൾ പോകാൻ പറ്റാറില്ല, എങ്കിലും ഞാൻ മാക്സിമം ശ്രമിക്കും… പിന്നെ ഇവിടെ ഉച്ചക്ക് ഒക്കെ കുർബാന ഉണ്ട്, എനിക്ക് രാവിലെ തന്നെ പള്ളിയിൽ പോയാലെ ഒരു തൃപ്തിയുള്ളു, രാവിലെ എഴുന്നേറ്റ് പള്ളിയിൽ പോയി കുർബാന കൂടുമ്പോൾ കിട്ടുന്ന ഒരു സമാധാനം വൈകുന്നേരം പോയാൽ കിട്ടില്ല. പിന്നെ ഇവിടെ മലയാളം കുർബാനയൊക്കെ ഉണ്ട്…
” എങ്കിൽ ഒരു കാര്യം ചെയ്യ് ഒരു 10 മിനിറ്റ്, ഞാനിപ്പോൾ റെഡിയായിട്ട് വരാം… ഞാൻ വരുന്നുണ്ട് പള്ളിയിൽ… പള്ളിയിൽ പോകാത്തോണ്ട് ഒരു അസ്വസ്ഥത എനിക്കുമുണ്ട്…
അവൻ പറഞ്ഞപ്പോൾ അവൾ തംമ്സ് അപ്പ് കാണിച്ചിരുന്നു… ശേഷം ഒരു ഗ്ലാസ് വെള്ളം കുടിച്ചതിനു ശേഷം അവളും ചായയിട്ടു, അവനും ചായ കൊടുത്തു. ആ സമയം കൊണ്ട് അവൻ കുളിക്കാനായി പോയിരുന്നു, അവൻ തിരികെ വന്നപ്പോൾ അവളും ഒന്ന് മേല് കഴുകി ഇറങ്ങി.. വെള്ള നിറത്തിലുള്ള ഒരു സിമ്പിൾ എംബ്രോയിഡറി ജോർജറ്റ് സൽവാറുമണിഞ്ഞ് അവൾ പള്ളിയിലേക്ക് പോകാൻ തയ്യാറെടുത്തു…. അവിചാരിതമായി ആണെങ്കിലും തിരികെ വന്നപ്പോൾ അവനും ഇട്ടിരിക്കുന്നത് വെള്ള നിറത്തിലുള്ള ഷർട്ട് ആണ്.
ഉണർന്നു വന്ന സഞ്ജീവ് കാണുന്നത് രണ്ടുപേരും യൂണിഫോമിൽ നിൽക്കുന്നതാണ്…. രണ്ടുപേരെയും അവൻ മാറിമാറി നോക്കി, അവരും അതേ ഞെട്ടലിൽ തന്നെയായിരുന്നു..
” ഇതെന്താ യൂണിഫോമോ
സഞ്ജീവ് ചോദിച്ചു
” പള്ളി പോകാൻ വേണ്ടി
മറുപടി പറഞ്ഞത് ശ്വേതയാണ്
” സാധാരണ പള്ളിയിൽ പോകുമ്പോ ലൈറ്റ് ഷെഡ്സ് ആണ് ഞാൻ ഉപയോഗിക്കുന്നത്…
ഒരു ന്യായീകരണം എന്നത് പോലെ സാം പറഞ്ഞിരുന്നു
” ഞാൻ പൊതുവേ പോകാറുള്ളത് വെള്ള ഇട്ടോണ്ട
തന്റെ ഭാഗം ശ്വേതയും വ്യക്തമാക്കിയിരുന്നു
..
” എന്താണെങ്കിലും നിങ്ങൾ പോയിട്ട് വാ, അതെ നമുക്ക് ഇന്ന് ഉച്ചയ്ക്ക് ബിരിയാണി ഉണ്ടാക്കിയാലോ.?
സഞ്ജീവ് സാമിനോടാം ശ്വേതയോടുമായി ചോദിച്ചു…
” ബിരിയാണിക്ക് ഉള്ളതൊക്കെ ഞങ്ങൾ ഇവിടെ പ്രിപ്പയർ ചെയ്തു വെക്കാം നിങ്ങൾ വരുമ്പോൾ ചിക്കനും റൈസ്സും വാങ്ങിയിട്ട് വന്നാൽ മതി..
” ചിക്കനും റൈസും വേണ്ട വേറൊരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കാം… നിങ്ങൾ കുറച്ചു സവാളയും തക്കാളി മുളകും വെളുത്തുള്ളിയും ഇഞ്ചിയും ഒക്കെ റെഡിയാക്കി വച്ചാൽ മതി..
ഞങ്ങൾ വരുമ്പോൾ വാങ്ങിയിട്ട് വരാം…
ശ്വേത പറഞ്ഞു..
” അതെന്താ നിങ്ങൾക്കൊക്കെ ഇഷ്ടമാവുന്നെ, ഞാൻ വാങ്ങിയിട്ട് വരുമ്പോൾ പറയാം… ഒരു ചിന്ന സർപ്രൈസ്
സഞ്ജീവ് സമ്മതം പറഞ്ഞു ,
രണ്ടുപേരും പുറത്തേക്ക് ഇറങ്ങിയിരുന്നു, പള്ളിയിൽ എത്തി കുർബാന കഴിഞ്ഞ് ഇറങ്ങിയതും രണ്ടു പേർക്കും ഒരു പ്രത്യേക ഉണർവ് വന്നതുപോലെ തോന്നിയിരുന്നു…
” എന്താ ആ ചിന്ന സർപ്രൈസ് അവള്ക്കരികിലേക്ക് വന്നുകൊണ്ട് സാം ചോദിച്ചു…
“ചിന്ന സർപ്രൈസ്സൊ…?
മനസ്സിലാവാത്തത് പോലെ അവള് ചോദിച്ചു..
“സഞ്ജീവിനോട് പറഞ്ഞില്ലേ ഒരു ചിന്ന സർപ്രൈസ് ഫുഡിന്റെ കാര്യം, അത് എന്താണെന്ന് ചോദിച്ചത്….
” ഓ അതാണോ, അത് നമ്മൾ ക്രിസ്ത്യാനികളുടെ ട്രഡീഷണൽ വിഭവം തന്നെ…
“എന്ത്
“എല്ലും കപ്പയും, ഞായറാഴ്ച ആയിട്ട് എല്ലും കപ്പയും ഇല്ലെങ്കിൽ പിന്നെ എന്താ ഒരു സുഖം… എനിക്ക് ഞായറാഴ്ച ദിവസം ലോകത്തിന്റെ എവിടാണെങ്കിലും കപ്പയും ബീഫും കഴിച്ചില്ലെങ്കിൽ ഒരു വല്ലാത്ത അസ്വസ്ഥതയാണ്…
” അങ്ങനെയൊക്കെ ഉണ്ടോ..?
കൗതുകത്തോടെ അവൻ ചോദിച്ചു
” അത് നിങ്ങളെ വലിയ പണക്കാരൊക്കെ ആയോണ്ടാ അങ്ങനെ തോന്നാത്തത്… പണ്ട് വീട്ടിൽ ഉണ്ടല്ലോ ഒരാഴ്ചയാ ഇറച്ചി മേടിക്കുന്നത്, അത് ഞായറാഴ്ചയായിരിക്കും. ഞായറാഴ്ചകളിൽ ഒക്കെ വീട്ടിൽ എല്ലും കപ്പയുണ്ടാവും, അന്നത്തെ ദിവസം പള്ളിയിൽ പോയിട്ട് തിരിച്ചു വരാൻ എന്നാ ഉത്സാഹം ആണെന്ന് അറിയുമോ….
സൺഡേ സ്കൂളിൽ പകുതിയാവുമ്പോൾ തൊട്ടേ ആ ചിന്തയാ, വീട്ടിൽ ചെന്ന് കഴിക്കാലോന്ന്… സൺഡേ സ്കൂളിൽ കഴിഞ്ഞിട്ട് ഒരു ഓട്ടാ വീട്ടിലോട്ട്, അവിടെ ചെല്ലുമ്പോൾ അമ്മച്ചി ഇങ്ങനെ ചൂടോടെ ഐറ്റം റെഡി ആകിട്ടുണ്ട്.. ചോറ് പോലും വേണ്ട, അത് മാത്രം ഇരുന്ന് കഴിക്കും… അപ്പോൾ അമ്മച്ചി ചോദിക്കും കപ്പ മാത്രം കഴിച്ചാൽ എല്ലാവർക്കും കൂടി എങ്ങനെയാ കൊടുക്കുന്നെ കുറച്ച് ചോറും കൂടി ഇളക്കി കഴിക്കാൻ, അങ്ങനെയാണ് ചോറ് എടുക്കുന്നത്… അന്നത്തെ ദിവസം വല്ലാത്ത വിശപ്പാ, രണ്ടുമൂന്നു തവണയൊക്കെ ചോറ് ചോദിക്കും, കൂട്ടത്തിൽ കപ്പയും എല്ലും കിട്ടുമല്ലോ, അതിനുവേണ്ടി ആണ് ചോദിക്കുന്നത്, അമ്മച്ചി ഉണ്ടാക്കുന്നതിനേക്കാളും എനിക്കിഷ്ടം വല്യമ്മച്ചി ഉണ്ടാക്കുന്നത് ആണ്… വറ്റൽമുളക് ഒക്കെ മൂപ്പിച്ചു ഇട്ടാണ് വല്യമ്മച്ചി ഉണ്ടാകുന്നെ….
ഇങ്ങനെ പറയുമ്പോൾ തന്നെ എനിക്ക് നാവിലും വെള്ളം ഊറും… ആകെപ്പാടെ ഒരു കിലോ ഇറച്ചിയോ മറ്റോ വാങ്ങുന്നത്, വീട്ടിലുള്ള എല്ലാവരും കഴിക്കാൻ ഉണ്ടാകും.. ചില സമയത്ത് പൈസ ഇല്ലെങ്കിൽ അത് അരക്കിലോ ആകും,എങ്കിലും ഇതിന്റെ രുചി ഉണ്ടല്ലോ, ഈ ഗ്രേവിയുടെയൊക്കെ അതാണെങ്കിലും മതി എന്നിട്ട് എല്ലാം തീർന്നിട്ട് പിറ്റേദിവസം രാവിലെ ഇറച്ചി വേവിച്ച ചട്ടി ഇല്ലേ അതിന്റെ അരപ്പിൽ ഇത്തിരി പഴഞ്ചോർ ഇട്ടു വല്ല്യമ്മച്ചിയുടെ ഒരു പഴങ്കഞ്ഞി കുടി ഉണ്ട്….
ഞാനും സച്ചു കുട്ടനും കൂടി പോയി അടുത്തിരിക്കും, ഞങ്ങൾക്കും തരും, ജീവിതത്തിൽ ഇതുവരെ കഴിച്ച ഒരു ഭക്ഷണത്തിനും ആ രുചി എനിക്ക് കിട്ടിയിട്ടില്ല, ഞാൻ അതൊക്കെ ഇപ്പോഴും മിസ്സ് ചെയ്യാറുണ്ട്…. വല്യമ്മച്ചി ഭയങ്കര പുള്ളിയാ, ഇപ്പോഴും പലഹാരങ്ങൾ ഒന്നും കഴിക്കില്ല.. രാവിലെ പഴങ്കഞ്ഞി മാത്രമേ കഴിക്കാറുള്ളൂ, അതിൽ ഹൈലൈറ്റ് എന്ന് പറയുന്നത് പുഴുക്ക് പഴങ്കഞ്ഞി ആണ്.. കപ്പ വേവിച്ചതോ ചക്ക വേവിച്ചതോ ഉണ്ടെങ്കിൽ പിറ്റേ ദിവസം ആ പുഴുക്കൊക്കെ ഇട്ട് കുറച്ച് കാച്ചി മോരും കൂടി ഒഴിച്ചിട്ട് ഒരു പിടിയങ്ങ് പിടിക്കും, ഒരു വറ്റൽമുളകും കൂടി കാണും കടിച്ചു കൂട്ടാൻ…
ഇനി വിഭവങ്ങൾ ഒന്നുമില്ലെങ്കിൽ കുറച്ചു തൈരും ഒരു ഉണക്കമീൻ ചുട്ടതും ഒരു വറ്റൽ മുളകും അതുമതി വല്യമ്മച്ചിക്ക്, പക്ഷേ വല്യമ്മച്ചി വാരി തന്നാൽ അതിനു വല്ലാത്ത രുചിയാ… ഞങ്ങൾ ഫുഡ് ഒക്കെ കഴിക്കാതിരിക്കുമ്പോൾ എന്തേലും കൂട്ടാന് കടുക് വറുത്തിട്ട് ആ ചീനച്ചട്ടി അകത്തിട്ട് ഒരുപിടി ചോറ് തരും, ആരാണെങ്കിലും കഴിച്ചു പോകും.. ഇപ്പോൾ ആൾക്ക് അൾസർ ആണ് ട്ടോ അതുകൊണ്ട് മുളകൊന്നും കഴിക്കേണ്ട എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്..
വീട്ടിലെ കഥകളുടെ കെട്ടഴിക്കുന്നവളെ അവൻ കണ്ണിമ ചിമ്മാതെ നോക്കി, എന്ത് രസമായാണ് ഓരോ കാലവും അവളുടെ മനസ്സിൽ അടയാളപ്പെടുത്തി വെച്ചിരിക്കുന്നത് കേൾക്കാൻ…. നല്ല അടുക്കും ചിട്ടയോടെ, അവൻ അവളെ ആരാധനയോടെ നോക്കി…
” വീട്ടിലും സൺഡേ ബീഫ് മേടിക്കും, പക്ഷേ ഞാനത് വലിയ സംഭവായി കണ്ടിട്ടില്ല, പക്ഷേ താൻ പറഞ്ഞപ്പോൾ എന്റെ നാവിൽ വെള്ളം ഊറി…
ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും പൊട്ടി ചിരിച്ചിരുന്നു …കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]