ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 49
[ad_1]
രചന: റിൻസി പ്രിൻസ്
അവൾ പറഞ്ഞപ്പോൾ അറിയാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു അപ്പോൾ ആ ഹൃദയം തന്നോട് എന്തൊക്കെയോ സംസാരിക്കാൻ വെമ്പൽ കൊള്ളുന്നത് പോലെ അവന് തോന്നി.. ഒരു പഴയ പത്താംക്ലാസുകാരിയുടെ ഹൃദയം തുറന്നുള്ള കുറിപ്പിൽ എഴുതിയ പോലെ… ” ഇന്നലെ നിന്നെ സ്നേഹിച്ചു, ഇപ്പോഴും സ്നേഹിക്കുന്നു, എപ്പോഴും സ്നേഹിക്കുന്നു..

അവളുടെ കണ്ണിൽ തന്നോടുള്ള പ്രണയമാണോ എന്ന് സംശയം തോന്നിയെങ്കിലും അത് തുറന്നു ചോദിക്കാൻ അവന് മനസ്സ് തോന്നിയില്ല… ഇപ്പോഴുള്ള സൗഹൃദം കൂടി അവസാനിച്ചാലോ..? അവളെ തനിക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നില്ലന്ന് പലതവണയായി തോന്നിയിരുന്നു… ഒരുപക്ഷേ അതൊരു 15 കാരിയുടെ വെറുമൊരു ആരാധന മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ തന്നോട് ഉള്ള ഈ നല്ലൊരു സൗഹൃദം അവൾ അവസാനിപ്പിച്ചേക്കാം, ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.. തന്റെ മനസ്സിൽ എവിടെയൊക്കെയോ അവൾ ഇടം നേടുന്നുണ്ടായിരുന്നു… അവളുടെ രീതികൾ, വർത്തമാനം അതെല്ലാം തന്നെ സ്വാധീനിക്കുന്നുണ്ട്.. എന്തെ ഈ പെണ്ണിനെ ഇതിനു മുൻപ് താൻ ശ്രദ്ധിക്കാതിരുന്നത് എന്ന് ഒരു നിമിഷം അവൻ ചിന്തിച്ചു പോയിരുന്നു… അന്ന് തന്റെ മുൻപിൽ പ്രണയാഭ്യർത്ഥനയുമായി വന്ന ഒരു 15 കാരി ഇപ്പോഴും മിഴിവുള്ള ഓർമ്മയായി തന്റെ മനസ്സിലുണ്ട്. തനിക്ക് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞു താനെന്തോ വലിയ തെറ്റ് ചെയ്തത് പോലെ കണ്ണുകൾ നിറഞ്ഞ് ഞാനറിഞ്ഞില്ലായിരുന്നുവെന്ന് മാപ്പ് പറഞ്ഞ ദൃഢ നിശ്ചയം ഉള്ള ഒരു പെൺകുട്ടിയായിരുന്നു അപ്പോൾ തന്നെ അവൾ. പിന്നീട് തന്റെ പേരിൽ റിയ അവളെ പറ്റിച്ചപ്പോഴും എത്രയോ വട്ടം അവളുടെ കണ്ണിൽ തന്നോടുള്ള ആരാധനയും പ്രണയവും താൻ കണ്ടിരിക്കുന്നു. അത്രയും ആഴത്തിൽ അവളുടെ ഉള്ളിൽ താനുണ്ടെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല, ശരിക്ക് കണ്ടിട്ട് പോലും ഇല്ല.. അത്രയും സ്നേഹം, അവസാനം താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ തന്റെ പ്രണയത്തിനെയും ഇഷ്ടത്തിനെയുകാൾ പ്രാധാന്യം ആത്മാഭിമാനത്തിന് നൽകിയ ഒരു മിടുക്കിയെ അവൻ ഓർമ്മിച്ചു…
പിന്നെ വർഷങ്ങളോളം ഒരു മധുരപ്രതികാരം പോലെ തന്നോട് മിണ്ടാതെ, തന്നെ നോക്കാതെ നടന്നവൾ ആ വേദനയിൽ നിന്നും അവൾ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. പക്ഷേ അന്നും ഇന്നും ആ കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്ന വികാരത്തിന് മാത്രം ഒരു മാറ്റവും വന്നിട്ടില്ലെന്ന് അവന് തോന്നി… എന്താണത് തുറന്നു ചോദിക്കാൻ മടി തോന്നി അവന്… ഒരുപക്ഷേ അങ്ങനെയൊന്നുമില്ലെങ്കിൽ, ആദ്യ പ്രണയം എല്ലാവർക്കും അൽപം സ്പെഷ്യൽ ആണല്ലോ… ഒരു സുഹൃത്ത് എന്ന പരിഗണന മാത്രമാണ് ആ കണ്ണുകളിൽ ഉള്ളതെങ്കിലോ, ഇപ്പോൾ താനും അവളും തമ്മിൽ ആ സൗഹൃദം നിലനിൽക്കുന്നത് കൊണ്ടാണ് ഇങ്ങനെ തുറന്നു സംസാരിക്കുന്നതെങ്കിലോ..? അതുകൊണ്ടു തന്നെ അവളുടെ ഉള്ളിൽ ഇപ്പോഴും താൻ ഉണ്ടോ.? ആ സംശയം ധൂലികരിക്കാൻ ഭയമായിരുന്നു, രണ്ടുപേരും തിരികെ പോയപ്പോൾ ബസ്സിലാണ് യാത്ര ചെയ്തത്… ബസിലെ എഫ് എമിൽ പാട്ടുകൾ ഇങ്ങനെ മാറിമാറി വരുന്നുണ്ട്.. അതിൽ മലയാളവും തമിഴും ഹിന്ദിയും എല്ലാം വരുന്നുണ്ട്..
രണ്ടുപേർക്കും അടുത്തടുത്തുള്ള സീറ്റുകൾ തന്നെയാണ് കിട്ടിയത്, പുറത്തെ കാഴ്ചകളിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നവളിൽ തന്നെയായിരുന്നു അവന്റെ മിഴികൾ.. എന്തോ അവളെ തന്നെ നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അവളിൽ നിറഞ്ഞുനിൽക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു… ഒരു പ്രത്യേകമായ ആരാധന പോലെ, ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും റിയയെ ഓർത്തിട്ടില്ല അതിന് കാരണം ഈ ഒരുവളാണ് എന്ന ചിന്ത അവനെ അത്ഭുതപ്പെടുത്തിയിരുന്നു… ഓരോ രാത്രികളിലും ഉറങ്ങാൻ കഷ്ടപ്പെട്ടവനാണ്, അവളുടെ ഓർമ്മകൾ അത്രമേൽ തന്നെ കുത്തിയിരുന്നു… എന്നാൽ ഇവിടെ വന്നതിനു ശേഷം ഇവളെ കണ്ടതിനു ശേഷം താൻ പോലും അറിയാതെ അവൾ തന്നിൽ നിന്നും വിസ്മൃതിയിലേക്ക് ആണ്ടു പോയിരിക്കുന്നു, ആ നിമിഷമാണ് സ്റ്റീരിയോയിലെ ആ പാട്ടിലെ വരികൾ അവൾ ശ്രദ്ധിച്ചത്…
“വെറുതെയെങ്കിലും കനക സൂര്യനെ പരിണയിച്ചു ഞാൻ മൂകം, അരികിലെങ്കിലും അവൻ അറിഞ്ഞില്ല എന്റെ മൗനരാഗം… 🎶
അറിയാതെ അവൾ ആ നിമിഷം അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു…. തന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ആ വരികൾ എന്ന് അവൾക്ക് തോന്നി.. അപ്പോൾ തന്നെ തന്നെ നോക്കി ഇരിക്കുന്ന അവനെയാണ് അവൾ കണ്ടത്… എന്തെന്ന് അവൾ തലകൊണ്ട് ചോദിച്ചെങ്കിലും ഒന്നുമില്ല അവൻ കണ്ണടച്ച് കാണിച്ചു… പിന്നെ മൊബൈലിൽ വെറുതെ സ്ക്രോളി കൊണ്ട് ഇരുന്നു… എങ്കിലും മനസ്സ് മുഴുവൻ അടുത്തിരിക്കുന്നവളിലാണ്, വീണ്ടും അവളെ നോക്കാൻ സാധിക്കുന്നില്ല എങ്കിലും അവളുടെ പ്രവർത്തികൾ വീക്ഷിക്കാൻ ഒരു പ്രത്യേക കൗതുകം തന്നിൽ തോന്നുന്നത് പോലെ… അവളുടെ ഫോൺ ബെല്ലടിക്കുന്നതും അത് വീട്ടിൽ നിന്നാണെന്നും അവന് മനസ്സിലായി, പുറത്തേക്ക് നോക്കി അവൾ സംസാരിക്കുകയാണ്… അവൻ വീണ്ടും അവളെ തന്നെ നോക്കിയിരുന്നു…
🎶ഓരോ കനവുകളും വീണ്ടും കതക് തുറക്കുന്നു, ഓരോ വീഥിയിലും അവളൊരു നിഴൽ ആയി കൂടുന്നു 🎶
ആ വരികൾ തനിക്ക് വേണ്ടി ആരോ കുറിച്ചത് പോലെ അവനും തോന്നിയിരുന്നു…
തിരികെ ഫ്ലാറ്റിലേക്ക് എത്തുമ്പോൾ രണ്ടുപേർക്കും ഇടയിൽ ഒരു വലിയ മൗനം കൂടുകൂട്ടിയിരുന്നു, എന്തോ ആ മൗനത്തിന് ഒരു പ്രത്യേകമായി സുഖമുണ്ടെന്ന് ഇരുവർക്കും തോന്നി, എന്തൊക്കെയോ തിരിച്ചറിവുകളുടെ ഒരു പ്രത്യേകത നിറഞ്ഞ മൗനം. അവർ ചെന്നപ്പോഴേക്കും ബാക്കിയുള്ളവർ ക്ലീനിങ്ങിലാണ്.. സഞ്ജീവ് മാത്രം വീഡിയോ കോൾ ചെയ്യുന്ന തിരക്കിലാണ്… സഞ്ജീവ് വിവാഹം കഴിച്ച് ഒരു മകളുമുണ്ട്. അതുകൊണ്ട് ഒരു കമ്പ്ലീറ്റ് ഫാമിലി മാൻ ആണ് ആള്… ഇടയ്ക്ക് വീട്ടിലേക്ക് വീഡിയോ ഒക്കെ വിളിച്ച് എല്ലാവരെയും കാണിച്ചു കൊടുക്കുകയോ ഒക്കെ ചെയ്യാറുണ്ട്…
പള്ളിയിൽ നിന്ന് വന്ന ഉടനെ വേഷമായി അവൾ നേരെ അടുക്കളയിലേക്ക് കയറിയിരുന്നു, അവൾക്കൊപ്പം പൂനവും സഹായത്തിനായി കൂടുകയും ചെയ്തു.. മുഹമ്മദ് അടുത്തുവന്നു എന്താണ് അവൾ ഉണ്ടാക്കുന്നത് എന്ന് ശ്രദ്ധിക്കുന്നുണ്ട്… കൽക്കട്ടക്കാരനായ മുഹമ്മദിന്റെ സ്പെഷ്യൽ സബ്ജി അവിടെ എല്ലാവർക്കും ഇതിനോടകം തന്നെ വലിയ ഇഷ്ടമാവുകയും ചെയ്തിട്ടുണ്ട്… പല ദേശങ്ങളിൽ നിന്നും പല സ്ഥലങ്ങളിൽ നിന്നും വരുന്നവർ ഒന്നായി ഒരു മനസ്സായി ഒരു കുടക്കീഴിൽ ജീവിക്കുക എന്നത് വളരെ അത്ഭുത നിറയ്ക്കുന്ന ഒരു കാര്യമാണ്.. അതാണ് പലപ്പോഴും പല നഗരങ്ങളിലും നടക്കാറുള്ളത്..
ബീഫിന്റെ നെഞ്ച് ഭാഗം നോക്കി കഴുകി വൃത്തിയാക്കി ചെറിയ പീസ് ആക്കി വച്ചവൾ. സഞ്ജീവും സാംമും കപ്പ അരിഞ്ഞു കൊടുത്തു..
ശേഷം കുക്കറിൽ അഞ്ച് വിസിൽ വരുത്തി . ഇറച്ചി നല്ല ചൂടിൽ വെന്ത് നീര് ഇറങ്ങിവരുന്ന സമയത്ത് ആവശ്യത്തിന് വെള്ളം ചേർത്തു കശ്മീരി മുളകു പൊടി ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് വഴറ്റി.. ഇറച്ചി നന്നായി വെന്ത് അതിന്റെ ചാറ് വറ്റിവന്നപ്പോൾ വെളിച്ചെണ്ണയിൽ വഴറ്റിയ മുളകുപൊടി േചർത്ത് ഇളക്കി.
ഗരംമസാല പൊടിയും ചേർത്തു ചെറിയ ചൂടിൽ വെന്ത് ചാറ് കുറുകി വന്നപ്പോൾ നേരെ കുറച്ചു വെള്ളം തിളപ്പിച്ച് കല്ലുപ്പും മഞ്ഞളും ചേർത്ത് കപ്പ വേവിച്ചെടുത്തു. ഇറച്ചിക്കറിയുടെ ചാറ് വറ്റി നെയ്യും എണ്ണയും തെളിഞ്ഞു വന്നപ്പോൾ , കപ്പ മുക്കാൽ വേവിൽ വെള്ളമൂറ്റി ഇറച്ചിക്കറിയിലേക്കു വെള്ളം വാർന്ന് വെന്തുടഞ്ഞ കപ്പ ചേർത്ത് തീ കെടുത്തി അടച്ച് വച്ചു. വെന്ത കപ്പ എല്ലിറച്ചിലേക്ക് ഇളക്കി, ചെറിയ ചൂടിൽ എല്ലും കപ്പയും വിളമ്പാൻ നേരം മല്ലിയില അരിഞ്ഞതും ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും മുകളിൽ വിതറി എല്ലാവർക്കും നൽകി.
നാവിലേക്ക് വച്ചപ്പോൾ തന്നെ ഒരു പ്രത്യേക രുചി സാമിന് തോന്നിയിരുന്നു, അത് അവൾ ഉണ്ടാക്കിയത് കൊണ്ടാണെന്ന് തോന്നി… അല്ലെങ്കിലും ഇഷ്ടപ്പെട്ടവർ വളരെ ഇഷ്ടത്തോടെ എന്തെങ്കിലുമുണ്ടാക്കി തരുമ്പോൾ അതിനല്പം രുചി കൂടാറുണ്ടല്ലോ… എല്ലാവരും ആ രുചിയിൽ ശ്വേതയെ പ്രശംസിച്ചിരുന്നു, കഴിച്ചു പരിചയമില്ലാത്തവരായതിനാൽ പൂനം എരിവ് വലിച്ചു… എങ്കിലും ആ രുചി അവർക്കും പ്രിയപ്പെട്ടതായിരുന്നു, പിന്നീട് വീട്ടിൽ നിന്നും വിളിച്ചപ്പോൾ ശ്വേതയുടെ ഫുഡിനെ കുറിച്ച് സഞ്ജീവ വൈഫിനോട് പറയുകയും ചെയ്തിരുന്നു.. അങ്ങനെ വൈഫുംമായും ശ്വേത സംസാരിച്ചു… ആഹാരം എല്ലാം കഴിഞ്ഞ് എല്ലാവരും ഒരു ഉറക്കത്തിന് കയറിയപ്പോൾ ഒരു പുസ്തകവുമായി അവൾ ബാൽക്കണിയിലേക്ക് ഇരുന്നിരുന്നു, കുറച്ചു വായിച്ചു കഴിഞ്ഞപ്പോഴാണ് ഡോർബൽ മുഴങ്ങിയത്…
അവൾ ചെന്ന് തുറന്നപ്പോൾ മുൻപിൽ വെളുത്ത സുന്ദരനായ ഒരു ചെറുപ്പക്കാരനാണ്,
” സഞ്ജീവ് ഇവിടെയല്ലേ താമസിക്കുന്നത്..?
ഇംഗ്ലീഷിൽ അയാൾ ചോദിച്ചപ്പോൾ അവൾ അതെ എന്ന് മറുപടി പറഞ്ഞിരുന്നു,
” സഞ്ജീവേട്ടന്റെ നാട്ടിൽ നിന്ന് വന്നതാണെന്നും കാണാനാണെന്നും പറഞ്ഞപ്പോൾ അവൾ അവനെ അകത്തേക്ക് ക്ഷണിച്ചു ഇരുത്തി, അതിനുശേഷം സഞ്ജീവന്റെ റൂമിൽ പോയി വിളിച്ചിരുന്നു… റൂം തുറന്നത് സാമാണ്,
” സഞ്ജീവേട്ടനെ കാണാൻ നാട്ടിൽ നിന്ന് ആരോ വന്നിട്ടുണ്ടെന്ന് പറ..
അവൾ സാമിനോട് പറഞ്ഞപ്പോൾ സഞ്ജീവനെ അവൻ തന്നെയാണ് വിളിച്ചത്, രണ്ടുപേരും ഒരുമിച്ച് ഹാളിലേക്ക് വന്നപ്പോൾ അവിടെ ഇരുന്ന് അതിഥി സഞ്ജീവനെ കണ്ടതോടെ ഏറെ സന്തോഷത്തോടെ എഴുന്നേറ്റിരുന്നു. സഞ്ജീവും അവനെ ചെന്ന് ചേർത്തുപിടിച്ചു..
” സാമേ ഇത് അജോ എന്റെ കൂട്ടുകാരന്റെ അനിയനാണ്, ഇവിടെ എയർലൈൻസിൽ വർക്ക് ചെയ്യാ.. കൂട്ടുകാരൻ എന്ന് പറയാൻ പറ്റില്ല അവൻ എന്റെ സ്വന്തം സഹോദരനാ,ഇവനും..
അവനെ ചേർത്ത് പിടിച്ചു പറഞ്ഞപ്പോൾ സാമും അയാൾക്ക് ഷേക്ക് ഹാൻഡ് കൊടുത്തിരുന്നു…
” കുടിക്കാൻ എന്തെങ്കിലും എടുക്കാം…
ശ്വേതയാണ് പറഞ്ഞത്
” മലയാളിയായിരുന്നോ..?
അവളോട് അജോ ചോദിച്ചു
” അതെ
ചിരിയോടെ പറഞ്ഞതിനു ശേഷം അവൾ അകത്തേക്ക് പോയിരുന്നു… അവൾ പോയ വഴിയേ അവന്റെ കണ്ണുകൾ നീളുന്നത് സാം കണ്ടിരുന്നു.. എന്തുകൊണ്ടോ അവനത് ഇഷ്ടമായിരുന്നില്ല.. ഉള്ളിൽ ഒരു ചെറിയ സ്വാർത്ഥത മുളപൊട്ടുന്നത് സാമറിഞ്ഞു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]