" "
Novel

കഥ: അമ്മയും ഉമ്മയും

[ad_1]

prasannan

രചന: പ്രസന്നൻ ബങ്കളം

യാത്രക്കിടയിൽ ഒന്ന് രണ്ടു തവണ അമ്മ വിളിച്ചിരുന്നു. ട്രൈയിനിൽ നല്ല ഉറക്കത്തിൽ ആയിരുന്നതിനാൽ അറിഞ്ഞിരുന്നില്ല.വെറുതെ വിളിച്ചതാകാം. നേരത്തെ എത്തിയോ, ചായ കുടിച്ചില്ലേ തുടങ്ങിയ പതിവ് ചോദ്യങ്ങൾക്കാവും.40ത് പിന്നിട്ടിട്ടും അമ്മയ്ക്കിന്നും ഞാൻ കുഞ്ഞു തന്നെ. അതെന്താ ഇത്ര പറയാൻ അല്ലെ എല്ലാ അമ്മമാർക്കും മക്കൾ എന്നും കുഞ്ഞും മക്കൾക്ക് അമ്മ എന്നും അമ്മ തന്നെയും ആണല്ലോ അല്ലെ. ആ വാത്സല്യത്തിന് പകരം വെക്കാൻ ലോകത്തിൽ ഇന്നേവരെ മറ്റൊരു സ്നേഹവും ഉണ്ടായിട്ടും ഇല്ലല്ലോ. 

വെയിലിൽ വെന്തുരുകുന്ന പാലക്കാടൻ പട്ടണത്തിൽ ട്രെയിൻ ഇറങ്ങി നേരെ ലാൻഡ് മാർക്ക് റെസിഡൻസിയിലെ ഇരുപത്തേഴാം നമ്പർ മുറിയിലേക്ക് ഞാൻ വേഗം നടന്നു.. ഉടുപ്പുകളെല്ലാം ഉടനടി ഊരി മെത്തയിലേക്ക് എറിഞ്ഞു കുളി മുറിയിൽ ചെന്നു വിനീത വിധേയനായി ഷവറിനടിയിൽ പിറന്നപടി നിന്ന് കൊടുത്തു. കുളി കഴിഞ്ഞു വന്നു മൊബൈൽ ഫോൺ നോക്കിയപ്പോഴാണ് അമ്മയുടെ കോൾ ശ്രദ്ധയിൽ പെട്ടത്. ഉടൻ തിരിച്ചു വിളിച്ചു. പക്ഷെ അമ്മ തിരക്കിൽ ആയിരുന്നു..

അമ്മ പറഞ്ഞു 
എടാ  മോനെ നീ പിന്നെ വിളിക്ക് ഞാൻ ആ സൈനുവിനു ചോറും കൂട്ടാനും കൊണ്ട് കൊടുത്തിട്ട് വരട്ടെ.
അമ്മ പറഞ്ഞപ്പോഴാണ് സൈനു താത്തയുടെ കാര്യം ഓർത്തത്. കഴിഞ്ഞ ദിവസം വിളിച്ചപ്പോ അമ്മ പറഞ്ഞിരുന്നു സൈനു താത്തയ്ക്ക് ശ്വാസം മുട്ടൽ ഇത്തിരി കൂടുതൽ ആയിട്ടുണ്ട് എന്ന്. താത്തയുടെ മകൾ ഞങ്ങൾ മുത്ത്‌ എന്ന് വിളിക്കുന്ന മുനീറക്ക് വിശേഷവും ഉണ്ട്. വെച്ചുണ്ടാക്കി കൊടുക്കാൻ കാര്യായിട്ട് ആരും ഇല്ല. അത് കൊണ്ട് അമ്മ വീട്ടിൽ നിന്ന് എല്ലാം നേരത്തിനു എത്തിച്ചു കൊടുക്കും.

സൈനു താത്ത അമ്മയോട് പറയും.ശാരദേച്ചി എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്. അല്ലെങ്കിൽ തന്നെ അവിടെ ഒരുപാട് പണികൾ ഇല്ലേ. ഞാൻ എങ്ങനെയെങ്കിലും എന്തെങ്കിലും ഉണ്ടാക്കി കഴിച്ചോളാം.

ഉം..നീ ഒന്ന് മിണ്ടാതിരി സൈനു എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ആ പെണ്ണിന് ഈ സമയത്തു വായിക്ക് രുചിയുള്ള എന്തെങ്കിലും വച്ചുണ്ടാക്കി കൊടുക്കാഞ്ഞാൽ പിന്നെങ്ങനാ എന്ന അമ്മയുടെ മറുപടി കേൾക്കുമ്പോ ഇപ്പുറത്തെ ഒരമ്മയുടെ സ്നേഹത്തിനു മുന്നിൽ അപ്പുറത്ത് ഒരു ഉമ്മയുടെ കണ്ണ് നിറയും.മീൻ കച്ചവടക്കാരൻ ആയിരുന്ന സൈനു താത്തയുടെ ഭർത്താവ് ഷെരീഫിക്ക വർഷങ്ങൾക്ക് മുമ്പേ കടലിൽ ബോട്ടപകടത്തിൽ മരിച്ചതിൽ പിന്നെ ബീഡി പണി എടുത്താണ് മക്കകളായ മുനീറയെയും, മുഹമ്മദിനെയും സൈനു താത്ത വളർത്തിയത്.പിന്നെ ഇത്തിരി സ്വർണ്ണം ഉണ്ടായതൊക്കെ വിറ്റ് ഓല പുരയ്ക്ക് ഓട് വച്ചു.മുഹമ്മദ്‌ ഉപ്പ മരിച്ചതോട് കൂടി പഠിപ്പ് നിർത്തി പട്ടണത്തിൽ കടയിൽജോലിക്ക് പോകാൻ തുടങ്ങി.

ചെറിയൊരു മൺകയ്യാലക്കപ്പുറത്തും ഇപ്പുറത്തും ആയാണ് ഞങ്ങളുടെ വീടുകൾ.കല്യാണത്തിനോ മറ്റോ പോകാൻ ഉണ്ടെങ്കിൽ സൈനു താത്ത തലേന്ന് വൈകുന്നേരം വീട്ടിൽ വരും 

ശാരദേച്ചി നാള ആ കൗത്തിലത് ഒന്ന് നിക്ക് ബേണം മംഗലത്തിനു പോകാനിണ്ട്. ബന്നപാട് കൊണ്ട്ത്തരാ (മാല(കഴുത്തിൽ അണിയുന്നത് )എനിക്കൊന്ന് വേണം കല്യാണത്തിന് പോകാനുണ്ട്. വന്ന ഉടനെ കൊണ്ട് തരാം )

അമ്മ പറയും. ഉം ആയിനെന്താ സൈനു നീ രണ്ടീസം കയിഞ്ഞിറ്റ് കൊണ്ട് തന്ന മതി. എൻക്കിപ്പോ കാര്യായിറ്റ് ഏടേം പോകാനൊന്നും ഇല്ല.(അതിനെന്താ രണ്ടു ദിവസം കഴിഞ്ഞു കൊണ്ട് തന്ന മതി എനിക്ക് ഇപ്പോൾ കാര്യമായിട്ട് എവിടേം പോകാൻ ഇല്ല )

കഴിഞ്ഞ വിഷു ദിനത്തിനടുത്തു രണ്ടു മൂന്നു ദിവസമായി അമ്മയ്ക്ക് മുട്ട് വേദന ആയിരുന്നു. പക്ഷെ വയ്യായ്ക ആയാലും അമ്മ അടങ്ങിയിരിക്കില്ല. പറമ്പിൽ ഓല വീണു കിടക്കുന്നു, തേങ്ങ വീണു കിടക്കുന്നു, അടക്ക പറിക്കാൻ ആളില്ല എന്നൊക്കെ വേവലാതി പറഞ്ഞു തോട്ടത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും.

വിഷുവിന്റെ തലേന്ന് വൈകിട്ട് ഞാൻ വീട്ടിൽ എത്തുമ്പോഴേക്കും അമ്മ തോട്ടി കെട്ടി ചക്ക പഠിക്കാൻ ഉള്ള പുറപ്പാടാണ്. കയ്യാലക്കപ്പുറത്തു നിന്ന് ഇത് കണ്ട സൈനു താത്ത ചോദിച്ചു 

ശാരദേച്ചി നിങ്ങ ആ ബയ്യാത്ത കാലും കൊണ്ട് എന്താ ഈ കാട്ടണത് ങ്ങക്ക് ഒരിക്ക ആടെ അടങ്ങീരുന്നുടപ്പാ 

അമ്മ പറഞ്ഞു. നാളെ വിഷുവല്ലേ സൈനു കണി ബക്കാൻ രണ്ടു ചക്ക ക്ട്ടോന്നു നോക്കട്ടെ.. 

ങ്ങക്ക് എന്ന എന്നോട് പറഞ്ഞൂടെ മൻചാ എന്ന് അമ്മയെ സ്നേഹത്താൽ ശാസിച്ചു കൊണ്ട് അരികിൽ വന്നു സൈനു താത്ത അമ്മയുടെ കയ്യിൽ നിന്ന് തോട്ടി വാങ്ങി ഒരു ചക്ക പറിച്ചിട്ടു. അമ്മ പറഞ്ഞു മൂന്നെണ്ണം പറിച്ചോളി സൈനു. അപ്പോഴേക്കും ഞാൻ പ്ലാവിൽ ചോട്ടിൽ എത്തി. സൈനു താത്തയെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതി തോട്ടി വാങ്ങി രണ്ടു ചക്ക ഞാനും പറിച്ചിട്ടു.

ഞാൻ പോട്ടെ ശാരദേച്ചി .. കൂട്ടാൻ അടുപ്പത്തു ബെച്ചിറ്റ ബന്നത് എന്ന് പറഞ്ഞു സൈനു താത്ത പോകാൻ ഒരുങ്ങിയപ്പോ അമ്മ എന്നോട് പറഞ്ഞു 

മോനെ ഇതിന്ന് രണ്ടു ചക്ക നീ ഓളെ പൊരേ കൊണ്ടച്ചിറ്റ് ബാക്കി ഒന്ന് ഇങ്ങോട്ട് നമ്മക്ക് കണി വെക്കാൻ എടുത്തോ. ഓക്ക് എടുക്കാൻ കയ്യൂല ബല്യ ചക്കയാ. എങ്കിലും ഞാൻ എടുക്കാൻ നേരം വേണ്ട മോനെ ഞാൻ എടുത്തോളാം എന്ന് സൈനു താത്ത പറഞ്ഞത് കാര്യാക്കാതെ ഞാൻ രണ്ടു ചക്കയും എടുത്തു സൈനു താത്തയുടെ മുറ്റത്തു കൊണ്ട് വച്ചു.

അമ്മക്ക് അറിയാം സൈനു താത്തയ്ക്ക് ചക്കയോടുള്ള പൂതി. അതോണ്ട രണ്ടെണ്ണം അധികം പറിച്ചോളാൻ പറഞ്ഞത്.

പക്ഷെ അന്ന് രാത്രി പെട്ടന്ന് താത്തയ്ക്ക് ശ്വാസം മുട്ടൽ കൂടി ബോധം നഷ്ടപ്പെട്ട പോലെ ആയി. പേടിച്ചു വിറച്ച മുത്തിന്റെ നിലവിളി കേട്ട് ഞാനും അമ്മയും അങ്ങോട്ട്‌ ഓടി. താത്തയുടെ അവസ്ഥ കണ്ടു ഞാനും ഒന്ന് പേടിച്ചു.അമ്മയുടെ കണ്ണിൽ നിന്നും ഒരു തുള്ളി അശ്രു കണം കവിളിലേക്ക് വീണു. ഞാൻ അമ്മയെയും മുനീറയെയും ആശ്വസിപ്പിച്ചു ഡോക്ട്ടറെ വിളിക്കാൻ ഓടി.

ഡോക്ടർ വന്നു ചെറിയൊരു ഇൻജെക്ഷൻ കൊടുത്തപ്പോൾ തന്നെ സൈനു താത്ത സാധാരണ നിലയിൽ ആയി . പിന്നെ രണ്ടു ഗുളിക എന്റെ കയ്യിൽ തന്നു ഡോക്ടർ പറഞ്ഞു. പേടിക്കാനൊന്നും ഇല്ല. കിടക്കും മുമ്പ് ഇതിൽ നിന്ന് ഒരു ഗുളിക കഴിച്ചോട്ടെ.

ഡോക്ടർ പോയപ്പോ അമ്മ നീ പേടിപ്പിച്ചു കളഞ്ഞല്ലോ എന്റെ സൈനു എന്ന് പറഞ്ഞു താത്തയെ കെട്ടി പിടിച്ചു. അപ്പോൾ അമ്മയുടെ കണ്ണിൽ നിന്ന് ഉമ്മയുടെ ചുമലിലേക്കും ഉമ്മയുടെ കണ്ണിൽ നിന്ന് അമ്മയുടെ ചുമലിലേക്കും വീണ കണ്ണീരു കണ്ടു എന്റെയും മുത്തിന്റെയും കവിളും ഇത്തിരി നനഞ്ഞു.

അമ്മയ്ക്ക് വേദനിക്കുമ്പോ ഉമ്മയ്ക്കും ഉമ്മക്ക് വേദനിക്കുമ്പോ അമ്മയ്ക്കും കരച്ചിൽ അടക്കാൻ കയ്യാത്തോരീ കാലം അവസാനിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ അന്ന് വെറുതെ മോഹിച്ചു പോയി..

[ad_2]

Related Articles

Back to top button
"
"