കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 14
[ad_1]
രചന: റിൻസി പ്രിൻസ്
അമ്മാവന്റെ മുഖം വലിഞ്ഞു മുറുകുന്നത് വ്യക്തമായി കണ്ടിരുന്നു സതി… സുധിയുടെ മുഖത്ത് വേദനയാണ് പടർന്നത്… ഒരു നിമിഷം താൻ പറഞ്ഞത് അബദ്ധമായി പോയോ എന്ന് സതിക്കും തോന്നിയിരുന്നു..
” അല്ല ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്, അതാവുമ്പോ എല്ലാം കൊണ്ടും നല്ലതല്ലേ…? ഒറ്റ മോളാ പിന്നെ പേരിനൊരു വിവാഹം കഴിച്ചു എന്ന് പറഞ്ഞത് നമ്മുടെ ഇവിടുത്തെ അവസ്ഥ വെച്ച് ബാങ്കിലെ ജോലി ഉള്ള ഒരു കുട്ടി ഇങ്ങോട്ട് വരുക എന്ന് പറഞ്ഞാൽ അത് നിന്റെ ഭാഗ്യം അല്ലെ..? മാത്രമല്ല നിന്റെ ഭാവിയും രക്ഷപ്പെടും, അതുകൊണ്ടാണ് ഞാൻ പറഞ്ഞത്… പിന്നെ നിനക്ക് ഗൾഫിൽ പോയി കിടന്നു കഷ്ടപ്പെടേണ്ട കാര്യമുണ്ടോ..?
രംഗം ഒന്ന് മയപ്പെടുത്താൻ വേണ്ടി സതി പറഞ്ഞു,
” ഞാൻ കല്യാണം കഴിക്കുന്ന ഭാര്യയെ എന്നെക്കൊണ്ട് പറ്റുന്ന വിധത്തിൽ നന്നായി നോക്കണം എന്നാണ് എന്റെ ആഗ്രഹം, അല്ലാതെ അവളുടെ ചെലവിൽ ജീവിക്കണം എന്ന് ഞാൻ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. കല്യാണം കഴിക്കുന്ന പെണ്ണിന്റെ സ്വത്തും പണവും കൊണ്ട് രക്ഷപ്പെടാനുള്ള താൽപര്യവും എനിക്കില്ല. അമ്മയ്ക്ക് ഇത്രകാലമായിട്ടും എന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പിന്നെ ബാങ്കിലെ ജോലി ഉള്ള ഒരു കുട്ടി അങ്ങനെ ഒരു കുട്ടിക്ക് ഞാൻ ഒട്ടും ചേരില്ല…! ഞാൻ ഒരു സാധാരണക്കാരൻ അല്ലേ, പിന്നെ ആ കുട്ടി ഒരു വിവാഹം കഴിച്ചു എന്നത് എന്റെ പ്രശ്നമല്ല, ഇനിപ്പോൾ വിവാഹം കഴിച്ചില്ലെങ്കിലും ഇത്രയും വിദ്യാഭ്യാസമുള്ള ഒരു കുട്ടിയെ ഞാൻ വിവാഹം കഴിക്കില്ല. എനിക്ക് എന്റെ നില മറ്റാരെക്കാളും നന്നായി അറിയാം,
അത്രയും അവൻ പറഞ്ഞപ്പോൾ ഒരു നഷ്ടബോധം ആയിരുന്നു സതിയുടെ മനസ്സിൽ നിറഞ്ഞുനിന്നത്…
” അമ്മാവൻ ചായ കുടിക്ക്, അപ്പോഴേക്ക് ഞാൻ ഡ്രസ്സ് ഒന്നു മാറിയിട്ട് വരാം,
അവൻ അകത്തേക്ക് പോയ നിമിഷം തന്നെ രൂക്ഷമായി അമ്മാവൻ സതിയുടെ മുഖത്തേക്കൊന്നു നോക്കി…
” അല്ല അവന്റെ കല്യാണം നടക്കണം എന്നാണോ അതോ നടക്കരുത് എന്നാണോ നിന്റെ ആഗ്രഹം..? നിന്റെ ചില വർത്തമാനങ്ങൾ ഒക്കെ കേട്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നു,
സഹോദരിയെ അല്പം ശാസിച്ചു തന്നെ അയാൾ ചോദിച്ചു…
” ഏതെങ്കിലുമൊരു അമ്മ അങ്ങനെ ആഗ്രഹിക്കുമെന്ന് ഏട്ടനു തോന്നുന്നുണ്ടോ..? എല്ലാം കൊണ്ടും നല്ലതാണല്ലോ എന്ന് എനിക്ക് തോന്നി, മാത്രമല്ല ആ കുട്ടിയെ കാണാൻ നല്ല ഭംഗി… നല്ല പാലിന്റെ നിറം..! എന്തൊരു സുന്ദരിയാണെന്ന് അറിയോ..?
” ഇപ്പോൾ അവന് ഒരു കുട്ടിയെ ഇഷ്ടം ആയിട്ടുണ്ട്. അവൻ പറയുന്നത് എല്ലാം കൊണ്ട് ആ കുട്ടിയെ അവനു മതിയെന്ന്. ഇപ്പോൾ തന്നെ അവന്റെ പ്രായം അധികരിച്ചു, ഇനി എത്രയും പെട്ടെന്ന് എല്ലാവരും കൂടി പോയി ആ കുട്ടിയെ കാണുക.. ഇത് നടത്തിക്കൊടുക്കുകയും,
അയാൾ പറഞ്ഞപോൾ അരിശം തോന്നി അവർക്ക്…
” ഏട്ടാ… വേറെ ഒരു കുട്ടിയെ കണ്ടു പിടിക്കു, ഏതായാലും മൂന്ന് പെൺപിള്ളേരുള്ള ഒരു കുടുംബത്തിൽ നിന്ന് അവനെ ഞാൻ കല്യാണം കഴിക്കാൻ സമ്മതിക്കില്ല…. എന്റെ എതിർപ്പിനെ മറികടന്ന് കല്യാണം കഴിക്കുന്നുവെങ്കിൽ കഴിച്ചോട്ടെ പക്ഷേ ഒരു കാര്യങ്ങൾക്കും എന്റെ സഹകരണം ഉണ്ടാവില്ല. ഈ കുട്ടിയെ വേണ്ടെങ്കിൽ വേണ്ട, പക്ഷേ ഇപ്പൊൾ പറഞ്ഞ നൂറനാട് ഉള്ള പെൺകുട്ടിയുടെ കാര്യം ചിന്തിക്കേണ്ട, എന്റെ മരുമകളായി വരുന്ന കുട്ടിയെ കുറിച്ച് എനിക്കും ചില സങ്കല്പങ്ങളൊക്കെ ഇല്ലേ..? എല്ലാത്തിലുമുപരി മൂന്നു പെൺകുട്ടികൾ ഉള്ള കുടുംബത്തിൽനിന്ന് പെണ്ണ് എടുക്കുക പറഞ്ഞാൽ ഇക്കാലത്ത് ഇതിലും വലിയ ഭൂലോക മണ്ടത്തരം ചെയ്യുന്നവർ വേറെ ആരുമുണ്ടാവില്ല. അറിഞ്ഞുകൊണ്ട് എന്റെ മോനെ അങ്ങനെ ഒരു മണ്ടത്തരത്തിലേക്ക് തള്ളിവിടാൻ എനിക്ക് താല്പര്യമില്ല സതി. അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ ചെന്നിയിലെ ഞരമ്പുകൾ ഒക്കെ നീല നിറത്തിൽ ആയിരുന്നു. അയാൾ ദേഷ്യത്തിൽ ആണെന്നു സതിക്ക് തോന്നി, അല്പം ഭയവും അവർക്ക് തോന്നി, പക്ഷേ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നു കല്യാണം കഴിക്കുന്നത് അവനാണ്, നീ അല്ല… വീട്ടുകാരുടെ ഇഷ്ടം മാത്രം നോക്കി കല്യാണം കഴിക്കണം കാലമൊക്കെ കഴിഞ്ഞു, ഇപ്പോൾ നോക്കേണ്ടത് കുട്ടികളുടെ ഇഷ്ടമാണ്.
. ഓരോ വാർത്തകൾ കാണുന്നത് ആണല്ലോ, പിന്നെ ഇത് അവന് എന്തുകൊണ്ടോ ഇഷ്ടമായത് ആണ്… ഈ കല്യാണത്തിന് നീ സഹകരിക്കും, മൂന്നുപെൺകുട്ടികൾ ഒന്നുമല്ല നിന്റെ പ്രശ്നം, സ്ത്രീധനം കിട്ടില്ല എന്നുള്ള ഭയമാണ്… അതുകൊണ്ട് ആണ് ഇങ്ങനെ പറയണത്, അവര് തരാണത് അങ്ങോട്ട് വാങ്ങുക, സ്ത്രീധനം കണക്കു പറഞ്ഞു കൊണ്ടിരുന്നാൽ ഇവിടെ വരുന്നത് പോലീസ് ആയിരിക്കും, മറ്റാരുമല്ല മകന്റെ കല്യാണം നടത്താൻ നീ സമ്മതിക്കില്ല എന്നും പറഞ്ഞു ഞാൻ തന്നെ ഒരു പരാതി കൊടുക്കും,
അയാളുടെ സംസാരത്തിൽ ശരിക്കും ഒന്ന് ഭയന്നിരുന്നു സതി… പറഞ്ഞാൽ പറയുന്ന പോലെ ചെയ്യുന്ന ആളാണ്, കുട്ടിക്കാലത്ത് അച്ഛനെക്കാൾ ഭയമായിരുന്നു ഏട്ടന്… ഒന്നും അവർ മിണ്ടിയില്ല, ..
” എങ്കിൽ പിന്നെ എന്താണെന്ന് വച്ചാൽ ആയിക്കോ..? പക്ഷേ നോക്കിക്കോ കല്യാണം നടന്നു കഴിഞ്ഞാൽ പിന്നെ നമുക്ക് അവനെ കിട്ടില്ല… അവന്റെ ഭാര്യയും വീട്ടുകാരും മാത്രമേ പിന്നെ അവനു ഉണ്ടാകു, ശരദേച്ചിയുടെ അവസ്ഥ അറിയാമല്ലോ, അജയനേ കൊണ്ട് രണ്ട് പെൺകുട്ടികൾ മാത്രമുള്ള ഒരു വീട്ടീന്ന് കല്യാണം കഴിച്ചിട്ട് അവസാനം എന്തായി..? അവൻ ഇപ്പോൾ താമസം തന്നെ ആ വീട്ടിൽ അല്ലേ..? സ്വന്തം വീട്ടിലേക്ക് ഒന്നു വന്നു അച്ഛനെയും അമ്മയെയും ഒന്നു നോക്കുക പോലും ചെയ്തില്ല, ഒറ്റ മോനാ എന്നിട്ട് പോലും അവരുടെ അവസ്ഥ…. അത് തന്നെ ആകും എനിക്കും…
രണ്ട് ആൺകുട്ടികൾ ഉള്ള ഈ വീട്ടിൽ നിന്ന് അവർ അവനെ കൊണ്ടുപോകും….
കപട വേദന പ്രകടിപ്പിച്ചു സതി..
” എന്താണെങ്കിലും എന്നാണെങ്കിലും ഇവിടുന്ന് മാറണ്ട ആളല്ലേ സുധി… നീ ശ്രീയ്ക്ക് ഒപ്പം ആയിരിക്കും ജീവിക്കുന്നത്, എല്ലായിടത്തും നാട്ട് നടപ്പ് അങ്ങനെയാണല്ലോ, ഇളയ മക്കൾക്കൊപ്പം വാർദ്ധ്യക്യത്തിൽ ജീവിക്കുക, പിന്നെ മാറുന്ന കാലത്ത് സുധീ അവളുടെ വീട്ടിലേക്ക് മാറുമെങ്കിൽ അതിനിപ്പോ എന്താ കുഴപ്പം…? കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ സുധിയെ കൊണ്ട് ആ പെൺകുട്ടി എങ്ങോട്ടും പോകുന്നില്ല,അമ്മ അമ്മയുടെ സ്ഥാനത്ത് നിന്നാൽ എല്ലാകാലത്തും ആ സംരക്ഷണം നിനക്ക് കിട്ടും, മകന്റെ ജീവിതത്തിൽ ആവശ്യമില്ലാതെ കൈയിട്ടു ഇളക്കാൻ നിൽക്കാതെ ഇരുന്നാൽ മതി, അമ്മയോടുള്ള സ്നേഹം അവർക്ക് എന്നും അങ്ങനെ തന്നെ ഉണ്ടാവും, മറിയാമ്മ ഭാര്യ ആര് വീട്ടുകാരെ എല്ലാവരും കൂടെ സന്തോഷത്തോടെ നടത്തിക്കൊടുക്കാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ആവശ്യം പറയുന്നത്, അത് ഞാൻ നിർബന്ധിച്ചിട്ടാണ്.. അതുകൊണ്ട് ആ കുട്ടിയെ ഒന്ന് കാണുക, എതിർപ്പൊന്നും പറയാതെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്യുക.
അയാൾ പറഞ്ഞപ്പോൾ മറുപടിയില്ലാതെ നിൽക്കാൻ മാത്രമേ സതിക്ക് , ആ നിമിഷം കഴിഞ്ഞിരുന്നുള്ളൂ. പെണ്ണിന്റെ വീട്ടിലേക്ക് അടുത്തൊരു ദിവസം തന്നെ പോകാനും തീരുമാനിച്ചാണ് അമ്മാവൻ ആ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നത്. ഒട്ടും മനസ്സ് ഉണ്ടായിരുന്നില്ല എങ്കിലും സഹോദരൻ പറയുന്ന എല്ലാത്തിനും സതി സമ്മതം മൂടിയിരുന്നു. വരുന്ന വെള്ളിയാഴ്ച മീരയെ കാണാൻ വേണ്ടി വീട്ടിൽ നിന്ന് എല്ലാവരും വരുന്നുണ്ട് എന്ന് സുധി ബ്രോക്കറെ അറിയിച്ചിരുന്നു. അവനും വല്ലാത്തൊരു സമാധാനം തോന്നി, ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടം കടന്നിരിക്കുകയാണ്… എല്ലാവർക്കും ഇത് ഇഷ്ടം കൂടി ആയാൽ ബാക്കി കാര്യങ്ങളെല്ലാം ആഗ്രഹിച്ചത് പോലെ നടക്കും, ആദ്യമായാണ് ഒരാളോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നത്… കുട്ടിക്കാലം മുതൽ ഒരു കാര്യവും സ്വന്തം എന്ന് കരുതിയിട്ടില്ല, എനിക്ക് തന്നെ വേണമെന്ന് വാശി പിടിച്ചിട്ടില്ല, ആദ്യമായാണ് ഒരുകാര്യം ഇങ്ങനെ എന്റെ സ്വന്തം ആക്കണം എന്ന് തോന്നിയത്… അതുകൊണ്ട് തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വിവാഹം നടക്കണം എന്ന് ആത്മാർത്ഥമായി തന്നെ സുധി പ്രാർത്ഥിച്ചു. കാതങ്ങൾക്കപ്പുറം ഒരുവൾ എങ്ങനെയെങ്കിലും വിവാഹം മാറി പോകണം എന്ന് പ്രാർത്ഥനയിൽ ആയിരുന്നു ആ നിമിഷം………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]