Novel

നിലാവിന്റെ തോഴൻ: ഭാഗം 23

[ad_1]

രചന: ജിഫ്‌ന നിസാർ

“നീ ഒന്നടങ്ങ് ക്രിസ്റ്റി..”

ഫൈസി അവനെ മുറുകെ പിടിച്ചു കൊണ്ട് ശബ്ദമടക്കിയാണ് പറയുന്നത്.

“അപ്പനെ പോലെ തന്നെയാവും മകനും. പക്ഷേ അതീ ക്രിസ്റ്റിക്ക് ജീവനുള്ളടത്തോളം കാലം നടക്കില്ല. അപ്പൻ സ്നേഹിച്ചതിന്റെ മനസ്സ് മടുക്കുന്ന കണ്ണീർ കടങ്ങൾ ഞാനിപ്പോഴും കണ്ടു കൊണ്ടിരിക്കുവാ..”

ഫൈസിയുടെ പിടിയിൽ നിന്നും ക്രിസ്റ്റി പല്ലുകൾ കടിച്ചു കൊണ്ട് പറഞ്ഞു.

അവന്റെ കണ്ണുകളപ്പോഴും കുറച്ചു മാറി ഒരു പെൺകുട്ടിയെയും കോർത്തു പിടിച്ചു നിൽക്കുന്ന റിഷിന്റെ നേരെയാണ്.

“എടാ അതവന്റെ ഫ്രണ്ട് ആണെങ്കിലോ?”

ഫൈസി അവനോട് വീണ്ടും ചോദിച്ചു.

ക്രിസ്റ്റി അവനെയൊന്ന് തിരിഞ്ഞു നോക്കി.

“ആത്മാർത്ഥ ഫ്രണ്ട്ഷിപ്പ് എന്താണെന്ന് എനിക്കാരെങ്കിലും പഠിപ്പിച്ചു തരണമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഫൈസി?”

ക്രിസ്റ്റിയുടെ നോട്ടത്തിനൊപ്പം അവന്റെ മുഖവും കൂർത്തു.

“എടാ.. അങ്ങനല്ല..”

ഫൈസി അവനോടെന്ത് പറയണമെന്നറിയാതെ നിന്ന് പോയി.

“നീയാ കാഴ്ചയിലേക്കൊന്ന് നോക്ക് ഫൈസി. സാമാന്യബോധമുള്ള ആർക്കും മനസ്സിലാവും അവരുടെ റിലേഷൻ ഏതാണെന്ന് . അതാ നിർത്തവും ഭാവവും കാണുമ്പോൾ തന്നെ പിടി കിട്ടും “

തനിക്കത് വളരെ മുന്നേ തോന്നിയതാണെന്ന് ഫൈസി മനസ്സിലോർത്തു,  ക്രിസ്റ്റി അത് പറഞ്ഞു കേട്ടപ്പോൾ.

“എനിക്ക് മനസ്സിലായി ക്രിസ്റ്റി “
ഫൈസിയുടെ പതിഞ്ഞ സ്വരം.

“അവനൊരാളെ പ്രണയിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് പറയാൻ ഞാൻ ആളല്ല. ഞാനെന്നല്ല… അവനാരെ സ്നേഹിക്കണമെന്ന് തീരുമാനിക്കാൻ അവന് തന്നെയാണ് അധികാരം. പക്ഷേ.. പക്ഷേ.. എനിക്കാ നിൽപ്പ് കണ്ടിട്ട്.. അതത്ര ശെരിയായ റിലേഷനായിട്ട് തോന്നുന്നില്ലെടാ “
ക്രിസ്റ്റി നെറ്റിയുഴിഞ്ഞു.

“നീ ഇപ്പൊ അങ്ങോട്ട്‌ പോയി ഒന്നും പറയേണ്ട ക്രിസ്റ്റി. അവനെന്തൊക്കെ വിളിച്ചു പറയുമെന്ന് നമ്മുക്ക് ഊഹിക്കാൻ പോലും കഴിയില്ല. നിന്നെ പരമാവധി ഇടിച്ചു താഴ്ത്താൻ ഒരവസരം നോക്കി നടക്കുന്നവനാണ് നിന്റെ പുന്നാര അനിയൻ “

ഫൈസി ഓർമിപ്പിച്ചു.
ക്രിസ്റ്റി അതിനുത്തരമൊന്നും പറയാതെ റിഷിനെ തന്നെ നോക്കി.

ഒപ്പമുള്ളവളെ തഴുകിയും തലോടിയും ചിരിച്ചു കുഴഞ്ഞു നിൽക്കുന്നുണ്ടവൻ.

അത് കാണുമ്പോഴൊക്കെയും ക്രിസ്റ്റിക്ക് ശാരിയെയും മീരയെയും ഓർമ വന്നു.

വർക്കി ചെറിയനെന്ന പിശാചിന്റെ രക്തമാണ് അവന്റെ സിരകളിൽ എന്നുള്ള ഓർമയിൽ ക്രിസ്റ്റി ഞെളിപ്പിരി കൊണ്ടു.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പേരിൽ അവനെതിരെ നിരവധി ആരോപണങ്ങൾ ക്രിസ്റ്റിയുടെ കാതിൽ എത്തിയിരുന്നെങ്കിലും.. ഇത് പോലൊന്ന് . അതും സ്വന്തം കണ്മുന്നിൽ ആദ്യമായിട്ടാണ്.

വർക്കിയുടെ അകമഴിഞ്ഞ സപ്പോർട്ട് ഉള്ളത് കൊണ്ട് തന്നെ അവനൊന്നിയെയും.. ഒരാളെയും ഭയമില്ല.

അവന്റെ ആ ഭയമില്ലായ്മയെ തന്നെയാണ് ക്രിസ്റ്റിയും ഏറെ ഭയന്നത് .

“ഇപ്പൊ തത്കാലം നീ ഇങ്ങോട്ട് വാ ക്രിസ്റ്റി.ഇവിടെ വെച്ചൊരു സീൻ ഉണ്ടാക്കേണ്ട.തെളിവോടെ തന്നെ നമ്മൾക്ക് അവനെ എടുത്തിട്ട് കുടയാം. അതിനുള്ള അവസരം കിട്ടും.”

ഫൈസി വീണ്ടും ക്രിസ്റ്റിയുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

പിന്നെയും അവരെ തന്നെ നോക്കി നിന്നവനെ വളരെ കഷ്ടപെട്ടിട്ടാണ് ഫൈസി പുറത്തേക്കെത്തിച്ചത്.

ബുള്ളറ്റിൽ കൊണ്ടു പോകാവുന്നതിലും ഒരുപാട് കൂടുതലുണ്ട് വാങ്ങിച്ചു കൂട്ടിയ സാധനങ്ങൾ.

“നീ ഈ ഓട്ടോയിൽ വിട്ടോ. പിറകെ വണ്ടിയെടുത്തു ഞാൻ വരാം “

അതിലെ വന്നൊരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി ഫൈസി പറഞ്ഞു.

ക്രിസ്റ്റി എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ ഫൈസി കവറുകൾ പൊറുക്കി വണ്ടിയിലേക്ക് എടുത്തു വെച്ചിരുന്നു.

“കയറ്”

ഓട്ടോയിലേക്ക് കണ്ണ് കാണിച്ചു കൊണ്ട് ഫൈസി ക്രിസ്റ്റിയെ നോക്കി.

അവനെ ഈ അവസ്ഥയിൽ ബുള്ളറ്റിൽ വിട്ടാൽ ശെരിയാവില്ല എന്ന് ക്രിസ്റ്റിക്ക് അറിയാമായിരുന്നു.

അവിടെ നിന്നും പതിനഞ്ചു മിനിറ്റ് നേരത്തെ യാത്രയൊള്ളു..

ഓട്ടോക്ക് പിറകെ പതിയെയാണ് ഫൈസി വണ്ടിയോടിച്ചത്..

                            ❣️❣️❣️

“ഇനിയെന്താ നിനക്ക് പറയാൻ?”
അമീൻ വെല്ലുവിളി പോലെ പാത്തുവിനെ നോക്കി.

ഉള്ളിൽ നിറയെ ഭയമുണ്ടെങ്കിൽ പോലും അതിലൊരു തരി പോലും അവൾ മുഖത്തേക്ക് വലിച്ചു കൊണ്ട് വന്നില്ല.

“നിനക്ക് നീതി കിട്ടിയില്ലെങ്കിൽ നീ തീയാവുക “

കാതിലൊരുത്തന്റെ ഓർമപ്പെടുത്തൽ.

അവൾക്കൊരു വീര്യം തോന്നി.. ആ ഓർമയിൽ.

“ഇനി ഇയ്യൊന്ന് ഓടി പോകുന്നത് ഞാനൊന്ന് കാണട്ടെ. അങ്ങനെ പോകുന്ന അന്ന് അറക്കൽ തറവാട്ടിലുള്ള മുഴുവനും ആളുകൾക്ക് ഇയ്യ് ഉത്തരം കൊടുക്കേണ്ടി വരും. അങ്ങനൊരു അവസ്ഥ വരുത്തും ഞാൻ “

അമീൻ വിജയിയെ പോലെ പാത്തുവിനെ നോക്കി ചിരിച്ചു.

അവനൊപ്പം ഇജാസുമുണ്ട്.
പാത്തു അവന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി നിൽപ്പാണ്.

“അതിനേക്കാൾ എത്രയോ ഭേദമാണ്.. ഞാൻ പറയുന്നത് അനുസരിക്കുകയെന്നത്. ഒരീച്ച കുഞ്ഞു പോലും അറിയാതെ നോക്കേണ്ടത് എന്റെ കൂടി ആവിശ്യമാണ്. അത് കൊണ്ട് ആ കാര്യമോർത്ത് നീ പേടിക്കേണ്ട. എന്ത് പറയുന്നു. ഓക്കേയാണോ?”

അമീൻ ഇജാസിനെ ഒന്ന് നോക്കി കണ്ണടച്ചിട്ട് കൗശലത്തോടെ പാത്തുവിന്റെ അരികിലേക്ക് നീങ്ങി നിന്നു കൊണ്ട് ചോദിച്ചു.

“ബുദ്ധിമുട്ടാണ് “

അവളുടെ കടുപ്പമേറിയ മറുപടി.

വീണ്ടും അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.

“ശെരി.. എങ്കിൽ നീയും തയ്യാറായിക്കോ.. ഇവിടുള്ളോരോട് മുഴുവനും ഉത്തരം പറയാൻ “

അവൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

“എന്റേം ആവിശ്യം അത് തന്നെയാണ്. നല്ലൊരു അവസരം കാത്തിരിപ്പാണ് ഞാനും “
ഇപ്രാവശ്യം പാത്തുവിന്റെ ശബ്ദത്തിലും വെല്ലുവിളി കലർന്നു.

അമീൻ അവളെ തുറിച്ചു നോക്കി.

“ഞാനിറങ്ങി പോയത് ചോദ്യം ചെയ്യാൻ വരുന്നോര് ചോദിക്കാവുന്ന ഏറ്റവും ഇമ്പോർടന്റ് ആയ ചോദ്യം, എന്തിനാണ് ഈ പാതിരാത്രി ഇറങ്ങി ഓടിയത് എന്ന് തന്നെ ആവില്ലേ..?”

പാത്തു നേർത്തൊരു ചിരിയോടെ അമീനെ നോക്കി.

അവന്റെ മുഖം വിളറി.

ഇജാസും അവനെ തന്നെ സൂക്ഷിച്ചു നോക്കി നിൽപ്പാണ്.

“അല്ലേ?”
അമീനെ നോക്കി പാത്തു ഒന്നൂടെ കടുപ്പത്തിൽ ചോദിച്ചു.

“എനിക്കറിയില്ല “
അവനെങ്ങും തൊടാതെ ഒരു ഉത്തരം പറഞ്ഞു.

ഉള്ളിലെ വെപ്രാളം പുറമെ കാണിക്കാതിരിക്കാൻ അവനൊരുപാട് ബുദ്ധിമുട്ടുന്നുണ്ട് ആ നിമിഷം.

“എങ്കിൽ എനിക്കറിയാം.ചോദിക്കും. ആ ചോദ്യത്തിനിവിടെ ഒരുപാട് പ്രസക്തിയുമുണ്ടാവും. എന്റെ ഉത്തരത്തിനും “

പാത്തു അവനെ നോക്കി ചിരിച്ചു.

“നീ പറയുന്നത് ആരെങ്കിലും വിശ്വസിച്ചിട്ട് വേണ്ടേ?”

അമീൻ അവളെ കളിയാക്കി ചിരിയോടെ ചോദിച്ചു.

“അതോർത്തു നീ ടെൻഷനാവേണ്ട. അതെനിക്ക് വിട്ടേക്ക്. വിശ്വാസമാവുന്ന രീതിയിൽ പറയുന്ന കാര്യം ഞാനേറ്റു. അതിന് വേണ്ടുന്ന തെളിവും എന്റെ കയ്യിലുണ്ടെന്ന് കൂട്ടിക്കോ.”

പാത്തു അതേ ചിരിയോടെ അവനെ നോക്കി.

“ഇനി അതുമല്ലെങ്കിൽ… എന്നെ ഇവിടേക്ക് കൊണ്ട് വന്നതിനൊരു കാരണം കാണുമല്ലോ. അതെനിക്കറിയണം. അതിനുള്ള ഒരു വഴിയായിട്ട് ഞാൻ ഇതിനെ ഉപയോഗിച്ച് കൊള്ളാം. എന്ത് പറയുന്നു “
അമീൻ പറഞ്ഞത് പോലെ തന്നെ ഗൂഡമായൊരു ചിരിയോടെ അവനരികിലേക്ക് നീങ്ങി നിന്നിട്ട് പാത്തു അത് ചോദിക്കുമ്പോൾ… അവൾക് തന്നെ അത്ഭുതം തോന്നിയിരുന്നു, തനിക്കെവിടെ നിന്നാണ് ഇത്രേം ധൈര്യം കിട്ടിയതെന്ന്.

“എത്ര കാലം നീ ഇങ്ങനെ ഒളിച്ചോടും.. ഇതിനൊരു അവസാനം വേണ്ടേ?”

കാതിൽ വീണ്ടും ആ ചോദ്യവും അവന്റെ കണ്ണ് ചിമ്മിയുള്ള ചിരിയും.

അറിയാതെ തന്നെ ഫാത്തിമയുടെ ചൊടികളൊരു ചിരി കടമെടുത്തു.

പൂച്ചയെ പോലെ നിന്നിരുന്നവളുടെ നിശ്ചയദാർഢ്യം നിറഞ്ഞ കണ്ണിലേക്കും മുഖത്തേക്കും അമീൻ പകപ്പോടെയാണ് നോക്കുന്നത്.

ഇങ്ങനൊരു കാര്യം പറയുമ്പോൾ ഭയന്ന് കൊണ്ട് തന്റെ കാൽ കീഴിലൊതുങ്ങുമെന്ന അവന്റെ ചിന്തയെ പാടെ തകർത്തു കൊണ്ടവൾ അവനെ നോക്കി ചിരിച്ചു.

“ഇവിടേതോ ഷാഹിദ് വരാനുണ്ടെന്നെന്നും എന്റെ വരവും അവന്റെ വരവും തമ്മിലെന്തോ കണക്ഷനുണ്ടെന്നും ഇങ്ങോട്ട് പോരുന്നതിനു മുന്നേയും ഇവിടെ വന്നതിന് ശേഷവും ഞാനൊരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട്. ഇയ്യ് ആളെ വിളിച്ചു കൂട്ടുമ്പോൾ എനിക്കെന്തായാലും അത് കൂടിയൊന്ന് ക്ലിയർ ചെയ്യാനുണ്ട് “

ഫാത്തിമ വീണ്ടും പറയുമ്പോൾ ഇജാസ് കാറ്റ് പോലെ അകത്തേക്ക് കുതിച്ചു.

അമീൻ അവൾക്ക് മുന്നിൽ നിന്നും വിയർത്തു.

“അപ്പൊ എങ്ങനാ… നീ റെഡിയാണേൽ.. ഞാനും ഒരു കൈ നോക്കാം “

പാത്തു വീണ്ടും ചിരിച്ചു.

“നിന്നെ.. നിന്നെ ഞാൻ വെറുതെ വിടില്ലെടി “

വിറക്കുന്ന വിരലുകൾ ചൂണ്ടി അത്ര മാത്രം പറഞ്ഞു കൊണ്ട് അമീനും അവൾക്കരികിൽ നിന്നും ധൃതിയിൽ കയറി പോയി.

ഒരു ദീർഘനിശ്വാസത്തോടെ ഫാത്തിമ അവർ പോയ വഴിയേ നോക്കി.
ഇത് കൊണ്ടൊന്നും അവൻ ഒതുങ്ങില്ലെന്നു അവൾക്കുറപ്പുണ്ട്.

അത്രമേൽ ആസക്തി നിറഞ്ഞ അവന്റെ കണ്ണുകൾ അവളെ അപ്പോഴും ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

ഏറ്റവും അറ്റത്തെ തന്റെ മുറിക്ക് മുന്നിലെ നീളൻ ഇടനാഴിയിലെ മരത്തിന്റെ തൂണിലേക്ക് ചാരി അവൾ അകലേക്ക്‌ നോക്കി….

                            ❣️❣️❣️

ക്രിസ്റ്റിയിറങ്ങി ഓട്ടോ കാശ് കൊടുത്തു തിരിയുന്നതിന് മുന്നേ ഫൈസിയും എത്തിയിരുന്നു.
രണ്ടാളും കൂടിയാണ് കവറുകൾ അകത്തേക്ക് എടുത്തു വെച്ചത്.

വളരെ ചെറിയൊരു വീടണത്.
കാലപഴക്കം പൊട്ടി പൊളിഞ്ഞു കൊണ്ട് അടയാളങ്ങൾ തീർത്തിട്ടുണ്ട്, ഭിത്തിയിലും സിമന്റിട്ട നിലത്തും.

കോളിങ് ബെല്ലിന് നേരെ ക്രിസ്റ്റിയുടെ കൈ നീളും മുന്നേ വാതിൽ തുറന്നു കൊണ്ട് ലില്ലിയിറങ്ങി വന്നിരുന്നു.

ക്രിസ്റ്റിയെ കണ്ടു അവളുടെ മുഖം തിളങ്ങി.

മോനെ “
വാത്സല്യം നിറഞ്ഞ വിളിയോടെ ധൃതിയിൽ ഞൊണ്ടി ചാടി വന്നു ലില്ലി തണുപ്പുള്ള ആ കൈകൾ ക്രിസ്റ്റിയുടെ കവിളിൽ ചേർത്ത് വെച്ചു.

“പനി കുറഞ്ഞോ കുഞ്ഞാന്റി?”

പുറത്ത് നിന്ന് കൊണ്ട് തന്നെ ആ കൈകളിൽ പിടിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.

“അതൊക്കെ പോയെടാ..”
നിലാവിന്റെ കീറു പോലെ.. തെളിഞ്ഞൊരു ചിരിയോടെ ലില്ലി പറഞ്ഞു.നന്നേ വെളുത്തു മെലിഞ്ഞിട്ടാണ് ലില്ലി.

നിറം മങ്ങിയൊരു ചുരിദാറാണ് വേഷം.

“ആരാ മോളെ..?”
അകത്തു നിന്നും വല്യപ്പച്ചന്റെ സ്വരം ക്രിസ്റ്റി കേട്ടിരുന്നു.

“ഇത് ഞാനാ വല്യപ്പച്ചാ ..”
ലില്ലി എന്തെങ്കിലും പറയും മുന്നേ ക്രിസ്റ്റി അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

“കർത്താവെ.. എന്റെ കുഞ്ഞാണല്ലോ..”
വല്യപ്പച്ചന്റെ ശബ്ദത്തിനും മുന്നേ വല്യമ്മച്ചിയുടെ സ്വരം ക്രിസ്റ്റിയുടെ കാതിലെത്തി.

“രണ്ടൂസം ആയിട്ട് നിന്റെ കാര്യം എപ്പോഴും പറയും. കാണാൻ കൊതിയുണ്ടായിരുന്നു എന്ന് തോന്നുന്നു “

അകത്തേക്കൊന്നു നോക്കി ലില്ലി പതിയെ പറഞ്ഞു.

“ആ.. അതെനിക്ക് തോന്നിയായിരുന്നു. എന്നെ കാണാൻ ആരൊക്കെയോ ഇവിടെ കൊതിയോടെ കാത്തിരിപ്പുണ്ടെന്ന്. അതല്ലേ ഓടി വന്നത് “

ലില്ലിയുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി കണ്ണ് ചിമ്മി ചിരിച് ഫൈസിയെ നോക്കി.

“വാ ഫൈസി … അകത്തോട്ടു വാ “

ലില്ലി തിരിഞ്ഞു നിന്നിട്ട് ഫൈസിയെ വിളിച്ചു.ക്രിസ്റ്റിക്കൊപ്പം വരുന്നത് കൊണ്ട് അവനും അവിടെ പരിചിതനാണ്.

അവൻ ചിരിയോടെ തലയാട്ടി.

“എന്നാത്തിനാടാ ഇപ്പൊ നീ ഇതെല്ലാം കൂടി വാങ്ങിച്ചത്?  കഴിഞ്ഞ തവണ വാങ്ങിച്ചത് ഇവിടെ ഇരിപ്പുണ്ടല്ലോ ബാക്കി “

അടുക്കളയിൽ അരി പോലും ബാക്കിയില്ലെങ്കിലും ലില്ലി ക്രിസ്റ്റിയെ നോക്കി ചോദിച്ചു.

“ആ ബാക്കി ഉള്ളതിന്റെ കൂടെ ഇത് കൂടങ്ങ് ചേർത്തേക്കാം നമ്മക്ക്..”
ക്രിസ്റ്റി ചിരിയോടെ തന്നെ പറഞ്ഞു.

“നീ ഇങ്ങോട്ട് കയറി വാ…”

ലില്ലി വീണ്ടും അവനെ വിളിച്ചു.

ഫൈസി രണ്ടു കയ്യിലും ഓരോ കവറുമായി അകത്തേക്ക് കയറി.

ബാക്കിയുള്ളത് എടുക്കാൻ തുനിഞ്ഞ ലില്ലിയെ തടഞ്ഞു കൊണ്ട് ക്രിസ്റ്റി അതെടുത്തു കൊണ്ട് അകത്തേക്കു കയറി.

“മോനെ…”

ആ നിമിഷം തന്നെ അവനെ രണ്ടു കൈകൾ പൊതിഞ്ഞു.

“വല്യമ്മച്ചി..”

ക്രിസ്റ്റിയുടെ കയ്യിലുള്ള കവർ ഫൈസി കൈ നീട്ടി വാങ്ങി.

ക്രിസ്റ്റിയുടെ കൈകളും അവരെ വലയം ചെയ്തു.

“സുഖമാന്നോ.. എന്റെ കുഞ്ഞിന്?”
ത്രേസ്യ നിറഞ്ഞ കണ്ണോടെ ചോദിച്ചു.

മ്മ്.. “
ക്രിസ്റ്റിയവരെ ഒന്നുകൂടി നെഞ്ചിലേക്ക് അണച്ചു പിടിച്ചു.

‘നീ ഇന്ന് ക്ലാസ് കട്ട് ചെയ്‌തോടാ? “
മാത്തച്ചൻ ഇറങ്ങി വന്നത് തന്നെ ആ ചോദ്യത്തോടെയാണ്.

അവന്റെ പഠനം തീർത്തിട്ട്… കുന്നേൽ ബംഗ്ലാവിന്റെ ഭരണം തിരികെ പിടിക്കുന്നതും കാത്തിരിക്കുന്ന ആ മനുഷ്യന്.. അത്രയേറെയുണ്ടായിരുന്നു അവനിലുള്ള പ്രതീക്ഷകൾ.

ഊന്നു വടിയുടെ സഹായത്തോടെയാണ് അദ്ദേഹം നടക്കുന്നത്.

ഹാളിലേക്കുള്ള വാതിൽ പടി കടക്കാൻ ബുദ്ധിമുട്ടുന്ന മാത്തച്ചനെ ഫൈസി കൈ പിടിച്ചിറക്കി.

“ക്ലാസ് ഇല്ല്യോഡാ മക്കളെ?”

ഫൈസിയെ നോക്കി വീണ്ടും അദ്ദേഹം ആ ചോദ്യം ആവർത്തിച്ചു.

ഫൈസി ക്രിസ്റ്റിയെ നോക്കി.

അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.

“ഇന്ന്… ഇന്ന് ഉച്ചക്ക് ശേഷം ലീവാണ് വല്യപ്പച്ചാ ..”

ഫൈസി പറഞ്ഞത് കേട്ട് ലില്ലി അവനെയും ക്രിസ്റ്റീയെയും മാറി മാറി നോക്കി തലയാട്ടി.

മുറിപ്പെടുമെന്നുറപ്പുള്ള ഓർമകളൊന്നും കടന്ന് വരാത്ത കുറച്ചധികം നിമിഷങ്ങളുടെ ജനനം കൂടിയായിരുന്നു പിന്നെയാ കുഞ്ഞു വീടിന്റെ അകത്തളങ്ങൾ.

ക്രിസ്റ്റിയും ഫൈസിയും വാങ്ങിച്ചു കൊണ്ട് വന്ന കപ്പ… അവരെല്ലാം കൂടിയാണ് വേവിച്ചുടച്ചതും.. അതിലേക്ക് കട്ടൻ കാപ്പിയും മുളക് ചമ്മന്തിയുമുണ്ടാക്കിയതും.

വലിയൊരു തട്ടിലേക്ക് അത് പകർന്നിട്ട്… കോലായിലെ സിമന്റ് തറയിൽ ലില്ലിക്കൊപ്പം ക്രിസ്റ്റിയും ഫൈസിയും ഇരുന്നു.

മുട്ടുകാൽ പ്രശ്നമുണ്ടാക്കിയത് കൊണ്ട് മാത്തച്ചനും ത്രേസ്യയും പഴകിയ രണ്ടു കസേരകളിൽ അവരുടെ അടുത്ത് തന്നെയിരുന്നു.

നേർത്ത ചാറ്റൽ മഴ പൊടിയുന്ന വൈകുന്നേരം..
വേനൽ ചൂടിന്റെ ആക്രമണത്തിൽ തളർന്നു തൂങ്ങിയ സകലതിനും പുതുജീവൻ കിട്ടുന്നത് പോലെ ഉയർത്തെഴുന്നേൽക്കുന്നുണ്ട്.

പൊടി മണ്ണിലേക്ക് മഴ തുള്ളികൾ പതിയുമ്പോഴുണ്ടാവുന്ന സുഖകാരമായൊരു ഗന്ധം അവിടമിൽ പൊതിഞ്ഞു നിന്നിരുന്നു.

ക്രിസ്റ്റിയെ വേദനിപ്പിക്കാതിരിക്കാൻ മനഃപൂർവം വീട്ടിലെ വിശേഷങ്ങളൊന്നും മാത്തച്ചനോ ത്രേസ്യയോ ലില്ലിയോ ചോദിച്ചതുമില്ല.. ക്രിസ്റ്റി പറഞ്ഞതുമില്ല.

തമ്മിൽ പാര പറഞ്ഞും കളിയാക്കിയും ഫൈസിയും ക്രിസ്റ്റിയും ആ ഒത്തു ചേരൽ ആഘോഷമാക്കി.

ചിരികൾക്കിടയിൽ അവിടെ വിട്ടു പോരാനൊട്ടും മനസ്സിലാതെ ക്രിസ്റ്റിയും ഫൈസിയും പോരാനിറങ്ങിയപ്പോൾ സമയം മൂവന്തിയായിരുന്നു.

അവരെ പറഞ്ഞു വിടാൻ… ആ കുഞ്ഞു വീടിനു പോലും മനസ്സിലായിരുന്നു.

“പോയിട്ട് ഇനിയെന്നാ എന്റെ കുഞ്ഞ് വരുന്നത്?”

ത്രേസ്യ എന്നത്തേയും പോലെ പോവാനിറങ്ങിയ ക്രിസ്റ്റിയെ ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു.

“വല്യമ്മച്ചിക്ക് എപ്പോ എന്നെ കാണാൻ തോന്നിയാലും വിളിച്ചോ.. ഞാനിങ്ങു ഓടി വരില്ലേ?”

ക്രിസ്റ്റി അവരുടെ ചുളിഞ്ഞ കവിളിൽ വേദനിപ്പിക്കാതെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

“പോയിട്ട് വാ മക്കളെ “

മാത്തച്ഛനും ഉള്ളിലെ സങ്കടം പുറമെ കാണിക്കാതെ ഒരു ചെറു ചിരിയോടെ അവരെ യാത്രയാക്കി.

“പോട്ടെ കുഞ്ഞാന്റി..”

ഒന്നും മിണ്ടാതെ നിൽക്കുന്ന ലില്ലിയെ നോക്കി ഫൈസി യാത്ര ചോദിച്ചു.

അവൻ തന്നെയാണ് ഡ്രൈവ് ചെയ്യുന്നത്.

“മോനെ… എടാ..”

ക്രിസ്റ്റിയും ഫൈസിയും മുന്നോട്ടു പോകും മുന്നേ ലില്ലി ഞൊണ്ടി ചാടി കൊണ്ട് മുറ്റത്തെക്കിറങ്ങി വന്നിരുന്നു.

ആ വിളിയും വരവും കണ്ടതും ക്രിസ്റ്റി ഫൈസിയുടെ തോളിൽ പതിയെ അടിച്ചു.

അവൻ വണ്ടി നിർത്തി കൊണ്ട് തിരിഞ്ഞു നോക്കി.

ലില്ലി അപ്പോഴേക്കും അവരുടെ അരികിൽ എത്തിയിരുന്നു.

“എന്താ കുഞ്ഞാന്റി?”

അപ്പോഴും അവരോട് പറയണോ വേണ്ടയോ എന്നൊരു ശങ്കയോടെ നിൽക്കുന്ന ലില്ലിയോട് ക്രിസ്റ്റി ചോദിച്ചു.

“എടാ.. അത് “

ലില്ലി ഒരു തുടക്കില്ലാതെ തപ്പി തടയുന്നുണ്ട്.

“പറഞ്ഞോ കുഞ്ഞാന്റി.. എന്നോടല്ലേ..? “

ക്രിസ്റ്റി അവരുടെ കൈ പിടിച്ചു വലിച്ചിട്ട് അരികിലേക്ക് നീക്കി നിർത്തി.

അവൻ താഴെയിറങ്ങിയിട്ടില്ല. വണ്ടിയുടെ മുകളിൽ തന്നെയാണ്.

“എന്റെ.. ജോലി പോയെടാ മോനെ “
അങ്ങേയറ്റം സങ്കടത്തോടെ അവരത് പറഞ്ഞു കേട്ടപ്പോൾ ക്രിസ്റ്റിയുടെ ചങ്ക് പിടച്ചു.

“നീ വിചാരിച്ച… കഴിയുവോ.. ഒരു ചെറിയ ജോലി..”

അവനോടത് പറഞ്ഞു ബുദ്ധിമുട്ടിക്കുകയാണ് എന്നൊരു തോന്നലാണ് ലില്ലിയുടെ മുഖം നിറയെ.

“അത്രേം ഒള്ളോ.. ഇതാണോയിപ്പോ ഇത്രേം ബുദ്ധിമുട്ടി കുഞ്ഞാന്റി പറഞ്ഞത്.?”

അവരത് പറഞ്ഞു കേട്ടപ്പോഴുള്ള പിടച്ചിൽ മനഃപൂർവം അവഗണിച്ചു കൊണ്ട് ക്രിസ്റ്റി ചിരിയോടെ ചോദിച്ചു.

“അത് ഞങ്ങളേറ്റു.. ഇല്ലെടാ?”

മുന്നിലിരിക്കുന്ന ഫൈസിയുടെ തോളിലൊന്ന് തട്ടി കൊണ്ട് ക്രിസ്റ്റി പറയുമ്പോൾ ലില്ലിയുടെ മുഖവും തെളിഞ്ഞു.

“പിന്നല്ലാതെ.. കുഞ്ഞാന്റി ധൈര്യമായിട്ടിരിക്ക് “

ഫൈസിയും ചിരിയോടെ പറഞ്ഞു.

ലില്ലി സന്തോഷത്തോടെ അവരെ നോക്കി തലയാട്ടി ചിരിച്ചു.

“അപ്പൊ.. പോയി ന്നാ “

ലില്ലിയുടെ കൈ വിടുവിച്ചു കൊണ്ട് ക്രിസ്റ്റി ഒരിക്കൽ കൂടി യാത്ര പറഞ്ഞു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button