Novel

നിലാവിന്റെ തോഴൻ: ഭാഗം 29

[ad_1]

രചന: ജിഫ്‌ന നിസാർ

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും വരാത്ത ഉറക്കത്തിനോട് കൊറുവിച്ചു കൊണ്ടാണ് ക്രിസ്റ്റി കിടക്കയിൽ നിന്നും എഴുന്നേറ്റ് മാറിയത്.

മഴയുള്ള പ്രഭാതകുളിരിൽ മൂടി പുതച്ചുറങ്ങാൻ കൊതിച്ച എത്രയോ പുലരികളിൽ ടാപ്പിങ്ങിനുള്ള കത്തിയുമായി പോകേണ്ടി വന്നിട്ടുണ്ട്.
അന്നൊക്കെയും ഓർത്തിട്ടുണ്ട്… കൊതി തീരെ ഒന്നുറങ്ങാൻ പറ്റിയെങ്കിലെന്ന് .

ഇന്നിപ്പോൾ.. സുഖമുള്ളൊരു ലഹരി ഉള്ളും ഉടലും പൊതിഞ്ഞു നിൽക്കുന്നു.ഉറക്കം പോലും കട്ടെടുത്തു കൊണ്ട്.

ഫാത്തിമയെന്ന പേരിനെ പോലും ഒരു പതച്ചു പൊങ്ങലോടെയാണ് ഹൃദയം സ്വീകരിക്കുന്നത്.

ഒന്ന് കാണാൻ അന്നുവരെ തോന്നാത്തത്രയും തീവ്രമായി ആഗ്രഹിക്കുന്നു..

കേട്ട് കേൾവി മാത്രമുള്ള പ്രണയത്തിന്റെ ഇന്ദ്രജാലം!
ഇത് വരെയും ആരും എത്തി നോക്കാത്ത.. അല്ലെങ്കിൽ എത്തി നോക്കാൻ അനുവാദം കൊടുക്കാത്ത ഹൃദയത്തിനറകളിലെല്ലാം ഒരുവൾ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.

ക്രിസ്റ്റി തെളിഞ്ഞ മനസ്സോടെ.. മുഖത്തോടെ.. ബാൽക്കണിയിൽ നിന്നും ഓപ്പൺ ടെറസിലേക്കുള്ള വാതിൽ തുറന്നു.

നേരിയ ചാറ്റൽ മഴ പൊടിയുന്നുണ്ട് അപ്പോഴും.

വെയിലിന്റെ ഒരു കിരണം പോലും തരില്ലെന്ന് വാശിയുള്ളത് പോലെ മേഘകീറിനുള്ളിൽ ഒളിച്ചിരിക്കുന്ന സൂര്യൻ..

നേർത്ത സ്വർണനൂലുകൾ പോലെ പെയ്തിറങ്ങിയ മഴ തുള്ളികൾ അവനെയൊന്നാകെ കുളിര് പടർത്തി കൊണ്ട് പൊതിഞ്ഞു പിടിച്ചു.

അത് വരെയും തോന്നാത്ത വിധമൊരു ആഹ്ലാദം.. ആവേശം.
കൈകൾ രണ്ടും നീട്ടി പിടിച്ചു കണ്ണടച്ച് കൊണ്ടവൻ ആ മഴയെ ആസ്വദിച്ചു.

നനഞ്ഞു കുതിർന്നതത്രയും ഉള്ളിലെ പ്രണയത്തിന്റെ പെയ്ത്തിലാണ്.

നേരം വെളുത്തു വരുന്നതിന് മുന്നേ അവന്റെ മനസ്സ് തുടി കൊട്ടിയത്… രാത്രിയിലെക്കെത്തി ചേരാനാണ്.

അന്നവളെ കാണുന്നതും.. ഇത് വരെയും മനസ്സിലാക്കി പിടിച്ചതെല്ലാം അവളോട് പറയാനും അവനുള്ളം വെമ്പി..

പൂത്തിരി കത്തി ചിതറും പോലെ.. പാത്തുവിന്റെ കണ്ണിലേക്കു ആഹ്ലാദത്തിന്റെ കിരണങ്ങൾ ചേല് തീർക്കുന്നത് ഓർക്കേ അവന് വീണ്ടും ശ്വാസം കിട്ടിയുന്നുണ്ടായിരുന്നില്ല.

ഏറെ നേരം അതേ നിൽപ്പ് തുടർന്ന് കൊണ്ടവൻ അകത്തേക്കു കയറുമ്പോൾ നീളൻ മുടി തുമ്പിൽ നിന്നും വെള്ളമിറ്റി വീഴുന്ന പരുവത്തിൽ നനഞ്ഞു കുതിർന്നു പോയിരുന്നു.

ഊഞ്ഞാൽ കട്ടിലിൽ ഉണ്ടായിരുന്ന ടവ്വൽ വലിച്ചെടുത്തു കൊണ്ടവൻ ആദ്യം മുഖം തുടച്ചു.

വീണ്ടും കൊതിയോടെ മഴയിലേക്ക് നോക്കിയാണ് തല തുടക്കുന്നത്.
അവന് നനഞ്ഞു കൊതി തീർന്നില്ലായിരുന്നു..
പ്രണയത്തിലും മഴയിലും..

മുറിയിൽ നിന്നും തുടരെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് വാതിൽ അടച്ചു കൊണ്ട് അകത്തേക്ക് കയറിയത്.

മുറിയിലെത്തി ഫോണൊടുത്തു നോക്കുമ്പോൾ ഫൈസിയാണ് വിളിക്കുന്നത്.

നന്നായി തണുക്കാൻ തുടങ്ങിയത് കൊണ്ട്.. ഡ്രസ്സ്‌ മാറിയിട്ട് അവനെ തിരിച്ചു വിളിക്കാം എന്ന് കരുതി ക്രിസ്റ്റി ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്തു തിരിഞ്ഞതും വീണ്ടും ഫൈസിയുടെ വിളിയെത്തി.

“എന്നതാട.. ഈ വെളുപ്പിന്?”

“ഓ.. നിന്നെ വിളിക്കാനിപ്പോ ഞാൻ നേരോം കാലോം ഒക്കെ നോക്കണോ?”

ക്രിസ്റ്റിയുടെ ചോദ്യം ഒട്ടും ദഹിച്ചില്ലെന്നത് പോലെ ഫൈസിയുടെ കടുപ്പത്തിലുള്ള മറുപടി.

“ആ ചിലപ്പോ വേണ്ടി വന്നേക്കും “
ഫോൺ തോളിനും ചെവിക്കുമിടയിൽ ഇറുക്കി പിടിച്ചു കൊണ്ടവൻ ഡ്രസ്സ്‌ ചെയ്ഞ്ചു ചെയ്യുന്നതിനിടെ പറഞ്ഞു.

“അതിനെന്റെ പട്ടി കാത്ത് നിൽക്കും “
ഫൈസി… വിട്ടു കൊടുക്കാനുള്ള ഭാവമില്ല.

“ഓഓഓ.. നിന്നെക്കാൾ ഇച്ചിരി കൂടി ഭേദം നിന്റെ പട്ടി തന്നെയാ “
ചുണ്ടിലൂറിയ ചിരിയോടെ ക്രിസ്റ്റി പറയുമ്പോൾ അതേ ചിരി ഫൈസിയുടെ ചുണ്ടിലും ഉണ്ടായിരുന്നു.

“കാര്യം പറയെടാ..?”

ക്രിസ്റ്റി ആവിശ്യപെട്ടു.

ഇതിനോടകം… നനഞ്ഞ പാന്റ് മാറ്റി വേറെന്ന് ധരിച്ചിരുന്നു അവൻ.

“ആ… ലില്ലിയാന്റിയുടെ ഒരു ജോലി കാര്യം പറഞ്ഞിരുന്നില്ലേ.. അത് ഏറെക്കുറെ റെഡിയാണ് “

ഫൈസി പറഞ്ഞത് കേട്ടതും ക്രിസ്റ്റിയുടെ മുഖം തെളിഞ്ഞു.

“അവര്.. അവര് നിന്നെ വിളിച്ചിട്ട് ഓക്കേ പറഞ്ഞോടാ?”
ആകാംഷയോടെ ക്രിസ്റ്റി ചോദിച്ചു.

ഫൈസിയുടെ ഉപ്പാന്റെ ഒരു കൂട്ടുകാരനുണ്ട്..ഷാനവാസ്.

ഷാനിക്കാ..

മൂപ്പർക്കൊരു സൂപ്പർ മാർക്കറ്റുണ്ട് ടൗണിൽ..

അത്യാവശ്യം വലിയൊരു സംരംഭമാണത്.

നാല്പതിനു മുകളിൽ വയസ്സുണ്ടെങ്കിലും… അതിന്റെ യാതൊരു അവശതയുമില്ലാതെ നല്ല രീതിയിൽ തന്നെ അത് നടത്തിക്കൊണ്ട് പോകുന്നത് ഷാനിക്കയാണെന്ന് ഫൈസി പറഞ്ഞത് ക്രിസ്റ്റി ഓർത്തു.

ലില്ലിയാന്റി ജോലി വേണമെന്ന് പറഞ്ഞന്ന് തന്നെ അവനത് സൂചിപ്പിച്ചിരുന്നു.

“എന്നെയല്ലടാ.. ഷാനിക്കാ ഉപ്പച്ചിയെ ആണ് വിളിച്ചത്. അവിടൊരു വേക്കൻസിയുണ്ട്.ചെന്നോളാൻ പറഞ്ഞു “

ഒരുപാട് സന്തോഷം തോന്നി ക്രിസ്റ്റിക്കത് കേട്ടപ്പോൾ.

“ജോലി… ജോലി എന്താണാവോ ഫൈസി..?അറിയാലോ ലില്ലിയാന്റിയുടെ അവസ്ഥ “
ക്രിസ്റ്റിയുടെ സ്വരത്തിൽ ആശങ്കയുണ്ടായിരുന്നു.

ഭാരമുള്ള ജോലികളൊന്നും ലില്ലിക്ക് ചെയ്യാനാവില്ലെന്ന് അവനുറപ്പായിരുന്നു.

“അതറിയില്ലെടാ.. എന്തായാലും ചെല്ലാൻ പറഞ്ഞു സ്ഥിതിക്ക് പോയി നോക്കാം. പറ്റുന്നതാണേൽ എടുക്കാം. ഇല്ലേൽ വേറൊന്ന് നോക്കാം “

ഫൈസി അവനെ…ആശ്വാസിപ്പിച്ചു.

“എടാ.. നീ ഡെസ്പ്പാവല്ലേ.ഇതല്ലെങ്കിൽ ലോകത്ത് വേറെ ജോലിയൊന്നും ഇല്ലെന്നാണോ?”

ക്രിസ്റ്റിയുടെ തണുത്ത മൂളൽ കേട്ടത്തോടെ ഫൈസി വീണ്ടും പറഞ്ഞു.

“ഏതായാലും നീ ലില്ലിയാന്റിയെ വിളിച്ചിട്ട് ഒൻപത് മണി ആകുമ്പോഴേക്കും റെഡിയായി നിൽക്കാൻ പറ. എന്നിട്ട് നീ പോയി ആന്റിയെയും കൂട്ടി നേരെ ടൗണിലോട്ട് വാ. ഞാനും  ആര്യനും അവിടുണ്ടാകും. ഉപ്പച്ചിയും അങ്ങോട്ട്‌ വരും.”
ഫൈസി പറഞ്ഞു.

“ഒക്കെ ഡാ.. അങ്ങനെ ചെയ്യാം “

ക്രിസ്റ്റിയും അത് സമ്മതിച്ചു.

“ശെരിയെന്നാ.. ഞാൻ റെഡിയാവട്ടെ “
ക്രിസ്റ്റി തന്നെയാണ് ആദ്യം ഫോൺ കട്ട് ചെയ്തത്.

ഒന്നോ രണ്ടോ നിമിഷം കണ്ണടച്ച് നിന്നിട്ട് അവൻ ലില്ലിയുടെ ഫോണിലേക്ക് വിളിച്ചു.

ജോലിയുടെ കാര്യം പറഞ്ഞതും ആവേശത്തിൽ അപ്പച്ചനോടും അമ്മച്ചിയോടും അത് വിളിച്ചു പറയാൻ ധൃതി കാണിക്കുന്ന ലില്ലിയെ കുറിച്ചോർത്തപ്പോൾ ഒരേ സമയം ക്രിസ്റ്റിക്ക് സങ്കടവും സന്തോഷവും തോന്നി.

അവർക്കാ ജോലി കിട്ടണേ കർത്താവെ എന്ന് അങ്ങേയറ്റം ആത്മാർത്ഥയോടെ പ്രാർത്ഥിച്ചു കൊണ്ടാണ് അവനാ കോൾ അവസാനിപ്പിച്ചത്.
കാരണം.. അവരെത്ര മാത്രം ആശ്രയമറ്റു നിൽക്കുകയാണെന്ന് അവനറിയാം…

ഒൻപത് മണിക്ക് ലില്ലിയോട് റെഡിയായി നിൽക്കാൻ പറഞ്ഞിട്ടാണ് ക്രിസ്റ്റി റെഡിയാവാൻ തുടങ്ങിയത്.

ഇന്നിനി അതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് വേണം കോളേജിൽ പോവാൻ..

അവനും ധൃതിയോടെ പോവാൻ റെഡിയായി തുടങ്ങി.

                          ❤️‍🩹❤️‍🩹❤️‍🩹

ഒരു സൂചി വീണാൽ പോലും കേൾക്കാവുന്നത്രയും നിശബ്ദത..

ശാന്തതയല്ല.. ഭയപ്പെടുത്തുന്ന ശൂന്യതയാണ് നിറഞ്ഞു നിൽകുന്നതത്രയും.

പാത്തുവിന്റെ മുഖത്തു മാത്രം ഭാവഭേദങ്ങളൊന്നുമില്ല.
പോരാടാൻ ഉറച്ചു കൊണ്ട് യുദ്ധഭൂമിയിലിറങ്ങിയ പോരാളിയുടെ മുഖത്തുള്ള അതേ നിശ്ചയധാർഢ്യം.

അമീന് കാര്യങ്ങൾ കൈവിട്ടു പോകുകയാണോ എന്നൊരു ചെറിയ ഉത്ഭയം ഇല്ലാതില്ല.
എങ്കിലും പുറമെ പരമാവധി ധൈര്യം കാണിച്ചു കൊണ്ടവൻ അവിടെ തന്നെ നിന്നു.

“അതണക്ക് ഇനിയും അറിയൂലെ?”
നിയാസിന്റെ കൂർത്ത ചോദ്യം.

ഫാത്തിമ ചിരിച്ചു..

“ഇതല്ല.. ന്റെ ചോദ്യത്തിനുള്ള ഉത്തരം “
ശാന്തമായി അവൾ അവരെ നോക്കി കൊണ്ട് പറഞ്ഞു.

“ഇയ്യെന്താ പെണ്ണേ.. ആളെ കുരങ്ങ് കളിപ്പിക്കുന്നുണ്ടോ.. ഇയ്യാരാണെനും.. ഞങ്ങൾ അനക്ക് ആരാണെന്നും പറഞ്ഞിട്ട് തന്നെയല്ലേ അന്നേ ഇങ്ങോട്ട് കെട്ടിയെടുത്തു കൊണ്ട് വന്നത്? എന്നിട്ടിപ്പോ ഓളെ ഒലക്കമ്മലെയൊരു ചോദ്യം “

ചീറി കൊണ്ട് ഹമീദ് അവൾക്ക് നേരെ ചെന്നു.

അയാളുടെ വരവ് കണ്ടപ്പോൾ തനിക്കൊന്നു പൊട്ടിയെന്ന് ഫാത്തിമ ഉറപ്പിച്ചതാണ്.
എങ്കിലും അവൾ പതറിയില്ല.

ഒന്നല്ല… ഒരായിരം അടി കിട്ടിയാലും ചോദിക്കാനുള്ളത് ചോദിക്കാനും പറയാനുള്ളത് പറയാനും അവളുറച്ചു കഴിഞ്ഞതാണ്.

ഇനിയതിൽ മാറ്റമില്ല.

അവൾക്കൊന്ന് കിട്ടുന്നത് കാണാൻ കണ്ണ് കൂർപ്പിച്ചു നിന്നവരെ നിരാശപ്പെടുത്തി കൊണ്ട് ഹമീദ് കൈ ചുരുട്ടി പിടിച്ചു കൊണ്ട് ദേഷ്യം അടക്കി.

“നിക്കറിയാം… ഞാൻ ഇങ്ങൾക്ക് ആരാന്ന്. നിങ്ങളൊക്കെ നിക്കാരാണ് എന്നതും. മറന്നതും മാറ്റി നിർത്തുന്നതും ഇങ്ങളൊക്കെയല്ലേ..?”

നേർത്തൊരു ചിരിയോടെയാണ് ഫാത്തിമ പറയുന്നത്.

“കെട്ടി കേറി വരുമ്പോൾ.. ഇയ്യെന്താണ് വിചാരിച്ചത്. നിലവിളക്ക് എടുത്തു സ്വീകരിച്ചു ആനയിക്കുമെന്നോ..?അയിന് മാത്രം ഉണ്ടോ ഡീ പെണ്ണേ ഇയ്യ്? അതോർത്തിട്ട് പോരെ ഈ അഹങ്കാരം “

അവളാ പറഞ്ഞത് അപമാനമായി തോന്നിയത് കൊണ്ട് നിയസിന്റെ ഭാര്യ ആയിഷ വല്ലാത്ത കലിപ്പിലായിരുന്നു.

“അങ്ങനൊന്നും വിചാരിച്ചില്ലങ്കിലും… ഉണ്ണാനും ഉടുക്കാനും കിട്ടിയില്ലേലും.. എന്റെ അഭിമാനം പൊതിഞ്ഞു പിടിച്ചു പാതിരാത്രി ഇറങ്ങി ഓടേണ്ടി വരുമെന്ന് ഞാനൊരിക്കലും.. ഒരിക്കലും കരുതിയില്ല അമ്മായി “

അവരുടെ അതേ ഭാവത്തിൽ ഫാത്തിമ മറുപടി പറയുമ്പോൾ അമീന്റെ മുഖം കടലാസ് പോലെ വിളറി വെളുത്തു.

ഇജാസും ഞെട്ടി കൊണ്ടവനെ നോക്കി.പിടിക്കപ്പെടുമോ എന്നാ ഭയം അമീനെക്കാൾ ഇജാസിനാണെന്ന് തോന്നും അവന്റെ നിൽപ്പ് കാണുമ്പോൾ.

സജ്‌നയും സിയായും ഇശലും പരസ്പരം നോക്കിയിട്ട് നോട്ടം അമീന്റെ നേരെ നീങ്ങി.
ഇപ്പൊ എങ്ങനുണ്ട് എന്നൊരു ഭാവം മുഖത്തു വരുത്തി പതർച്ച മാറ്റാനുള്ള കഠിന ശ്രമത്തിലാണ് അവനപ്പോൾ.

“ഇയ്യൊരു ലോകസുന്ദരി വന്നിരിക്കുന്നു ..”
റംലയാണ്… പുച്ഛമാണ് മുഖവും വാക്കും നിറയെ.

അത് പ്രതീക്ഷിക്കുന്നത് പോലെ പാത്തുവിന് വല്ല്യ ഭാവമാറ്റവുമില്ല.

അമീൻ കക്കാനും നിക്കാനും ഒരുപോലെ പഠിച്ച കള്ളനാണെന്ന് അവൾക്ക് ഏറെക്കുറെ മനസ്സിലായതാണ്.

“കള്ളത്തരം കാണിച്ചു.എന്നിട്ടത് പോരാഞ്ഞിട്ടാണ് ഇനി ഓളുടെയൊരു കള്ളകഥ “
നിയാസ് പാത്തുവിനെ നോക്കി പല്ല് കടിച്ചു.

താനിനി എന്തൊക്കെ പറഞ്ഞാലും അതൊന്നും ഇവിടെ വിശ്വസിക്കില്ലെന്ന് പാത്തുവിന് ഉറപ്പായി.

അവളുടെ കണ്ണുകൾ ഒരു നിമിഷം അമീന്റെ നേരെ കൂർത്തു.

രക്തമയമില്ലാത്ത അവന്റെ മുഖത്തു നിറഞ്ഞതത്രയും പ്രാണഭയമാണ്.
പാത്തുവിന് സംതൃപ്തിയാണ് തോന്നിയത്.

“ഹാജറയല്ലേ അന്റുമ്മ.. അയിന്റെ ഗുണം ഇയ്യ് കാണിക്കാണ്ടിരിക്കില്ല “

റംലയുടെ ചോദ്യം!

കരിന്തേൾ കുത്തിയത് പോലെ ഫാത്തിമയൊന്നു പിടഞ്ഞു.

“ആ പിഴച്ചോളുടെ കൂടെയല്ലേ ഇയ്യും വളർന്നത്.അതിന്റെ ഫലമാണ്. ഇങ്ങനൊരു സാധനത്തിനെ ഈ അറക്കൽ തറവാട്ടിലേക്ക് കൈ പിടിച്ചു കയറ്റേണ്ട ഗതികേട് വന്നല്ലോ ന്റള്ളാ..”

സുഹ്‌റ കൂടി ഇത്താത്താക്ക് സപ്പോർട്ട് പറഞ്ഞതോടെ.. പരിഹാസങ്ങളുടെ കൂർത്ത നോട്ടങ്ങളും അടക്കി ചിരികളും പാത്തുവിനെ പൊതിഞ്ഞു.

“അറക്കൽ തറവാട്ടിലെ സലാമിന്റെ മകളാണ് ഞാൻ.. സലാമിന്റെ മാത്രം മകൾ. എനിക്കാ മേൽവിലാസം മാത്രം മതി ഇനിയും മുന്നോട്ട് ജീവിക്കാൻ “

വീറോടെ ഫാത്തിമ അവരെ നോക്കി പറയുമ്പോൾ.. കുഞ്ഞുനാൾ മുതൽ അങ്ങനൊരു പരിഹാസത്തിന്റെ തീ ചൂളയിലേക്ക് അറിഞ്ഞു കൊണ്ട് അവളെയെറിഞ്ഞു കൊടുത്ത സ്വന്തം ഉമ്മയോടുള്ള രോഷം മുഴുവനുമുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

“ആക്കാര്യത്തിൽ ഞങ്ങൾക്കിപ്പോ നല്ല സംശയം ഉണ്ട് പെണ്ണേ. എന്റിക്കാക്ക് അന്നേ പോലൊരു മകളുണ്ടാവില്ല “

നിയാസ് അവളെ നോക്കി ചുണ്ട് കോട്ടി.
നെഞ്ച് നീറിയിട്ടും ഫാത്തിമ അപ്പോഴും ചിരിച്ചു.

“നിക്കതില്ല എളേപ്പ.. ആ സംശയം ഒട്ടുമില്ല.ന്റുപ്പാ അറക്കൽ സലാം തന്നെയാണ്. ഇങ്ങക്കും അതില്ലാന്ന് നിക്ക് ശെരിക്കും അറിയാം. അത് കൊണ്ടാണ്.. അത് കൊണ്ട് മാത്രാണ് ഇങ്ങളിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.”

നേർത്ത ചിരിയോടെ അവളത് പറഞ്ഞു കേട്ടതും എന്തോ പറയാൻ വന്ന നിയാസ് പെട്ടന്ന് പതുങ്ങി.
നിമിഷങ്ങൾ കൊണ്ടവന്റെ രൗദ്രഭാവം മാറി.

“ന്റുപ്പ ജീവനോടെയില്ല. ഉപ്പ മാത്രല്ലല്ലോ.. നിക്കാരുമില്ലെന്ന് ഇങ്ങക്കെല്ലാം ശെരിക്കും അറിയാലോ. നിങ്ങടെ മക്കളെ പോലെ സ്നേഹിക്കണമെന്നൊന്നും പറയുന്നില്ല ഞാൻ. പക്ഷേ… പക്ഷേ ഇങ്ങള് നിങ്ങടെ എന്തോ ആവിശ്യത്തിന് കൂട്ടിയിട്ട് വന്നതല്ലേ എന്നെ?”

നിറഞ്ഞ കണ്ണോടെയെങ്കിലും അൽപ്പം പോലും പതറാത്ത ഫാത്തിമയുടെ മുഖം.. വാക്കുകൾ.
ആരും ഒന്നും മിണ്ടുന്നില്ല.
ആളി കത്തുന്ന തീയിലേക്ക് പെട്ടന്ന് വെള്ളമെടുതൊഴിച്ചത് പോലെ.

അസഹിഷ്ണുത നിറഞ്ഞ ഒരു മൗനം.
നോക്കി നിൽക്കുന്നവർക്കെല്ലാം പറയാനറിയാത്ത എന്തൊക്കെയോ ഭാവങ്ങൾ..

പാത്തുവിന് മാത്രം അപ്പോഴും ഭാവമാറ്റങ്ങളൊന്നുമില്ല.

“എന്തേ ആർക്കും ഉത്തരമില്ലേ?”

ആരുമൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ട് ഫാത്തിമ വീണ്ടും ചോദിച്ചു.

“വല്ല്യ സുഖത്തിലൊന്നുമല്ലങ്കിലും.. നിങ്ങളോടൊപ്പം പോരുമ്പോൾ ഞാനും ഇച്ചിരി സന്തോഷിച്ചിരുന്നു.ഇനിയെങ്കിലും എനിക്കൊരു സമാധാനം നിറഞ്ഞ ജീവിതമുണ്ടാവും എന്നത്.വെറുതെ ആണ്. എല്ലാം വെറുതെയാണ്. ദയവായി ഇങ്ങളാരെങ്കിലും എനിക്കൊന്നു പറഞ്ഞു താ.. എന്തിനാ ഇങ്ങളെന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്?”

അപേക്ഷ പോലായി ഇപ്രാവശ്യം അവളുടെ സ്വരം.

“എന്നോട് ചോദിക്ക് ഫാത്തിമ. ഇനിയുള്ള ഉത്തരം നിനക്ക് ഞാൻ പറഞ്ഞു തരാം “

പിന്നിൽ നിന്നും ഗൗരവമെങ്കിലും ആർദ്രനിറഞ്ഞ സ്വരം.
ഫാത്തിമ വെട്ടി തിരിഞ്ഞു നോക്കി.

“കാരണം.. എനിക്ക് വേണ്ടി.. എനിക്ക് വേണ്ടി മാത്രമാണ് നീ ഇവിടെത്തിയത് “

ആരെയും മയക്കുന്ന മനോഹരമായൊരു ചിരിയോടെ അവളെ…. അവളെ മാത്രം നോക്കി അവിടെ അവനുണ്ടായിരുന്നു.

ഷാഹിദ്…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button