യെസ് യുവർ ഓണർ: ഭാഗം 5
[ad_1]
രചന: മുകിലിൻ തൂലിക
അവന്റെ നോട്ടം നേരിടാനാകാതെ കല്ല്യാണി ചിരിച്ചു കൊണ്ട് അവനരികിൽ നിന്നും വേഗത്തിൽ നടന്നു.. തിരിഞ്ഞു നോക്കുമ്പോൾ സായന്ത് അവളെ തന്നെ നോക്കി കൈക്കെട്ടി നിൽപ്പുണ്ട്..അവൾ നോക്കുന്നത് കണ്ടപ്പോൾ അവൻ അവൾക്ക് നേരെ കൈവീശി കാണിച്ചു തിരികെ അവളും ############################## ഓടി മറഞ്ഞു കൊണ്ടിരിക്കുന്ന ദിവസങ്ങൾക്കിടയിൽ ഒരു ദിവസം “കല്ല്യാണി എവിടേയ്ക്കാ..” സായന്ത് അവൾക്കരികൽ വണ്ടി നിർത്തി സൈഡ് ഗ്ലാസ്സ് താഴ്ത്തി കൊണ്ട് ചോദിച്ചു..
അവനോടൊപ്പം സായുവും ഉണ്ട്.. “ദേ.. കല്ലു ചേച്ചിടെ കല്ല്യാണ ചെക്കൻ..” കുഞ്ഞിപട തമ്മിൽ തമ്മിൽ കുശുകുശുത്തു.. കല്ല്യാണി അവരെ ശാസനയോടെ നോക്കി സായന്തിനെ നോക്കി ചിരിച്ച് ” ഞങ്ങൾ വെറുതെ പുറത്തേക്ക് ഇറങ്ങിയതാണ്.. ” “വെറുതെ ഒന്നും അല്ലേ ചേട്ടാ.. ഈ കുഞ്ഞിക്ക് കടൽ കാണണമെന്ന്.. അവിടേക്ക് പോകാ..” കിട്ടു മറുപടി പറഞ്ഞു.. അതെയോ.. എന്നിട്ടാണോ കല്ല്യാണി കള്ളം പറഞ്ഞേ.. ഞങ്ങളും അങ്ങോട്ടാ കയറിക്കോ…
സായന്ത് അവളെ നിറ ചിരിയോടെ സ്വീകരിച്ചു.. കല്ല്യാണി വേണ്ടെന്ന് പറയാനൊരുങ്ങിയതും ചിക്കു ഹായ് കാറിലോ.. ചേച്ചി വായോ.. നമ്മുക്ക് കാറിൽ പോകാം.. മൂവരും അവളുടെ കയ്യിൽ വലിച്ചു.. കല്ല്യാണി ശങ്കിച്ചു നിൽക്കാണ്.. സായന്ത് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി അവർക്കായി ബാക്കിലെ ഡോർ തുറന്ന് കൊടുത്തു.. ചിക്കുവും കിട്ടുവും ഓടി കയറി… ഇതേസമയം സായു ഇറങ്ങി വന്ന് കുഞ്ഞിനെ എടുത്തു.. കയറു കല്ല്യാണി.. എന്തിനാ ഈ മടി..
അതോ എന്നോടിയും ദേഷ്യമുണ്ടോ.. അയ്യോ.. അങ്ങനെയൊന്നും ഇല്ല.. നിങ്ങൾക്കൊരു ബുദ്ധിമുട്ട് ആകില്ലേന്ന് എന്ത് ബുദ്ധിമുട്ട് കല്ല്യാണി ഇതൊക്കെ ഒരു സന്തോഷമല്ലേ.. ഞങ്ങളും ആ വഴിക്ക് തന്നെ അല്ലേടോ.. വായോ.. കയറ്.. സായന്ത് അവളെ പിന്നേയും ക്ഷണിച്ചു.. കല്ല്യാണി അവന്റെ മുഖത്തേക്ക് നോക്കി.. അവൻ കണ്ണടച്ച് കയറാൻ കാണിച്ചു.. അവൾ ബാക്കിലേക്ക് കയറാൻ തുനിഞ്ഞതും.. അവിടെ അല്ലടോ കല്ല്യാണി ഇവിടെ ഫ്രന്റ് സീറ്റിൽ…
അവൾ അവനെയോന്ന് പാളി നോക്കി പാതി മനസ്സോടെ അതിലേക്ക് കയറി.. സായന്ത് അവളെ നോക്കി കണ്ണടച്ച് കാട്ടി ഡോർ അടച്ചു.. സായു അപ്പോഴേക്കും കുഞ്ഞിയെ എടുത്ത് ബാക്ക് സീറ്റിൽ കയറി ഇരുന്നു.. വണ്ടി എടുക്കുന്നതിനിടയിൽ സായന്ത് പുറകിലേക്ക് തിരിഞ്ഞു നോക്കി “കല്ല്യാണി ഇത് എന്റെ അനുജത്തിയാട്ടോ.. പേര് സായൂജ്യ.. സായുന്ന് വിളിക്കും” കല്ല്യാണി സായുനെ നോക്കി പുഞ്ചിരിച്ചു.. “ഞാൻ കല്ല്യാണി.. “
“തന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ടടോ.. അവൾക്ക് എല്ലാം അറിയാം.. (സായന്ത്..)” അത് കേട്ടതും കല്ല്യാണി അവളുടെ ചുണ്ടിലൊന്ന് തൊട്ടു.. “അതൊഴിച്ച്.. അത് നമ്മുക്ക് രണ്ടാൾക്കും മാത്രമായി അറിയുന്ന മധുരസത്യമായി തന്നെ ഇരിക്കട്ടേ..” അവനൊരു കള്ളചിരിയോടെ ശബ്ദം താഴ്ത്തി പറഞ്ഞു.. ആ ചിരി അവളിലൊരു വിറയലുണ്ടാക്കി പുറകിൽ സായുവും കുട്ടി വാനരപ്പടയും കൂട്ടായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്… കല്ല്യാണി തലതാഴ്ത്തി ഇരിക്കുകയാണ്..
സായന്തിനിൽ നിന്നും ഇടയ്ക്കിടെ അവളിലേക്ക് എത്തുന്ന നോട്ടങ്ങൾ അവളുടെ ശ്വാസഗതിയെ വർധിപ്പിക്കുന്നുണ്ട്.. അവളുടെ ഹൃദയ ഉള്ളറയിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.. എന്ത്ക്കൊണ്ടോ അവനെ നോക്കാൻ മിഴികൾ ഉയർത്തിയാൽ അകാരണമായി അവ പിടയ്ക്കാൻ തുടങ്ങും.. കുറച്ചു സമയത്തിനുശേഷം അവർ ബീച്ചിലേക്ക് എത്തി.. സായു മൂവരേയും കൊണ്ട് തിരകളിൽ കളിക്കാനായി ഓടി.. കുഞ്ഞീയെ ഭദ്രമായി ചേർത്ത്പിടിച്ചിട്ടുണ്ട്..
അത് കണ്ടപ്പോൾ കല്ല്യാണിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.. അവൾ അവരുടെ കളികൾ കണ്ട് കടൽതീരത്ത് തിരക്കൊഴിഞ്ഞ ഒരിടം നോക്കി ഇരുന്നു.. അവൾക്ക് തൊട്ടരികിലായി തൊട്ടു തൊട്ടില്ല എന്ന തോതിൽ അവനും തന്റെ ഇരിപ്പിടം ഉറപ്പിച്ചു.. അവൾക്കെന്തോ സായന്തിനെ നോക്കാൻ സാധിക്കുന്നില്ല.. അവൻ അടുത്ത് വന്നിരിക്കുമ്പോൾ ഉള്ളിൽ ഒരു പിടിവലി.. പറഞ്ഞറിയിക്കാൻ പറ്റാത്ത ആശങ്കകൾ സന്തോഷങ്ങൾ മാറി മാറി അല തല്ലുന്നത് പോലെ..
“തനിക്ക് ഈ മൗനം തീരെ ചേരുന്നില്ലാട്ടോ കല്ല്യാണി.. ” സായന്ത് നിലത്ത് കിടന്ന ഒരില എടുത്ത് അതിനൊരറ്റം കീറി കൊണ്ട് അവളെ നോക്കി പറഞ്ഞു.. “ഏയ്.. ഞാൻ അവരെ നോക്കി ഇരുന്നെന്ന് ഒള്ളൂ..” അവന്റെ മുഖത്ത് നോക്കാതെ അവൾ മറുപടി പറഞ്ഞു.. ശേഷം.. “ഞാനൊരു കാര്യം ചോദിക്കട്ടെ ” “ആരോട്” അവൾ അവന് നേരെ വിരൽചൂണ്ടി കാണിച്ചു.. “എനിക്കൊരു പേരുണ്ട് കല്ല്യാണി..
സായന്ത്.. പേര് വിളിക്കാൻ ഇഷ്ടമില്ലേൽ സച്ചു എന്നോ അല്ലേൽ സായു വിളിക്കും പോലെ സച്ചുവേട്ടാന്നോ വിളിച്ചോ..” കല്ല്യാണി അവൻ പറയുന്നത് തലയാട്ടി കേട്ട് “സത്യമായിട്ടും എന്നോടുള്ള ദേഷ്യമെല്ലാം പോയോ” “ഓഹ് എന്റെ കല്ല്യാണി ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാ.. സംഭവം ഞാനൊരു വക്കീലാണ്.. അതും ക്രിമിനൽ ലോയർ.. കക്ഷികളെ രക്ഷിക്കാൻ ഇടയ്ക്കൊക്കെ കള്ളം പറയേണ്ടി വരുന്നവർ.. പക്ഷേ ഇത് കള്ളമല്ല കല്ല്യാണി.. ” “സത്യം…”
അവളുടെ മുഖത്ത് അവിശ്വസനീയത “ഇനിയിപ്പോൾ എന്ത് സത്യമാ ഞാൻ തരേണ്ടേ.. എനിക്ക് ഒരു പെങ്ങൾ അല്ലേ ഉള്ളത്.. നിന്റെ സ്ഥാനത്ത് ഞാൻ അവളെ ഒന്ന് സങ്കൽപ്പിച്ചു.. അങ്ങനെ ഓർത്തപ്പോൾ ചെയ്തത് തെറ്റാണെന്ന് തോന്നി.. ക്ഷമ ചോദിച്ചു.. പിന്നെ ഒരു ചെറിയ തിരുത്തുണ്ടേ പെങ്ങളുടെ സ്ഥാനത്ത് എന്ന് പറഞ്ഞെന്നൊളളൂ പെങ്ങളായിട്ട് സങ്കൽപ്പിച്ചിട്ടില്ല” അവൻ കള്ളച്ചിരിയോടെ പറഞ്ഞു “ങേ… എന്താ പറഞ്ഞേ..”
കല്ല്യാണി അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ കണ്ണ് മിഴിച്ചു.. “സച്ചുവേട്ടാ… വായോ.. വന്ന് ഐസ്ക്രീം വാങ്ങി തന്നെ ഞങ്ങൾക്ക്..” സായു അവന്റെ കൈവലിച്ച് കൊണ്ട് പോയി.. അവൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാകാതെ ആകെ കുഴഞ്ഞ് നിൽക്കാണ്.. സായന്ത് അവളെ നോക്കി കണ്ണടച്ച് കാണിച്ചു… പിള്ളേരൊടൊപ്പം അവനും തിരകളിൽ കളിക്കാൻ ചേർന്നു.. അവസാനം ക്ഷീണിച്ച് കരയിൽ ഇരിക്കുമ്പോൾ കിട്ടു
” ചേട്ടാ.. എന്നാ ഞങ്ങളുടെ കല്ലു ചേച്ചിയെ കല്ല്യാണം കഴിക്കാ” സായന്ത് ഉള്ളിലെ ഞെട്ടൽ പുറത്ത് കാണിക്കാതെ ചിരിയോടെ ” നിന്റെ ചേച്ചിയെ ഞാനാ കല്ല്യാണം കഴിക്കാൻ പോകുന്നേന്ന് ആരാ പറഞ്ഞേ” “ഇന്നാള് ചേട്ടനല്ലേ ചേച്ചിക്ക് ഉമ്മ കൊടുത്തേ.. ഉമ്മ കൊടുത്തോര് അല്ലേ കല്ല്യാണം കഴിക്കാ.. സിനിമേലൊക്കെ അങ്ങനെയാണലോ” “ആ.. അത് ശരിയാ.. അങ്ങനെ തന്നെയാ കല്ല്യാണം കഴിക്കാ.. എനിക്ക് സമ്മതാ.. നിന്റെ ചേച്ചി സമ്മതിക്കോ..
ചേച്ചിനെ കൊണ്ട് ഞങ്ങൾ സമ്മതിപ്പിച്ചോളാം.. “എങ്കിൽ കെട്ടാൻ ഞാൻ റെഡിയാണ്..” കടൽ തീരത്ത് അടിഞ്ഞ് കൂടിയ ചിപ്പികൾ പെറുക്കിയെടുക്കുന്ന കല്ല്യാണിയിൽ ആയിരുന്നു അവന്റെ കണ്ണുകൾ.. ############################## ഇടയ്ക്കിടെ ഉള്ള കൂടി കാഴ്ചകളും സംസാരവും സായന്തിനോടുള്ള കല്ല്യാണിയുടെ സമീപനത്തിൽ മാറ്റം വരുത്തിയിരുന്നു.. അവൻ മാറ്റിയെടുത്തൂ എന്നാണ് പറയേണ്ടത്.. കുട്ടികൾക്കും അവൻ പ്രിയപ്പെട്ടവനായി..
കല്ല്യാണിയെ കാണുമ്പോൾ എല്ലാം സായന്ത് കുട്ടികൾക്ക് വേണ്ട വസ്ത്രങ്ങളും മിഠായികളും വാങ്ങി കൊടുത്തു വിടും.. അതിൽ എല്ലാം ഒരു സ്പെഷ്യൽ ഗിഫ്റ്റ് കല്ല്യാണിക്കായി ഒളിച്ച് വച്ചിരിക്കും.. പതിവ് പോലെ രാവിലെ കുട്ടികൾക്ക് ചായ കൊടുത്ത് പാത്രം കഴുകാൻ പുറത്തേക്ക് ഇറങ്ങിയതാണ് കല്ല്യാണി.. പുഴയോരം ചേർന്ന് തകരാൻ നിൽക്കുന്നൊരു വീടായിരുന്നു അത്..
അവൾ പാത്രങ്ങളുമായി പുഴയുടെ ഒരു ഓരം ചേർന്ന് കഴുകുന്നതിനിടയിലാണ് കാറിന്മേൽ ചാരി നിന്ന് അവളെ തന്നെ നോക്കി ചിരി തൂകി നിൽക്കുന്ന സായന്തിന്റെ രൂപം അവളുടെ മൊട്ടകണ്ണുകളിൽ പതിഞ്ഞത്.. അവൾ വിശ്വസിക്കാനാകാതെ കണ്ണ് കൂട്ടി തിരുമി.. കാരണം ഇപ്പോൾ അവൾ പോലും അറിയിതെ അവൻ അവളുടെ സ്വപ്നങ്ങളിൽ വരാറുണ്ട്.. കണ്ണ് തിരുമ്മി നോക്കിയിട്ടും സായന്ത് അതേ ചിരിയോടെ അവിടെ തന്നെ ” താനിനി കണ്ണ് തിരുമ്മി ആ മൊട്ടകണ്ണുകളുടെ ഭംഗി കളയണ്ട കല്ല്യാണി..
സ്വപ്നമല്ല അല്ല.. സത്യം തന്നെയാണ്” സായന്ത് അവൾക്കരികിലേക്ക് എത്തി “അയ്യോ ഇത് എന്തേ ഇവിടെ” അവൾ വെപ്രാളത്തോടെ അരയിൽ തിരുകിയ ദാവണി തുമ്പിൽ കൈ തുടച്ച് പുഴയിൽ നിന്ന് കയറി.. “അത് എന്ത് ചോദ്യമാ കല്ല്യാണി തന്നെ കാണാൻ എനിക്ക് വന്നൂടേ..” അവന്റെ സ്വരത്തിൽ ഒരു പരിഭവം “അത് കൊണ്ട് അല്ല.. പെട്ടെന്ന് കണ്ടപ്പോൾ.. വീട് എങ്ങനെ മനസ്സിലായി” “തന്റെ വീട് കണ്ടുപിടിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു കല്ല്യാണി..
ആവിശ്യക്കാരൻ ഞാൻ ആയതുകൊണ്ട് ചോദിച്ചു ചോദിച്ചു പോന്നു… അല്ലാ എന്നെ അകത്തേക്ക് ക്ഷണിക്കുന്നില്ലേ.. ” സായന്ത് വീടും പരിസരവും നിരീക്ഷിച്ച് കൊണ്ട് ചോദിച്ചു.. “അയ്യോ.. പെട്ടെന്ന് കണ്ട സന്തോഷത്തിൽ ഞാനത് മറന്നു.. വായോ..” അവൾ അവന് തൊട്ടു മുന്നിലായി നടന്നു.. “ഹായ് സച്ചു ചേട്ടൻ” അവനെ കണ്ടതും കുഞ്ഞി ഓടി അവന്റെ മേൽ പെടച്ച് കയറി.. അവനും ഒരു ചിരിയോടെ അവളെ എടുത്ത് കവിളിൽ ഉമ്മ കൊടുത്തു..
അവനെ വിടാതെ ചുറ്റി പിടിച്ച് ചിക്കുവും കിട്ടുവും അടുത്ത് തന്നെ ഉണ്ട്.. “ഇവിടെ.. ഇരുന്നോ.. ഇവിടെ ആകെ ഇത്തിരി വൃത്തിയുള്ള ഇടം ഈ കോലായിലാണ്” കോലായിൽ കിടന്ന പഴയൊരു ബഞ്ച് ചൂണ്ടിക്കാട്ടി അവൾ “ഞാൻ ഈ വീടൊക്കെ ഒന്ന് കാണട്ടേ കല്ല്യാണി..” സായന്ത് അവളെ മറികടന്ന് അകത്തേക്ക് കയറി എല്ലായിടവും ചുറ്റി കാണാൻ തുടങ്ങി.. അവൻ അകത്തേക്ക് കയറിയപ്പോൾ അവൾക്കൊരു നാണക്കേട് പോലെ.. “ഈ വീട്ടിൽ താൻ ഈ ചെറിയ കുട്ടികളെയും കൊണ്ട് എങ്ങനെയാ താമസിക്കുന്നേ..
ഇത് ഏത് നിമിഷവും നിലംപതിക്കല്ലോ..” സയന്ത് അങ്കലാപ്പോടെ ചോദിച്ചു.. അതിനു മറുപടിയായി ഒരു ചിരി സമ്മാനിച്ച് കല്ല്യാണി.. ” ചായ തരാൻ. പാൽ ഇല്ല.. കട്ടൻ ചായ തന്നാ കുടിക്കോ…” “പാൽ ഉണ്ടേൽ തന്നെ പ്രശ്നമാണ്.. പിരിയും..” സായന്ത് തലയൊന്ന് ചൊറിഞ്ഞു.. കല്ല്യാണിക്ക് അവൻ പറഞ്ഞത് എന്താണെന്ന് മനസ്സിലായി.. അവനെ നെറ്റി ചുളിച്ചു നോക്കി അവൾ അടുപ്പത്ത് ചായക്കുള്ള വെള്ളം വച്ചു.. “കല്ല്യാണി ചായയൊന്നും വേണ്ട.. ഇത്തിരി വെള്ളം മതി..”
സായന്ത് അവിടെ തറയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.. “അവിടെ ഇരീക്കണ്ട ഡ്രെസ്സിൽ അപ്പടി അഴുക്കാകും.. കല്ല്യാണി അവനെ തടഞ്ഞു” “അഴുക്കായാൽ എന്താ.. കഴുകിയാൽ അങ്ങ് പോകില്ലേ..” അവൻ കുഞ്ഞിയെ ചേർത്ത് പിടിച്ചു..കുഞ്ഞി അവനെ ഇറുകെ പിടിച്ച് ഇരിപ്പുണ്ട്.. മറ്റ് രണ്ടുപേരും അവന് ഇരു വശത്തുമായി ഇരിക്കുന്നുണ്ട്.. കല്ല്യാണി അവനായുള്ള വെള്ളം കൊടുത്ത് കുറച്ചു മാറിയിരുന്നു…. സായന്ത് രണ്ട് ഇറക്ക് വെള്ളം കുടിച്ച് “
കല്ല്യാണി ഞാനിപ്പോൾ വന്നത് നിങ്ങളെ എല്ലാവരെയും വീട്ടീലേക്ക് ക്ഷണിക്കാനാ..” എന്തിനാന്നുള്ള ചോദ്യത്തോടെ കല്ല്യാണി അവനെ നോക്കി “നമ്മുടെ സായുന്റെ പിറന്നാൾ ആണ് ഈ ഞായറാഴ്ച നീ ഈ കുഞ്ഞുങ്ങളെയും കൊണ്ടു വന്നോളൂ” “ഒരുപാട് വലിയ ആൾക്കാരൊക്കെ വരുന്നതല്ലേ… ഞങ്ങൾ വന്നാൽ ശരിയാകില്ല…” കല്യാണി ഒഴിഞ്ഞുമാറാൻ നോക്കി “ഏതു വലിയ ആൾക്കാരെ കല്യാണി ആരുമില്ല ഞാനും നീയും സായുവും നമ്മുടെ ഈ കുറുമ്പി കൂട്ടവും മാത്രം.. കുറച്ചു വർഷങ്ങളായി ഞാനും സായുവും മാത്രം ആഘോഷിച്ചിരുന്നതാണ്.. ഇത്തവണ സായുന് നിർബന്ധം നിങ്ങളും കൂടി വേണമെന്ന്..
എനിക്കും ആ ആഗ്രഹം ഉണ്ടെന്ന് കൂട്ടിക്കോ കല്ല്യാണി.. ഞായറാഴ്ച എല്ലാരേയും കൂട്ടി വന്നോളൂ..” ആ സന്തോഷത്തിന് കരിനിഴൽ വീഴ്ത്തി ഇടിത്തീ പോലെ ആ ശബ്ദം.. “ആരാടി അകത്ത്.. ഇറങ്ങി വാടി നായിന്റെ മോളേ..” ആ ശബ്ദം കേട്ടതും കല്യാണി പേടിച്ച് വിറച്ചു പുറത്തേക്ക് ഓടി..ആ രൂപത്തെ കണ്ടതും അവൾ വിറയ്ക്കാൻ തുടങ്ങി.. കുട്ടികൾ പേടിയോടെ സായന്തിനെ മുറുക്കെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.. അവന് കാര്യം മനസ്സിലായില്ല..
ആരാടി അകത്ത്.. ഞാനൊന്ന് മാറി നിന്നപ്പോഴേക്കും പുതിയ പോക്ക് വരവൊക്കെ ആയി അല്ലേടി..” പരുന്ത് വായിലെ മുറുക്കാൻ മുറ്റത്ത് നീട്ടി തുപ്പി ചുണ്ട് തുടച്ച് അയാളുടെ കൊമ്പൻ മീശ പിരിച്ചു.. കല്ല്യാണി ഉള്ളിലെ പേടിയും വിറയലും പുറത്ത് കാണിക്കാതെ ” ആരായാലും നിങ്ങൾക്കെന്താ.. നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട്.. ഇവിടേക്ക് വരരുതെന്ന്” “ഓഹ് അകത്ത് ഒളിച്ചു ഇരിക്കുന്നവന്റെ ബലത്തിലാണോടി നീ ഈ കിടന്ന് പിടയ്ക്കുന്നേ..
ഏതവനാടി അത്.. നിനക്ക് എന്റെ മുന്നിൽ മാത്രമാണല്ലേ ഈ ശീലാവതി ചമയൽ.. കണ്ടവനൊക്കെ വീട്ടിൽ വിളിച്ചു കയറ്റി പായ വിരിക്കാൻ നിനക്കൊരു മടിയും ഇല്ലല്ലേടി..” അയാൾ ചോരകണ്ണ് തുറിപ്പിച്ച് കല്ല്യാണിയേ നോക്കി “നിങ്ങളോട് പോകനല്ലേ പറഞ്ഞേ.. ഇനി ഇവിടെ കിടന്ന് ബഹളം വച്ചാൽ വാക്കാത്തി എടുക്കും ഞാൻ..” അവൾ വീറോടെ പറഞ്ഞു “എങ്കിൽ അതൊന്ന് കാണണല്ലോ.. കിളുന്ത് പെണ്ണല്ലേ.. ഇത്തിരി മയത്തിലൊക്കെ ആസ്വദിക്കാന്ന് വിചാരിച്ചപ്പോൾ അവൾ എന്റെ കണ്ണ് തെറ്റിയ നേരത്ത് കണ്ടവരെ വിളിച്ച് വീട്ടിൽ കയറ്റി സുഖിക്കൽ.. അങ്ങനെ അവൻ മാത്രം നിന്നെ വച്ച് സുഖിക്കണ്ടടി..
വാടി ഇവിടെ ഞാനും നിന്നെയൊന്ന് ശരിക്ക് സുഖിപ്പിച്ചു തരാടി..” പരുന്ത് കല്ല്യാണിയുടെ കയ്യിൽ പിടിച്ച് വലിച്ചതും നെഞ്ചിലൊരു ആഞ്ഞ് ചവിട്ട് കൊണ്ട് അയാൾ മുറ്റത്തേക്ക് തെറിച്ചു വീണു.. അയാളെ ചവിട്ടി കത്തിയെരിയുന്ന കണ്ണുകളാൽ നിൽക്കുന്ന സായന്ത്.. കല്ല്യാണി അടിമുടി വിറച്ചു “ഓഹ്.. വക്കീൽ ഏമാനായിരുന്നോ ഇവൾടെ പുതിയ രഹസ്യക്കാരൻ..” പരുന്ത് നെഞ്ച് തിരുമി എണീറ്റ് വായിലെ മുറുക്കാൻ പുറത്തേക്ക് തുപ്പി
“അതേടാ.. ഞാൻ തന്നെയാ.. നിനക്കെന്താ സംശയം ഉണ്ടോ.. ഈ സായന്തിനെ നിനക്ക് നന്നായി അറിയാലോ സുഗുണാ ഉള്ള തടീം കൊണ്ട് നീ വീട്ടിൽ പോകാൻ നോക്കെടാ..” സായന്ത് വിരൽ ചൂണ്ടി താക്കീതെന്നോണ്ണം പറഞ്ഞു.. കല്ല്യാണി ഇതെല്ലാം കണ്ട് പേടിച്ച് പിള്ളേരേയും ചേർത്ത് പിടിച്ച് വിറയ്ക്കാണ്.. കുട്ടികൾ ഉറക്കെ കരയുന്നുണ്ട്.. “അപ്പോ വെറുതയല്ലാടി ഒരുമ്പട്ടവളേ നിനക്ക് എന്നെ പിടിക്കാത്തെ.. തണ്ടും തടിയും പണക്കൊഴുപ്പും ഉള്ളവനാലോ നിന്റെ സേവക്കാരൻ.. നിന്നെ ഇവൻ മാത്രം അങ്ങനെ തിന്നണ്ട.. വാടി ഇവിടെ..” അയാൾ ഒരിക്കൽ കൂടി കല്ല്യാണി നേരെ ആഞ്ഞതും സായന്ത് അയാളുടെ ചെകിട് അടിച്ച് പുകച്ചു..
എന്നിട്ടും മതിയാകാതെ മുട്ടുക്കാൽ മടക്കി അയാളുടെ നാഭിക്ക് തൊഴിച്ചു.. വേച്ച് വീഴാൻ പോയ പരുന്തിനെ അവൻ താങ്ങി നിർത്തി വലിയൊരു ആക്രോശത്തോടെ ” എന്റെ പെണ്ണിനെ തൊട്ടാൽ ഉണ്ടല്ലോ.. നിന്റെ കൈ ഞാൻ അരിയും കേട്ടോടാ നായേ.. ഈ കല്ല്യാണി ഈ സായന്തിന്റെയാണ്.. ഇനി എന്റെ പെണ്ണിനെ നീ നോക്കിയാൽ നിന്റെ ഈ കഴുകൻ കണ്ണ് ഞാൻ പറിച്ചെടുക്കും.. കേട്ടോടാ ചെറ്റേ…” സായന്ത് അയാളുടെ നെറ്റിയിൽ തന്റെ തലകൊണ്ട് ആഞ്ഞടിച്ചു..
വലിയ നിലവിളിയോടെ പരുന്ത് നിലം പതിച്ചു.. “എണീറ്റ് പോടാ.. വെറുതെ എന്റെ കയ്യിക്ക് പണിയുണ്ടാക്കാതെ..” സായന്ത് ചീറി.. പരുന്ത് വേദനയോടെ ഏന്തി വലിഞ്ഞ് എണീറ്റ് അവരെ ദേഷ്യത്തോടെ നോക്കി വേച്ച് വേച്ച് അവിടുന്ന് പോയി.. കല്ല്യാണി സായന്തിന്റെ വാക്കുകൾ വിശ്വസിക്കാനാകാതെ തറഞ്ഞു നിൽക്കുകയായിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞ് കൺതടങ്ങളെ നിറച്ച് കൊണ്ടിരുന്നു…
സായന്ത് കാർമേഘം മാറി തെളിഞ്ഞ മാനം പോലെ അവൾക്കൊരു ചിരി സമ്മാനിച്ച് കരഞ്ഞ് കൊണ്ടിരുന്ന കുഞ്ഞിനെ എടുത്ത് കവിളിലൊരു ഉമ്മ കൊടുത്തു.. കിട്ടുനേം ചിക്കുനേം ചേർത്ത് പിടിച്ച് ശേഷം കല്ല്യാണിയെ നോക്കി അവൾ അവനെ കണ്ണ് നിറച്ച് നോക്കി കൊണ്ട് നിൽക്കുകയാണ്.. ” കല്ല്യാണി.. ഇങ്ങനെയൊന്നും അല്ല എന്റെ ഇഷ്ടം നിന്നെ അറിയിക്കണമെന്ന് ആഗ്രഹിച്ചിരുന്നത്..
പക്ഷേ പറ്റി പോയി.. ഇഷ്ടമാണ്.. ഒരുപാട് ഇഷ്ടമാണ്.. ഈ നിമിഷം തൊട്ട് നിന്നെ എന്റേത് മാത്രമാക്കിക്കോട്ടേ” അവളുടെ മൊട്ടകണ്ണിലേക്ക് നോക്കി ആ കണ്ണുനീർ തുടച്ച് കൊണ്ട് അവൻ പ്രതീക്ഷയോടെ ചോദിച്ചു.. അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ തീ പടർത്തിയിരുന്നു.. മറുപടിയാനാവാതെ വലിയൊരു തേങ്ങലോടവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.. സായന്ത് ഒരു ചിരിയോടെ അവളെ ഒരു കയ്യാൽ ചേർത്ത് പിടിച്ചു.. കുറച്ച സമയത്തിന് ശേഷം കല്ല്യാണി തന്റ് ഏങ്ങലടികൾ അടക്കി അവനിൽ നിന്നും അടർന്നു മാറി സായന്തിനെ നോക്കാൻ അവൾക്കൊരു മടി..
ഏറ് കണ്ണാൽ അവനെയൊന്ന് പാളി നോക്കി അവൻ നിറ ചിരിയാലേ അവളെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുകയാണ്.. കുഞ്ഞി അവന്റെ കഴുത്തിൽ വിടാതെ ചുറ്റി പിടിച്ച് ഇരിപ്പുണ്ട്.. സായന്ത് കല്ല്യാണിക്ക് അടുത്തേക്ക് നീങ്ങി നിന്ന് ” ഇനി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ മൊട്ടകണ്ണുകൾ നനയരുതത്.. ഞാനുണ്ട് കല്ല്യാണി നിനക്ക്.. ” പിള്ളേരെ അവൻ ചേർത്ത് പിടിച്ച് ” എന്ത് എങ്ങനെയൊന്നൊന്നും ഞാൻ ചോദിക്കുന്നില്ല.. ഇനി നിന്റെ ഈ ഉത്തരവാദിത്വം ഇനി എന്റേത് കൂടിയാണ്..”
സായന്ത് കുഞ്ഞിയെ അവളുടെ കയ്യിൽ ഏൽപ്പിച്ചു.. തനിക്ക് ചുറ്റും നടക്കുന്നത് മനസ്സിലാക്കാൻ സാധിക്കാതെ കല്ല്യാണി കണ്ണ് മിഴിക്കാണ്.. അതുക്കണ്ട് സായന്ത് തലയാട്ടി ചിരിച്ച് തന്റെ കാറിന്റെ ഡോർ തുറന്ന് അതിൽ നിന്ന് കുറച്ച് കവറുകൾ എടുത്ത് കിട്ടുനും ചിക്കുനും കുഞ്ഞീക്കും കൊടുത്തു.. അവരത് സന്തോഷം കൊണ്ട് വിരിഞ്ഞ കുഞ്ഞി കണ്ണുകളോടെ വാങ്ങി തുറന്നു നോക്കുന്നുണ്ട്.. തന്റെ കയ്യിൽ അവശേഷിച്ച അവസാന കവർ കല്ല്യാണിയുടെ കയ്യിൽ ഏൽപ്പിച്ച് “
എന്റെ ഇഷ്ടത്തിന് എടുത്തതാണ്.. ഇത് ഉടുത്ത് വേണം എന്റെ പെണ്ണ് പിറന്നാളാഘോഷത്തിന് വരാൻ.. എന്റെ ആഗ്രഹമാണ് സാധിച്ചു തരണം” എന്റെ പെണ്ണ് എന്റെ പെണ്ണെന്നുള്ള സായന്തിന്റെ വിളി കല്ല്യാണിയുടെ ഉള്ളിൽ ഒരു കുളിർ മഴ പെയ്യ്തിറക്കി.. സമ്മതമെന്നോണം കല്ല്യാണി അവനെ നോക്കി തലയാട്ടി.. സായന്ത് അവളോടും കുട്ടികളോടും യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി.. കല്ല്യാണി അവൻ നൽകിയ കവർ ഒരു നിധി പോലെ തന്റെ മാറോടു ചേർത്ത് പിടിച്ചു ….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]