Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 33

[ad_1]

രചന: റിൻസി പ്രിൻസ്‌

ഇഷ്ടമാണെന്ന് പറഞ്ഞു വീണ്ടും പിന്നാലെ പോകാതെ തന്നെ തിരസ്കരിച്ചത് പോലെ തന്നെ മധുരമായ ആളെയും താൻ തിരസ്കരിക്കുകയായിരുന്നു ആ നിമിഷങ്ങളിൽ ഒക്കെ ചെയ്തത്.  ആളോടുള്ള സ്നേഹം ഒരു കുന്നോളം ഉള്ളിലുണ്ട്. പക്ഷേ തന്റെ സ്നേഹം തിരിച്ചറിഞ്ഞിട്ടും ആൾ തന്നെ അവഗണിച്ചതൊക്കെ ഓർക്കുമ്പോൾ ഒരുതരം വാശിയാണ്…

അന്ന് തിരികെ വീട്ടിലെത്തിയപ്പോൾ ഒരു വല്ലാത്ത ആത്മവിശ്വാസം തോന്നിയിരുന്നു, തനിക്ക് തന്നോട് തന്നെ വല്ലാത്ത മതിപ്പ് തോന്നിയ ദിവസമായിരുന്നു അത്.. ആളെ മറക്കാൻ അത്ര പെട്ടെന്നൊന്നും സാധിക്കില്ലന്ന് മനസ്സിലാക്കി,  സത്യമാണ് എന്നാൽ അരികിൽ വരുമ്പോൾ ഒരു അകലം പാലിക്കാൻ തനിക്ക് കഴിയണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നു. ഇപ്പോൾ താൻ നന്നായി അതിൽ വിജയിച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി..  ഇങ്ങനെ തന്നെ മുന്നോട്ടു പോയാൽ മതി,  തന്റെ സ്നേഹം കൊണ്ട് ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാവേണ്ട …

അന്ന് രാത്രിയിൽ വീട്ടിൽ വന്ന് ലാപ്ടോപ്പ് ഓണാക്കിയപ്പോൾ സാമിന്റെ മനസ്സിൽ മുഴുവൻ ശ്വേതയുടെ മുഖമായിരുന്നു…  അവഗണന തന്റെ ഹൃദയത്തിൽ എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടാക്കിയത് അവൻ മനസ്സിലാക്കി, കമ്പ്യൂട്ടർ പഠിച്ചു കഴിഞ്ഞ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു പടം വരച്ചതിനു ശേഷം അത് സേവ് ചെയ്ത് തന്റെ മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യണം എന്നുള്ള ഒരു പ്രോജക്ട് കൂടി എല്ലാവർക്കും നൽകിയിരുന്നു… എല്ലാ കുട്ടികളും കൃത്യമായി അത് ചെയ്തിട്ടുണ്ട്,  മെയിൽ ബോക്സ് തുറന്നപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് ശ്വേതയുടെ മുഖമാണ്..  അതുകൊണ്ടു തന്നെ സ്ക്രോൾ ചെയ്ത് അവൾ അയച്ചു തന്ന ചിത്രമാണ് ആദ്യം ഓപ്പൺ ചെയ്തത്,  ആ ചിത്രം കണ്ടതും അവന്റെ മനസ്സിൽ വീണ്ടും എന്തൊക്കെയോ അസ്വസ്ഥതകൾ നിറയാൻ തുടങ്ങി. പുറം തിരിഞ്ഞു നിൽക്കുന്ന സാരിയുടുത്ത ഒരു പെൺകുട്ടി,  അവളുടെ മുഖം വ്യക്തമല്ല, പക്ഷേ അവൾ ആർക്കോ കൈ നീട്ടി കൊടുക്കുന്നുണ്ട്,  പുറകിലൂടെ അവളുടെ കയ്യിൽ ആരോ ശക്തമായി പിടിച്ചിട്ടുണ്ട്.. എന്താണ് ഈ ചിത്രത്തിന്റെ അർത്ഥം എന്ന് അവൻ വീണ്ടും ആലോചിച്ചു..  ആ മനസ്സിൽ ഇപ്പഴും താൻ ഉണ്ടെന്നാണോ..? എന്നാൽ തന്നെ അവൾ ഇതിനോടകം മറന്നു എന്ന് അവളുടെ പ്രവർത്തികളിലൂടെ തനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്,  ഇത് ഇങ്ങനെ തന്നെ മുന്നോട്ട് പോകുന്നതാണ് നല്ലത് എന്ന് അവന് തോന്നി..  കൗമാരപ്രായമായതുകൊണ്ടു തന്നെ അവളുടെ മനസ്സിൽ നാമ്പിട്ട ഇഷ്ടം അവളിൽ നിന്നും അകന്നു തുടങ്ങാൻ ഒരുപാട് സമയമെടുക്കുമെന്നാണ് അവൻ പ്രതീക്ഷിച്ചത്..   അത് അവളുടെ ഭാവിയെ പോലും ബാധിച്ചേക്കാം,  അങ്ങനെയൊരു സാഹചര്യം ഉണ്ടാകരുത് എന്ന് ആത്മാർത്ഥമായി താൻ ആഗ്രഹിച്ചതാണ്. ഇന്ന് അവളുടെ അവഗണന ചെറുതായെങ്കിലും തന്റെ മനസ്സിനെ തളർത്തി,   പക്ഷേ അതുതന്നെയാണ് അവൾക്കും തനിക്കും നല്ലത് എന്ന് മനസ്സിലാക്കാൻ അവളുടെ ആ പ്രവർത്തി ഉപകാരപ്പെട്ടു.  തന്നെ വെറുതെ പോലും മനസ്സിൽ ഓർമിക്കരുത് എന്ന് പറയാനായിരുന്നു അവൾകരികിലേക്ക് ചെന്നത്.  അറിഞ്ഞോ അറിയാതെയോ റിയ ചെയ്തുപോയ തെറ്റുകൾക്ക് കൂടി മാപ്പ് ചോദിക്കാനും ഇനിയും തന്റെ പേരിൽ വേദനിക്കരുത് എന്ന് പറയുവാനുമായി തന്നെ ചെന്നതാണ്, പക്ഷേ തന്റെ വാക്കുകൾ കേൾക്കാൻ പോലും നിൽക്കാതെ തന്നിൽ നിന്നും അകന്ന അവൾ തനിക്കും ഒരു അത്ഭുതമാണ് നൽകിയത്..  റിയ ഹൈദരാബാദിലേക്ക് നഴ്സിംഗ് പഠിക്കാൻ പോവുകയാണ്, എങ്ങനെയെങ്കിലും അടുത്തമാസം അവിടെ തന്നെ ഒരു ജോലി ശരിയാക്കണം  എന്നാണ് വിചാരിക്കുന്നത്. അത് കഴിഞ്ഞ് അവളുടെ പഠിത്തം കൂടി കഴിയുന്ന സമയത്ത് വീട്ടിൽ പറഞ്ഞു വിവാഹം നടത്തണം,  ഭാവിയെ കുറിച്ച് ചിന്തിച്ച് അവൻ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു..

നല്ല മാർക്ക് ഉള്ളതുകൊണ്ട് തന്നെ ട്രയൽ അലോട്ട്മെന്റിൽ തന്നെ ശ്വേതയ്ക്ക് പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടിയിരുന്നു..  കൊമേഴ്സ് എടുക്കാൻ ആയിരുന്നു അവൾക്ക് താൽപര്യമെങ്കിലും എല്ലാവരുടെയും നിർബന്ധം കാരണം ബയോളജി ആണ് എടുത്തത്. അമ്മ ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നൊക്കെ എല്ലാവരും പറഞ്ഞത് ബയോളജി എടുക്കാനാണ്. അമ്മയോട് കൊമേഴ്സ് ആണ് താല്പര്യം എന്ന് പറഞ്ഞപ്പോൾ അമ്മ പാതി സമ്മതത്തിൽ നിന്നു,  ഇക്കാര്യങ്ങളെ കുറിച്ചൊന്നും വലിയ അറിവില്ലാത്തതുകൊണ്ട് എല്ലാവരും പറയുന്നല്ലോ ബയോളജി ആണ് നല്ലത് എന്ന് ചോദിച്ചപ്പോൾ പിന്നെ എതിർക്കാൻ തോന്നിയില്ല.  അതുകൊണ്ടു തന്നെയാണ് ബയോളജി എടുത്തത്..  ഒരു ഗവൺമെന്റ് സ്കൂളിലായിരുന്നു അഡ്മിഷൻ കിട്ടിയിരുന്നത്,  ഇതുവരെ പോയത് പോലെയല്ല ഇനി ബസ്സിൽ കയറി വേണം സ്കൂളിൽ പോകാൻ.  വീടിനടുത്ത് നിന്നും കുറച്ച് അകലെയാണ്,  ഒരു ഗേൾസ് സ്കൂളിൽ പഠിച്ചിട്ട് പെട്ടെന്ന് ബോയ്സ് സ്കൂളിലേക്ക് ചെന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ ആദ്യത്തെ ദിവസം ശ്വേത അനുഭവിച്ചിരുന്നു..  ഒരുമാസത്തോളം ആ ഒരു രീതിയുമായി പൊരുത്തപ്പെട്ട് പോകാൻ പോലും അവൾക്ക് സാധിച്ചില്ല എന്നതായിരുന്നു സത്യം. ആൺകുട്ടികൾ എന്തെങ്കിലും പറഞ്ഞ് ചിരിച്ചാൽ അത് തന്നെയാണോന്നുള്ള ഒരു ഭയം, പിരീഡ്സ് ആയിരിക്കുന്ന ദിവസം ക്ലാസ്സിൽ ചെന്നാൽ ഒരു 100 തവണ തിരിഞ്ഞു നോക്കും ഡ്രസ്സിൽ എവിടെയെങ്കിലും അതിന്റെ കറ ആയിട്ടുണ്ടോന്ന്,  ഇങ്ങനെയൊക്കെയുള്ള പലതരത്തിലുള്ള ഭയങ്ങൾ മനസ്സിൽ നിറഞ്ഞു.. ഇതിനിടയിൽ രണ്ടുമൂന്നുപേർ പ്രണയാഭ്യർത്ധന നടത്തി.  അതിനൊക്കെ നോ പറഞ്ഞെങ്കിലും ആൺകുട്ടികളുടെ അരികിൽ നിന്ന് സംസാരിക്കുമ്പോൾ എന്തോ ഒരു വെപ്രാളം ആണ്.  ഇതുവരെ ആൺകുട്ടികളുമായി കൂട്ടുകൂടിയിട്ടില്ല,  അതുകൊണ്ടായിരിക്കാം.  വെപ്രാളം ഒക്കെ ഒന്ന് തീർന്നു കിട്ടാൻ ഏകദേശം ആറേഴുമാസമായി.. ദീപ താൻ പഠിക്കുന്ന സ്കൂളിൽ തന്നെയാണ്.  അവൾ എടുത്തിരിക്കുന്നത് ഹ്യൂമാനിറ്റീസ് ആണ്..  പഠിക്കാൻ പൊതുവെ അല്പം ബുദ്ധി കുറവുള്ളത് കൊണ്ട് തന്നെ അത് എടുത്താലേ ജയിക്കുവെന്ന് പറഞ്ഞാണ് അവൾ അത് തിരഞ്ഞെടുത്തത്…  തന്നെക്കാൾ വല്ലാത്ത അവസ്ഥയിലാണ് അവൾ ഏറ്റവും കൂടുതൽ ആൺകുട്ടികൾ അവളുടെ ക്ലാസിലാണ്. എന്നാൽ ആറേഴു മാസം കൊണ്ട് എല്ലാവരുമായി അല്പം സൗഹൃദം  വന്നിരുന്നു. ആ സൗഹൃദം മനസ്സിലാക്കി തുടങ്ങിയപ്പോഴാണ് കൂട്ടുകൂടാൻ പെൺകുട്ടികളെക്കാൾ നല്ലത് ആൺകുട്ടികളാണ് എന്ന സത്യം മനസ്സിലാക്കിയെടുത്തത്.  പെൺകുട്ടികളെ പോലെയുള്ള അസൂയയോ കുശുമ്പോ ഒന്നും തന്നെ ആൺകുട്ടികൾക്ക് ഇല്ല.  ഇതിനിടയിൽ റിയ ഹൈദരാബാദിലേക്ക് നഴ്സിംഗ് പഠിക്കാൻ പോയത് അനീറ്റ പറഞ്ഞ് അറിഞ്ഞിരുന്നു. അവൾ വേറൊരു സ്കൂളിലാണ് പഠിക്കുന്നത്..  പള്ളിയിൽ വച്ച് മാത്രമാണ് ഇപ്പോൾ കാണാറുള്ളത്..  മഞ്ജിമയുടെ ഒന്നും വിവരം പോലും ഇല്ല.  ആളെയും ഇപ്പോൾ പള്ളിയിൽ കാണാറില്ല,  എവിടെയോ ജോലിക്ക് പോയി എന്ന് മാത്രം അറിയാം..  ഡൽഹിയിലാണ് ജോലിയെന്ന് അനീറ്റ പറഞ്ഞു…

ഒരു കണക്കിന് അത് വലിയ സന്തോഷമായിരുന്നു നൽകിയത്..   എന്നും കാണണ്ടല്ലോ കാണുമ്പോഴാണ് ഓർമ്മകൾ ഇരച്ച് ഉള്ളിലേക്ക് എത്തുന്നത്. എങ്കിലും ആളെ ഓർക്കാത്ത ഒരു ദിവസം പോലും തന്നിൽ കടന്നു പോയിട്ടില്ല എന്നതാണ് സത്യം.  ഉറങ്ങുന്നതിനു മുൻപ് എന്നും ആളെ കുറിച്ച് ഓർക്കും..  ആളെ ഓർത്താണ് ഉറങ്ങുന്നത് പോലും..  എത്ര വിചിത്രമാണ് ഈ ലോകം നമ്മൾ ഒരാളെ ഓർത്ത് ഉറങ്ങുന്നു,  അയാൾ ചിലപ്പോൾ സ്വപ്നത്തിൽ പോലും നമ്മളെ ഓർക്കില്ല. എന്നെങ്കിലും നിന്റെ സ്വപ്നത്തിൽ ഞാൻ തെളിയുമോ..?  ആ ചോദ്യം എല്ലാ ദിവസവും അവളിൽ നിറഞ്ഞുനിൽക്കും……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button