Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 41

[ad_1]

രചന: റിൻസി പ്രിൻസ്‌

ആളുടെ മുഖത്ത് ഒരു നിരാശയുണ്ട്,  കാരണം ഇതായിരിക്കും.  ഇപ്പോഴാ ഉള്ളം ചേച്ചിയെ ഓർത്ത് വേദനിക്കുകയായിരിക്കില്ലേ ആ ചിന്ത പോലും എന്നെ വേദനയിലാഴ്ത്തി. വെറുതെയല്ല താടിയൊക്കെ വെച്ച് നിരാശ കാമുകന്റെ ലുക്കിൽ നടന്നത്,  ഫോൺ വിളിച്ചു കഴിഞ്ഞു  ആരെയോ കാത്ത് നിൽക്കുന്ന ആളുടെ അരികിലേക്ക് പോകാൻ കാലുകൾ  തിടുക്കം കാണിച്ചു..

എന്നാൽ അരികിലേക്ക് പയാൻ വെമ്പൽ കൊണ്ട കാലുകളെ അവൾ മനോധൈര്യം കൊണ്ട് തിരികെ എടുത്തു. പാടില്ല ഇപ്പോൾ താനവന് അരികിലേക്ക് പോയാൽ അവനോട് സംസാരിക്കാൻ ശ്രമിച്ചാൽ വീണ്ടും  അവൻ തന്നെ തെറ്റിദ്ധരിക്കും,  റിയയുടെ സ്ഥാനമാപഹരിക്കാൻ ആ തക്കത്തിന് താൻ എത്തിയതാണെന്ന് അവൻ വിചാരിക്കുകയുള്ളൂ.. വെറുതെ അങ്ങനെയൊരു ചിന്തയ്ക്ക് വഴി വയ്ക്കേണ്ടന്ന് അവൾക്ക് തോന്നി. മാത്രമല്ല സർവ്വവും തകർന്നു നിൽക്കുന്ന ഒരാളെ തകർച്ചയുടെ ആഴം ഓർമ്മിപ്പിക്കാൻ എന്നതുപോലെ താൻ അരികിലേക്ക് ചെല്ലുന്നതും ശരിയല്ലെന്ന് അവൾക്ക് തോന്നി..! അതുകൊണ്ട് തന്നെ അവൾ തിരിഞ്ഞിരുന്നു,

വീട്ടിലേക്ക് എത്തിയിട്ടും മനസ്സിന് എന്തോ ഒരു ഉന്മേഷക്കുറവ് പോലെ.. മനസ്സിൽ മുഴുവൻ അവന്റെ മുഖമാണ്, സത്യത്തിൽ സന്തോഷിക്കേണ്ട നിമിഷമാണിത്. റിയ അവന്റെ ജീവിതത്തിൽ നിന്നും അകന്നു പോയി എങ്കിൽ അത് തനിക്ക് ഏറ്റവും സന്തോഷം നിറയ്ക്കേണ്ട നിമിഷമാണ്.  എന്നാൽ മനസ്സറിഞ്ഞ് തനിക്ക് സന്തോഷിക്കാൻ സാധിക്കുന്നില്ല…  തന്റെ മനസ്സിൽ ഇപ്പോഴും വേദനയായി നിൽക്കുന്നത് അവന്റെ വേദന നിറഞ്ഞ മുഖമാണ്…

താനാ ഒരുവന്റെ വേദനയാൽ കെട്ടപെട്ടിരിക്കുകയാണ്  ഈ നിമിഷം അവൻ എത്രത്തോളം വേദനിക്കുന്നുണ്ടാവും. റിയയുടെ അഭാവം അവനെ പാടെ തകർത്തു കളഞ്ഞിട്ടുണ്ടാവില്ലെ…? അതുകൊണ്ടല്ലേ ആ മുഖത്ത് വിഷാദം പടർന്നിരിക്കുന്നത്..? ഇപ്പോഴാ  മനസ്സ് എത്രത്തോളം ഉരുകുക ആയിരിക്കും. അവന്റെ വേദനയുടെ ആഴമായിരുന്നു അവളുടെ ഉള്ളിൽ നിറയെ…  

ഒരു നിമിഷം പോയി അവനുവേണ്ടി റിയയോടെ സംസാരിച്ചാലോ എന്ന് പോലും അവൾ ചിന്തിച്ചിരുന്നു..  അത്രത്തോളം അവന്റെ വേദന അവളെ കൊല്ലാതെ കൊല്ലുന്നുണ്ടായിരുന്നു. എത്ര വിചിത്രമായാണ് താൻ ചിന്തിക്കുന്നത് എന്ന് പോലും അവൾ ഓർത്തു.. ജീവനുതുല്യം സ്നേഹിക്കുന്നവനാണ്. അവൻ സ്നേഹിച്ചവർ അവനെ ഉപേക്ഷിച്ചു എന്നറിഞ്ഞ നിമിഷം അവനു വേണ്ടി അവളോട് സംസാരിക്കാൻ പോലും തന്റെ മനസ്സ് തീരുമാനിക്കുന്നുവെങ്കിൽ അവൻ തനിക്ക് എത്ര പ്രിയപ്പെട്ടവനാണ്. 

 എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ മറ്റൊരാളെ സ്നേഹിക്കാൻ കഴിയുന്നത്.?  അവളുടെ പ്രവർത്തിയിൽ അവൾക്ക് തന്നെ അമ്പരപ്പ് തോന്നിയിരുന്നു.  ചില പ്രണയങ്ങൾ അങ്ങനെയാണ് അറിയേണ്ടവർ അറിഞ്ഞില്ലെങ്കിൽ പോലും അത് ആഴത്തിൽ നമ്മുടെ മനസ്സിൽ വേരുന്നി നിൽക്കും. ഒരാളുടെ വേദനയിൽ അയാളോളം വേദന നമുക്കും തോന്നുന്നുണ്ടെങ്കിൽ അതാണ് യഥാർത്ഥ സ്നേഹം…! 

പിറ്റേന്നാണ് അനാമികയുടെ കല്യാണത്തിന് പോകേണ്ടത്, ജനിചേച്ചി തലേന്ന് വിളിച്ച് എങ്ങനെയാണ് ചെല്ലുന്നത് എന്നൊക്കെ ചോദിച്ചിരുന്നു..  അതിനു വേണ്ടി ചെറിയൊരു ഷോപ്പിംഗ് നടത്താനായി വൈകുന്നേരം ടൗണിലേക്ക് പോയിരുന്നു… ഹാൻഡ്‌വർക്കുള്ള ഒരു ഷിഫോൺ സാരിയും കോൺട്രാസ്‌റ്റ്  ബ്ലൗസും ആണ് പരിപാടിക്ക് ഇടാൻ വേണ്ടി വാങ്ങിയിരുന്നത്. വൈകുന്നേരം തന്നെ യാത്ര തിരിക്കാനാണ് തീരുമാനിച്ചത്…..

കോട്ടയത്ത് നിന്നും ജനി ചേച്ചി കൂടി കയറും എന്നതിനാൽ ട്രെയിനിൽ തന്നെ പോകാൻ തീരുമാനിച്ചു…  അമ്മയോടും വല്യമ്മച്ചിയോടും സച്ചു യാത്ര പറഞ്ഞു വൈകുന്നേരം തന്നെ ഇറങ്ങിയിരുന്നു. ട്രെയിനിൽ വച്ച് ജനിച്ചേച്ചിയെ കണ്ടപ്പോൾ വീണ്ടും ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു ചേച്ചിക്ക് പറയാനും കേൾക്കാനും… പാലക്കാട് എത്തിയപ്പോൾ നന്നേ താമസിച്ചിരുന്നു, ഞങ്ങളെ കൂട്ടാനായി എത്തിയത് അനാമികയുടെ ബന്ധത്തിലുള്ള ഒരു കസിനായിരുന്നു.  

ഞങ്ങളെ കണ്ടതും അത്രയും ആൾ തിരക്കിനിടയിലും അവൾ ചാടിവരും…  ഒരുപാട് വിശേഷങ്ങളും സ്ഥലങ്ങളും ഒക്കെ ഞങ്ങളെ കാണിച്ചു തരാനായിരുന്നു അവൾക്ക് തിരക്ക്,  നന്നേ വൈകിയത് കൊണ്ട് ഭക്ഷണം ഒക്കെ കഴിച്ച് കിടന്നുറങ്ങിയാൽ മതി എന്നായിരുന്നു ഞങ്ങൾക്ക്,  പിറ്റേന്ന് രാവിലെ ഇറങ്ങിയതും അവളെല്ലാവരെയും ഞങ്ങളെ പരിചയപ്പെടുത്തി.  ഒറ്റയ്ക്ക് ഒരു കല്യാണം നടത്തുന്നതിന് ബുദ്ധിമുട്ടൊക്കെ തന്നെ അവൾക്ക് ഉണ്ടായിരുന്നു..  

വിവാഹവും കൂടി അവളെയും ചെറുക്കനെയും  കണ്ടു അവൾക്ക് സമ്മാനം ആയി ഒരു വളയും കൊടുത്തതിനു ശേഷം ആണ് വീണ്ടും തിരികെ ട്രെയിൻ കയറിയത്…  അപ്പോഴേക്കും ലീവ് ഏകദേശം തീരാറായി എന്ന് ബോധവും ഉണ്ടായിരുന്നു, നാട്ടിൽ വന്നതിനുശേഷം പിന്നീട് മടങ്ങിപ്പാൻ ഒരു മടിയാണ്.

സംഗീതയുടെ കല്യാണം കൂടി കഴിഞ്ഞാൽ ഒരു ദിവസത്തെ ഇടവേള മാത്രമാണ് ഉള്ളത്. സംഗീതയുടെ കല്യാണത്തിന്  പോകാൻ ഒരു പ്രത്യേക ഉത്സാഹം ആയിരുന്നു. കൂടെ പഠിച്ചവരെ എല്ലാം ഒന്നുകൂടി കാണാനുള്ള ഒരു അവസരമാണിത്. കല്യാണത്തിനായി എത്തിയപ്പോൾ അത്യാവശ്യം എല്ലാവരും ഉണ്ട് ഏറ്റവും സന്തോഷം തോന്നിയത്. മഞ്ജിമയെ കണ്ടപ്പോഴാണ്..  അവളുടെ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.

മൂന്നാല് പ്രേമവുമായി നടന്നവൾക്ക് അറേഞ്ച് മാര്യേജ് ആണ് നടന്നത് എന്ന് അറിഞ്ഞപ്പോൾ ഒന്ന് ഞെട്ടിപ്പോയിരുന്നു.  ഇപ്പോൾ  കെട്ടിയോന്റെ വിശേഷങ്ങൾ മാത്രമാണ് അവൾക്ക് പറയാനുള്ളത്. കുറെ സമയം സംസാരിച്ച് നമ്പരും വാങ്ങിയാണ് പോയത്. ഇനിയിപ്പോൾ ഇടയ്ക്ക് വിളിക്കാം എന്ന് പറഞ്ഞു. ഇനി നിന്റെ കല്യാണത്തിനാണ് എല്ലാവരും കൂടി വരുന്നത് എന്ന് തമാശയായി അവള് പറഞ്ഞപ്പോൾ ഒരു നിമിഷം ആളെ ഓർത്തു പോയിരുന്നു.,  

അനീറ്റ ഡൽഹിയിൽ നേഴ്സ് ആണ്.. അവൾക്ക് വരാൻ പറ്റിയില്ല ആകെ കുറച്ചുപേരെ മാത്രമേ കാണാൻ പറ്റുള്ളൂ എങ്കിലും അതൊരു സന്തോഷമാണ്. ഇവിടെ വരുമ്പോൾ താൻ വീണ്ടും കുട്ടിയാകും, മറ്റ് വിഷമങ്ങൾ ഒന്നും തന്നെ അലട്ടുകയും ഇല്ല. തിരികെ പോകാനായി ബാഗ് പാക്ക് ചെയ്തപ്പോൾ തന്നെ വീണ്ടും അമ്മയുടെ മുഖത്ത് ദുഃഖം വീണിരുന്നു. അത് പിന്നെ പതിവാണ് എന്നതുകൊണ്ട് ചിരിച്ചുതള്ളി.

ഗൾഫിൽ പോകുന്നത് പോലെ ഒരു മാസത്തേക്കുള്ള അച്ചാർ ചമ്മന്തി പൊടിയും അവലോസുപൊടിയും എണ്ണയും എല്ലാം കൊണ്ടുവന്ന്  വച്ചിട്ടുണ്ട്,  ഇതെല്ലാം കൊണ്ട് പോകുന്ന കാര്യമാണ് പാട്.. വേണ്ടെന്ന് പറഞ്ഞാൽ പിന്നെ അതുമതി ഒരു ദിവസത്തേക്ക് പിണക്കത്തിന്,  അതുകൊണ്ട് ഒന്നും പറഞ്ഞില്ല. ഇതൊന്നും അവിടെ കിട്ടാത്തതല്ല എന്ന് പറഞ്ഞാലും മനസ്സിലാക്കില്ല,  

എങ്കിലും അവിടെ ചെന്ന് കുറച്ചു ചോറ് കഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ കൊണ്ടുപോകുന്ന ഒരു അച്ചാറും ചമ്മന്തി പൊടിയും ഉണ്ടെങ്കിൽ അത് പിന്നെ സ്വർഗ്ഗമാണ്. ജോലി കഴിഞ്ഞ് ക്ഷീണിച്ചു വന്നു കിടക്കുന്ന ദിവസങ്ങളിൽ ഒക്കെ പലപ്പോഴും സഹായമായിട്ടുള്ളത് ഇത്തരം സ്നേഹപ്പൊതികൾ തന്നെയാണ്. തിരികെ പോകും മുൻപ് കൃത്യമായി അമ്മച്ചി കല്യാണത്തിന്റെ കാര്യം ഓർമിപ്പിച്ചു, ആരോടൊക്കെയോ പറഞ്ഞിട്ടുണ്ടന്നും ഇനി വച്ച താമസിപ്പിക്കാൻ പറ്റില്ല എന്നും അമ്മച്ചി കട്ടായം പറഞ്ഞപ്പോൾ അറിയാതെ ആളുടെ മുഖമാണ് മനസ്സിലേക്ക് തെളിഞ്ഞു വന്നത്…

ചില സിനിമയിലൊക്കെ കാണുന്നതുപോലെ കൃത്യമായി ബ്രോക്കർ ആളുടെ  ആലോചന തന്നെ കൊണ്ടുവരികയായിരുന്നുവെങ്കിൽ അത് സമ്മതിക്കാമായിരുന്നു എന്ന് മനസ്സിൽ തോന്നി…  ആ നിമിഷം തന്നെ ആ ചിന്ത എത്ര ബാലിശമാണെന്ന് കരുതി,  ഒരിക്കൽ തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞവനാണ് അവന്റെ മനസ്സിൽ ഇപ്പോഴും താൻ ഉണ്ടാകാനുള്ള സാധ്യത ഒട്ടുമില്ല.  ഓരോരുത്തരുടെയും സങ്കല്പങ്ങൾ ഓരോന്നാണല്ലോ ഒരുപക്ഷേ ആ മനസ്സിലെ സങ്കല്പങ്ങൾക്ക് ചേർന്ന രൂപം തന്റെ ആവില്ല

ഒരിക്കലും സാധ്യമാവില്ലന്നറിഞ്ഞിട്ടും അവനെ അന്ധമായി സ്നേഹിക്കുന്നത് താൻ മാത്രമാണ്,  താൻ ചെയ്യുന്ന ഒരു വിഡ്ഢിത്തരം ആണെന്ന് അറിയാം.  പക്ഷേ ഈ വ്യക്തിയോട് തനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട് അതുകൊണ്ട് ഇത് മുൻപോട്ട് കൊണ്ടുപോകുന്നു എന്ന് മാത്രം. എത്രകാലം വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞു അമ്മച്ചിയുടെ അരികിൽ പിടിച്ചു നിൽക്കാൻ സാധിക്കുമെന്ന് അറിയില്ല.

ഒന്നും മിണ്ടാതെ യാത്ര പോകാനായി തയ്യാറെടുത്തിരുന്നു. ട്രെയിനുള്ള ടിക്കറ്റുകൾ ഒന്നും തന്നെ കിട്ടാത്തതു കൊണ്ട് ബസ്സിന് പോകാനാണ് ബുക്ക് ചെയ്തത്. ബസ് ടിക്കറ്റ് ഒരുപാട് ബുദ്ധിമുട്ടി തന്നെയാണ് കിട്ടിയത്.  സീറ്റ് നമ്പറും കാര്യങ്ങളും ഒക്കെ ഉണ്ട്. കൊണ്ടുവിടാൻ വന്നത് സച്ചു ആയിരുന്നു,  പോകുന്ന സമയത്ത് വല്ല്യമ്മച്ചിയുടെയും അമ്മയുടെയും കണ്ണ് ഒരേപോലെ നിറഞ്ഞു.  രണ്ടുപേരെയും കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്തു,

അവരുടെ മുൻപിൽ വിഷമങ്ങൾ ഒന്നും കാണിക്കാതെയാണ് താനും യാത്ര തിരിച്ചത്.  പോകും മുൻപ് ദീപയുടെ വീട്ടിലും ഒന്ന് കയറി, ഇല്ലെങ്കിൽ അവൾക്ക് അത് മതി. അക്കൂട്ടത്തിൽ റിയ ചേച്ചിയുടെ കാര്യവും അവളോട് പറഞ്ഞു.  അത് കേട്ടപ്പോൾ അവൾ വീണ്ടും തന്നെ നോക്കുകയാണ്, കാലം എത്ര കഴിഞ്ഞിട്ടും നിനക്ക് ഒരു മാറ്റവും വന്നില്ലേ എന്ന് അവൾ ചോദിച്ചപ്പോൾ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. അവളോട് യാത്ര പറഞ്ഞു.  സച്ചുവിന് ഒപ്പം ബസ് സ്റ്റാൻഡിലേക്ക് കയറിയപ്പോൾ അവന്റെ കയ്യിൽ കുറച്ചു കാശ് വെച്ച് കൊടുത്തു.

ചേച്ചി പോകുന്നത് സത്യത്തിൽ ഏറ്റവും വിഷമം അവനു തന്നെയാണ്. ചേച്ചി അല്ല അവന് താനൊരു അമ്മ തന്നെയാണ്. പരിസരം പോലും നോക്കാതെ അവൻ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ഒരു നിമിഷം അത്രയും നേരം പിടിച്ചുവെച്ച് കണ്ണുനീര് തനിക്കും വന്നു പോയിരുന്നു. ഒത്തിരി ദൂരേക്കൊന്നും അല്ലല്ലോ പോകുന്നത് വലിയ പിള്ളാര് ഇങ്ങനെ കരയാൻ പാടുണ്ടോ എന്നൊക്കെ ചോദിച്ചു അവനെ കളിയാക്കി ബസ്സിലേക്ക് കയറി.

നോക്കിയപ്പോൾ എല്ലാ സീറ്റും ഫുള്ളാണ്. അവസാനം മൊബൈലിൽ നോക്കി തന്റെ സീറ്റ് നമ്പർ കണ്ടുപിടിച്ചു. ബാഗ് മുകളിലേക്ക് വച്ച് സീറ്റിൽ ഇരുന്ന് കഴിഞ്ഞപ്പോഴാണ് ഇപ്പുറം തിരിക്കുന്ന ആളെ ഒന്ന് നോക്കാൻ മനസ്സ് പറഞ്ഞത്,  എന്തോ ഒരു പ്രത്യേകത തോന്നിയത് കൊണ്ടാണ് ഇപ്പുറത്തിരുന്ന ആളെ നോക്കിയത്.  ആ നിമിഷം തന്നെ സ്തംഭിച്ചു പോയിരുന്നു. ശരീരം തണുത്ത് പോകുന്നതു പോലെയും വിറയൽ കയറുന്നത് പോലെയും ഒക്കെ തോന്നി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button