Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 43

[ad_1]

രചന: റിൻസി പ്രിൻസ്‌

അങ്ങനെ അവൾ ബാഗും എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി അവൻ അപ്പോൾ തട്ടുകടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. ദോശയും ചമ്മന്തിയും ആണ് അവൾ വാങ്ങിയത്,   ഏതൊക്കെയോ സ്വപ്നങ്ങളിൽ എപ്പോഴൊക്കെയോ  ആഗ്രഹിച്ചിട്ടുള്ള നിമിഷങ്ങളാണ് ഇത്. ഉള്ളിൽ ഒരു  സന്തോഷം അവളിലും നിറഞ്ഞു നിന്നു

ദോശയും സാമ്പാറും ആയിരുന്നു അവൾ കഴിച്ചിരുന്നത്..  ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ നല്ല മസാല ചായയുടെ ഗന്ധം നാസികയെ കൊതി പിടിപ്പിച്ചപ്പോൾ ഒരു മസാല ചായ കൂടി ഓർഡർ ചെയ്തു. ഭക്ഷണമെല്ലാം കഴിഞ്ഞ് തിരികെ ബസ്സിലേക്ക് കയറിയപ്പോൾ ആൾ അവിടെ നേരത്തെ സ്ഥാനം പിടിച്ചിട്ടുണ്ട്..  തന്നെ കണ്ടതും തനിക്ക് കയറുവാൻ ആയുള്ള സൗകര്യം ഒരുക്കി തന്നു.

” ബാംഗ്ലൂരിലെത്താൻ നാളെ രാവിലെ ആകും വേണമെങ്കിൽ ഉറങ്ങിക്കോ…

അവൻറെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.

“ഒരു ഫുൾ നൈറ്റ് യാത്രയുണ്ടല്ലേ

തിരിച്ച് അവൻ ചോദിച്ചപ്പോൾ അതെ എന്നവൾ തലയാട്ടി കാണിച്ചിരുന്നു. ഇരുളിലെ കാഴ്ചകളിലേക്ക് കണ്ണുനട്ട് അവൾ ഇരുന്നു,  അവിടെ എവിടെയാ ഉള്ള വെട്ടങ്ങളും കടന്നു പോകുന്ന ചെറിയ ഗ്രാമങ്ങളും നഗരങ്ങളും ഒക്കെ അവൾക്ക് കാഴ്ചകളായി,  എത്രവട്ടം കണ്ടിട്ടുണ്ടെങ്കിലും രാത്രി കാഴ്ചകൾക്ക് മടുപ്പ് തോന്നാറില്ല,  അവ എന്നും മനോഹരമായിരിക്കും. പുറത്തേ തണുപ് അഹരിച്ചപ്പോൾ ഒപ്പം ഇരുന്ന പലരും ഗ്ലാസ് താഴ്ത്തുന്നുണ്ടായിരുന്നു,  എന്നാൽ അവൾക്ക് ആ കുളിരും ഒരു പ്രത്യേകത സമ്മാനിക്കുമായിരുന്നു,  ബസ്സിൽ കയറിയാൽ അന്നേരം ചർദ്ദിക്കുന്നവളാണ്,  അതുകൊണ്ട് പണ്ടേ തന്നെ ബസ്സിന്റെ ഷട്ടറും ഗ്ലാസ്സും താഴ്ത്തിയുള്ള യാത്രകൾ ഇഷ്ടമല്ല,  ഓരോ രാത്രി കാഴ്ചയും കൗതുകത്തോടെ നോക്കുമ്പോൾ അടുത്തോരുവന്റെ നിശ്വാസം അവൾ അറിയുന്നുണ്ടായിരുന്നു..

അവൻ ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ കുറച്ചു സമയം ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു, ഇത്രയും അരികിൽ തൊട്ടടുത്ത് വിധി അവനെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നു. മറ്റൊരു തുടക്കമാണോ വെറുതെ മനസ്സിനോട് ചോദിച്ചു, ആ നിമിഷം തന്നെ  സ്വയം ശകാരിച്ചു..  എന്തിനാണ് ഇങ്ങനെ ഇഷ്ടം പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത്..? പലകുറി ഇഷ്ടമല്ലന്ന് അവൻ പറഞ്ഞിട്ടും വീണ്ടും വീണ്ടും പുറകെ പോകുന്നത് ശരിയല്ല എന്ന് തോന്നി. പക്ഷേ ഇത്രയും തൊട്ടരിക അവനിരിക്കുമ്പോൾ അവനെ മറക്കാനും അവനെക്കുറിച്ച് ഓർക്കാതിരിക്കാനും ആ ഇഷ്ടത്തെ താലോലിക്കാനും സാധിക്കുന്നില്ലന്ന് അവൾക്കു ഉറപ്പായിരുന്നു. പ്രണയത്തിന് മാത്രമാണ് ഇത്തരത്തിൽ പെരുമാറാൻ സാധിക്കുന്നത്,  തിരസ്കരണങ്ങൾ ഏറെ വാങ്ങിയാലും വീണ്ടും ഒരു നോട്ടത്തിനു വേണ്ടി ഒരു തലോടലിനു വേണ്ടി കൊതിച്ചു കൊണ്ടിരിക്കും ഹൃദയം. അപ്പുറത്ത് നിൽക്കുന്ന ആൾക്ക് നമ്മളെ ഇഷ്ടമല്ലെന്ന് അറിഞ്ഞാൽ പോലും നമ്മുടെ ഇഷ്ടത്തിന് ഒരു കുറവും വരില്ല..  ആ സ്നേഹത്തിന് യാതൊരു കുറവുണ്ടാവില്ല അതാണ് ഇഷ്ടത്തിന്റെ പ്രത്യേകത.

ചിന്തകൾ എപ്പോഴും അവനെ ചുറ്റി കറങ്ങുകയാണ്.. എപ്പോഴോ അവളും ഉറങ്ങിപ്പോയിരുന്നു..  അറിയാതെപോലും അവനിലേക്ക് ചാഞ്ഞു പോകരുതെന്ന് പ്രാർത്ഥിച്ചാണ് അവൾ ഉറങ്ങിയത്,  അതുകൊണ്ടു തന്നെ ഇപ്പുറത്തേക്കുള്ള ജനലിൽ  ചാരി ഇരുന്നിരുന്നു. ജനൽ കമ്പിയിൽ തല ചേർത്തു വെച്ചിരുന്നു..  അവളെ കണ്ടു കൊണ്ടാണ് അവൻ കണ്ണു തുറന്നത്. കന്നട നഗരം ഉണർത്തു കഴിഞ്ഞു,  തിരക്കിലേക്ക് ഊളി ഇടുകയും ചെയ്തു. കന്നടയും ഇംഗ്ലീഷ് ഇട കലർന്ന ബോർഡുകൾ വച്ച് ആ സ്ഥലത്തേക്ക് അവൻ എത്തിവലിഞ്ഞു നോക്കി. ഇതിനിടയിലാണ് അവൾ കണ്ണുതുറന്നത്…

ആദ്യമേ കാണുന്നത് അവന്റെ മുഖമാണ്, എത്രയോ സ്വപ്നങ്ങളിൽ എന്നും പുലരിയിൽ ഈ മുഖം കണ്ട് ഉണരാൻ കൊതിച്ചിട്ടുണ്ട്,  ഇന്ന് ആദ്യമായാണ് ഒരു ഭാഗ്യം തനിക്ക് കൈ വന്നത്. ഏതോ സ്വപ്നത്തിൽ എന്നത് പോലെ അവൻറെ മുഖത്തേക്ക് തന്നെ അവൾ നോക്കിയിരുന്നു…  തന്നിലേക്ക് മാത്രം ദൃഷ്ടി ഊന്നിരിക്കുന്ന അവളെ കണ്ടതും അവനും അവളെ ശ്രദ്ധിച്ചു പോയിരുന്നു…  ആ കണ്ണുകളിൽ എന്തൊക്കെയോ ഒളിപ്പിച്ചത് പോലെ . ആദ്യമായി തന്നോട് ഇഷ്ടം പറയാൻ വന്ന ഒരു പഴയ 15 കാരിയെ അവനു ഓർമ്മ വന്നു. പേടികൊണ്ടു വിറച്ച് കൈകൾ കൂട്ടി തിരുമ്മി തന്റെ മുഖത്തേക്ക് നോക്കാൻ ഒരുപാട് പാടുപെട്ട് അവസാനം ദൃഢനിശ്ചയത്തോടെ തൻറെ ഇഷ്ടം തുറന്നു പറഞ്ഞവളെ. പിന്തിരിപ്പിച്ച് വിട്ടിട്ടും പല ആൾക്കൂട്ടങ്ങളിലും താൻ പോലും അറിയാതെ ആ കണ്ണുകൾ തന്നെ തേടി അലഞ്ഞത് എത്രയോ തവണ കണ്ടിരിക്കുന്നു,  മനപൂർവ്വം നോക്കാതെ അവഗണിക്കുമ്പോഴും അവളുടെ കണ്ണുകളിൽ നിറഞ്ഞ നിന്നിരുന്ന വേദന മനസ്സിലാക്കാൻ സാധിക്കുമായിരുന്നു..  കുറച്ചുകാലങ്ങൾ കഴിയുമ്പോൾ അത് മാറും എന്ന് തോന്നി. കാലങ്ങൾക്കപ്പുറം പള്ളിമുറ്റത്ത് വച്ച് വീണ്ടും കണ്ടപ്പോഴും ആ കണ്ണുകളിൽ തന്നോട് അതേ ആരാധനയും കൗതുകവും നിലനിൽക്കുന്നത് കണ്ടപ്പോൾ അത്ഭുതം ആണ് തോന്നിയത്. എല്ലാവരോടും നന്നായി സംസാരിക്കുമ്പോഴും തന്നോട് മാത്രം ഒരു പ്രത്യേക ഗൗരവം കാട്ടുന്നവളുടെ പ്രകൃതം എന്തെന്ന് മനസ്സിലാകാതെ ഇന്നലെ ചോദിച്ചപ്പോഴും അതേ ഗൗരവത്തോടെ കൂടിയുള്ള മറുപടി,  എന്താവും അവളുടെ മനസ്സിൽ ഇപ്പോൾ എന്ന് അറിയാൻ പോലും സാധിക്കുന്നില്ല. അന്നും ഇന്നും അവളോട് ഒരിക്കൽപോലും ദേഷ്യം തോന്നിയിട്ടില്ല,  സഹതാപവും നിഷ്കളങ്കതയും മാത്രമാണ് തോന്നിയിട്ടുള്ളത്. എന്നാൽ അവളുടെ കണ്ണുകളിലെ സാഗരം തനിക്ക് പറഞ്ഞുതരുന്നത് ഒരു 15കാരിയുടെ വെറും ഭ്രമമായിരുന്നില്ല അവളുടെ ഉള്ളിൽ ഉറച്ച വികാരമെന്നാണ്. അവളുടെ ഉള്ളിൽ ഇപ്പോഴും മിഴിവോടെ താൻ ഉണ്ടാകുമോ.?  അവനും എന്തൊക്കെയോ ചിന്തകളിലാണ്.

പെട്ടെന്ന് അവനിൽ നിന്നും അവൾ മുഖം മാറ്റി പുറത്തേക്ക് നോക്കിയപ്പോഴാണ് ഇത്രയും സമയം അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു എന്ന് അവനും മനസ്സിലാക്കിയത്. രണ്ടുപേർക്കും ഒരേ പോലെ ജാള്യത തോന്നിയിരുന്നു. കുറച്ച് സമയം അവൾ അവനിൽ നിന്നും നോട്ടം മാറ്റി പുറത്തേക്ക് ശ്രദ്ധിച്ചു. തൊണ്ടയ്ക്ക് നല്ല വേദന അവൾക്ക് അനുഭവപ്പെട്ടു..  അവൻറെ തോളിൽ അറിയാതെ ചാഞ്ഞു പോകരുതെന്ന് കരുതി ജനൽ കമ്പിയിൽ തല വെച്ച് കിടന്നത് കൊണ്ടാണ്,  പുറത്തേ തണുപ്പ് മുഴുവൻ കഴുത്തിലേക്ക് ഏറ്റിട്ടുണ്ട്. ശബ്ദത്തിനും ചെറിയൊരു അടവ് ഉണ്ടാകുമെന്ന് അവൾക്ക് തോന്നിയിരുന്നു.

വണ്ടി സ്റ്റാൻഡിൽ നിർത്തിയതെ എല്ലാവരും ഇറങ്ങുന്നത് കണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി.

“ഇവിടെ തന്നെയാ…

അടഞ്ഞ ശബ്ദത്തോടെ അവൾ പറഞ്ഞപ്പോൾ അവൻ പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കി..

” പനി അടിച്ചോ

ഏറെ കരുതലോടെയുള്ള അവന്റെ ആ ചോദ്യം കേൾക്കേ അമ്പരപ്പെട്ടു പോയിരുന്നു അവൾ.

” പനി അല്ല ജലദോഷം,  ഇന്നലെ മുഴുവൻ ജനൽ തുറന്നിട്ടിരുന്നില്ലേ, ഉച്ചയാകുമ്പോൾ ശരിയായിക്കോളും. എനിക്ക് പതിവ് ആണ്.

ബസ്സിലെ തിരക്ക് കുറഞ്ഞപ്പോൾ അവളും തന്റെ ബാഗ് എടുത്തു കൊണ്ട് പുറത്തേക്കിറങ്ങാൻ തയ്യാറെടുത്തു…  സ്വന്തം ബാഗ് എടുത്തതിനുശേഷം ആരെയോ കാത്ത് എന്നതുപോലെ നിൽക്കുന്നവനെ കണ്ടവൾക്ക് അതിശയം തോന്നിയിരുന്നു ആ കാത്തു  നിൽപ്പ് തനിക്ക് വേണ്ടിയാണെന്ന് ഓർത്തപ്പോൾ ഉള്ളിൽ ഒരു സന്തോഷവും പ്രത്യേക അനുഭൂതിയും.

” ഒരു ചായ കുടിച്ചാലോ

അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു. ഉള്ളമിങ്ങനെ പ്രണയിത്താൽ നിറഞ്ഞുനിൽക്കുന്നത് കൊണ്ടാവാം. അവൾ എതിർത്തില്ല, എന്തൊക്കെ പറഞ്ഞാലും സ്നേഹിക്കുന്നവനാൽ തരളിതമാവാൻ കൊതിക്കുന്ന ഒരു ഹൃദയം ഏതൊരു പെണ്ണിനും ഉണ്ടല്ലോ. ബസ്റ്റാൻഡിൽ തന്നെയുള്ള ഒരു കടയിൽ നിന്നാണ് രണ്ടുപേരും ചായ കുടിച്ചത്. എസ് എം മനോഹരമായ എ ആർ റഹ്മാന്റെ പ്രണയഗാനം ഒഴുകിവരുന്നു.

🎶പുതു വെള്ളൈ മഴൈ…ഇങ്ക്,പൊഴിഗിൻട്രത്…
ഇന്ത,കൊള്ളൈ നിലാ…ഉടൽ –
നനൈഗിൻട്രത്…
ഇങ്ക്,സൊല്ലാ…ത ഇടം കൂ…ട –
കുളിർഗിൻട്രത്…
മനം,സൂടാ…ന ഇടം തേ…ടി
അലൈഗിൻട്രത്…🎶

ചായ കുടിച്ചു കഴിഞ്ഞതും അവനവളുടെ മുഖത്തേക്ക് നോക്കി.

“ചായ ഭയങ്കര കട്ടി ആണല്ലോ…

” ഇവിടെ കിട്ടുന്നത് എരുമപ്പാല അതുകൊണ്ട് ആണ്..

” എനിക്ക് തോന്നി, അല്ല താൻ എവിടെ താമസം..

” ഞാൻ ഓഫീസിൻറെ ഒരു ഫ്ലാറ്റിലാ,  താമസം ശരിയായോ…?

ഇത്രയും സമയം അവനോട് ഒന്നും ചോദിക്കാത്തവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു..

”  ഇല്ല ഓഫീസിന്ന് തന്നെ ഉണ്ടാവുന്നാ പറഞ്ഞത്…

” ഇവിടെയുള്ള മിക്ക കമ്പനികളും അങ്ങനെ ചെയ്യുന്നത്,  ഇല്ലെങ്കിൽ പിന്നെ നമുക്ക് സാലറിയിൽ ഒന്നും കാണില്ല,  ഇവിടെ റെന്റ് ഭയങ്കരമാണ്

“മ്മ്… ഞാന്  താൽക്കാലികമായിട്ടാ ഇവിടേക്ക് കയറിയത്, 6 മാസത്തെക്കേ കാണു,  അതുകഴിഞ്ഞ് ഗൾഫിലേക്ക് പോകും. അത് ശരിയാവുന്നത് വരെ വെറുതെ നിൽക്കണ്ടല്ലോ എന്ന് കരുതി…

അവൾ വെറുതെ തലയാട്ടി കാണിച്ചിരുന്നു…

”  ഈ അഡ്രസ്സ് എവിടെയാണെന്നറിയാമോ…?

ഒരു കാർഡ് എടുത്ത് അവൾക്ക് നേരെ നീട്ടിക്കൊണ്ട് അവൻ ചോദിച്ചു…

” നമ്മുടെ കോയിക്കൽ രാജൻ കൊച്ചാട്ടൻറെ മോന്റെ അഡ്രെസ്സ് ആണ്, അവൻ എൻറെ കൂടെ പഠിച്ചതാ ,

”  ഇതിവിടുന്ന് വലിയ ദൂരമൊന്നുമില്ല, ഓട്ടോയിൽ പോകാനുള്ള ദൂരേയുള്ളു. ഞാൻ പറഞ്ഞു കൊടുക്കാം…

” ഓക്കേ തനിക്ക് ആ റൂട്ടിലാ പോകെണ്ടങ്കിൽ ഒരുമിച്ചു പോവായിരുന്നു…

”  അല്ല എനിക്ക് നല്ല ദൂരമുണ്ട്,  ഇവിടുന്ന് വേറൊരു ബസിനാ പോകേണ്ടത്…

അവൾ തന്നെയാണ് ഓട്ടോക്കാരനോട് അഡ്രസ്സ് പറഞ്ഞു കൊടുത്തത്,  ഓട്ടോയിലേക്ക് ബാഗ് വെച്ച് അവൻ തിരികെ പോകാൻ തുടങ്ങിയപ്പോൾ മനസ്സിന് എന്തോ ഒരു വേദന പോലെ,  അത്രയും പ്രിയപ്പെട്ട ഒരാൾ യാത്രയാകുമ്പോൾ ഹൃദയം ഒന്ന് വേദനിക്കുമല്ലോ…  ഇത്രയും സമയം കൂടെ ഉള്ളതുകൊണ്ട് ഒരു ഗൂഢ സന്തോഷം തന്നെ നിറഞ്ഞിരുന്നു..

“ഓക്കേ ബൈ… എവിടെയെങ്കിലും വച്ച് കാണാം.

” ഓക്കേ എന്ന് അവളും തലയാട്ടി കാണിച്ചിരുന്നു.

” ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ ഈ അനാവശ്യ ഗൗരവം ആവശ്യമുണ്ടോ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂട്ടോ…

ചെറു ചിരിയോടെ അവൻ പറഞ്ഞു ഓട്ടോയിലേക്ക് കയറിയപ്പോൾ അവൻ പറഞ്ഞ വാക്കുകളിൽ അമ്പരന്നു പോയിരുന്നു അവൾ.

  ഫ്ലാറ്റിലേക്ക് ചെന്നപ്പോൾ എല്ലാവരും പോകാനുള്ള തിരക്കിലാണ്,  ഓഫീസിൽ നിന്നും പറഞ്ഞിരുന്നു ഇനി ഫ്ലാറ്റിലേക്ക് ചെന്നാൽ മതി എന്ന്..  അല്പം മടിയോടെയാണെങ്കിലും അവിടേക്ക് കയറി ചെന്നിരുന്നു,  രണ്ട് സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് അവിടെ ഉണ്ടായിരുന്നത്…  അവരിൽ പലരും തങ്ങളുടെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്നവരാണ്, വേറെ ഡിപ്പാർട്ട്മെൻറ് ആണെന്ന് മാത്രം. കൂട്ടത്തിൽ സഞ്ജീവ് എന്ന ഒരാൾ മാത്രമാണ് മലയാളി,  ബാക്കിയുള്ളവരെല്ലാം കന്നടക്കാർ തന്നെയാണ്,  എല്ലാവരും ഉള്ള സമയം കൊണ്ട് തന്നെ പരിചയപ്പെടുകയും ചെയ്തു.

” രണ്ടുപേർ വരുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു…

കൂട്ടത്തിൽ സഞ്ജീവ് ആണ് പറഞ്ഞത്.

” താൻ വെബ് ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിലാണ് അല്ലേ…?

”  അല്ല അക്കൗണ്ട്സില്

അവൾ പറഞ്ഞു…

” അപ്പോൾ ഇനി വരുന്ന ആൾ ആയിരിക്കും ആ ഡിപ്പാർട്ട്മെന്റിലുള്ളത്…  അക്കൗണ്ടൻറ് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു അത് ഒരു മെൻ ആയിരിക്കുമെന്ന്

സഞ്ജീവ് പറഞ്ഞു. എല്ലാവരും ഓഫീസിലേക്ക് പോകാൻ നിൽക്കുക ആണ്. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ അവർ നിർബന്ധിച്ചു എങ്കിലും വേണ്ട എന്നും ക്ഷീണമാണെന്നും പറഞ്ഞ് മാറി…  ഇന്നുതന്നെ ഒരാൾ കൂടി വരുമെന്നും വരികയാണെങ്കിൽ റൂം തുറന്നു കൊടുത്താൽ മതിയെന്നും പറഞ്ഞാണ് നാലുപേരും യാത്ര പറഞ്ഞത്,  ഒരു ഫ്ലാറ്റിൽ ആറു പേരാണ് താമസം..  ഉച്ചയ്ക്ക് ശേഷം വർക്ക് ഫ്രം ഹോം എടുക്കാം എന്ന് തീരുമാനിച്ചു,  എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ പെട്ടെന്ന് കുളിച്ചു അമ്മ ഉണ്ടാക്കിയ സാധനങ്ങൾ കുറച്ചെടുത്ത് കഴിച്ചു, ഒപ്പം ഒരു കട്ടൻ ചായയും ഇട്ടു. അതും ഇട്ട് കുടിച്ചുകൊണ്ട് കുറച്ചുസമയം ഇരുന്നു… പിന്നെ വീട്ടിലേക്ക് വിളിച്ച് എത്തി എന്ന് അറിയിച്ചു. നല്ല ക്ഷീണം ഉള്ളതുകൊണ്ട് രാത്രിയിൽ ഉറക്കം ശരിയാവാത്തതുകൊണ്ടും നേരെ ബെഡ്ഡിലേക്ക് വീണു. നന്നായി ഉറങ്ങി വന്നപ്പോഴാണ് ഡോർബെൽ കേട്ടത്,  ഉറക്കത്തെ അലോസരപ്പെടുത്തിയത് ആരാണെങ്കിലും അല്പം ദേഷ്യത്തോടെ കതക് തുറന്നപ്പോൾ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അമ്പരന്നിരുന്നു. …..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button