Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 53

[ad_1]

രചന: റിൻസി പ്രിൻസ്‌

ഏറെ ആർദ്രമായി അതുവരെ അവൾക്ക് പരിചിതമല്ലാത്ത ഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ,  അതെ എന്ന് അവൾ തലയാട്ടിയിരുന്നു,  ആ നിമിഷം തന്നെ അവൾ അവനിൽ നിന്നും അകന്നു… കുറച്ച് സമയം അവളെ നേരിടാൻ ആവാതെ അവനും മറ്റെവിടേക്കോ നോക്കി നിന്നു. ഉള്ളിന്റെയുള്ളിൽ താനവളെ പ്രണയിച്ചു തുടങ്ങി എന്ന് അവൻ മനസ്സിലാക്കിയ നിമിഷം ആയിരുന്നു അത്.

പരസ്പരം രണ്ടുപേർക്കും കുറച്ചുസമയം നോക്കാൻ സാധിച്ചില്ല…  എങ്കിലും ആ യാത്ര ഇരുവരും തുടർന്നു.  ഇടയ്ക്ക് വഴിയിലെ തട്ടുകടയിൽ നിന്ന് ചായ കുടിച്ചും പരസ്പരം ഒന്നും മിണ്ടാതെ മൗനമായും ഒക്കെ ഹൃദയങ്ങൾ വാചാലമായി….  ആ യാത്ര രണ്ടുപേർക്കും പ്രിയപ്പെട്ടതായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞിരുന്നു…

ഉള്ളിന്റെ ഉള്ളിൽ അവളോട് നിറഞ്ഞുനിൽക്കുന്ന പ്രണയം പറയാനാവാതെ അവനും എന്നോ ഒരിക്കൽ ഉള്ളിൽ പതിഞ്ഞുപോയവന്റെ സാന്നിധ്യം അരികിൽ ഉണ്ടായിട്ടും അത് അവനോട് തിരിച്ചു പറയാൻ സാധിക്കാതെ അവളും..

സന്ധ്യയുടെ അടുത്തപ്പോഴാണ് ഇരുവരും സ്വന്തം നാട്ടിലേക്ക് എത്തിയത്…  അവൾ തന്നെയാണ് വീട്ടിലേക്ക് കയറാൻ അവനെ ക്ഷണിച്ചതും,  കുറച്ചുസമയം കൂടി അവളെ കാണാമല്ലോ എന്നുള്ള ഒരു സ്വകാര്യസന്തോഷത്തിന് പുറത്ത് അവൻ അവൾക്കൊപ്പം വീട്ടിലേക്ക് കയറിയിരുന്നു..  ആ വീടിന് വന്ന മാറ്റങ്ങൾ അവൻ ശ്രദ്ധിച്ചിരുന്നു, അവൾ ഒരാളാണ് ആ വീടിനെ ഇത്രയും മാറ്റിയത് എന്ന് അവൻ ചിന്തിച്ചു…  പണ്ട് ക്രിസ്മസിനു കരോളിനും മറ്റും ഈ വീട്ടിൽ വന്നിട്ടുണ്ട്… ഒരു പഴയ സാധാരണ വീട് ആയിരുന്നു ഇത്,  എന്നാൽ ഇന്ന് അവൾ പതുക്കെ പതുക്കെ അതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നത് അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു..  വിദ്യാഭ്യാസം എന്ന മൂലധനം കൊണ്ട് അവൾ പടുത്തുയർത്തിയ സാമ്രാജ്യം,  അങ്ങനെയാണ് അവനെ തോന്നിയത്…  ഒരേ നിമിഷം അവളോട് അവന് ബഹുമാനവും സ്നേഹവും തോന്നിയിരുന്നു..

” കയറി വാ….!

വലിയ സന്തോഷത്തോടെ അവൾ ക്ഷണിച്ചു, അപ്പോഴേക്കും അകത്തുനിന്നും അമ്മച്ചിയും സച്ചുവും ഇറങ്ങി വന്നിരുന്നു…  അവൾക്കൊപ്പം സാമിനെ കൂടി കണ്ടതോടെ അമ്മച്ചി ഏറെ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു.. സൗകര്യങ്ങൾ ഒക്കെ കുറവാണെന്ന് അവനോട് ആദ്യമേ പറഞ്ഞു.. അതിനു മറുപടി അവൻ ഒരു പുഞ്ചിരിയിൽ ഒതുക്കി.

” ചായ ഇടട്ടെ കുഞ്ഞേ….. ഇവിടുന്ന് കഴിക്കുന്നൊണ്ട് ബുദ്ധിമുട്ടില്ലല്ലോ…

പഴയ ജോലിക്കാരിയെ പോലെ വളരെ നിഷ്കളങ്കമായി ചോദിക്കുന്ന ആ അമ്മച്ചിയിൽ അവന്റെ മുഖം തറഞ്ഞു പോയിരുന്നു…  ഈ ഒരാളോട് താൻ കാണിച്ച അലിവ് ആണല്ലോ താൻ ഒരാൾ അവളുടെ മനസ്സിൽ ഇത്രമാത്രം സ്ഥാനത്തിൽ എത്താൻ കാരണമെന്നാണ് ആ നിമിഷം അവൻ ചിന്തിച്ചത്..

”  അതിനെന്താ ആന്റി, ഇവിടെ നിന്ന് ഞാൻ ഇതിനു മുൻപ് ഭക്ഷണം കഴിച്ചിട്ടുണ്ടല്ലോ, കരോളിന് ഒക്കെ വരുമ്പോൾ ഇവിടുന്ന് ചായ കുടിച്ചിട്ടുണ്ട്..

അവർ മനസ്സറിഞ്ഞ് ചിരിച്ചു

” സച്ചിനെ എങ്ങനെയുണ്ടഡാ പഠിത്തമൊക്കെ….

വളരെ പരിചിതനായ ഒരാളോട് ചോദിക്കുന്നത് പോലെ സച്ചുവിനോട് വിശേഷം ചോദിക്കുന്ന സാം അവൾക്ക് അപരിചിതനായിരുന്നു…  സാമും സച്ചുവും തമ്മിൽ ഒരു സംസാരമുണ്ട് എന്ന് അവൾക്ക് അറിയുക പോലും ഉണ്ടായിരുന്നില്ല…  എന്നാൽ സച്ചുവാവട്ടെ വളരെ പരിചിതനായ ഒരാളോട് സംസാരിക്കുന്നതുപോലെയാണ് അവനോട് ഓരോ കാര്യങ്ങളെക്കുറിച്ചും പറയുന്നത്…  ഇതിൽനിന്ന് ഇതിനുമുൻപ് തന്നെ ഇരുവരും തമ്മിൽ ചെറിയൊരു സൗഹൃദം ഉണ്ടായിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായിരുന്നു…

” വലിയമ്മച്ചി എന്തിയെടാ

അവൾ ആകാംക്ഷയോടെ സച്ചിനോട് ചോദിച്ചു…

” മുറിയിലുണ്ട് ഇപ്പോൾ കുഴപ്പമില്ല ചേച്ചി അങ്ങോട്ട് ചെല്ല്…

അവൻ പറഞ്ഞപ്പോൾ അവൾ സാമിന്റെ മുഖത്തേക്ക് താൻ അകത്തേക്ക് ഒന്ന് പോവുകയാണ് എന്ന അർത്ഥത്തിൽ നോക്കിയിരുന്നു…

”  ഞാനും ഒന്ന് കാണട്ടെ,

അവൻ പെട്ടെന്ന് ബാഗ് കസേരയിലേക്ക് വച്ചതിനു ശേഷം അവളുടെ പിന്നാലെ നടന്നിരുന്നു…  മുറിയിലേക്ക് ചെന്നപ്പോൾ വലിയമ്മച്ചി ബൈബിൾ ഒക്കെ വായിച്ച് കട്ടിലിൽ ഇരിക്കുകയാണ്. അത് കണ്ടപ്പോൾ തന്നെ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി. അമ്മച്ചി കിടപ്പായിരിക്കും എന്നാണ് അവൾ കരുതിയത്..  ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് മുഖത്ത് കുറെ ഉമ്മ കൊടുത്തു. ഒരു കൊച്ചു കുട്ടിയെ പോലെ വലിയമ്മച്ചിയുടെ മടിയിലേക്ക് പതുങ്ങുന്നവളെ കണ്ടപ്പോൾ അവനു വീണ്ടും അത്ഭുതമാണ് തോന്നിയത്… എങ്ങനെയാണ് ഇവൾക്ക് സ്നേഹിക്കുന്നവരെ ഇങ്ങനെ ചേർത്തുപിടിക്കാൻ സാധിക്കുന്നത് എന്ന് അവൻ ചിന്തിക്കുകയായിരുന്നു….

അവളെ കണ്ടപ്പോഴേക്കും വല്യമ്മച്ചിയിലും സ്നേഹപ്രകടനം ഉടലെടുത്തിരുന്നു,

”  എന്റെ കൊച്ച് എന്നാത്തിനാടി ഓടിപ്പിടിച്ച് ഇങ്ങോട്ട് വന്നത്..  ഏതായാലും ഉടനെയൊന്നും വല്യമ്മച്ചിയെ അങ്ങോട്ട് വിളിക്കത്തില്ല…  എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് എന്റെ കൊച്ചിന്റെ കെട്ട് ഒന്ന് കാണണമെന്ന്,  അത് കണ്ടിട്ട് കർത്താവ് തമ്പുരാൻ എന്നെ അങ്ങോട്ട് വിളിക്കത്തുള്ളൂ… നീ പേടിച്ചു പോയെന്ന് അവൾ പറയുന്ന കേട്ടല്ലോ…

അവളുടെ മുഖത്തേക്ക് നോക്കി വല്യമ്മച്ചി പറഞ്ഞപ്പോൾ സന്തോഷവും സങ്കടവും ഒക്കെ ഒരേപോലെ വന്ന് കണ്ണുകൾ നിറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ വലിയമ്മച്ചിയുടെ ചുളിവ് വീണ കവിളിൽ ആഞ്ഞൊന്നു വലിച്ചു…

” വല്യമ്മച്ചി കാണുമ്പോൾ തന്നെ അറിയാമല്ലോ അത്ര പെട്ടെന്നൊന്നും അങ്ങോട്ടുള്ള ടിക്കറ്റ് റെഡിയല്ലെന്ന്,  കൊച്ചുമോളുടെ  കല്യാണം കഴിഞ്ഞിട്ട് കൊച്ചിനെയും കണ്ടിട്ട് അല്ലെ അമ്മച്ചി പോവത്തുള്ളൂ…

സാം പറഞ്ഞപ്പോഴാണ് പെട്ടെന്ന് അവനെ വല്യമ്മച്ചി ശ്രദ്ധിച്ചത്… ഒരു ചിരിയോടെ അവനെ നോക്കി

” നീ ഏതാടാ കൊച്ചനെ..

കണ്ണാടി ഒന്ന് ചെരിച്ച് സാമിനെ നോക്കിക്കൊണ്ട് വല്യമ്മച്ചി ചോദിച്ചപ്പോൾ അവൻ ആരാണ് എന്ന് പറഞ്ഞു കൊടുത്തത് ശ്വേതയായിരുന്നു…

”  ആ സജിയുടെ മോനല്ലിയോ…?  ഇങ്ങോട്ട് ഇരുന്നേ കുഞ്ഞേ,

കസേര കാണിച്ചുകൊണ്ട് വല്യമ്മച്ചി പറഞ്ഞു…  അവൻ ആ നിമിഷം തന്നെ വല്യമ്മച്ചിയുടെ അരികിലായി ഇരുന്നിരുന്നു, ആ ചുളിവ് വീണ കൈകളിൽ പിടിക്കുകയും ചെയ്തു…  ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്യുന്നത് എന്നാണ് ശ്വേത പറഞ്ഞത്,  അത് കേട്ടതോടെ ബാംഗ്ലൂരിലെ വിശേഷങ്ങൾ ചോദിക്കുകയായി,  വല്യമ്മച്ചിക്ക്   പറ്റിയ ഒരു കൂട്ടാണ് സാമെന്ന് അവൾക്ക് തോന്നി, ഒരു മടിയുമില്ലാതെ കത്തിയ്ക്ക് ഇരുന്ന് കൊടുക്കുന്നുണ്ട്…  ആള് തലമുറ തലമുറയായി ഉള്ള ആളുകളെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്,

അപ്പോഴേക്കും ചായയും അവലുമൊക്കെയായി അമ്മച്ചിയും എത്തിയിരുന്നു…

” എങ്കിൽ പിന്നെ മക്കൾ ചെന്ന് ചായ കുടിക്കാൻ നോക്ക്…

വല്യമ്മച്ചി പറഞ്ഞതോടെ രണ്ടുപേരും നേരെ ഡൈനിങ് മുറിയിലേക്ക് ചെന്നിരുന്നു. അവിടെ തന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ആഹാരം അമ്മച്ചി കരുതിയിട്ടുണ്ടായിരുന്നു…  ഒരു മടിയും കൂടാതെ കൊടുത്ത ഭക്ഷണം എല്ലാം കഴിക്കുന്നവനെ അവൾ വീണ്ടും ബഹുമാനത്തോടെ നോക്കി..  അവൾ കഴിച്ചു കഴിഞ്ഞ് രണ്ടാമത് കൂടി അവൻ വാങ്ങിച്ചതോടെ അവളുടെ മനസ്സും നിറഞ്ഞിരുന്നു…

“വല്യമ്മച്ചിയ്ക്ക് കുഴപ്പമൊന്നുമില്ല അല്ലേ..?

അവൾ ചായ കുടിക്കുന്നതിനിടയിൽ അമ്മച്ചിയോട് ആയി ചോദിച്ചു…

”  വലിയ കുഴപ്പമൊന്നുമില്ല,  ഡോക്ടർ പറഞ്ഞത്,  പിന്നെ ഇങ്ങനെ ഇരിക്കുന്നത് കാര്യമാക്കണ്ട എപ്പോൾ വേണമെങ്കിലും ഒരു വയ്യാഴ്ക വന്നാൽ അത് വലിയ പ്രശ്നമാണെന്നും പറഞ്ഞു..  ഇന്നലെ തൊട്ട് പറയുക നിന്റെ കല്യാണം കാണണമെന്ന്, അത് വലിയ ആഗ്രഹമാണെന്ന്..

അതുവരെ അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കാതിരുന്ന സാം ഒളികണ്ണിട്ട്  അവളെ ഒന്ന് നോക്കിയിരുന്നു…. ആ നിമിഷം തന്നെ അവളും സാമിനെ നോക്കി പോയിരുന്നു,  അബദ്ധം പിണഞ്ഞത് പോലെ രണ്ടുപേരും നോട്ടം മാറ്റി കളഞ്ഞിരുന്നു…

”  എനിക്ക് കുറച്ചു ദിവസം ലീവ് ഉള്ളൂ കേട്ടോ അമ്മച്ചി…

വിഷയം മാറ്റാൻ എന്നതുപോലെ അവള് പറഞ്ഞിരുന്നു…

“ഓടി പിടിച്ചു വരണ്ടായിരുന്നു പെരുനാളിന് വന്നാൽ മതിയായിരുന്നല്ലോ.

അമ്മച്ചി പറഞ്ഞു..

” നാട്ടിൽ നിന്നുള്ള ഫോൺകോൾ വന്നപ്പോൾ മുതലേ ശ്വേതയ്ക്ക് ഇരിപ്പറയ്ക്കുന്നുണ്ടായിരുന്നില്ല..

സാം പറഞ്ഞു…

”  അവൾ അങ്ങനെയാ മോനെ ഞങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും ഒരു പനി വന്നാൽ പോലും പിന്നെ സമാധാനമില്ല… അതിരിക്കട്ടെ അമ്മയും പപ്പയും ഒക്കെ സുഖമായിരിക്കുന്നോ മോനെ…?

അമ്മച്ചി സാമിനോടായി ചോദിച്ചു

” കുഴപ്പമൊന്നുമില്ല,  പപ്പയ്ക്ക് ഇടയ്ക്ക് ഡയാലിസിസ് ചെയ്യണം അത്രേയുള്ളൂ… വേറെ പ്രശ്നമൊന്നുമില്ല,

”  മോന്റെ കല്യാണം വല്ലതും ആയോ…?

” മമ്മി ഇങ്ങനെ ഇടയ്ക്ക് പറയും കുറച്ച് പ്രശ്നങ്ങളൊക്കെ ഉള്ളതുകൊണ്ട് ഞാൻ ഇത്തിരി കഴിഞ്ഞിട്ട് എന്ന് വിചാരിച്ചിരിക്കുക ആണ്…

അവനത് പറഞ്ഞപ്പോൾ അവൾ അവനെ തന്നെയാണ് സൂക്ഷിച്ച് നോക്കിയത്…

“ഞാൻ എന്നാൽ ഇറങ്ങട്ടെ,  രാത്രിയാവുന്നു…

എല്ലാവരോടുമായി പറഞ്ഞ് അവൻ ഇറങ്ങിയപ്പോൾ അവനെ യാത്രയാക്കാൻ വേണ്ടി പടിക്കൽ വരെ അവളും കൂടെ പോയിരുന്നു.

” താന് തിരികെ എന്റെ കൂടെ വരാൻ ഉണ്ടാകുമോ…?

”  അതെന്താ അങ്ങനെ ചോദിച്ചത്…?

”  തന്റെ അമ്മച്ചി മിക്കവാറും ഇന്ന് തന്നെ പിടിച്ച് കെട്ടിക്കുമെന്ന തോന്നുന്നത്….

ഉള്ളിലുള്ള ആവലാതി തന്നെയാണ് അവൻ ഒരു തമാശയുടെ രീതിയിൽ പങ്കുവെച്ചത്….ആ നിമിഷം അവൾ അവനെ കൂർപ്പിച്ച് ഒന്ന് നോക്കി

”  വല്യമ്മച്ചിയുടെ ആഗ്രഹമാണ് എന്റെ കല്യാണം…  പണ്ട് മുതലേ പറയും എന്റെ കല്യാണം കണ്ട് മരിക്കണമെന്ന്…  അത് വലിയ ആഗ്രഹമാണെന്ന്,

” അതിനെന്താ  ആ ആഗ്രഹം നടത്താല്ലോ നമുക്ക് കല്യാണം കഴിച്ചേക്കാം..

സാം പറഞ്ഞു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button