ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 66
[ad_1]
രചന: റിൻസി പ്രിൻസ്
നീ ഇല്ലാതെ എന്റെ ജീവിതം പൂർണമാവില്ല… അവളുടെ ഇരുചുമലുകളിലും ശക്തിയായി പിടിച്ചുലച്ച് അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൻ കിതച്ചു പോയിരുന്നു…
മറുപടി എന്ത് പറയണം എന്ന് അറിയാതെ നിൽക്കുകയാണ് ശ്വേത
തന്റെ കാതുകളെ വിശ്വസിക്കാൻ സാധിക്കുമോ എന്ന് പോലും ഒരു നിമിഷം ശ്വേതാ തെറ്റിദ്ധരിച്ചു… എന്താണ് അവൻ പറഞ്ഞത്, ഇത്രയും കാലം താൻ അവനിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചിരുന്നത് ഈ ഒരു വാക്ക് ആയിരുന്നില്ലേ…? ഇതിനു വേണ്ടിയല്ലേ ഈ പത്ത് വർഷക്കാലം താൻ കാത്തിരുന്നത്, സന്തോഷവും വേദനയും ഒക്കെ ഒരേപോലെ അവൾക്ക് തോന്നി.. ഒരിക്കൽ അവൻ തന്റെ പ്രണയത്തെ മനസ്സിലാക്കും എന്നുള്ളത് ഉറപ്പായിരുന്നു… പക്ഷേ അത് ഇത്ര വേഗത്തിൽ ആകുമെന്ന് കരുതിയിരുന്നില്ല, അല്ലെങ്കിലും നഷ്ടപ്പെട്ടു എന്ന് തോന്നുന്ന ഇടത്ത് നിന്ന് വിധി എന്തെല്ലാം കാര്യങ്ങൾ തനിക്ക് തിരികെ തന്നിരിക്കുന്നു… പക്ഷേ ഇത് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നതല്ല, ഈ നിമിഷം ഹൃദയസ്തംഭനം വരുമെന്ന് പോലും അവൾ ഭയപ്പെട്ടു… അത്രത്തോളം വേഗതയിലാണ് ഹൃദയമിടിക്കുന്നത്…
തന്റെ സന്തോഷം ഈ ലോകത്തോട് മുഴുവൻ വിളിച്ചു പറയണമെന്ന് അവൾക്ക് തോന്നി പക്ഷേ.. വാക്കുകൾ പുറത്ത് വരുന്നില്ല, തിര പോലെ അവൻ തന്നിൽ നിന്നും അകന്നു പോയപ്പോഴും തന്റെ സ്നേഹം ആകുന്ന കടൽ അവനെ തന്നിലേക്ക് തിരികെ കൊണ്ടുവന്നു. അഗ്നി പോലെ തീഷ്ണമായ പല ഓർമ്മകളും അവളുടെ ഉള്ളിലേക്ക് ഇരച്ചു എത്തി…. തന്റെ ശിശിരങ്ങളുടെ വസന്തമാണ് അവൻ. എത്രയോ വട്ടം അവന്റെ ഹൃദയത്തിൽ പുനർജനിക്കാൻ സാധിക്കണമേ എന്ന് താൻ ആഗ്രഹിച്ചിട്ടുണ്ട്. അവൻ തന്നെ മനസ്സിലാക്കാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട് തന്നിലെ മൗനത്തെ തന്നിലെ സന്തോഷത്തെ തന്നിലെ ദുഃഖത്തെ തന്നിലെ ഒരു നോട്ടത്തെ അങ്ങനെ അങ്ങനെ…. ഒരാളുടെ മനസ്സിൽ ഇടം കണ്ടെത്തുവാനും അവിടെ നിലനിൽക്കുവാനും ഒരുപാട് സമയം ഒന്നും വേണ്ടെന്ന് അവൾ മനസ്സിലാക്കിയെടുക്കുകയായിരുന്നു. പക്ഷേ ആ സമയത്തിന്റെ പേര് സ്നേഹം എന്നാണ്, ആ സ്നേഹം എന്നു തോന്നി തുടങ്ങുന്നോ അന്നുമുതൽ അയാളുടെ മനസ്സിൽ നമുക്കൊരു ഇടം ഉണ്ടാകും. തന്റെ ആത്മാവ് ഉറങ്ങുന്നത് അവന്റെ ഹൃദയത്തിൽ ആണല്ലോ, അവനിലേക്കുള്ള ദൂരത്തിൽ എത്താൻ മൗനങ്ങളുടെ വലിയൊരു കാതം തന്നെ തനിക്ക് താണ്ടേണ്ടി വന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഒരു നിമിഷം സാമിന്റെ ഹൃദയത്തിലും വല്ലാത്തൊരു വേദന തോന്നിയിരുന്നു, താൻ എന്തെങ്കിലും അവിവേകം പറഞ്ഞു അവളെ വേദനിപ്പിച്ചോ ഒരു നിമിഷം അവനിൽ തോന്നിയ സംശയം അതായിരുന്നു… ആദ്യമായി കാണുന്നതുപോലെ അവൾ അവനെ നോക്കി നിന്നു,
10 വർഷക്കാലം താൻ ഉള്ളിൽ കൊണ്ട് നടന്ന പ്രണയത്തിന്റെ ഉറവ വറ്റാതെ ജലനദിയായി തന്റെ ഉള്ളിൽ പ്രവഹിച്ചിരുന്ന പ്രണയം ഒരിക്കൽ പോലും തുറന്നു പറയാതെ ഉള്ളിന്റെ ഉള്ളിൽ കാത്തുവെച്ച ഇഷ്ടം അതാണ് ഇന്ന് അതിന്റെ അവകാശി അറിഞ്ഞിരിക്കുന്നത്… ഗന്ധം കൊണ്ട് ഇണയെ തിരയുന്ന കസ്തൂരിമാനെ പോലെ തന്റെ പ്രണയം അറിഞ്ഞവനെ അവൾ ഉറ്റുനോക്കി കൊണ്ടേയിരുന്നു..
” ഇപ്പൊൾ പറഞ്ഞത് സത്യമാണോ…? അതൊ വെറുതെ കുടിച്ചിട്ട് എന്നെ പറ്റിക്കാൻ വേണ്ടി, അന്ന് റിയചേച്ചിടെ കാര്യം മറച്ചുവെച്ചത് പോലെ എന്നെ പറ്റിക്കാൻ വേണ്ടി പറയണോ…?
സന്തോഷവും അമ്പരപ്പും ഒക്കെ നിറച്ച് ഒരു പ്രത്യേക അവസ്ഥയിലാണ് അവള് ചോദ്യം ചോദിച്ചത്.
” ഞാൻ എന്നെങ്കിലും തന്നെ പറ്റിച്ചിട്ടുണ്ടോ…? റിയയുടെ പേര് പറഞ്ഞില്ലെങ്കിലും അന്നുതന്നെ ഞാൻ തന്നോട് പറഞ്ഞതല്ലേ എനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന്, ഞാൻ ഒരിക്കലും തന്നെ പറ്റിച്ചിട്ടില്ല ശ്വേതാ… ഈ നിമിഷം വരെ… ഞാനിപ്പോൾ പറഞ്ഞത് ചുമ്മാ കൂടി പുറത്ത് പറഞ്ഞ ഒരു വാക്കുവല്ല ശരിക്കും എനിക്ക് തന്നെ ഇഷ്ടമാണ്, പക്ഷേ ഇഷ്ടം വളരെ കുറച്ച് നാളെ ആയിട്ടൊള്ളു എനിക്ക് തോന്നിത്തുടങ്ങിയിട്ട്. താൻ എന്നെ ഓർമിച്ച് വെച്ചതുപോലെ ഞാൻ ഒരിക്കൽ പോലും തന്നെ ഓർമ്മിച്ചു വച്ചിരുന്നില്ല, എന്റെ ഓർമ്മകളിൽ ഒന്നും താൻ ഉണ്ടായിരുന്നില്ല… പക്ഷേ എനിക്കറിയാം തന്റെ ഓർമ്മകളിൽ നിറഞ്ഞു നിന്നിട്ടുണ്ടാവുക ഞാൻ മാത്രമായിരിക്കും എന്ന്… എന്നിട്ടും എന്തിനായിരുന്നു ഇത്രയും അടുത്ത്. ഒരു സൗഹൃദം നമുക്കിടയിൽ ഉണ്ടായിട്ടും ആ ഇഷ്ടം എന്നോട് പറയാൻ താൻ മടി കാണിച്ചത്.
” എന്താ ഞാൻ പറയേണ്ടത് വീണ്ടും ഞാൻ പുറകെ വന്ന് കാലു പിടിക്കണമായിരുന്നോ എന്നെ സ്നേഹിക്കാൻ പറഞ്ഞു കരയണമായിരുന്നോ അല്ലെങ്കിൽ ഇല്ലാത്ത ഇഷ്ടം എന്നോട് ഉണ്ടാവണമെന്ന് പറഞ്ഞു വാശി പിടിക്കണമായിരുന്നോ അതിനൊന്നും എനിക്ക് തോന്നിയിരുന്നില്ല, എന്റെ ഇഷ്ടം എന്റെ മനസ്സിൽ മാത്രം മതിയെന്ന് ആണ് ഞാൻ വിചാരിച്ചത്, അതുകൊണ്ട് ഞാൻ പിന്നീട് ഒരിക്കൽപോലും തുറന്നു പറയാതിരുന്നത്.. അന്നും മറ്റൊരു ഇഷ്ടം ഉണ്ടായിരുന്നുവെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ തുറന്നു പറയില്ലായിരുന്നു, പക്ഷേ ആ ഇഷ്ടം ഞാൻ അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. പിന്നെയും ഞാൻ ഒരുപാട് ശ്രമിച്ചു മറ്റൊരാളുടെ ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു, മായിച്ചാലും മറച്ചാലും മാറില്ലെന്ന് വാശിയോടെ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ഈ ഒരു മുഖം…! റിയ ചേച്ചി പറഞ്ഞു ഈ ഉള്ളിൽ എന്നോട് ചെറിയൊരു ഇഷ്ടം ഉണ്ടെന്ന് പറഞ്ഞു അറിഞ്ഞപ്പോൾ ഈ ലോകം വെട്ടിപ്പിടിച്ച പോലെ സന്തോഷിച്ചിട്ടുണ്ട്, ആ സന്തോഷത്തിന് ഒരു നീർകുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളുന്നറിഞ്ഞപ്പോഴും എനിക്ക് വെറുക്കാൻ സാധിച്ചിരുന്നില്ല… അറിഞ്ഞോണ്ട് എന്നെ പറ്റിച്ചിട്ടില്ലന്നറിയാം എങ്കിൽ പോലും ഒരു കുഞ്ഞു വാശി എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു… അന്നേ തീരുമാനിച്ചത് ആണ് ഇനി ഒരിക്കലും എന്റെ ഇഷ്ടം അങ്ങോട്ട് പറയില്ലെന്ന്, അടുത്തിടെ നല്ലൊരു സൗഹൃദം ഉണ്ടായപ്പോഴും പലപ്പോഴും ഞാൻ ആലോചിച്ചു എന്റെ മനസ്സ് തുറന്നു പറഞ്ഞാൽ ഇപ്പോൾ അംഗീകരിക്കുമെന്ന്, ആ പഴയ ഇഷ്ടം ഇപ്പോഴും എന്റെ മനസ്സിൽ അതേ തീവ്രതയോടെ ഉണ്ടെന്നു പറയുമ്പോൾ എന്തായിരിക്കും മറുപടി പറയുന്നത് എന്ന്… പക്ഷേ അപ്പോഴൊക്കെ എന്റെ മനസ്സ് തന്നെ എന്നെ പിന്തിരിപ്പിച്ചു. മറുപടി ഒരിക്കൽ കൂടി ഇഷ്ടമല്ലെന്നാണെങ്കിൽ ആ ഒരു മറുപടിക്ക് എന്നെ പാടെ തകർക്കാൻ ഉള്ള കെൽപ്പുണ്ടാകുമെന്ന് എനിക്ക് തോന്നി.. വെറുതെയാണെങ്കിലും എനിക്ക് ആഗ്രഹിക്കാമല്ലോ ഉള്ളിൽ എവിടെയെങ്കിലും എന്നോട് ചെറിയൊരു ഇഷ്ടം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാലോ, ഒരു പ്രതീക്ഷയും ഇല്ലെങ്കിലും വെറുതെ കാത്തിരിക്കാല്ലോ, പിന്നെ മറ്റൊരു പെണ്ണിനെ കാണാൻ പോവാണെന്ന് പറയുന്ന ആളിനോട് ഞാൻ പിന്നെ എന്താ പറയേണ്ടത്.? എന്നെ സ്നേഹിക്കണം എന്നോ അങ്ങനെ വാശിപിടിച്ചു നേടാൻ പറ്റുന്ന ഒന്നാണോ സ്നേഹം..? അങ്ങനെ നേടിയതിന് ഭംഗി ഉണ്ടാവുമോ.? അങ്ങനെ നേടുന്ന സ്നേഹത്തിന് ഭംഗിയില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ, അതുകൊണ്ടാ പറയാതിരുന്നത്, ഞാൻ കരുതി ഒരിക്കലും ആ സങ്കല്പത്തിന് യോജിച്ച ഒരു പെണ്ണല്ല ഞാനന്ന്, അന്നും ഇന്നും എന്നെ സ്നേഹിച്ചിട്ടില്ലന്ന് എന്റെ മനസ്സിനോട് തന്നെ ഞാൻ പറഞ്ഞു പഠിപ്പിച്ചു… ഇത് അറിയുന്നതിന് തൊട്ടു മുൻപ് വരെ ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ഈ ഒരാളെ മറക്കാൻ, അതത്ര എളുപ്പമല്ലെന്ന് എനിക്ക് നന്നായി അറിയാം പക്ഷേ അതായിരിക്കും നല്ലത് എന്ന് എനിക്ക് തോന്നി.. എന്റെ ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും ഞാൻ ഒരാളെ മാത്രെ പ്രണയിച്ചിട്ടുള്ളൂ ഇനി ഒരിക്കലും മറ്റൊരാളെ പ്രണയിക്കാനും എനിക്ക് കഴിയില്ല, എന്റെ സ്നേഹം മുഴുവൻ ഞാൻ ആ ഒരാൾക്ക് മാത്രം കൊടുത്തു പോയി… ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിലും എനിക്ക് ഇഷ്ടമായിരിക്കുന്നു ഊഹിച്ചൂടെ…? എനിക്കെന്ത് ഇഷ്ടമാണെന്ന് അറിയോ… എത്ര വർഷം ആയിട്ട് ഞാനിത് കേൾക്കാൻ കാത്തിരിക്കുകയാണ് എന്നറിയോ.? അടുത്ത് ഒന്ന് കാണാൻ ഒന്ന് ചിരിക്കാൻ നന്നായി ഒന്ന് സംസാരിക്കാൻ അതിനു വേണ്ടി ഞാൻ കാത്തിരുന്നിട്ടുണ്ട്, അടുത്ത് കാണാനും അടുത്ത് ഇടപഴകാനും ഒരുമിച്ച് താമസിക്കാനും ഒക്കെ പറ്റിയപ്പോൾ സ്വകാര്യമായി ഒരുപാട് ഞാൻ സന്തോഷിച്ചിട്ടുണ്ട്… ഒരുപക്ഷേ എന്റെ ഇഷ്ടം അറിഞ്ഞാൽ ഈ അടുപ്പം കൂടി നഷ്ടപ്പെട്ടാലോന്ന് കരുതിയാണ് ഞാൻ പറയാതിരുന്നത്, എനിക്കിഷ്ടമാണോന്ന് ചോദിച്ചില്ലേ എനിക്ക് ഒരിക്കലും വേറെ ആരും ഇഷ്ടപ്പെടാൻ പറ്റില്ല…! അതുമാത്രമേ എനിക്ക് ഒരു മറുപടിയായി പറയാൻ പറ്റു, ഒരുപാട് ഒരുപാട് ഇഷ്ടമാണ് എന്നെക്കാളും, എന്റെ പ്രാണനോളം വിലയുണ്ട് ഈ വാക്കിന്…
പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു…
അവളുടെ മനസ്സറിഞ്ഞവനും വല്ലാത്തൊരു അവസ്ഥയിലായിരുന്നു,. ഇത്രമാത്രം ആഴത്തിൽ അവൾ തന്നെ സ്നേഹിച്ചിരുന്നു എന്നത് അവനെ വീണ്ടും വീണ്ടും അമ്പരപ്പിക്കുകയാണ് ചെയ്തത്, നിയന്ത്രിക്കാൻ സാധിക്കാതെ ഒഴുകുന്ന അവളുടെ കണ്ണിലെ കണ്ണുനീർ അവൻ തന്റെ തുടുവിരലാൽ തുടച്ചു കൊടുത്തു, അവളുടെ കുഞ്ഞു മുഖം തന്റെ കൈക്കുമ്പിളിൽ എടുത്ത് കണ്ണുകൾ രണ്ടും അടച്ചു കാണിച്ചു..
” സമാധാനമായി എനിക്ക്, എന്നെ നീ സ്നേഹിച്ചതിന്റെ ഒരു നൂറ് ഇരട്ടി സ്നേഹം ഞാൻ നിനക്ക് തിരികെ തരും, ഇത്രയും കാലം എന്നെ മനസ്സിൽ കൊണ്ടു നടന്നതിന് അത് മാത്രേ എനിക്ക് തരാൻ പറ്റൂ… ഇനി ഒരിക്കലും നീ ഞാനും ഇല്ല, നമ്മൾ മാത്രമേ ഉള്ളൂ… നമ്മൾ മാത്രം,
അത്രയും പറഞ്ഞവളുടെ കണ്ണുകളിലേക്ക് നോക്കി നന്നായി അവനൊന്ന് ചിരിച്ചു, അപ്പുറത്തെ കല്യാണവീട്ടിൽ നിന്നും ഇരുവർക്കും എന്നതുപോലെ ആ ഗാനവും അപ്പോൾ ഒഴുകി വന്നു..
“നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു
പ്രാണനിൽ ആദ്യമായ് പൂമണം ചൂടി ഞാൻ”…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]