Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 67

[ad_1]

രചന: റിൻസി പ്രിൻസ്‌

ഇനി ഒരിക്കലും നീ ഞാനും ഇല്ല, നമ്മൾ മാത്രമേ ഉള്ളൂ… നമ്മൾ മാത്രം,

അത്രയും പറഞ്ഞവളുടെ കണ്ണുകളിലേക്ക് നോക്കി നന്നായി അവനൊന്ന് ചിരിച്ചു,  അപ്പുറത്തെ കല്യാണവീട്ടിൽ നിന്നും ഇരുവർക്കും എന്നതുപോലെ ആ ഗാനവും അപ്പോൾ ഒഴുകി വന്നു..

“നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു
പ്രാണനിൽ ആദ്യമായ് പൂമണം ചൂടി ഞാൻ”

” സത്യായിട്ടും എനിക്ക് ഈ കാര്യം  വിശ്വസിക്കാല്ലോ അല്ലെ

നിറഞ്ഞ കണ്ണുകൾ തുടച്ച് നിറച്ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി ഒരിക്കൽകൂടി സംശയനിവാരണത്തിനായി അവൾ ചോദിച്ചു.

” തനിക്ക് ഇപ്പോഴും എന്നെ വിശ്വാസക്കുറവാണോടോ.?

” വിശ്വാസക്കുറവിന്റെ അല്ല ഇപ്പോഴും ഇതൊക്കെ സത്യമാണോ അല്ലയോ എന്ന് എനിക്ക് മനസ്സിലാകുന്നില്ല,  ഞാനൊരു നല്ല സ്വപ്നം കാണുന്നതുപോലെ…  ഈ സ്വപ്നത്തിൽ നിന്ന് ഞാൻ പെട്ടെന്ന് ഉണർന്നാൽ ഇതൊന്നും സത്യമല്ലെന്ന് അറിഞ്ഞാലോ അങ്ങനെ ഒരു മാനസികാവസ്ഥയിലാ ഞാനിപ്പോൾ, ഇത് സ്വപ്നമാണോ സത്യമാണോ എന്ന് പോലും എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല… 

അവളുടെ കൈകളിൽ അവൻ മുറുക്കി പിടിച്ചു.  ശേഷം തന്റെ കൈകൾ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു…

” ഇത് സ്വപ്നം അല്ല സത്യമാണ്.  കാലം കാത്തു വച്ച സത്യം…!  കറയില്ലാത്ത തന്റെ സ്നേഹത്തിന് കാലം നൽകിയ മറുപടി…

സന്തോഷം കൊണ്ട് നെഞ്ചു പൊട്ടിപ്പോകുന്ന ഒരു അവസ്ഥയിലായിരുന്നു  ആ സമയത്ത് ശ്വേത..

” ഞാൻ പോട്ടെ, ഇപ്പോ ധ്യാനം തുടങ്ങും,  ഇനി ആരെങ്കിലും ഇവിടേക്ക് വന്ന് നമ്മളെ കണ്ടാൽ…

”  താൻ ഇപ്പോൾ ധ്യാനം കൂടാൻ പറ്റിയ ഒരു മാനസികാവസ്ഥയിലാണോ…?

അവൻ ചോദിച്ചു

” ആണോന്ന് ചോദിച്ചാൽ അല്ല,  പക്ഷേ ഇവിടെ വരെ വന്നിട്ട് ധ്യാനം കൂടാതെ പോകുന്നതെങ്ങനെ..

”  എടൊ നമ്മൾ പള്ളിയിൽ നിൽക്കുമ്പോൾ നമുക്ക് ആത്മാർത്ഥത ഉണ്ടാവണം,  ദൈവവും നമ്മളും തമ്മിലുള്ള ഒരു കണക്ഷൻ ഉണ്ടാവണം. ആ കണക്ഷൻ ഇല്ലെങ്കിൽ പിന്നെ നമ്മൾ പള്ളിക്ക് അകത്തു നിൽക്കുന്നതിൽ വലിയ ഗുണമൊന്നുമില്ല…  ഈയൊരു സമയത്ത് തനിക്ക് ആത്മാർത്ഥമായിട്ട് പള്ളിക്കകത്തു നിന്ന് പ്രാർത്ഥിക്കാൻ പറ്റുമോ..?

“മനസ്സ് ഇവിടല്ല, സത്യമാ പക്ഷെ എനിക്ക് നന്ദി പറയണ്ടേ..?  എന്റെ ഏറ്റവും വലിയ സ്വപ്നം സാധിച്ചു തന്ന എന്റെ ഈശോയോട് എനിക്ക് നന്ദി പറയണ്ടേ…?

”  വേണം,  നമുക്ക് ഒരുമിച്ച് പറയാം…

” എങ്കിൽ വാ, 

” ഇപ്പോൾ ഞാൻ വരില്ല ഞാൻ പറഞ്ഞില്ലേ, രണ്ടു അടിച്ചിട്ട് നിൽക്കുക ആണ്… ഇപ്പോൾ ദൈവത്തിന് നിരക്കാത്തത് ഞാൻ കാണിക്കാൻ വരുന്നില്ല, നാളെ നോർമൽ ആയിട്ട് രാവിലത്തെ കുർബാനയ്ക്ക് നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് വന്നു കൂടാം..  അതുകഴിഞ്ഞ് ഒരു മെഴുകുതിരി കത്തിച്ച് ദൈവത്തിനോട് നന്ദി പറഞ്ഞു തിരികെ പോകാം,

”  അതാ നല്ലത് അല്ലേ…

”  അതെ, ഏതായാലും ധ്യാനം പുറത്തിരുന്ന് കുറച്ചുനേരം കേട്ടിട്ട് പോയാൽ മതി… ഞാൻ വീട്ടിൽ പോകാ,  തന്നെ ഒന്ന് കാണാൻ വേണ്ടിയാണ് ഞാൻ ഇത്രയും നിന്നത്,

” ഞാനും തിരിച്ചു പോവാ,  എനിക്ക് വീട്ടിൽ പോയി കുറച്ചുനേരം ഒറ്റയ്ക്ക് ഇരിക്കണം….  പിന്നെ എന്റെ പ്രാർത്ഥന മുറിയിൽ പോയിട്ട് കുറച്ചു സമയം പ്രാർത്ഥിക്കണം,

”  എങ്കിൽ ഞാൻ വീട്ടിൽ ആക്കി തരാം…

അവൻ വിളിച്ചപ്പോൾ അവൾക്ക് എതിർക്കാൻ തോന്നിയിരുന്നില്ല, രണ്ടുപേരും ഒരുമിച്ചാണ് തിരികെ പോയത്..  അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ അവന്റെ അരികിൽ ഇരുന്നു…. പതുങ്ങി ഒരു പൂച്ച കുഞ്ഞിനെ പോലെ, തിരികെയുള്ള യാത്രയിൽ രണ്ടുപേരും ഒന്നും സംസാരിച്ചില്ല…  വളരെ മനോഹരമായ മൗനം ഇരുവരുടെയും ഇടയിൽ ആധിപത്യം സ്ഥാപിച്ചു…  അല്ലെങ്കിലും തങ്ങൾക്കിടയിൽ എന്നും കൂടുതലായി നിന്നിട്ടുള്ളത് മൗനം ആണല്ലോ,  ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും രണ്ടുപേർക്കും പരസ്പരം ഇപ്പോഴും എന്ത് തുറന്ന് സംസാരിക്കണം എന്ന് അറിയില്ല…  എന്തെങ്കിലും ഒന്ന് പറഞ്ഞു പോയാൽ അത് കൂടി പോയാലോ എന്ന ചമ്മലാണ് രണ്ടുപേർക്കും,

അവൻ അവളുടെ വീടിന്റെ കുറച്ച് അരികിലായി  വണ്ടി നിർത്തി,  കണ്ണുകൾ കൊണ്ടാണ് രണ്ടുപേരും യാത്ര പറഞ്ഞത്..  തിരികെ പോകാൻ തുടങ്ങിയവളുടെ കയ്യിൽ അവൻ ഒരിക്കൽ കൂടി പിടിച്ചു…  ആ നിമിഷം അമ്പരന്നുകൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി,

“ഐ ലവ് യു…. ഇത് സ്വപ്നമല്ലെന്ന് ഒരിക്കൽ കൂടി മനസ്സിലാക്കാൻ,

അത്രയും പറഞ്ഞു അവൾക്കൊരു പുഞ്ചിരിയും സമ്മാനിച്ചവൻ തിരികെ പോയപ്പോൾ നാളെ രാവിലെ കുർബാനയ്ക്ക് വരണമെന്ന് അവളെ ഓർമ്മിപ്പിച്ചിട്ടാണ് പോയത്…  അന്നത്തെ രാത്രി അവൾ ഉറങ്ങിയില്ല,  ഭക്ഷണം കഴിച്ചില്ല,  ഒരു സ്വപ്നത്തിൽ എന്നത് പോലെ കഴിഞ്ഞുപോയ ഓരോ കാര്യങ്ങളും അവൾ വീണ്ടും വീണ്ടും ഓർത്തെടുത്തു..  അവൻ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ നിമിഷം എത്ര ആലോചിച്ചിട്ടും അവൾക്ക് മതിവരുന്നുണ്ടായിരുന്നില്ല. ഈ സന്തോഷം ആരോടൊക്കെയോ പറയണമെന്ന് അവളുടെ ഉള്ളം കൊതിച്ചു..  പക്ഷേ ഒന്നിനും തോന്നുന്നില്ല.. മറുവശത്ത് അവന്റെ അവസ്ഥയും അതുതന്നെയായിരുന്നു,  കുറച്ചധികം ദിവസങ്ങളായി മനസ്സിൽ കൊണ്ടു നടന്നവളുടെ ഹൃദയത്തിൽ ഇപ്പോഴും താനുണ്ടെന്ന് അവളുടെ നാവിൽ നിന്ന് തന്നെ അറിഞ്ഞപ്പോൾ അവനിൽ വല്ലാത്തൊരു സന്തോഷം വന്നു ചേർന്നിരുന്നു…  അവളെക്കുറിച്ച് ആലോചിച്ച് ഉള്ളിൽ കിടക്കുന്ന മദ്യത്തിന്റെ ലഹരിയിൽ എപ്പോഴോ അവൻ നിദ്രയെ കൂട്ടുപിടിച്ചു…

അവൾ ആവട്ടെ ആ രാത്രി ഉറങ്ങാൻ സാധിക്കാതെ ക്ലോക്കിലേക്ക് നോക്കിയിരുന്നു,  എങ്ങനെയെങ്കിലും രാവിലെ ആയാൽ മതി അവൾക്ക്… രാവിലെ അവനൊക്കെ മാറ്റി പറയുമോ എന്ന ഭയമാണ് ഇപ്പോഴും.  അവളുടെ ഉള്ളിൽ വെറുതെ കുടിയുടെ പുറത്ത് അവൻ പറഞ്ഞതാണോ എന്ന് സംശയമാണ്  നിറഞ്ഞുനിന്നത്.  വെളുപിനെ ആയപ്പോഴാണ് കുറച്ചൊന്നുറങ്ങിയത്, അലാറം അടിച്ചപ്പോഴേക്കും എഴുന്നേറ്റു..  വീട്ടിൽ ആരും ഉണർന്നിട്ടില്ല, ആ സമയം കൊണ്ട് എഴുന്നേറ്റ് നേരെ കുളിമുറിയിൽ പോയി ഒന്ന് കുളിച്ചു…  അതോടെ ഉറക്ക ക്ഷീണവും മാറി..

വെള്ള നിറത്തിലുള്ള ഒരു ചുരിദാർ എടുത്താണ് പള്ളിയിൽ പോകാനായി റെഡിയായി..  അമ്മച്ചി ഉണർന്നു വരുമ്പോഴേക്കും പള്ളി പോകാൻ തയ്യാറായിരുന്നു,

” നീ ഇതെന്ന ഇത്രയും രാവിലെ

“കുർബാനയ്ക്ക് പോവാ

”  സാധാരണ നീ രാവിലെ പോകാറില്ലല്ലോ, ഇന്നലെ ധ്യാനം പകുതി ആയപ്പോൾ നീ പോന്നതാണ് എന്നല്ലേ പറഞ്ഞത്…

”  അത് തലവേദന കൊണ്ടല്ലോ അമ്മച്ചി,  ഇന്നിപ്പോ ഒന്ന് പോയി പ്രാർത്ഥിക്കാൻ തോന്നി..  ഇന്നലെ രാത്രി മൊത്തം എന്തൊക്കെയോ സ്വപ്നങ്ങൾ കാണുവായിരുന്നു…  നന്നായിട്ടൊന്ന് കുമ്പസാരിച്ച് കുർബാന കൊണ്ടാലേ അത് മാറത്തുള്ളൂ, അത്രയും മാത്രം പറഞ്ഞ് അവൾ പുറത്തേക്കിറങ്ങിയപ്പോൾ കാപ്പി കുടിക്കുന്നില്ലേ എന്ന് അമ്മച്ചി പുറകിൽ നിന്നും വിളിച്ചു ചോദിച്ചു…

വന്നിട്ട് മതിയെന്ന് പറഞ്ഞ് അവൾ വേഗം നടന്നിരുന്നു, ഇന്ന് കാലുകൾക്ക് പതിവിലും വേഗത ഉണ്ട്.  പള്ളികളിലേക്ക് കയറി മുട്ടുകുത്തി പ്രാർത്ഥിച്ചപ്പോൾ കണ്ണുകൾ തിരഞ്ഞത് അവനെയാണ്,  ഇത്രയും നേരമായിട്ടും വന്നിട്ടില്ല… അവളുടെ മനസ്സിൽ വീണ്ടും ഒരു ഭയം അധികരിക്കാൻ തുടങ്ങി,  ഇന്നലെ പറഞ്ഞതൊക്കെ മറന്നു പോയിട്ടുണ്ടാകുമോ.? വീണ്ടും തന്നെ പറ്റിക്കാൻ വേണ്ടി ആയിരുന്നോ ആ വാക്കുകളൊക്കെ..?  ചിന്തകൾ വീണ്ടും കാട് കയറാൻ തുടങ്ങി,  ക്രൂശിതരൂപത്തിലേക്ക് നോക്കി കണ്ണുകൾ അടച്ചു, ”  ഒരിക്കൽ കൂടി മോഹിപ്പിച്ച് വേദനിപ്പിക്കല്ലേ ഈശോയെ”  എന്ന് ഉള്ളൂരുകി പ്രാർത്ഥിച്ചു ആ നിമിഷം തന്നെയാണ് അകത്തേക്ക് കയറി വന്നവൻ മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് കണ്ടത്…  പ്രാർത്ഥന കഴിഞ്ഞ് എഴുന്നേറ്റതും അവന്റെ കണ്ണുകൾ നേരെ നീണ്ടത് സ്ത്രീകൾ നിൽക്കുന്ന നിരയിലേക്ക് തന്നെയാണ്, പ്രിയപ്പെട്ടവളെ കണ്ടതും ആ കണ്ണുകൾ ഒന്ന് തിളങ്ങി…!  അവളെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചവൻ വീണ്ടും അൾത്താരയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു,  അവളുടെ മനസ്സിനെ ഒന്ന് തണുപ്പിക്കാൻ ആ പുഞ്ചിരി ധാരാളമായിരുന്നു.. കുർബാന കഴിഞ്ഞ് ഇറങ്ങിയതും അവൻ അവളെ വിളിച്ചിരുന്നു…  പോക്കറ്റിൽ നിന്നും അവൻ കരുതിവച്ചിരുന്ന മെഴുകുതിരിയിൽ ഒന്നെടുത്ത് അവൾക്കും കൂടി നീട്ടി, രണ്ടുപേരും കൂടി ഒരുമിച്ച് തിരി കത്തിച്ചു..

” ഈ ഇശോയെ സാക്ഷിയാക്കിയാ ഞാൻ പറയുന്നത്,  ഇനി എന്റെ ജീവിതത്തിൽ എന്റെ മരണം വരെ മറ്റൊരു പെൺകൊച്ച് ഉണ്ടാവുകയില്ല, ജീവിച്ചാലും മരിച്ചാലും നമ്മൾ ഒരുമിച്ച്…  ഈ നിമിഷം മുതൽ എനിക്ക് നിന്നെ സ്നേഹം കൊണ്ട് മൂടണം.. ഈ കാലം അത്രയും നീ എന്നെ മനസ്സിൽ കൊണ്ടുനടന്നതിന് പകരം തരാൻ ഈ ജീവിതം മാത്രമേ എന്റെ കൈയിലുള്ളൂ,  ഈ ആൾത്താരയ്ക്ക് മുൻപിൽ വച്ച് ഇവിടെ മനുഷ്യരുടെ പാപങ്ങൾക്ക് വേണ്ടി സ്വയബലി ആയവന്റെ സാന്നിധ്യത്തിൽ ഞാൻ നിനക്ക് തരുന്ന വാക്കാണിത്..  എന്റെ പേരിൽ ഒരു മിന്നു നിന്റെ കഴുത്തിൽ മാത്രമേ കയറും,

അത് പറഞ്ഞവൻ അവളുടെ കൈകൾക്ക് മുകളിലേക്ക് തന്റെ കൈകൾ വച്ചു…. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും ആ കണ്ണുകൾ നിറഞ്ഞിരുന്നു,  ഈശോയുടെ ക്രൂശിതരൂപത്തിന് മുന്നിൽ നിന്ന് കണ്ണുകൾ അടച്ചവൾ നന്ദി പറഞ്ഞു… തടസ്സങ്ങളൊന്നും ഇല്ലാതെ ഈ ഒരുവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടാൻ സാധിക്കണമെന്ന് അവനും….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button