ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 70
[ad_1]
രചന: റിൻസി പ്രിൻസ്
തനിക്ക് തരുന്ന എന്റെ കിസ്സ് എനിക്ക് സ്പെഷ്യൽ ആയിരിക്കണം, അതുകൊണ്ട് ഇപ്പോൾ ഞാൻ അതിനു മുതിരുന്നില്ല… വളരെ സ്പെഷ്യൽ ആയിട്ട് നമുക്കിടയിൽ അത് എപ്പോഴെങ്കിലും സംഭവിക്കട്ടെ…
ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് നാണത്തിന്റെ അലകൾ വിരിഞ്ഞു …
” പിന്നെ നമുക്ക് കുറച്ച് നാൾ നമ്മുടെ നാട്ടിൽ തന്നെ ഒന്ന് പ്രേമിക്കേണ്ടെ…? താൻ ആഗ്രഹിച്ചതല്ലേ അതൊക്കെ, അതുകൊണ്ട് താന് വർക്ക് ഫ്രം ഹോം കിട്ടുമോന്ന് നോക്ക്… എന്നിട്ട് നമുക്ക് കുറച്ചുനാൾ ഇവിടെ അടിച്ചുപൊളിച്ചു തിരിച്ചുപോകാം,
” അത് എനിക്ക് അപ്പ്രൂവൽ കിട്ടി. ഞാൻ കഴിഞ്ഞ ദിവസം തന്നെ എടുത്തിട്ടുണ്ടായിരുന്നു, എത്ര ദിവസം എന്ന് ഒന്നും ഞാൻ മെൻഷൻ ചെയ്തിട്ടില്ല,
” എത്ര ദിവസം വേണം എന്നൊക്കെ ഞാൻ പതുക്കെ അറിയിക്കാം…
വാച്ചിൽ നോക്കി അവൻ പറഞ്ഞു
” എങ്കിൽ പിന്നെ പോയാലോ….
” ശരി
അവനോടൊപ്പം ബുള്ളറ്റിൽ കയറിയപ്പോൾ അവന്റെ തോളിൽ കൈവെച്ചവളുടെ കൈയെടുത്ത് അവൻ ബലമായി തന്നെ വയറിലേക്ക് ചേർത്തുവച്ചിരുന്നു അവൻ….
” ആരെങ്കിലും കാണും കെട്ടോ, ഒന്നാമത് നമ്മുടെ നാട്ടുകാര് ആണ്…. ഇച്ചായന് പ്രോബ്ലം ആകും…
” എനിക്ക് എന്ത് പ്രശ്നാടീ കൊച്ചേ ഇനിയിപ്പോ..? ആര് കണ്ടിട്ടും ഒരു പ്രശ്നവും ഉണ്ടാവാൻ പോകുന്നില്ല,
താൻ ഒരുപാട് ആഗ്രഹിച്ച ഒരു യാത്രയാണ് ഇതെന്ന് അവൾക്ക് തോന്നി…. ഒരിക്കലും നടക്കുമെന്ന് പ്രതീക്ഷിച്ചതല്ല അവളുടെ വീടിന് അരികിലായി അവൻ വണ്ടി നിർത്തിയിരുന്നു,
” എങ്കിൽ പോട്ടെ…?
അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു,
” പോകണ്ട എന്ന് പറഞ്ഞാൽ താൻ എന്നോട് ഒപ്പം വരുമോ..?
ഏറെ പ്രണയത്തോടെ അവനും മറു ചോദ്യം ചോദിച്ചു…
” വരാനുള്ള സമയമാകുമ്പോൾ വീട്ടിൽനിന്ന് എല്ലാവരുടെ അനുവാദത്തോടെ വന്ന് എന്നെ വിളിച്ചോണ്ട് പോയാ മതി…
“താൻ ഒരുപാട് കാര്യങ്ങൾ ആഗ്രഹിച്ചല്ലോ എന്ന് കരുതി മാത്രം ആണ്… അല്ലേൽ ഞാൻ ഈ പോക്കിനു മുൻപ് നമ്മുടെ കല്യാണം ഫിക്സ് ചെയ്തിട്ടേ പോകുള്ളൂ,
” നമുക്ക് കുറച്ച് പ്രേമിക്കണം ഇച്ചായാ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, സ്കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു… അന്ന് ഒന്നും നടന്നില്ല, ഇനി എനിക്ക് കുറച്ചുനാള് പ്രേമിക്കണം…
ഉത്സാഹത്തോടെ അവൾ പറഞ്ഞു..
“ആയിക്കോട്ടെ തന്റെ ആഗ്രഹങ്ങളൊക്കെ സാധിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്… അത് കഴിഞ്ഞു മതി കല്യാണം,
അവനും പറഞ്ഞു.
” ഒരുപാട് കാലം ഒന്നും ഞാൻ പറയുന്നില്ല ഏറ്റവും കുറഞ്ഞത് ഒരു മൂന്നുമാസം എങ്കിലും,
” ആയിക്കോട്ടെ തന്റെ ഇഷ്ടത്തിന് ഒന്നും ഞാൻ എതിര് നിൽക്കുന്നില്ല….
” ഇനി എപ്പോഴാ കാണുന്നേ…
ഏറെ ആവേശത്തോടെ അവൾ ചോദിച്ചു
” എനിക്ക് എപ്പോഴും കാണാൻ തോന്നുന്നുണ്ട്..?
കണ്ണിൽ പ്രണയം നിറച്ചവൻ പറഞ്ഞു…
“അത് കുറച്ചു ഓവർ ആയില്ലേ..?
ചിരിയോടെ അവൾ ചോദിച്ചു
” ഞാനൊരു പൈങ്കിളി കാമുകൻ ആണെന്ന് തനിക്ക് തോന്നുന്നുണ്ടോ…?
” ഞാനീ പ്രേമിക്കാത്തകൊണ്ട് അതിന്റെ വകുപ്പുകൾ ഒന്നും എനിക്ക് അറിയില്ല…
” ഞാൻ പിന്നെ അതിൽ എക്സ്പോർട്ട് ആയതുകൊണ്ട് എനിക്കതിന്റെ വകുപ്പുകൾ ഒക്കെ അറിയാം… പിന്നെ പ്രേമം എന്നൊക്കെ പറയുമ്പോൾ കുറച്ച് പൈങ്കിളിയാണ്, ചില സ്റ്റേജിലൊക്കെ തനിക്ക് തോന്നും ഇവൻ ഇത്രയ്ക്ക് ബോറനായിരുന്നോ എന്ന്…. അതൊക്കെ സഹിച്ചോണം, റൊമാൻസ് വന്നാ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല…
നാണത്തിന്റെ ഒരു ചിരി അവളിൽ ബാക്കിയായി,
” ചെല്ല്… രാവിലെ വീട്ടിൽനിന്നിറങ്ങിയല്ലേ അവർ പേടിക്കും, ഞാൻ വിളിക്കാം
.
“ശരി
അവൾ വീട്ടിലേക്ക് കയറി പോയത് കണ്ടതിനുശേഷം ആയിരുന്നു അവൻ വണ്ടിയുമായി തിരികെ പോയിരുന്നത്… വളരെ ഉല്ലാസത്തോടെ വീട്ടിലേക്ക് കയറി വരുന്ന മകളെ കണ്ടപ്പോൾ ഇവൾക്ക് എന്തു പറ്റിയെന്നാണ് ഒരു നിമിഷം അമ്മച്ചിയും വിചാരിച്ചത്,
” നീ എന്താ ഇത്രയും താമസിച്ചത്…? സാധാരണ ഇത്രയും താമസിക്കാറില്ലല്ലോ,
കുർബാന കഴിഞ്ഞിട്ട് ഒത്തിരി നേരം ആയില്ലേ…?
” ഞാന് അനിറ്റയുടെ വീട്ടിൽ ഒന്ന് കയറി അമ്മച്ചി, ഒത്തിരി കാലം ആയില്ലേ അവളെ കണ്ടിട്ട്… പിന്നെ വല്ലപ്പോഴും ഇങ്ങനെ ഇവിടെ വന്ന് നിൽക്കുമ്പോഴല്ലേ നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ കാണാൻ പറ്റു, അതിന്റെ ഒരു സന്തോഷത്തില്,
” നീ എങ്ങനെയാ വന്നത്…?
” അനിറ്റയുടെ വീട്ടിൽ ഞാൻ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ നമ്മുടെ സാമച്ചായൻ ഇല്ലേ ജസീ ആന്റിടെ മോൻ, പുള്ളി ഇവിടെ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു അപ്പോൾ ഞാൻ ഇവിടെ ഇറങ്ങി.
” ഞാൻ നിന്നോട് കഴിഞ്ഞദിവസം തന്നെ പറഞ്ഞതല്ലേ വെറുതെ നാട്ടുകാർക്ക് ഒരു പറച്ചിലിന് ഇടയാക്കരുത് എന്ന്, നിങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നത് ആണ് അത് സമ്മതിച്ചു, പക്ഷേ നമ്മുടെ നാട്ടിലിതൊന്നും ആർക്കും മനസ്സിലാവില്ല… നീയും ആ ചെറുക്കനും കൂടി ഒന്നിച്ചാണ് അവിടെ താമസം എന്നൊക്കെ നാട്ടുകാർ അറിഞ്ഞാൽ എന്തായിരിക്കും വിചാരിക്കുന്നത്… ഇപ്പോഴത്തെ കാലാ, നീ ഒരു പെങ്കൊച്ച് ആണ്… കല്യാണപ്രായം തികഞ്ഞ ഒരു പെൺകൊച്ച് അതുകൊണ്ട് ഇങ്ങനെ നിന്നെ കുറിച്ച് ആരെങ്കിലും പറയുന്നത് എനിക്കിഷ്ടമല്ല,
” അതിനിപ്പോ എന്ത് സംഭവിച്ചു എന്നാ ഞങ്ങൾ ഒരു ഓഫീസിൽ ജോലി ചെയ്യുന്നവർ ഒരേ ഫ്ലാറ്റിൽ താമസിക്കുന്നവർ നാട്ടിൽ വച്ച് കണ്ടപ്പോൾ എനിക്കൊരു ലിഫ്റ്റ് തന്നു എന്ന് വച്ച് എന്ത് സംഭവിക്കാനാ? ഈ പറയുന്നവരുടെ വാ മുടി കെട്ടാൻ നമുക്ക് പറ്റത്തില്ല അമ്മച്ചി,
” പറയുന്നവരെ എന്തും പറഞ്ഞോട്ടെ, പക്ഷേ ഞാൻ നിന്റെ അമ്മച്ചിയാ നിന്റെ മുഖത്തെ മാറ്റം എനിക്ക് മനസ്സിലാവും, അവനെ കാണുമ്പോൾ നിന്റെ കണ്ണിൽ വരുന്ന ഒരു തിളക്കവും ഉത്സാഹവും ഒക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്, അതുകൊണ്ട് ഞാൻ ഇത് വേണ്ട എന്ന് പറഞ്ഞത്… ഒന്നാമത്തെ കാര്യം അവരുടെ വീട്ടിൽ ഇത് സമ്മതിക്കുകേല, നീ പഠിച്ച് നമുക്കിപ്പോൾ നല്ലൊരു ജീവിതം ഉണ്ടെന്ന് പറഞ്ഞിട്ട് അവരൊന്നും തറവാട്ട് മഹിമ നോക്കാതെ ഒരു ബന്ധത്തിന് മുൻതൂക്കം കാണിക്കില്ല, അവസാനം എന്റെ മോള് കരയാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇത് പറഞ്ഞു വരുന്നത്…
” അമ്മച്ചി എന്തൊക്കെയാ ഈ പറയുന്നത്… പണ്ടത്തെ കാലത്ത് ആണ് അമ്മച്ചി പറഞ്ഞതുപോലെയുള്ള ഈ നൂലാമാലകൾ ഒക്കെ ഉള്ളത്,
” സത്യം പറയടി നിങ്ങൾ തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ് മറ്റെന്തെങ്കിലും ഉണ്ടോ..? എന്റെ നെഞ്ചിൽ തീയാ നിന്നെയും അവനെയും കൂടെ ഒരുമിച്ച് കാണുമ്പോഴൊക്കെ,
” എനിക്ക് ആളോട് ഒരു ഇഷ്ടക്കുറവും ഇല്ല, പിന്നെ ആൾക്ക് എന്തെങ്കിലും പ്രത്യേക ഇഷ്ടം ഉണ്ടോ എന്ന് ചോദിച്ചാൽ അതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല, അങ്ങനെ എന്തെങ്കിലും കാര്യം എന്നോട് പറഞ്ഞാലും ഇവിടെ വന്ന് സംസാരിക്കാൻ ഞാൻ പറയും, അമ്മച്ചിക്ക് അറിയാലോ ഞാൻ ഈ കുടുംബത്തെ മറന്നു ഒരു കാര്യവും ചെയ്യാൻ പോകുന്നില്ല… മാത്രമല്ല എന്നെ സൂക്ഷിക്കാൻ എനിക്ക് നന്നായിട്ട് അറിയാം, അതോർത്ത് അമ്മച്ചി പേടിക്കേണ്ട… പിന്നെ നാട്ടുകാര് പറയുന്നത് നമ്മൾ എന്ത് ചെയ്താലും ഇല്ലെങ്കിലും അവര് പറയും, അത് നമുക്ക് മൂടി കെട്ടാനും പറ്റത്തില്ല.. പറയുന്നവരെ അവിടെ കിടന്ന് പറയട്ടെ, നമുക്ക് നമ്മളെ അറിയാമെങ്കിൽ പിന്നെ നമ്മൾ പേടിക്കേണ്ട കാര്യമില്ലല്ലോ… ആള് അങ്ങനെ മോശമായിട്ടുള്ള ഒരു ക്യാരക്ടറുള്ള ആളൊന്നുമല്ല..
” അത് നിന്നെക്കാൾ നന്നായിട്ട് എനിക്കറിയാം, ഞാൻ ആ കൊച്ചനെ ചെറിയ പ്രായം തൊട്ട് കണ്ടു തുടങ്ങിയിട്ടുള്ളത് ആണ്… സാധാരണ ആമ്പിള്ളേരുടെ ഒരു മോശസ്വഭാവങ്ങളും ആ കൊച്ചന് ഉണ്ടായിട്ടില്ല അതൊക്കെ എനിക്കറിയാം. എങ്കിലും എന്റെ മോളുടെ കാര്യത്തിൽ എനിക്ക് കുറച്ച് സമാധാനക്കേട് തോന്നുന്നത് സ്വാഭാവികം അല്ലേ…
” അമ്മച്ചി പേടിക്കണ്ട, എനിക്ക് നന്നായിട്ട് വിശക്കുന്നു കഴിക്കാൻ എന്തെങ്കിലും താ
അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയപ്പോൾ കൂടുതൽ ഒന്നും അവളോട് പറയേണ്ട ആവശ്യമില്ലന്ന് അവർക്കും തോന്നിയിരുന്നു… പ്രായത്തിൽ കവിഞ്ഞ പക്വതയാണ് അവൾക്ക് ഉള്ളത്. അവളുടെ ഒറ്റ ഒരാളുടെ നിശ്ചയദാർഢ്യം കൊണ്ടാണ് ഈ കുടുംബം ഉയരത്തിൽ എത്തിനിൽക്കുന്നത്, തന്റെ ഇല്ലായ്മകൾ അറിഞ്ഞ് ജീവിച്ചവൾ തന്നെയാണ് അവൾ… അതുകൊണ്ടുതന്നെ അവളോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല എങ്കിലും തന്നിലെ അമ്മയ്ക്ക് ഒരു ഭയം ഉണ്ടാകുമല്ലോ, പെൺമക്കളുള്ള എല്ലാ മാതാപിതാക്കളുടെയും നെഞ്ചിൽ തീ ആയിരിക്കുമല്ലോ, ഇവിടെ താൻ ഒരു ഒറ്റ ആളെ ഉള്ളൂ എല്ലാത്തിനും എന്നതുകൊണ്ടുതന്നെ ആ തീയുടെ ആഴം ഇത്തിരി കൂടുതലുമാണ്… അടുക്കളയിലേക്ക് ചെന്ന് അവൾക്ക് കഴിക്കാനുള്ള ഭക്ഷണം എടുത്തു കൊടുത്തിരുന്നു, അവർ കഴിക്കുന്നതിനിടയിൽ മുടിയിൽ അരുമയായി തലോടുകയും ചെയ്തു… അമ്മച്ചിയോട് കള്ളം പറഞ്ഞതിന്റെ കുറ്റബോധം അവളെയും നീറ്റുന്നുണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞതും ജോലിക്കായി അവൾ കയറിയിരുന്നു… പിന്നീട് ഉച്ചയ്ക്ക് ലഞ്ച് ടൈമിലാണ് ഇറങ്ങിയത്, ഉച്ചയ്ക്കുള്ള ഭക്ഷണം കഴിച്ച് കുറച്ചുനേരം കിടക്കാം എന്ന് കരുതിയിരുന്നപ്പോഴാണ് സാമിന്റെ ഫോൺ വരുന്നത്… പെട്ടെന്ന് അവൾ മുറി ലോക്ക് ചെയ്തതിനുശേഷമാണ് കോൾ എടുത്തത്.. അമ്മച്ചിയെങ്ങാനും കേട്ടാൽ പിന്നെ സമാധാനം പോകാൻ അതുമതി,വെറുതെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് അവൾ ലോക്ക് ചെയ്തത്..
” ഡ്യൂട്ടിയിലാണോ
ഫോണെടുത്തതും അവൻ ചോദിച്ചത് അതാണ്
“ആരുന്നു ലഞ്ച് ബ്രേക്ക്, ഇനി ഉച്ചയ്ക്ക് ശേഷമേ ഉള്ളൂ,
” എനിക്ക് നൈറ്റ് ആണ്.
” താൻ തിരക്കിലായിരിക്കും എന്ന് കരുതിയാ ഞാൻ കുറച്ചു മുന്നേ ഒന്നും വിളിക്കാതിരുന്നത്.
” ഞാൻ വന്നു കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഡ്യൂട്ടിക്ക് കയറിയിരുന്നു…എന്താ പരിപാടി…?
” പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല മമ്മിയെന്നേ പോസ്റ്റ് ആക്കിയിരിക്കുക ആണ്… കുറച്ച് അധികം പണി തന്നിട്ടുണ്ട്, മമ്മി പപ്പായയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരിക്കുകയാണ്, വീടൊക്കെ വരുമ്പോഴേക്കും വൃത്തിയാക്കിയിട്ടിരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്, ഞാൻ ഫുൾ ക്ലീനിങ്ങിലാ
“ബെസ്റ്റ്…. ചേച്ചി ഇല്ലേ..?
അവളും അളിയനും കൂടെ അവടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയിരിക്കുകയാ,
“താൻ എന്താ സൗണ്ട് കുറച്ചു പറയുന്നേ, എനിക്കൊന്നും ക്ലിയർ ആകുന്നില്ല…
” അത് ഒരു ചെറിയ പ്രശ്നമുണ്ട് ഞാൻ നേരിൽ പറയാം,
” എന്തുപറ്റി…?
” നേരിട്ട് പറയാം
” ഓക്കേ വൈകുന്നേരം പള്ളിയിൽ വരുമോ..?
” ഇല്ല ഇച്ചായ… എനിക്ക് അതിനു മുൻപ് ഡ്യൂട്ടിക്ക് കയറണം, എങ്കിൽ ഒരു കാര്യം ചെയ്യ് അന്ന് താൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാ ആ ഇടവഴി ഇല്ലേ അവിടെ വരെ വാ, ഡ്യൂട്ടിക്ക് കയറും മുൻപ്, ഞാൻ പള്ളിയിലേക്ക് പോകുന്ന ടൈമിൽ കാണാമല്ലോ, എനിക്ക് തന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു….
ചിരിയോടെ അവനത് പറഞ്ഞപ്പോൾ നിറഞ്ഞ മനസ്സോടെ അവൾ ഒന്ന് ചിരിച്ചു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]