Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 76

[ad_1]

രചന: റിൻസി പ്രിൻസ്‌

അവന്റെ ഇഷ്ടം എന്തോ അതാണ് ഞങ്ങളുടെ ഇഷ്ടം ഞങ്ങളുടെ മോനെ ഇവിടുത്തെ കുട്ടിയെ തിരഞ്ഞത് നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ ഇത്രയും പെട്ടെന്ന് നമുക്ക് ഇത് നടത്താം 

സാജൻ പറഞ്ഞു കഴിഞ്ഞപ്പോൾ വലിയമ്മച്ചിയും സാലിയും ഒരേപോലെ ഞെട്ടിയിരുന്നു കുളിമുറിയിൽ നിന്നും തിരികെ മുറിയിലേക്ക് പോകാൻ എത്തിയ ശ്വേതയും ഇത് കേട്ട് കൊണ്ട് വാതിലിൽ തറഞ്ഞു നിന്നു പോയിരുന്നു ആ നിമിഷം സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു പോയി..

ആ അമ്പരപ്പ് നിറച്ചൊരു നിശബ്ദത അവിടെയുണ്ടായിരുന്നു…

”  മോനെ നിങ്ങൾ പറയുന്നത് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല…  നിങ്ങളുടേതു പോലെയുള്ള ഒരു കുടുംബത്തിന്ന് ഇങ്ങോട്ട് ഒരു ആലോചന വരിക എന്ന് പറയുന്നത് ഞങ്ങളുടെ ഭാഗ്യം തന്നെയാണ്.  നിങ്ങടെ കൊച്ചന് ഞങ്ങളുടെ മോളെ ഇഷ്ടമായി എന്ന് പറയുന്നത് അവളുടെ മഹാഭാഗ്യം. പക്ഷേ എനിക്ക് ഇപ്പോഴും ഇത് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല…

വല്യമ്മച്ചി അമ്പരപ്പോടെ തന്റെ മനസ്സിലുള്ള കാര്യം തുറന്നു പറഞ്ഞു..

”  എന്റെ മോനും മരുമോളും ഒക്കെ നിങ്ങളുടെ വീട്ടിലെ ജോലിക്കാരായിരുന്നു അങ്ങനെയുള്ള ഞങ്ങളുടെ വീട്ടിൽ ഒരു ബന്ധം കൂടാൻ നിങ്ങൾ തയ്യാറാവുക എന്ന് പറയുമ്പോൾ,

” ഇത് പഴയകാലമല്ല അമ്മച്ചി,  കുട്ടികൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നമ്മൾ തറവാട്ട് മഹിമയും മറ്റുകാര്യങ്ങളും ഒക്കെ നോക്കേണ്ട യാതൊരു കാര്യവുമില്ല…  പിന്നെ ഞാൻ അത്തരം കാര്യങ്ങൾ ഒന്നും നോക്കുന്ന കൂട്ടത്തിൽ അല്ല.  അങ്ങനത്തെ കാര്യങ്ങൾ ഒന്നും നോക്കിയിട്ട് ആവില്ലല്ലോ അവൻ ഇവിടത്തെ കുട്ടിയെ ഇഷ്ടപ്പെട്ടത്..  ഞങ്ങളുടെ തറവാട്ട് മഹിമയും മറ്റു കാര്യങ്ങളും ഒന്നും നിങ്ങൾ നോക്കണ്ട.. ഞങ്ങളുടെ ചെക്കനെ ഇഷ്ടമായെങ്കിൽ മാത്രം മുന്നോട്ടു പോയാൽ മതി… പിന്നെ പിള്ളേര് തമ്മിൽ ഇഷ്ടത്തിലാണെന്നാണ് ഞാൻ അറിഞ്ഞത്…

സാജൻ പറഞ്ഞു

” മോൾ എവിടെ സാലി ഒന്ന് വിളിച്ചെ

ജെസ്സി പറഞ്ഞപ്പോൾ യാന്ത്രികമായി സാലി തല അനക്കിയതിനു ശേഷം അകത്തേക്ക് പോയിരുന്നു,

മുടിയിൽ നിന്നും ഈറൻതുള്ളികൾ ഇറ്റ് വീണ് നിശ്ചലയായി നിൽക്കുന്നവളെ കണ്ടപ്പോൾ ഉമ്മറത്ത് പറഞ്ഞതെല്ലാം അവളും കേട്ടു എന്ന് സാലിക്കു ഉറപ്പായി…

” അവിടെ പറഞ്ഞതൊക്കെ നീ കേട്ടില്ലേ..? അവര് നിന്നെ പെണ്ണ് ചോദിക്കാൻ വന്നത് ആണ്… നീ നല്ലൊരു ഡ്രസ്സ് ഒക്കെ ഇട്ട് വേഗം ഉമ്മറത്തേക്ക് വാ….

സാലി അങ്ങനെ പറഞ്ഞപ്പോൾ എതിർത്തൊന്നും പറഞ്ഞില്ല അവൾ…  തലയാട്ടി സമ്മതിച്ചു.  നേരെ മുറിയിലേക്ക് ചെന്നു വലിയ സന്തോഷത്തോടെ വെള്ള നിറത്തിലുള്ള ഒരു കോട്ടൺ ടോപ്പും അതിനു ചേരുന്ന നീല നിറത്തിലുള്ള ഒരു പലാസയും അണിഞ്ഞു. ഉള്ളിൽ വല്ലാത്തൊരു സന്തോഷമാണ്…  ആ സന്തോഷത്തിൽ ആദ്യം ഫോൺ വിളിച്ചത് സാമിനെയാണ്..  പക്ഷേ ഒരു മുഴുവൻ ബെല്ലടിച്ച് തീർന്നു എന്നല്ലാതെ അവൻ ഫോണെടുത്തില്ല…  തനിക്കൊരു സർപ്രൈസും തന്നിട്ട് മിണ്ടാതിരിക്കുന്നവനെ കാണാനും അവന്റെ കവിളിൽ സ്നേഹത്തോടെ ഒരു ചുംബനം നൽകാനും ആണ് ആ നിമിഷം അവൾക്ക് തോന്നിയത്… കുറച്ചു മൊയ്‌സ്ചൈറസർ ക്രീമും പൗഡറും മാത്രം ഇട്ടു ഉമ്മറത്തേക്ക് ചെന്നപ്പോഴേക്കും സാലി ഒരു ട്രെയിൽ ചായ ഇട്ടിരുന്നു..  അത് അവളുടെ കൈകളിലേക്ക് വച്ചുകൊടുത്തു.  അവൾ തന്നെ ഉമ്മറത്തേക്ക് ചായയുമായി  പോയി… ജെസ്സിയും സാജനും ആ കാഴ്ച കണ്ടു ചിരിയോടെ അവളെ നോക്കി…

” മോൾക്ക് ഇന്ന് ജോലിയിലായിരുന്നോ…?

അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…

”  ഉണ്ടായിരുന്നു ഇപ്പോ ബ്രേക്ക് ആണ്… ഇനി വൈകുന്നേരമേ ഉള്ളൂ,

”  ഞങ്ങൾ വന്നത് എന്തിനാണെന്ന് മോൾക്ക് അറിയാമല്ലോ…  അവൻ മോളോട് പറഞ്ഞിട്ടുണ്ടാവുമല്ലോ

ചോദ്യം ചോദിച്ചത് സാജൻ ആയിരുന്നു…

” അയ്യോ ഇല്ല എന്നോട് ഒന്നും പറഞ്ഞിട്ടില്ല…

അയാളുടെ മുഖത്തേക്ക് നോക്കി ബഹുമാനത്തോടെ അവൾ പറഞ്ഞു…

” എങ്കിൽ ഞാൻ തന്നെ പറയാം.  മോളെ ഞങ്ങൾക്ക് തരുമോന്ന് ഇവരോട് ചോദിക്കാനാ ഞങ്ങൾ വന്നത്… ഇവരെ അമ്പരപ്പെട്ട്  നിൽക്കുകയാണ്.. മോൾക്ക് പിന്നെ സാമിനെ ഇഷ്ടമാണോ എന്ന് ഞാൻ ചോദിക്കണ്ടല്ലോ.  സന്തോഷത്തോടെ നിൽക്കുന്ന ആ മുഖത്ത് അതിനുള്ള മറുപടി ഉണ്ട്….

സാജൻ പറഞ്ഞപ്പോൾ നാണത്തിൽ കലർന്ന ഒരു ചിരി അവളുടെ ചുണ്ടിൽ വിടർന്നിരുന്നു…  താൻ പോലും അറിയാതെ തന്റെ മുഖത്ത് തന്റെ മനസ്സ്  പ്രതിഫലിക്കുന്നത് അയാൾ പറഞ്ഞപ്പോൾ അവൾക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു…

”  ഇനി ഉള്ള കാര്യങ്ങളൊക്കെ നിങ്ങളുടെ കൂടി അഭിപ്രായം അറിഞ്ഞിട്ട് തീരുമാനിക്കാം.  എനിക്ക് വയ്യാതിരിക്കാണെന്ന് സാലിക്ക് അറിയാല്ലോ,  ഡയാലിസിസിന്റെ പുറത്താണ് നിൽക്കുന്നത്… എത്ര കാലം ഉണ്ടാവും എന്ന് പോലും പറയാൻ പറ്റില്ല.  എന്റെ ഒരേ ഒരു മോനാണ് അവന്റെ കല്യാണം കാണണമെന്ന് എനിക്കൊരു ആഗ്രഹമുണ്ട്… അതുകൊണ്ട് എത്രയും പെട്ടെന്ന് നടത്തണമെന്നാണ് എന്റെ ഒരു ആഗ്രഹം. പിന്നെ ബാക്കിയൊക്കെ നിങ്ങളുടെ സൗകര്യം പോലെ പറഞ്ഞാൽ മതി…

”  കല്യാണം എന്നൊക്കെ പറയുമ്പോൾ കുറച്ച് ഒരുക്കങ്ങളൊക്കെ വേണ്ടേ.?  അതിനൊക്കെയുള്ള ഒരു സാവകാശം തന്നാൽ മതി. ഒരു പെൺകൊച്ചിനെ ഇവിടുന്ന് അങ്ങോട്ട് ഇറക്കി വിടുമ്പോൾ വെറുതെ വിടാൻ പറ്റില്ലല്ലോ.  അതിന്റേതായ ചില രീതികൾ ഒക്കെ ഇല്ലേ.

സാലി ശരീരത്തിലെ തോർത്തു നേരെ ഇട്ടു പറഞ്ഞു

” അതിന്റെതായ ചില രീതികൾ എന്ന് സാലി ഉദ്ദേശിച്ചത് സ്ത്രീധനം ആണെങ്കിൽ അതിനെ കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കേണ്ട കാര്യമില്ല..  എന്റെ മകന് ശ്വേതയെ കല്യാണം കഴിക്കുന്നതിന് ഒരു രൂപ പോലും നിങ്ങൾ തരണ്ട. എന്റെ മോനും അതിനോട് താല്പര്യം ഉണ്ടായിരിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. പിന്നെ സ്വർണം എന്നും പറഞ്ഞു കാതിലും കഴുത്തിലും ഒക്കെ നിറച്ചിടുന്ന സമ്പ്രദായത്തിനോടും എനിക്കും താല്പര്യമില്ല.  കുട്ടികളുടെ താല്പര്യമാണ് അതൊക്കെ,  അത്തരം കാര്യങ്ങൾ അടുപ്പിക്കാൻ വേണ്ടി വിവാഹം വൈകിപ്പിക്കണ്ടാന്ന് അർത്ഥം കുറച്ചുകൂടി വ്യക്തമായിട്ട് പറഞ്ഞാൽ ഞങ്ങൾക്കൊന്നും വേണ്ട… ശ്വേതയെ മാത്രം മതി.  എന്റെ മകന് ആവശ്യം അവന്റെ ജീവിതം സെക്യൂർ ആക്കാനുള്ള ഒരു ബിസിനസ് ഡീൽ അല്ല.  എനിക്കും എന്റെ ഭാര്യക്കും ഈ ഭൂമിയിലെ കടമകളൊക്കെ തീർത്ത് തിരികെ പോകുമ്പോൾ അവന് ഒരു കൂട്ട് ആണ്. ഒരു നല്ല പങ്കാളി വേണം.  അതുമാത്രമാണ് മകന്റെ വിവാഹത്തിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത്. എന്റെ മോളുടെ കല്യാണം നടന്നത് ഇങ്ങനെ ആണ്. അവളെ വിവാഹം കഴിച്ച ആൾക്ക് ഒരു രൂപ പോലും ഞാൻ സ്ത്രീധനം കൊടുത്തിട്ടില്ല. എനിക്ക് താല്പര്യമില്ലാത്ത കാര്യമാണ്. ആ സമയത്ത് അവളുടെ കഴുത്തിൽ ആകെ ഉണ്ടായിരുന്നത് ഒന്നര പവന്റെ ഒരു മാല മാത്രം.  വേറെ ഒന്നും അവളുടെ വിവാഹത്തിന് അവളും അണിഞ്ഞിരുന്നില്ല.  ബാക്കിയൊക്കെ എന്തോ ഫാൻസി സ്റ്റോൺസ് വെച്ചിട്ടുള്ള ആഭരണങ്ങൾ ആയിരുന്നു.  മോൾക്ക് ഒരു രീതി മോന് ഒരു രീതി എന്ന സ്വഭാവം എനിക്കില്ല.  മക്കൾ രണ്ടും എനിക്ക് ഒരുപോലെയാണ്.  അവരുടെ കാര്യങ്ങളും അങ്ങനെ തന്നെയാണ്.  അതുകൊണ്ട് ഈ ഒരു കാര്യം മാറ്റി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക..  ഇല്ലെന്നുണ്ടെങ്കിൽ നമുക്ക് ഉടനെ തന്നെ നിശ്ചയം നടത്താം.  ഒരു മാസത്തിന്റെ വ്യത്യാസത്തിൽ വിവാഹവും..

സാലി എന്തു മറുപടി പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു..

”  എന്റെ ആങ്ങളയോടും കൂടി ആലോചിച്ചിട്ട് ഞാൻ പറ്റിയൊരു ദിവസം അറിയിച്ചാൽ മതിയോ..?  ഇവൾക്ക് അപ്പൻ ഇല്ലാത്തതുകൊണ്ട് ഇവളുടെ കാര്യങ്ങളൊക്കെ സംസാരിക്കാൻ എനിക്ക് ബന്ധുക്കൾ ആയിട്ട് മറ്റാരുമില്ല…

” അത് സാരമില്ല സാലി അറിയിച്ചാൽ മതി,.അപ്പോൾ എല്ലാം പറഞ്ഞതുപോലെ ഞങ്ങൾ പോട്ടെ…പോട്ടെ മോളെ…

എഴുന്നേൽക്കുന്നതിന് മുൻപ് സാജൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, അവൾ സന്തോഷത്തോടെ തലയാട്ടി..  ജെസ്സി വാത്സല്ല്യത്തോട് അവളുടെ കൈകളിൽ ഒന്ന് തഴുകുകയും  ചെയ്തു..  രണ്ടുപേരും യാത്ര പറഞ്ഞു പോയപ്പോൾ വല്ലാത്തൊരു സന്തോഷവും അത്ഭുതവും ആയിരുന്നു ആ കുടുംബത്തെ മുഴുവൻ ഗ്രസിച്ചിരുന്നത്.  വലിയമ്മച്ചിയും സാലിയും കൂടി അവരുടെ തറവാട്ട് മഹിമയും വിശേഷങ്ങളും പറഞ്ഞപ്പോൾ ശ്വേത ഉടനെ തന്നെ അകത്തേക്ക് ഓടിയിരുന്നു..

നോക്കിയപ്പോൾ ഫോണിൽ മൂന്നാല് മിസ്കോൾ കിടപ്പുണ്ട് സാമിന്റേതായി.  കുറച്ചു മുൻപേ താൻ വിളിച്ചതിന് പകരമായി വിളിച്ചതാണ്.  വലിയ സന്തോഷത്തോടെയും പ്രണയത്തോടെയും അവന്റെ നമ്പർ ഡയൽ ചെയ്ത് അവൾ കാതോട് ചേർത്തു..  അങ്ങേയറ്റം പ്രണയകരമായ ആ റിങ്ടോൺ അവളുടെ കാതിൽ മുഴങ്ങി…

“എന്തേ ഹൃദയതാളം മുറുകിയോ
എന്തേ കണ്ണിൽ ഇളമീൻ തുള്ളിയോ..
മധുരമീ അനുരാഗം..മതിവരാ മധുപാനം
ആരോ വീണ്ടും തേടുമ്പോൾ..
എന്തേ ഹൃദയതാളം മുറുകിയോ
എന്തേ കണ്ണിൽ ഇളമീൻ തുള്ളിയോ” …കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button