Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 82

[ad_1]

രചന: റിൻസി പ്രിൻസ്‌

മോതിരം അവളുടെ കൈകളിലേക്ക് അണിഞ്ഞ നിമിഷം അവന്റെ ചുണ്ടുകളും ആ കൈകളിൽ പതിഞ്ഞിരുന്നു… ചുറ്റും പലരും നിൽപ്പുണ്ട് എന്നും പലരും തങ്ങളെ തന്നെയാണ് നോക്കുന്നത് എന്നും അറിയാമായിരുന്നിട്ടു പോലും അവൻ ഏറെ പ്രണയത്തോടെ തന്റെ പെണ്ണിന്റെ കൈകളിൽ ചുംബിച്ചു…  ഇനി ഒരിക്കലും ഈ ജീവിതത്തിൽ അവളെ വേദനിപ്പിക്കില്ല എന്ന് പറയാതെ പറയുന്നതുപോലെ…

ആ നിമിഷം അവൾ സ്വയം മറന്നു പോയിരുന്നു,. അപ്പോൾ തന്നെ കണ്ണുകളിൽ നിന്നും മിഴിനീർ കണങ്ങൾ പതിക്കാൻ തുടങ്ങി…  അതോടൊപ്പം ഒരു നിറഞ്ഞ പുഞ്ചിരിയും അവളിൽ കാണാമായിരുന്നു,  ആ പുഞ്ചിരി കാണെ അവന് അവളോട് വല്ലാത്ത സ്നേഹം തോന്നി… ഇത് അവളുടെ വിജയമാണ്,  അവൾ ഏറെ ആഗ്രഹിച്ച് അവളുടെ പ്രിയപ്പെട്ടവനെ സ്വന്തമാക്കിയ അവളുടെ ജീവിതത്തിന്റെ ഏറ്റവും വലിയ വിജയം,  അവളെ സംബന്ധിച്ചിടത്തോളം താൻ അവളുടെ ലോകമായിരുന്നു,  പ്രാണനായിരുന്നു.  ഒരിക്കൽപോലും താനത് മനസ്സിലാക്കിയിരുന്നില്ല.  പക്ഷേ അവളോ തന്നെ മാത്രം മനസ്സിൽ ഇട്ട് വർഷങ്ങളുടെ യാനമാണ് അവൾ തുടർന്നത്…  ഒരിക്കൽപോലും ആ പ്രണയത്തിന് ചാഞ്ചാട്ടമൊ മാറ്റമൊമുണ്ടായില്ല. അതല്ലേ യഥാർത്ഥ പ്രണയം.?  മനസമ്മതത്തിനു ശേഷം ഫോട്ടോഗ്രാഫർക്ക് വിട്ടുകൊടുക്കുകയായിരുന്നു  എല്ലാവരും കൂടി രണ്ടുപേരെയും എന്നു പറയുന്നതാണ് സത്യം. ജീവിതത്തിൽ ഫോട്ടോ എടുക്കുന്നത് ഇത്രയും വെറുത്തൊരു ദിവസം ശ്വേതയ്ക്കും സാമിനും വേറെ ഉണ്ടായിരുന്നില്ല… വിശന്നിട്ടു പോലും ഭക്ഷണം കഴിക്കാൻ വിടാതെ പലപല പോസിൽ ഫോട്ടോഗ്രാഫർ മാറിമാറി ഇരുവരുടെയും ചിത്രങ്ങൾ എടുത്തു അവസാനം സാമ് തന്നെയാണ്  ഞങ്ങൾ വല്ലതും കഴിക്കട്ടെ ചേട്ടാ എന്ന് ആളോട് പറഞ്ഞത്…

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മനസ്സമാധാനത്തോടെ ഒന്നും കഴിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു ശ്വേതയ്ക്ക്,  ഒന്നും തൊണ്ടയ്ക്ക് കീഴ്പ്പോട്ട് ഇറങ്ങുന്നില്ല.  സന്തോഷം കൊണ്ടാണ്,  എന്നാൽ ഉള്ളിൽ നല്ല വിശപ്പുമുണ്ട്.

”  എന്താ ഭക്ഷണം കഴിക്കാതിരിക്കുന്നത് ഇനി അതും വാരി തരണോ?

ആരും കേൾക്കാതെ അവളുടെ  കാതോരം അവൻ ചോദിച്ചപ്പോൾ കുസൃതിയോടെ അവന്റെ മുഖത്തേക്ക് അവൾ ഒന്നു നോക്കി.

“വേണ്ട… വേണ്ട സ്റ്റേജിൽ വെച്ച് തന്നെ എല്ലാവരുടെയും മുഖം കണ്ടിട്ട് എനിക്ക് ചിരി വരുമായിരുന്നു,  ഇനിയിപ്പോൾ വാരി തന്നു കൂടി മറ്റുള്ളവരെ കൊണ്ടൊന്നും പറയിപ്പിക്കണ്ട,

“ആഹാ, എന്നാൽ വാരി തന്നിട്ട് തന്നെ ബാക്കി കാര്യം, മറ്റുള്ളവർ എന്താ പറയുന്നത് എന്ന് നോക്കട്ടെ,

ചിരിയോടെ അവൻ പറഞ്ഞു…

” ദേ  ഇച്ചായൻ വേണ്ടാട്ടോ…  ഞാൻ ആകെ ചമ്മിയിരിക്കുകയാണ്,  അവൾ കട്ടായം പറഞ്ഞപ്പോൾ അവൻ ഒരു ചിരിയോടെ അവൾക്ക് നേരെ തന്റെ പ്ലേറ്റിൽ ഉണ്ടായിരുന്ന ഒരു പപ്പടം വെച്ചു കൊടുത്തു…

ചിരിയോടെ അവൾ അത് കഴിക്കുകയും ചെയ്തിരുന്നു.. തുടർന്ന് സാമിന്റെ കുറച്ച് അധികം ബന്ധുക്കളെ പരിചയപ്പെട്ടിരുന്നു,  ശ്വേതയുടെ അമ്മയ്ക്ക് വലിയ മടിയായിരുന്നു ആളുകളെ ഫേസ് ചെയ്യാൻ തന്നെ…  തന്നെയും തന്റെ മകളെയും കുറിച്ച് അവരുടെ ബന്ധുക്കളൊക്കെ എന്ത് ചിന്തിക്കും എന്നായിരുന്നു ചിന്തിച്ചിരുന്നത്,  അവന്റെ അടുത്ത ബന്ധുക്കളിൽ പലരും പലപ്പോഴും അവരുടെ വീട്ടിൽ വന്നിട്ടുള്ളവരാണ്.  അപ്പോഴൊക്കെ താൻ അവിടെ ജോലി ചെയ്യുന്നത് കണ്ടിട്ടുമുണ്ട്.  പലരെയും അറിയുകയും ചെയ്യാം അവിടെ ജോലി ചെയ്ത താൻ ഇത്തരം ഒരു കാര്യം മകളെ കൊണ്ട് ചെയ്യിപ്പിച്ചു എന്ന് ആരെങ്കിലും കരുതുമൊ എന്ന ഭയം അവരിൽ ഉണ്ടായിരുന്നു….
ചിലരൊക്കെ കുത്തും കോളും വെച്ച് എന്തൊക്കെയോ പറഞ്ഞിരുന്നു.  എങ്കിലും കൂടുതൽ ആളുകളും വളരെ നല്ല രീതിയിൽ തന്നെയായിരുന്നു ഇടപെട്ടിരുന്നത്. ഒരു വിഷമവും സാലിയെയും ശ്വേതയെയും അറിയിക്കാതെ സാമിനൊപ്പം തന്നെ ജെസിയും ഉണ്ടായിരുന്നു..  എന്തെങ്കിലും കുത്തി പറയുന്നവർക്ക് നല്ല മറുപടി കൊടുക്കാൻ ജെസ്സി മറന്നിരുന്നില്ല,  അത് ഒരു കണക്കിന് വലിയ ആശ്വാസമായിരുന്നു ശ്വേതയ്ക്കും സാലിയ്ക്കും… സാമിന്റെ ബന്ധുക്കളെയും അവരുടെ സ്ഥിതിയും ഒക്കെ കണ്ടപ്പോഴാണ് വല്യമ്മച്ചിയും അമ്മച്ചിയും എന്തുകൊണ്ടാണ് തന്നെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചത് എന്ന് ശ്വേതയ്ക്ക് മനസ്സിലായത്. താൻ കണ്ടിട്ടുള്ളത് സാമിനെയും ജെസ്സിയെയും അവരുടെ വീട്ടിലുള്ളവരെയും മാത്രമാണ്.  എന്നാൽ അതിനുമപ്പുറം എത്രയോ വലിയ കുടുംബക്കാരാണ് അവർ എന്ന് അവൾ മനസ്സിലാക്കിയത് ആ വിവാഹനിശ്ചയസമയത്തായിരുന്നു…  എല്ലാവരും നല്ല പൊസിഷനിൽ നിൽക്കുന്നവരാണ്.  ഒരു ഡോക്ടറുടെയോ വക്കീലിന്റെയോ മകളെ ആയിരുന്നു സാമിന് ലഭിക്കേണ്ടിയിരുന്നത്, അത്രയും വലിയ ബന്ധങ്ങളാണ് അവരുടെയൊക്കെ കുടുംബങ്ങളിൽ ഉണ്ടായിട്ടുള്ളത്.  സംസാരിക്കുമ്പോൾ ഓരോരുത്തരും ഡോക്ടറും എൻജിനീയറും ജഡ്ജിയും ഒക്കെയാണ്,  തനിക്ക് വിദ്യാഭ്യാസമുണ്ട് എങ്കിലും അവർക്ക് ഒപ്പം നിൽക്കാനുള്ള യോഗ്യത ഉണ്ടോന്നുള്ള ആ പഴയ ചോദ്യം വീണ്ടും ശ്വേതയിൽ നിറഞ്ഞുനിന്നു….  ഒരിക്കൽ സാം പറഞ്ഞ വാക്കുകളാണ്  അപ്പോൾ വീണ്ടും മനസ്സിലേക്ക് വന്നത്,  “എന്നെ സ്നേഹിച്ച നിമിഷം നീ അതിനെക്കുറിച്ച് ആലോചിച്ചിരുന്നോ എന്ന്.  ഒരിക്കൽ അവൻ ചോദിച്ചിരുന്നു.  ഇല്ല എന്ന് മറുപടി പറഞ്ഞപ്പോൾ അപ്പോൾ നിനക്ക് എന്നോടുള്ള സ്നേഹം ആയിരുന്നില്ലേ വലുത് എന്നും ഇനിയും അങ്ങനെ തന്നെ മതി എന്നുമുള്ള ആശ്വാസവാക്ക് അവൾക്ക് വീണ്ടും പ്രചോദനം മാറിയിരുന്നു…  മാത്രമല്ല യാതൊരു മടിയുമില്ലാതെ തന്നെയും തന്റെ വീട്ടുകാരെയും എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കുകയും പരിപാടി കഴിയുന്നതുവരെ യാതൊരു മടിയുമില്ലാതെ തന്റെ കൈകളിൽ നിന്നും പിടിവിടാതെ ഒരു സംരക്ഷണവലയം തനിക്ക് നൽകുകയും ചെയ്ത സാമിനോട് അവൾക്ക് വല്ലാത്ത ഇഷ്ടം തോന്നുകയും ചെയ്തു..  തന്റെ സ്നേഹം എത്ര തീവ്രമാണ് എന്ന് മനസ്സിലാക്കിയ നിമിഷം മുതൽ അവൻ തന്നെ ചേർത്തു പിടിച്ചിട്ടുണ്ട്…  എവിടെയും തോൽക്കാനും അനുവദിക്കാതെ,  പിന്നീട് രണ്ടുപേരുടെയും സുഹൃത്തുക്കളുടെ അവസരം ആയിരുന്നു…  ശ്വേതയുടെ സുഹൃത്തുക്കൾക്കെല്ലാം സാമിനോട് പറയാൻ ഉണ്ടായിരുന്നത് ശ്വേതയുടെ പഴയ തീവ്രമായ പ്രണയത്തെക്കുറിച്ച് ആയിരുന്നു.  വന്നവരെല്ലാം വലിയ സന്തോഷത്തോടെ ശ്വേതയോട് പണി പറ്റിച്ചല്ലോടി എന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ സുഹൃത്തുക്കൾക്ക് പോലും തന്നോട് അവൾക്കുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ സാധിച്ചുവെന്നും അത്  ഏറെ വൈകി മനസ്സിലാക്കിയത് ഈ ലോകത്തിൽ താൻ മാത്രമാണെന്നും തിരിച്ചറിയുകയായിരുന്നു സാം…

സാമിന്റെ സുഹൃത്തുക്കളെയും പരിചയപ്പെടാൻ ശ്വേതയ്ക്ക് സാധിച്ചിരുന്നു,  അതോടൊപ്പം ബാംഗ്ലൂരിലെ അവരുടെ ഫ്ലാറ്റിലുള്ള ഒരു പട വന്നതോടെ സ്റ്റേജ് തന്നെ ആകെ മാറിമറിഞ്ഞു എന്ന് പറയുന്നതാണ് സത്യം. എല്ലാവരും കൂടി നൃത്തവും പാട്ടും ഒക്കെയായി പിന്നീട് സ്റ്റേജ് ഏറ്റെടുക്കുകയായിരുന്നു.  വെറുതെ നിൽക്കാൻ സമ്മതിക്കാതെ സാമിനെയും ശ്വേതയെയും 
സ്റ്റേജിലേക്ക് ഇറക്കിയിരുന്നു.  ആദ്യം സ്വന്തം നാട്ടുകാർ ഒക്കെ കാണുന്നതിന്റെ ഒരു മടി ശ്വേതയ്ക്ക് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ആ വൈബ് കിട്ടിക്കഴിഞ്ഞപ്പോൾ പരിസരം മറന്ന് എല്ലാവരും കൂടി അതൊരു ആഘോഷമാക്കി മാറ്റിയിരുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരാൾക്കൊപ്പം ജീവിതത്തിലെ പ്രധാനപെട്ട അതിമനോഹരമായ കുറച്ചു നിമിഷങ്ങൾ ജീവിതത്തിന്റെ മറ്റൊരു ഓർമ്മത്താളിൽ സൂക്ഷിക്കാൻ  സാധിച്ച സന്തോഷത്തിൽ ആയിരുന്നു ആ നിമിഷം ശ്വേത.  ഇതിനിടയിൽ ഇടയ്ക്കിടെ തനിക്ക് മാത്രം മനസ്സിലാകുന്ന രീതിയിൽ പ്രണയാർദ്രമായി നീണ്ടുവരുന്ന സാമിന്റെ നോട്ടങ്ങൾ അതവളെ വീണ്ടും കൂടുതൽ തരളിത ആക്കി കഴിഞ്ഞിരുന്നു… ഏറെ പ്രണയത്തോടെ രണ്ടുപേരും പരസ്പരം മിഴികൾ കോർത്തു… ആ നിമിഷവും സ്റ്റീരിയോയിൽ നിന്ന് ഗാനം കേൾക്കാമായിരുന്നു അവൾ ക്ക് വേണ്ടി സാം പ്രത്യേകം പറഞ്ഞ ആ പ്രണയ ഗാനം…

” നിന്റെ ഇഷ്ടങ്ങൾ എല്ലാം എന്റെ നെഞ്ചോട് ചേർക്കാം, ഇന്നോളം കേൾക്കാത്തൊരു ഈണം പോലെ “……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button