Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 85

[ad_1]

രചന: റിൻസി പ്രിൻസ്‌

അധരങ്ങൾക്ക് നേരെ വരുന്ന അവന്റെ ചുണ്ടുകളെ സ്വീകരിക്കാൻ അവൾ തയ്യാറായി നിൽക്കുമ്പോൾ അവളെപ്പോലും അമ്പരപ്പിച്ചു കൊണ്ട് അധരങ്ങൾ അവൻ സ്വന്തമാക്കി..  കണ്ണുകൾ അടച്ച് അവളുടെ മുടിയിഴകളെ തഴുകി ഒരു പൂവിൽ നിന്നും ചിത്രശലഭം തേൻ നുകരുന്നതുപോലെ ഏറെ മൃദുലമായി അവളുടെ ചുണ്ടുകളെ അവൻ നുകരുകയായിരുന്നു…  ഏറെ പ്രണയത്തോടെ, ആദ്യമായി തന്നിൽ പുതുവികാരങ്ങൾ സ്ഥാനം പിടിക്കുന്നത് ശ്വേതയും അറിഞ്ഞു

കുറച്ച് സമയം മാത്രം നീണ്ടുനിന്നൊരു അധരപാനം,  എന്നാൽ അത് സമ്മാനിച്ച ഓർമ്മകൾ വളരെ വലുതായിരുന്നു.  പിന്നീട് അവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് ചമ്മല് തോന്നി അവനും അതേ അവസ്ഥയിലായിരുന്നു…  പുറത്തേക്ക് നോക്കി ചിരി ഒതുക്കുന്നവനെ അവൾ സൂക്ഷിച്ചു നോക്കി..

” കുറച്ചോവറായി പോയി എന്നറിയാം,  പക്ഷേ ഇനി കുറച്ചു ദിവസം തന്നെ കാണാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ കൺട്രോൾ ചെയ്യാൻ പറ്റിയില്ല..  സോറി…! അതും പറഞ്ഞ് ചിരിയോടെ അവൻ പുറത്തേക്കിറങ്ങിയിരുന്നു…

ഡിക്കി തുറന്ന് അവളുടെ ബാഗ് എടുത്ത് ആദ്യം നടന്നതും അവൻ തന്നെയാണ്, റിയർവ്യൂ മിററിൽ നോക്കി മുടിയൊക്കെ ഒന്നുകൂടി വൃത്തിയാക്കിയതിനു ശേഷം ടിഷ്യൂ പേപ്പർ എടുത്ത് മുഖം നന്നായി ഒന്ന് തുടച്ചതിനു ശേഷമാണ് അവൾ ഇറങ്ങിയത്.  അവനേ നോക്കാൻ അവൾക്കൊരു ചമ്മൽ തോന്നിയെങ്കിലും റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ അവളുടെ കൈകളിൽ അവൻ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു..

” പിണക്കമാണോ?

ഒന്നും മിണ്ടാതെ നിൽക്കുന്നവരുടെ അരികിലായി ഇരുന്നുകൊണ്ട് അവൻ ചോദിച്ചു.. റെയിൽവേ സ്റ്റേഷനിലെ ആ ബെഞ്ചിന്റെ  അരികിൽ അവനോട് കുറച്ചുകൂടി ചേർന്നിരുന്നു..  അവന്റെ കൈകൾക്ക് മുകളിൽ കൈവെച്ചുകൊണ്ടാണ് അവൾ അതിനു മറുപടി പറഞ്ഞത്.  അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി ആ നിമിഷം തട്ടി കളിച്ചിരുന്നു.  ട്രെയിൻ വന്നപ്പോൾ സുരക്ഷിതമായി അവളെ ബർത്തിൽ കയറ്റിയ ശേഷമാണ് അവൻ ട്രെയിനിൽ നിന്നും ഇറങ്ങിയത്.  ട്രെയിൻ അവന്റെ കണ്ണിൽ നിന്നും അകലും വരെ അവൾക്ക് നേരെ കൈകൾ വീശി അവൻ നിന്നു. പ്രണയം നിറഞ്ഞ ഒരു കാത്തിരിപ്പിന് വേണ്ടിയുള്ള യാത്ര,

ഒറ്റയ്ക്കിരുന്ന സമയങ്ങളിൽ അവൾക്ക് വല്ലാത്തൊരു ഏകാന്തത തോന്നിയിരുന്നു.  സത്യമാണ് ഇത്രയും ദിവസം അവനോട് ഒരുമിച്ച് ഒരു കൈയകലത്തിൽ അവൻ ഉണ്ട് എന്ന സത്യം മനസ്സിലാക്കി ജീവിച്ചിട്ട് പെട്ടെന്ന് അവൻ ദൂരെയാണെന്ന് ചിന്തിക്കുന്നത് കുറച്ചു വിഷമം ഉണ്ടാക്കുന്ന അവസ്ഥ തന്നെയാണെന്ന് അവൾക്ക് തോന്നിയിരുന്നു.  അതോടൊപ്പം തന്നെ അവൻ പകർന്ന പ്രണയത്തിന്റെ ലഹരി അവളോട് ചുണ്ടുകളിൽ അപ്പോഴും മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു.  ആ ഓർമ്മയിൽ പോലും അറിയാതെ അവൾ ഒന്ന് ചിരിച്ചു പോയിരുന്നു. ദുസഹമായ യാത്രയ്ക്ക് ഒടുവിൽ ബാംഗ്ലൂർ നഗരത്തിലേക്ക് വന്നിറങ്ങിയപ്പോൾ ആദ്യമായി ആ നഗരത്തിലേക്ക് വന്നിറങ്ങിയ ഓർമ്മകൾ വീണ്ടും അവളിലേക്ക് കയറി..  ഓർമ്മകളിൽ ജീവിക്കുന്ന ചില മനുഷ്യരുണ്ട്.  അവരുടെ കൂട്ടത്തിലുള്ള ഒരു വ്യക്തിയാണ് താനെന്ന് അവൾക്ക് എപ്പോഴും തോന്നാറുണ്ട്.  എന്നും തന്റെ മനസ്സിൽ ഓരോ ഓർമ്മകൾ സ്ഥാനം പിടിക്കാറുണ്ട്. നാട്ടിലേക്ക് ചെല്ലുമ്പോൾ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ മാടി വിളിക്കുന്നതുപോലെ,  ബാംഗ്ലൂരിലേക്ക് വരുമ്പോൾ ആദ്യമായി ഈ നഗരത്തിൽ എത്തിയതും ഇതിന്റെ തിരക്കുകളിലേക്ക് ഊളി ഇട്ടതുമൊക്കെ ഓർമ്മവരും.. ചില സമയങ്ങളിൽ ഓർമ്മകൾക്ക് വല്ലാത്ത മധുരമാണ്.  മറ്റു ചിലപ്പോൾ അവ കൈപ്പേറുന്ന ഒരു ചഷകമായി മാറുകയും ചെയ്യാറുണ്ട്. തന്റെ ജീവിതത്തിലെ ഓരോ ഓർമ്മകൾക്കും ഒരു അടുക്കും ചിട്ടയും താൻ നൽകിയിട്ടുണ്ട്.  കുട്ടിക്കാലത്തെ ഓർമ്മകൾക്കായി ഒരു പ്രത്യേക പുസ്തകം തന്നെ തന്റെ മനസ്സിലുണ്ട്.  ആ പുസ്തകത്താളുകളിൽ ഓരോ പൊട്ടും പൊടിയും ഉണ്ട്.  തന്റെ പ്രണയത്തിനു വേണ്ടി മറ്റൊരു പുസ്തകം അങ്ങനെ ഓരോ കാലഘട്ടത്തിലും തന്റെ മനസ്സിൽ ഒരുപാട് ഇടമുണ്ട്. ഓരോ ഓർമ്മകളും താൻ മറന്നു പോകില്ല. അതിൽ വേദനിപ്പിച്ചവയും സന്തോഷം പകർന്നവയും നിന്ദിക്കപ്പെട്ടവയും ഒക്കെയുണ്ട്.  എങ്കിലും അവയെല്ലാം പ്രിയപ്പെട്ടതാണ്.  കഴിഞ്ഞുപോയ കാലത്തിന്റെ അവശേഷിപ്പുകൾ ആണ്.  ഇനി ഒരിക്കലും തിരിച്ചു വരാത്ത നല്ല ചില ദിനങ്ങളും അവയിലുണ്ട്.  ഏതൊരു മനുഷ്യനും അവയുടെ വസന്തകാലത്തിലാണ് ജീവിക്കുന്നത് എന്ന് പറയണം.  ഒരുപക്ഷേ ഓർമ്മകൾ കൂടി ഇല്ലായിരുന്നുവെങ്കിൽ മനുഷ്യൻ എന്നേ യന്ത്രമായി മാറിയേനെ.  ചില ഓർമ്മകളാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പോലും,  ഓരോന്ന് ചിന്തിച്ച് അവൾ ഫ്ലാറ്റിലേക്ക് എത്തിയിരുന്നു..

അവിടെ അവളെ വരവേൽക്കാൻ കൂട്ടുകാർ എല്ലാവരും ഉണ്ടായിരുന്നു.  എൻഗേജ്മെന്റിന്റെ വിശേഷവും നാട്ടിലെ വിശേഷവും ഒക്കെ പറഞ്ഞു സമയം വൈകിയാണ് അവൾ ഓഫീസിലേക്ക് എത്തിയത്.. രണ്ടു ദിവസം കൊണ്ട് തന്നെ ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളുമായി പൊരുത്തപ്പെടാൻ വീണ്ടും ശ്വേതയ്ക്ക് സാധിച്ചു.  ഇതിനിടയിൽ വീട്ടിലേക്കും സാമിനെയും ഒക്കെ മറക്കാതെ അവൾ വിളിക്കുന്നുണ്ടായിരുന്നു.  വീട്ടിലും സാമിനും ഒക്കെ തിരക്കുകളാണ്. കല്യാണത്തിന്റെ ഒരുക്കങ്ങളുമായി എല്ലാവരും വലിയ ആഘോഷത്തിലാണ്. ഈ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് അവൾക്ക് തോന്നി..  ഇതൊക്കെയാണ് ഏറ്റവും കൂടുതൽ എൻജോയ് ചെയ്യേണ്ട നിമിഷങ്ങൾ എന്ന് അവൾക്ക് തോന്നിയിരുന്നു.  ജോലി കഴിഞ്ഞ് തിരികെ ഫ്ലാറ്റിലേക്ക് എത്തി ഫ്ലാറ്റ് തുറന്നതും ഒരാൾ പിന്നിൽ നിന്നും അവളെ വരിഞ്ഞുമുറുക്കിയിരുന്നു,  പെട്ടെന്ന് ഉള്ളതായതിനാൽ അവൾ ഭയന്നുപോയി.. അലറി വിളിക്കാൻ തുടങ്ങിയവളെ പെട്ടെന്ന് കൈകൾ കൊണ്ട് അയാൾ ബന്ധിപ്പിച്ചു.  പിന്നീട് അവളുടെ പിൻകഴുത്തിൽ ആർദ്രമായി ഒരു ചുംബനം നൽകി. അതിൽ നിന്നു തന്നെ ആരാണ് ആളെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.  തിരിഞ്ഞു നോക്കിയപ്പോൾ നിറച്ചിരിയോടെ തന്നെ എന്നും ആകർഷിച്ച ആ മിഴികളോടെ അവൻ നിൽക്കുന്നു.

സാം…!

“ഞാൻ പേടിച്ചു പോയല്ലോ, ഇതു മതി ഒരു അറ്റാക്ക് വരാൻ.

ശ്വേത പറഞ്ഞു

” അങ്ങനെയങ്ങ് അറ്റാക്ക് വന്നാൽ എങ്ങനെയാണ്.? തനിക് ഒരു സർപ്രൈസ് തരാൻ വേണ്ടി നമ്മുടെ സഞ്ജീവേട്ടനെ കൊണ്ട് പുറത്തുനിന്ന് ഫ്ലാറ്റ് പൂട്ടിച്ചതല്ലേ ഞാൻ. ആദ്യം വന്ന് ഫ്ലാറ്റ് തുറക്കുന്നത് നീ ആയിരിക്കും എന്ന് സഞ്ജീവേട്ടൻ പറഞ്ഞിരുന്നു.  അതുകൊണ്ട് ഒരു കിടിലൻ സർപ്രൈസ് തന്നെ ആവട്ടെ എന്ന് കരുതി.

” ഞാൻ ഇപ്പോൾ തല അടിച്ചു പൊളിച്ചേനെ, പൂട്ടിയിട്ട ഫ്ലാറ്റിനകത്തു ഒരാൾ വന്നു പെട്ടെന്ന് ചാടി പിടിക്കുമ്പോൾ സാധാരണ എല്ലാരും ചെയ്യുന്നത് എന്താ.?  കൈയിൽ കിട്ടുന്ന എന്തെങ്കിലും വച്ച് അവന്റെ തലമണ്ട അടിച്ചു പൊട്ടിക്കും, അതുതന്നെ ഞാനും ചെയ്തേനെ…  ഇത്ര നാളായിട്ടും എന്റെ മണം നിനക്ക് തിരിച്ചറിയാൻ പറ്റിയിട്ടില്ലെ ഏറെ പ്രണയത്തോടെ അവളുടെ കാതോരം അവൻ ചോദിച്ചു…

” അങ്ങോട്ട് മാറി നിന്നേ കൊഞ്ചാതെ,  ആള് വന്നപ്പഴേ നല്ല റൊമാന്റിക് മൂഡിലാണല്ലോ…

”  എന്ത് റൊമാന്റിക് ആവണ്ടേ ഇനിയിപ്പോ രണ്ടോ മൂന്നോ ആഴ്ചയും കൂടിയേ ഉള്ളൂ നമ്മുടെ കല്യാണത്തിന്, അതിനിടയ്ക്ക് ഞാൻ കുറച്ചു റൊമാന്റിക് ഒക്കെ ആവും…

”  ഇനിയുള്ള റൊമാൻസ് ഒക്കെ കല്യാണം കഴിഞ്ഞു മതി.  അപ്പോഴേക്കും എന്തെങ്കിലുമൊക്കെ വേണ്ടേ..?

”  കല്യാണം കഴിഞ്ഞ് എന്റെ റൊമാൻസ് നീ താങ്ങിയാൽ മതി.

ഒരു കുസൃതിയോടെ അവൻ പറഞ്ഞു,

“ഒന്ന് പോയെ,  അല്ല എപ്പോഴാ വന്നത്

”  ഞാൻ വന്നിട്ട് ഇപ്പൊൾ മൂന്നാല് മണിക്കൂർ ആയി .

” എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും വന്ന് ആയിരുന്നു വാതിൽ തുറക്കുന്നത് എങ്കിലോ.?

“എങ്കിൽ ഞാൻ പെട്ടുപോയേനെ. പിന്നെ ജനലിൽ കൂടി ഞാൻ കണ്ടിരുന്നു  താൻ ആണ് എന്ന്, അതുകൊണ്ടല്ലേ ധൈര്യത്തോടെ ചേർത്തു പിടിച്ചത്… 

ഒരു കൊഞ്ചലോട് അവൻ പറഞ്ഞപ്പോൾ,
അരികിലേക്ക് വരുന്നവനിൽ നിന്നും അകന്നുമാറി ശ്വേത..

”  ഞാൻ ആകെ വിയർത്ത് വല്ലാതെ വന്നിരിക്കുകയാണ്…  ഒരു കുളിയൊക്കെ കഴിഞ്ഞിട്ട് നമുക്ക് സംസാരിക്കാം,

“ഒറ്റയ്ക്ക് കുളിക്കാൻ പേടിയുണ്ടോ.?

“പേടിയുണ്ടെങ്കിൽ.?

”  ഞാൻ കമ്പനി തരാം

ഒരു തമാശപോലെ അവൻ പറഞ്ഞപ്പോൾ കൂർപ്പിച്ച് അവൾ ഒന്ന് നോക്കിയിരുന്നു..  ഒരു കണ്ണ് ഇറുക്കി കാണിച്ച് കുസൃതിയോടെ അവൻ അടുക്കളയിലേക്ക് നടന്നിരുന്നു..  ആ സമയം ചെറുചിരിയോടെ അവൾ മുറിക്കുള്ളിലേക്ക് കയറി ലോക്ക് ചെയ്തു. പിന്നെ കുളിക്കാനുള്ള ഡ്രസ്സ് മായി ബാത്റൂമിലേക്ക് കയറിയിരുന്നു…

തിരികെ ഇറങ്ങിയപ്പോൾ നല്ല ആവി പറക്കുന്ന കോഫിയുമായി അവൻ ബാൽക്കണിയിൽ അവളെയും കാത്ത് ഇരിപ്പുണ്ട്.  ചെറിയ ചിരിയോടെ അവൻ നീട്ടിയ കോഫി വാങ്ങി അവന് അരികിലായി അവളും നിന്നു. മറുകൈയാല്‍ അവനവളെ ആ നിമിഷം തന്നോട് ചേർത്തു പിടിച്ചു..  പകലോൻ മേലെ അസ്തമിക്കാൻ തുടങ്ങുകയാണ് രണ്ടുപേരും ഒന്നും മിണ്ടിയില്ല പ്രണയം നിറച്ച മിഴികൾ പരസ്പരം ഉടക്കി നിന്നു ജീവിതത്തിൽ അതുവരെ രണ്ടുപേരും കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ സൂര്യാസ്തമനം ആയിരുന്നു അത്……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button