Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 87

[ad_1]

രചന: റിൻസി പ്രിൻസ്‌

ഉയർന്നുവരുന്ന പ്രാർത്ഥനകളുടെയും ധൂപക്കുറ്റിയിലെ കുന്തിരിക്കഗന്ഥത്തിന്റെയും  ഇടയിൽ റാണി പിങ്ക് നിറത്തിലുള്ള രണ്ടാം സാരിയിലെ ഏഴ് നൂലുകൾ ചേർത്ത നൂലിൽ 7 ഡയമണ്ട് കല്ലുകൾ പതിപ്പിച്ച കുഞ്ഞുമിന്ന് അവളുടെ മാറിൽ അവൻ ചാർത്തി. കണ്ണുകൾ അടച്ച് അൾത്താരയിലെ ക്രിസ്തുനാഥന് മുൻപിൽ കണ്ണുനീരോടെ അവൾ ഒരു നൂറു നന്ദി പറഞ്ഞിരുന്നു…  ആ നിമിഷവും അവന്റെ കൈചൂട് അവൾ പിൻകഴുത്തിൽ അറിയുന്നുണ്ടായിരുന്നു 

കവിളിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീരാണ് താൻ കരയുകയാണ് എന്ന് അവളെ ബോധ്യപ്പെടുത്തിയത്. സന്തോഷം കൊണ്ടുള്ള കണ്ണുനീരായിരുന്നു അത്. മിന്നു കെട്ടി തിരിഞ്ഞതും സാം കാണുന്നത് നിറഞ്ഞ അവളുടെ കണ്ണുകളാണ്… അവന് അത് സഹിക്കാൻ സാധിക്കുന്നതായിരുന്നില്ല.  അവൻ തന്റെ ചൂണ്ടുവിരലിനാൽ ആ കണ്ണുനീർ തുടച്ച് അവളെ തന്നോട് ചേർത്ത് നെറ്റിയിൽ ഒരു ചുംബനം നൽകിയിരുന്നു.  അതിമനോഹരമായ ആ നിമിഷം അപ്പോൾ തന്നെ ക്യാമറമാൻ ലെൻസിൽ പകർത്തുകയും ചെയ്തിരുന്നു.  പിന്നീട് ബന്ധുക്കളെ പരിചയപ്പെടലും ഫോട്ടോസേഷനും ഒക്കെയായി രണ്ടുപേരും നന്നായി മടുത്തിരുന്നു എന്നതാണ് സത്യം.  യാത്രപറഞ്ഞ് ഇറങ്ങാൻ നേരം മാത്രം അവൾ അമ്മച്ചിയെയും വല്ല്യമ്മച്ചിയേയും കെട്ടിപ്പിടിച്ച് കരഞ്ഞു പോയിരുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട ആൾക്ക് ഒപ്പമാണ് പോകുന്നത് കരയരുത് എന്നും കരയണം എന്ന് ക്ലീഷേ പൊളിച്ചടുക്കണമെന്നും മനസ്സിൽ കരുതിയതാണ് പക്ഷേ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല. ഇത്ര കാലം പൊതിഞ്ഞു പിടിച്ച അമ്മകിളിയുടെ കൂടുവിട്ട് മറ്റൊരിടത്തേക്ക് ചേക്കേറുക എന്നത് അത്ര വേദന നിറയ്ക്കുന്നതായിരുന്നത് ആണ്.  ഇത് ഒരു പറിച്ച് നടലാണ് എന്ന് അവൾക്ക് തോന്നിയിരുന്നു അതുകൊണ്ടുതന്നെ അമ്മയെയും വല്യമ്മച്ചിയും കെട്ടിപ്പിടിച്ച് അറിയാതെ അവളും കരഞ്ഞു പോയിരുന്നു.  അനുജനോടും യാത്രപറഞ്ഞ് സാമിന്റെ കൈപിടിച്ച് കാറിലേക്ക് കയറുമ്പോൾ പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുകയാണ് താനെന്ന് അവൾ അറിയുകയായിരുന്നു…
അവളുടെ മനസ്സ് അറിഞ്ഞെന്നതുപോലെ ആ കൈകൾ അവളെ സ്വതന്ത്രയാക്കാതെ ചുറ്റി പിടിച്ചിരുന്നു.

🎶മേലേ മാളികയിൽ നിന്നും
രഥമേറി വന്നു മണിമാരൻ
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം
വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസമേ🎶

സ്റ്റീരിയോയിൽ നിന്നും ഗാനമുണർന്നു. 
വീട്ടിലേക്ക് ചെന്നതും ബൈബിളും കൊന്തയും കൊടുത്ത് പുതിയ മരുമകളെ ഏറെ സന്തോഷത്തോടെ ജെസ്സി വലംകാൽ വച്ച് അകത്തേക്ക് ക്ഷണിച്ചു.  ഇതിനു മുൻപ് ഒരു നൂറുവട്ടം ഇവിടെ വന്നിട്ടുണ്ട് അപ്പോഴൊക്കെ അടുക്കള വാതിലിൽ കൂടിയാണ് കയറി വന്നിട്ടുള്ളത്.  എന്നാൽ ഇന്ന് അധികാരത്തോടെയും അവകാശത്തോടെയും ഈ വീടിന്റെ മരുമകളായി കയറി വരികയാണ്. ഒരുകാലത്ത് ഒരുപാട് ആഗ്രഹിച്ചിരുന്നു എങ്കിലും യാഥാർത്ഥ്യമാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. നമ്മുടെ സ്വപ്നം തീവ്രം ആണെങ്കിൽ പ്രകൃതി മുഴുവൻ നമുക്കും ഒപ്പം കൂടെ നിൽക്കും എന്ന് പറയുന്നത് എത്ര സത്യമാണെന്ന് ആ നിമിഷം അവൾ ചിന്തിച്ചിരുന്നു. വലിയ സന്തോഷത്തോടെ അവൾ അകത്തേക്ക് കയറിയപ്പോൾ അവളെ പരിചയപ്പെടാനായി ഒരുപറ്റം ആളുകൾ വന്നിരുന്നു.  അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയാണ്. എല്ലാവരെയും പരിചയപ്പെട്ട് ഒരു ക്ഷീണ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ശ്വേതയുടെ അരികിലേക്ക് സാമിന്റെ ചേച്ചിയായ ശ്വേത എത്തിയത്..

” രാവിലെ തുടങ്ങിയ നിൽപ്പല്ലേ താൻ നന്നായി ക്ഷീണിച്ചിട്ടുണ്ട്..  മുഖം കണ്ടാൽ തന്നെ അറിയാം.  ഇവിടുത്തെ ആളുകളൊക്കെ ഇനി പോണെങ്കിൽ രാത്രിയാവും. സാമിനെ കുറെ കൂട്ടുകാര് പിടിച്ച് അപ്പുറത്ത് നിർത്തിയിരിക്കുകയാണ്.  നമുക്കൊരു കാര്യം ചെയ്യാം മുറിയിലേക്ക് പോയിട്ട് ഈ വേഷം ഒക്കെ മാറിയിട്ട് ഒന്ന് ഫ്രഷ് ആയിട്ട് താഴെ വരാം.  അപ്പോഴേക്കും ഇവിടത്തെ തിരക്കൊക്കെയും കുറയുകയും ചെയ്യും.  മമ്മിയാ എന്നെ പറഞ്ഞുവിട്ടത് തന്നെ ഇവിടുന്നു രക്ഷിക്കാൻ പറഞ്ഞോണ്ട്…

ഇതിനുമുൻപ് അധികം അടുത്തിടപഴകിയിട്ടില്ല എങ്കിൽപോലും വളരെ അടുത്ത ഒരു സുഹൃത്തിനോട് എന്നതുപോലെ സംസാരിക്കുന്ന സാമിന്റെ സഹോദരിയോട് അവൾക്ക് വല്ലാത്ത മതിപ്പ് തോന്നിയിരുന്നു. ആളുകളുമായി ഇങ്ങനെ പെട്ടെന്ന് കമ്പനി ആവാൻ തനിക്ക് സാധിക്കാറില്ല. അത് തന്റെ ഒരു കുറവാണ് എന്ന് പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്.  കുട്ടിക്കാലത്ത് താൻ അണിഞ്ഞിട്ടുള്ള വിലപിടിപ്പുള്ള വസ്ത്രങ്ങൾ മുഴുവൻ ആ പെൺകുട്ടിയുടെതാണെന്ന് ഓർത്തപ്പോൾ ആ നിമിഷം അവൾക്ക് ചിരി വന്നുപോയിരുന്നു.  ഒരിക്കൽപോലും തനിക്ക് മനോഹരമായ വസ്ത്രങ്ങൾ നൽകുന്ന ആ വസ്ത്രത്തിന്റെ ഉടമയെ താൻ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല. താൻ വരുമ്പോഴൊക്കെ പുള്ളിക്കാരി പഠനവുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കും.  ഒരിക്കലോ മറ്റോ നേരിട്ട് കണ്ടിട്ടുണ്ട് അപ്പോൾ ഒരു ചെറുപുഞ്ചിരി നൽകി മാഞ്ഞു എന്നല്ലാതെ ഇതുവരെ സംസാരിച്ചിട്ടില്ല. സാമിനോടൊപ്പം ഉള്ള വിവാഹം ഉറപ്പിച്ചതിനു ശേഷവും അവന്റെ ബന്ധുക്കളുമായി ഒന്നും സംസാരിച്ചിരുന്നില്ല. ജെസി ആന്റിയെ പരിചയമുള്ളതുകൊണ്ട് കാണുമ്പോൾ സംസാരിക്കുമെന്ന് അല്ലാതെ അവന്റെ കുടുംബത്തിലുള്ള മറ്റാരോടും വലിയ അടുപ്പം കാണിച്ചിട്ടില്ല.  അതിനുള്ള അർഹത തനിക്കില്ല എന്ന സ്വയം തോന്നൽ കൊണ്ടായിരുന്നു അത്. പലവട്ടം ചേച്ചിയുടെ നമ്പർ തന്ന് മെസ്സേജ് അയക്കാൻ പറഞ്ഞപ്പോഴും ഒരു മടി.  വിവാഹം കഴിഞ്ഞതിനുശേഷം സംസാരിക്കാം എന്ന് തീരുമാനിച്ചിരുന്നു.  ഈ വീട്ടിലെ ജോലിക്കാരൻ ആയിരുന്ന തന്റെ അപ്പച്ചൻ ഈ പെൺകുട്ടിയുടെ പേര് കേട്ടിട്ടാണ് തനിക്ക് ശ്വേത എന്ന പേരിട്ടത് എന്ന് അമ്മച്ചി പറഞ്ഞിട്ടുണ്ട്.

ശ്വേതയ്ക്ക് ഒപ്പം മുകളിലേക്ക് കയറുമ്പോൾ ആദ്യമായി തന്റെ മനസ്സ് തുറന്ന് പറയാൻ ഒരു കത്തുമായി സാമിന്റെ മുറിയിലേക്ക് പോയ ആ 15 കാരിയാണ് അവൾക്ക് ഓർമ്മ വന്നത്. ഇന്നും ശരീരത്തിൽ അതേ വിറയലാണ് എന്ന് അവൾക്ക് തോന്നി

”  എനിക്ക് എപ്പോഴും തിരക്കാ? പിള്ളേരുടെ കാര്യം നോക്കണം എബിയുടെ കാര്യം നോക്കണം,  അങ്ങനെ ഞാൻ എപ്പോഴും തിരക്കിലാ. അതിന്റെ ഇടയ്ക്ക് ജോലിയുണ്ട് വീട്ടിലിരുന്ന് ചെയ്യാണെന്ന് പറഞ്ഞാലും ജോലി തീരില്ല.   ഞാൻ രണ്ടുമൂന്നുവട്ടം ശ്വേത കല്യാണത്തിന് മുമ്പ് വിളിക്കണം എന്ന് കരുതിയത്  ആണ്… പറ്റിയില്ല. പിന്നെ സാം പറഞ്ഞു കല്യാണം കഴിഞ്ഞ് സംസാരിച്ചാൽ മതിയെന്ന്… ഞാൻ കരുതി തനിക്ക് എന്തെങ്കിലും ഡിസ് കംഫർട്ടബിൾ ഉള്ളതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത് എന്ന്….

” അയ്യോ അങ്ങനെയല്ല ചേച്ചി എനിക്ക് നിങ്ങളോടൊക്കെ സംസാരിക്കാൻ എന്തോ ഒരു മടി പോലെ…  ചിലപ്പോൾ അത് എന്റെ അപകർഷതാബോധം ആയിരിക്കും…

ശ്വേത തുറന്നു പറഞ്ഞപ്പോൾ നന്നായി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു സാമിന്റെ ചേച്ചി.

”  എന്തിനാടോ അങ്ങനെയൊക്കെ ചിന്തിക്കുന്നത് ഇവിടെ ഞങ്ങൾക്ക് ആർക്കും അങ്ങനെയൊന്നുമില്ല.   അതൊക്കെ ശ്വേത കടന്നു ചിന്തിക്കുന്നത് കൊണ്ടാ. പിന്നെ നമ്മുടെ രണ്ടുപേരുടെയും പേര് ശ്വേത എന്ന് ആയതുകൊണ്ട് വിളിക്കുമ്പോൾ ഒരു കൺഫ്യൂഷൻ നമുക്ക് രണ്ടുപേർക്കും ഉണ്ടാവും.  പക്ഷേ എന്നെ വീട്ടിൽ വിളിക്കുന്നത് ചിന്നു എന്നാണ്. താനും അങ്ങനെ വിളിച്ചാൽ മതി.  തൽക്കാലം ശ്വേതാ എന്ന് തന്നെ മാത്രെ ഇവിടെ വിളിക്കു.

” ശരിക്കും നിങ്ങൾക്ക് ഒക്കെ എന്നെ ഇഷ്ടായിരുന്നോ

ശ്വേത തുറന്നു ചോദിച്ചു.

“പിന്നല്ലാതെ…! അവൻ ഇവിടെ നിരാഹാരവും പട്ടിണിയും ഒന്നും കിടന്നിട്ടല്ല ഈ കല്യാണം നടന്നത്.  സാം ഇഷ്ടപ്പെടുന്നതെന്തും ഞങ്ങൾക്ക് അങ്ങേയറ്റം പ്രിയപ്പെട്ടതാ. പിന്നെ ഞങ്ങൾ ആരും പണ്ട് മുതലേ ഇങ്ങനെ പണത്തിന്റെ പേരിൽ ആരെയും അളന്നു നോക്കിയിട്ടില്ല.  കുട്ടിക്കാലത്തെ വല്യപ്പച്ചൻ പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം ആണ്. നമ്മൾ മനുഷ്യരെ അളക്കേണ്ടത് ഒരിക്കലും പണത്തിന്റെയോ പദവിയുടെയോ പേരിൽ അല്ല.  അവരുടെ മനസ്സിന്റെ പേരിൽ ആണെന്ന്.  സാമും ഞാനും തമ്മിൽ അത്രയ്ക്ക് ഡിപ്പായിട്ടുള്ള സംസാരങ്ങൾ ഒന്നുമില്ല.  പക്ഷേ സാമെന്നോട് പറഞ്ഞിട്ടുണ്ട് തനിക്ക് ഒരുപാട് മടിയുണ്ട് എല്ലാവരോടും മിണ്ടാനും അടുത്ത ഇടപഴകാനും ഒക്കെ എന്ന്…  രണ്ടുദിവസം ഈ വീട്ടിൽ നിന്ന് കഴിയുമ്പോൾ ശ്വേതയ്ക്ക് അത് മനസ്സിലായിക്കോളും.  മമ്മിയുടെ സ്വഭാവം തന്നെ കണ്ടിട്ടില്ലേ.?  മമ്മി എല്ലാവരോടും നല്ല സോഷ്യൽ ആണ്. പിന്നെ പപ്പ,  പപ്പായേ കൊണ്ട് ഗുണവും ഇല്ല ദോഷവും ഇല്ല എന്ന് പറയുന്നത് സത്യം. ആള് അധികം സംസാരിക്കില്ലെങ്കിലും ഈ പറഞ്ഞതു പോലെ ആളുകളെ പണത്തിന്റെ പദവിയുടെയും പേരിൽ തരംതിരിക്കുന്ന രീതി ഒന്നുമില്ല. എനിക്കും പപ്പയുടെ സ്വഭാവം ആണ്… ഞാനും വലുതായിട്ട് സംസാരിക്കില്ലാരുന്നു കല്യാണം കഴിഞ്ഞ് ആ സ്വഭാവം മാറി.  സാം പക്ഷേ നേരെ തിരിച്ചാ… അവനും മമ്മിയും ഒരേ സ്വഭാവം  ആണ്… ഒരാളെ കിട്ടിയ രണ്ടുപേരും സംസാരിച്ചു കൊല്ലും.  ഞാൻ ഇങ്ങനെ അധികാരോടും സംസാരിക്കാറില്ല തന്നെ ഒന്ന് കംഫർട്ടബിൾ ആക്കാൻ വേണ്ടിയാണ് ഞാൻ സത്യം പറഞ്ഞാൽ സംസാരിക്കുന്നത് കേട്ടോ..  എന്നോട് സംസാരിക്കാൻ തനിക്കെന്തോ ടെൻഷൻ ഉണ്ടെന്ന് സാം പറഞ്ഞിരുന്നു. അതുകൊണ്ട്

”  ടെൻഷൻ കൊണ്ടല്ല ചേച്ചി, ചേച്ചി കരുതില്ലേ ചേച്ചിയുടെ അനുജനെ നല്ലൊരു ബന്ധം കിട്ടിയേനെ എന്ന് ഞാൻ കാരണം അതില്ലാതായി എന്ന്…

” എന്റെ കർത്താവെ… ഈ കൊച്ച് എന്നാ ഈ കടന്ന് ചിന്തിച്ചു വച്ചേക്കുന്നേ..?  ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ട് കൂടിയില്ല.

അവളുടെ വർത്തമാനം കേട്ട് ശ്വേത ഒന്ന് ചിരിച്ചു

” കുട്ടിക്കാലത്ത് ഞാൻ ഒരുപാട് വട്ടം ഇവിടെ വന്നിട്ടുണ്ട്.  അപ്പോഴൊക്കെ ചേച്ചിയുടെ പഴയ ഡ്രസ്സുകൾ ഒക്കെ ആന്റി എനിക്ക് തരുമായിരുന്നു.  അതൊക്കെ ഇട്ട ഞാൻ സ്കൂളിൽ ഒക്കെ പോയിട്ടുള്ളത്.  അങ്ങനെയുള്ള ഞാൻ ചേച്ചിയോട് ഒക്കെ ഒപ്പത്തിനൊപ്പം ഇരുന്ന് സംസാരിക്കാന്ന് പറഞ്ഞാൽ അത് മോശമല്ലെ.. ഞാന് അതാ ചേച്ചിയോട് സംസാരിക്കാൻ എനിക്ക് ചമ്മലാണെന്ന് പറഞ്ഞത്.

”  ശ്വേത പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ ഓർത്തിരിക്കണ്ട.   നമുക്ക് എന്തെങ്കിലും ഇല്ലാതെ വരുമ്പോൾ ദൈവം അത് ഏതെങ്കിലും വിധത്തിൽ നമുക്ക് കൊണ്ട് തരും. അത് ചിലപ്പോൾ എന്റെ ഡ്രസ്സിന്റെ രൂപത്തിൽ ആയിരുന്നിരിക്കും. അത്രയേ ഉള്ളൂ ഒപ്പം ഇരുന്ന് സംസാരിക്കാൻ അർഹതയില്ലാത്ത ആളാണെന്ന് ഒന്നുമല്ല അതിനു അർത്ഥം. ആ ചിന്താഗതി ആദ്യം തന്നെ മാറ്റി വെച്ചേക്കണം.  അത് മാറ്റി വച്ചിട്ട് അവന്റെ മുറിയിലേക്ക് കയറിയാൽ മതി.  ഇവിടെ നമ്മൾ എല്ലാവരും തുല്യരാണ് കേട്ടോ…  ഇനിമേലാ ഇമ്മാതിരി വർത്തമാനം ഒന്നും പറഞ്ഞേക്കരുത്…

ചെറു ചിരിയോടെ അവളുടെ കയ്യിൽ പിടിച്ച് സാമിന്റെ ചേച്ചി അത് പറഞ്ഞപ്പോൾ ആശ്വാസത്തിന്റെ ഒരു നിറചിരി  അവളുടെ മുഖത്ത് വിരിഞ്ഞിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button