Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 89

[ad_1]

രചന: റിൻസി പ്രിൻസ്‌

പത്ത് വർഷക്കാലം എനിക്കുവേണ്ടി കാത്തുവെച്ച സ്നേഹം മുഴുവൻ പുറത്തെടുത്തോ അതൊക്കെ ഞാൻ താങ്ങുമോന്ന് നോക്കാലോ…

കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ ചിരിയോടെ അവൾ അവന്റെ മൂക്കിൽ ഒന്ന് പിടിച്ചു വലിച്ചു.. പിന്നെ ഏന്തിവലിഞ്ഞ് ഏറെ പ്രണയാർദ്രമായി അവന്റെ കവിളിൽ ഒന്ന് കടിച്ചു

” ഞാൻ പോയി കുളിച്ചിട്ട് വരാം,

അത്രയും പറഞ്ഞവളുടെ കവിളിൽ കൂടെ ഒന്ന് തഴുകിയശേഷം അവൻ അകത്തേക്ക് നടന്നിരുന്നു.  അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി.. ഇതൊന്നും സ്വപ്നമല്ല എന്ന് മനസ്സിലാക്കുന്നത് പോലെയുള്ള ഒരു സന്തോഷം. എത്ര സന്തോഷമാണ് അവൻ തനിക്കൊപ്പം ഉള്ളപ്പോൾ തന്നെ പൊതിയുന്നത് എന്ന് അവൾ ആലോചിച്ചു.  ഇതിനപ്പുറം ഒന്നും ആഗ്രഹിച്ചിട്ടില്ല. ഇത്രമേൽ ഒന്നിനെയും തീവ്രമായി ഇഷ്ടപ്പെട്ടിട്ടുമില്ല. കുട്ടിക്കാലം മുതലേ ഒന്നിനോടും വലിയ ഭ്രമം തോന്നിയിട്ടില്ല. ഇല്ലായ്മകൾ മനസ്സിലാക്കിയിട്ടുള്ളത് കൊണ്ടായിരിക്കാം അല്ലെങ്കിൽ എന്താഗ്രഹിച്ചാലും അത് വാങ്ങാനുള്ള സാമ്പത്തികശേഷിയില്ല എന്ന സത്യം മനസ്സിലുള്ളതു കൊണ്ടായിരിക്കും ഒരു കാര്യത്തിനും അങ്ങനെ ഭ്രമം തോന്നാതിരുന്നത്,  എന്നാൽ ജീവിതത്തിൽ ഒന്നിനോട് മാത്രം അടങ്ങാത്ത അഭിനിവേശം  തോന്നിയിരുന്നു. സ്വന്തമാകുമെന്ന് ഒരു തരി പോലും ഉറപ്പില്ലാതിരുന്നിട്ടും ഒരു വലിയ ആഗ്രഹം,  അത് ഈ ഒരാളോട് മാത്രമാണ്.  ഇന്ന് ദൈവം തനിക്ക് മുൻപിൽ അദ്ദേഹത്തെ തന്റെ ഭർത്താവായി കൊണ്ട് തന്നപ്പോൾ ഈ ലോകത്തിൽ വച്ച് ഏറ്റവും സന്തോഷവതിയായി താൻ മാറിയെന്ന് അവൾ കരുതി.

15 മിനിറ്റിനുള്ളിൽ കുളികഴിഞ്ഞ് അവൻ പുറത്തിറങ്ങിയിരുന്നു എന്തോ ആലോചിച്ച നിന്നവളെ ഒറ്റ വലിക്ക് തന്നെ പിടിച്ച് തന്റെ നെഞ്ചോട് ചേർത്ത് കുറെ സമയം കെട്ടിപ്പിടിച്ച് നിന്നവൻ.

” ഇനി എത്ര നേരം വേണമെങ്കിലും നമുക്ക് ഇങ്ങനെ നിൽക്കാം,

അവളെ ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിലെ മുടി പുറകിലേക്ക് ഒന്ന് ഒതുക്കി വെച്ച് ആ നെറ്റിയിൽ ഒരു ചുംബനം നൽകിക്കൊണ്ട് ഏറെ പ്രണയാർദ്രമായി അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു.

” അവിടെ എല്ലാരും നമ്മളെ കാത്തിരിക്കാരിക്കില്ലേ..?  നമുക്ക് പോകാം  അങ്ങോട്ട്,

” ഇറങ്ങിപ്പോയ ഉടനെ എങ്ങും തിരിച്ചുവരാൻ പറ്റില്ല,  കുറച്ച് സമയം കഴിഞ്ഞിട്ട് പോകാം, അതുവരെ നമ്മുക്ക് സ്നേഹിക്കാം വാ …

അവളെ ഒന്നുകൂടി തന്നോട് മുറുക്കി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു,  അവളുടെ കൈകളും ഒരു ഘട്ടത്തിൽ അവനെ പുണർന്നിരുന്നു ഏറെ പ്രണയത്തോടെ അതിലുപരി സ്നേഹത്തോടെ അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ തുരുതുരാ പതിച്ചു കൊണ്ടേയിരുന്നു… കണ്ണുകൾ അടച്ച് അവൾ ആ പ്രിയ ചുംബനങ്ങളെല്ലാം ഏറ്റുവാങ്ങി..  കുറച്ച് അധികം സമയം അങ്ങനെ നിന്നപ്പോഴാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്,  പെട്ടെന്ന് രണ്ടുപേരും ഞെട്ടലോടെ അടർന്നു മാറിയിരുന്നു…  അപ്പോഴും രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ബാക്കിയായി…

” ചെന്ന് നോക്ക്.

അവൻ പറഞ്ഞപ്പോൾ അവൾ അനുസരണയോടെ റൂം തുറന്നു നോക്കിയപ്പോൾ ജെസ്സിയാണ്,

”  ആഹാ ഇവന് ഇവിടെ ഉണ്ടായിരുന്നോ.?  ഞാൻ ഓർത്തു മോള് മാത്രമുള്ളെന്നു,

പെട്ടെന്ന് കയറി വന്നതിന്റെ ഒരു ചടപ്പ് അവരുടെ മുഖത്ത് കാണാമായിരുന്നു…

” ഇച്ചായൻ കുളിക്കാൻ വേണ്ടി വന്നത്  ആണ് അമ്മേ,

“ആണോ, കുളി കഴിഞ്ഞെങ്കിൽ നിങ്ങൾ രണ്ടുപേരും കൂടെ താഴോട്ട് വാ, അവിടെ അച്ചായന്റെ പെങ്ങമ്മാരൊക്കെ പോകാൻ നിൽക്കുക,

ചമ്മല് മറച്ചുകൊണ്ട് ജെസ്സി പറഞ്ഞു…  താൻ ഇപ്പോൾ ഇങ്ങോട്ട് കയറി വരേണ്ടിയിരുന്നില്ലന്ന് അവർക്ക് തോന്നിയിരുന്നു..

“വരാം മമ്മി,

അതും പറഞ്ഞ് അവൻ ഹെയർ ജെൽ എടുത്ത് തലയിൽ ഭംഗിയായി പുരട്ടി മുടി ഒതുക്കി ചേരുന്നുണ്ടായിരുന്നു.  ശേഷം അവളുടെ തോളിൽ കൈയിട്ട് അവൾക്കൊപ്പം മുറിയുടെ പുറത്തേക്ക് ഇറങ്ങിയിരുന്നു.  താഴേക്ക് ചെല്ലുമ്പോൾ ഒട്ടുമിക്ക ആളുകളും പോകാൻ നിൽക്കുകയാണ്.  ചിലരുടെയൊന്നും മുഖത്ത് ഒരു തെളിച്ചമില്ല,  താനുമായുള്ള വിവാഹാലോചന അവന്റെ തന്നെ ബന്ധുക്കളിൽ പലർക്കും ഇഷ്ടമായിട്ടില്ലന്ന് അവൾക്ക് വിവാഹനിശ്ചയ സമയത്ത് തന്നെ തോന്നിയിരുന്നു.  എന്നാൽ അങ്ങനെയൊരു സംശയം വന്നപ്പോഴും തന്നെ ആശ്വസിപ്പിച്ചത് ജെസിയായിരുന്നു..  വിവാഹം കഴിക്കുന്നത് സാം ആണെന്നും ഞങ്ങൾക്കൊപ്പമാണ് നീ നിൽക്കുന്നത് എന്നും മറ്റാരെയും നോക്കേണ്ട എന്നും ഒക്കെ പറഞ്ഞ് ജെസ്സി അവളെ പിന്തുണച്ചിരുന്നു.  പോകാൻ തുടങ്ങുന്ന ബന്ധുക്കളിൽ പലർക്കും അറിയാവുന്ന കാര്യമാണ് തന്റെ അമ്മ ഈ വീട്ടിൽ ജോലിക്കാരിയായി നിന്നിരുന്നു എന്ന്.  അങ്ങനെയുള്ള തന്നെ വിവാഹം കഴിച്ചു എന്നതിന്റെ ബുദ്ധിമുട്ടാണ് അവർക്ക് ഉള്ളത്. എങ്കിലും എല്ലാവരോടും വളരെ ചിരിച്ച് നല്ല സന്തോഷത്തിൽ തന്നെയായിരുന്നു ശ്വേത നിന്നിരുന്നത്, അവരുടെ മാനസികാവസ്ഥ തനിക്ക് ഊഹിക്കാൻ സാധിക്കും.  അവർ ആഗ്രഹിച്ചത് പോലെയുള്ള വിവാഹമല്ല നടന്നത്.  സ്വാഭാവികമായും അവർക്ക് തന്നോട് പിണക്കം ഉണ്ടാകും.  തന്റെ സ്നേഹത്തിന്റെ ആഴം അവർക്ക് അറിയുകയുമില്ലല്ലോ.  തങ്ങൾ ഒരുമിച്ച് സന്തോഷപൂർവ്വം ജീവിക്കുമ്പോൾ എല്ലാവരുടെയും പിണക്കത്തിന് ഒരു കുറവ് വരും എന്ന് അവൾക്ക് ഉറപ്പായിരുന്നു. ആരോടും അനിഷ്ടം കാണിക്കാൻ അവൾ തയ്യാറായിരുന്നില്ല.  കാരണം അത്രമേൽ ഇഷ്ടപ്പെട്ട് കിട്ടിയ ജീവിതമാണ്, മറ്റുള്ളവരുടെ മുഖഭാവങ്ങൾ ഓർത്ത് ഈ ദിവസത്തെ സന്തോഷം കളയാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.  മാത്രമല്ല തന്നെ ഇത്രത്തോളം സ്നേഹിക്കുന്ന അവനെക്കാൾ വലുതായി മറ്റൊരു സന്തോഷവും അവൾക്കുണ്ടായിരുന്നില്ല. ഈ ദിവസത്തെ സന്തോഷത്തിന്റെ മാറ്റ് തകർക്കാൻ ഇത്തരമൊരു നിസ്സാരകാരണത്തിന് സാധിക്കില്ലായിരുന്നു എന്നതാണ് സത്യം. ബന്ധുക്കളിൽ പലരും പോയെങ്കിലും സാമിന്റെ കുറച്ച് സുഹൃത്തുക്കളും അയൽപക്കക്കാരും ഒക്കെ ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു.  എല്ലാവർക്കും മുൻപിൽ നിൽക്കുക എന്നത് ഒരു വലിയ ടാസ്ക്കായി തന്നെ അവൾക്ക് തോന്നിയിരുന്നു. രാത്രിയോടെ അടുപ്പിച്ച് എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ വീട്ടിലുള്ള എല്ലാവരും നന്നെ ക്ഷീണിച്ചിരുന്നു എന്നതാണ് സത്യം.

വീട്ടിലെ തിരക്ക് ഒഴിഞ്ഞ സമയമായപ്പോൾ ജെസ്സിയും ചിന്നുവും ഒക്കെ ഒന്ന് ഫ്രഷ് ആകുവാൻ വേണ്ടി പോയി.  ആളുമാരവവും ഒഴിഞ്ഞപ്പോൾ വീട്ടിൽ സാമും അച്ഛനമ്മമാരും സഹോദരിയും കുഞ്ഞും അളിയനും മാത്രമായി.  ഇതിനിടയിൽ തന്നെ ചിന്നുവിന്റെ ഭർത്താവ് വളരെ ഫ്രണ്ട്‌ലി ആണ് എന്ന് ശ്വേത മനസ്സിലാക്കിയിരുന്നു. കുഞ്ഞു അവളുമായി അടുത്ത് കഴിഞ്ഞിരുന്നു. ശ്വേതയ്ക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്ന് എന്ന് മനസ്സിലാക്കി അവളെ കംഫർട്ടബിൾ ആക്കിയാണ് ചിന്നുവിന്റെ ഭർത്താവ് എബി സംസാരിച്ചിരുന്നത് മുഴുവൻ.  ആദ്യമായി കാണുന്നതുപോലെ ആയിരുന്നില്ല അവന്റെ സംസാരം.  വളരെ പെട്ടെന്ന് തന്നെ അവളുമായി കമ്പനിയായി അവൻ സംസാരിച്ചു.  ഒരു കണക്കിന് സാമിനും അത് വലിയ സന്തോഷം നൽകിയിരുന്നു.  ഒപ്പം തന്നെ എല്ലാത്തിനും കൂടെ ജെസിയും ഉണ്ട്. സാമിന്റെ പപ്പ പിന്നെ അധികം സംസാരിക്കുന്ന കൂട്ടത്തിൽ അല്ല. എങ്കിലും ആളുടെ ഓരോ നോട്ടത്തിലും സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും കണിക അവൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഇടയ്ക്ക് മോൾക്ക് ക്ഷീണം ഉണ്ടോ ഉണ്ടെങ്കിൽ പോയി കിടന്നോളൂ എന്നൊക്കെ പറയുന്നുണ്ട്. സാമിനോടും വലിയ സംസാരം ആൾക്കില്ല. രണ്ടുപേരും തമ്മിൽ സ്നേഹത്തിന്റെ ഒരു വലിയ അതിരുണ്ടെന്ന് അവൾക്ക് തോന്നി.  എന്നാൽ ജെസിയും സാമും തമ്മിൽ അങ്ങനെയല്ല.  രണ്ടുപേരും സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.

പത്തരയോടെ അടുപ്പിച്ചാണ് ഭക്ഷണം കഴിക്കാനായി എല്ലാവരും ഇരുന്നത്.  വൈകുന്നേരം ആരെങ്കിലും ഒക്കെ വരും എന്നതിനാൽ പാലപ്പവും ചിക്കൻ സ്റ്റൂവും കരുതിയിരുന്നു.  അതുതന്നെയാണ് കഴിക്കുവാനായി എടുത്തിരുന്നതും.  ഒരു പാലപ്പവും ഇത്തിരി കറിയും എടുത്ത് പതുക്കെ പതുക്കെ കഴിക്കുന്ന ശ്വേതയെ കണ്ടപ്പോൾ ജെസ്സി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു

” ഇങ്ങനെ കുത്തി പറിച്ചു കൊണ്ടിരിക്കാതെ നന്നായിട്ട് എടുത്ത് അങ്ങോട്ട് കഴിക്ക് കൊച്ചേ…  ഒരു സമയത്ത് ഏതാണ്ട് കഴിച്ചതല്ലേ, പിന്നെ ഇവിടെ ആളും തിരക്കൊക്കെ ആയിരുന്നില്ലേ..?

”  എനിക്ക് മതിയായിരുന്നു അമ്മേ… അതുകൊണ്ടാ…

ചിരിയോടെ അവള് പറഞ്ഞു

”  അതൊന്നും പറഞ്ഞാൽ പറ്റില്ല ഇവിടെ പിള്ളേര് നന്നായിട്ട് കഴിക്കണം എന്നുള്ളത് എനിക്ക് നിർബന്ധമുള്ള കാര്യമാ, പിന്നെ ഇന്നുമുതൽ ഇത് നിന്റെ വീട് ആണ്.. ആഹാരം കഴിക്കുന്നതിന് യാതൊരു ഫോർമാലിറ്റി നോക്കേണ്ട കാര്യമില്ല.

ജെസ്സി പറഞ്ഞപ്പോൾ അവൾ നന്നായി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു..

” അപ്പോൾ ഇവൾ ഔട്ട് ആയി അല്ലേ.?

എബി ചെറു ചിരിയോടെ ജെസ്സിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു

” അവൾ നിന്നെ കെട്ടിയപ്പോൾ തന്നെ ഇവിടുന്ന് ഔട്ട് ആയതല്ലേ. പിന്നെ അവർക്ക് ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കാൻ പോലും സമയമില്ലല്ലോ.ഇനിയിപ്പോ ഞാൻ അവളെ വിളിക്കാൻ നിൽക്കുന്നില്ല. എനിക്കിപ്പോ സ്വന്തമായിട്ട് ഒരു മോളെ കിട്ടിയല്ലോ,

ജെസ്സി അത് പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു തന്നെ ചിരിച്ചിരുന്നു. അതോടൊപ്പം തന്നെ അവൾക്ക് സമാധാനമായില്ലേ എന്ന് അർത്ഥത്തിൽ ആരും കാണാതെ അവളുടെ കൈകളിൽ സാമിന്റെ കൈകൾ മുറുക്കി പിടിച്ചിരുന്നു.  അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇരു കണ്ണുകളും ചിമ്മി ഏറെ സ്നേഹത്തോടെ അവൻ അവളെ നോക്കി കണ്ണടച്ചു കാണിച്ചു …കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button