Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 94

രചന: റിൻസി പ്രിൻസ്‌

ഒറ്റതവണ മാത്രമേ ആ കാഴ്ച നോക്കാൻ അവൾക്ക് സാധിച്ചുള്ളൂ. അവരുടെ മുൻപിൽ നിന്നും അപ്പോൾ തന്നെ മാറി നിന്നിരുന്നു അവൾ.  രണ്ടുപേരും അവളെ കാണുകയും ചെയ്തിട്ടില്ല.  എന്തോ പറഞ്ഞു ചിരിച്ച് അവന്റെ തോളിൽ കൈയും ഇട്ട് വളരെ സന്തോഷവതിയായി പോവുകയാണ് ശ്വേത.  അവളുടെ മുഖം കണ്ടപ്പോൾ വല്ലാത്തൊരു ദേഷ്യം ആണ് റിയയ്ക്ക് തോന്നിയത്. ആദ്യമായി ശ്വേത തന്നോട് അവനെ ഇഷ്ടമാണ് എന്ന് പറഞ്ഞതും അവനെക്കുറിച്ച് വാചാലയായതുമൊക്കെ ആ നിമിഷം റിയയുടെ മനസ്സിലേക്ക് കടന്നുവന്നു. അന്ന് അവൻ തന്റെ സ്വന്തമായിരുന്നു.

തിരികെ വീട്ടിലേക്ക് വന്നപ്പോഴും വല്ലാത്തൊരു ദേഷ്യത്തിൽ ആയിരുന്നു റിയ ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല ഭർത്താവ്.  അതുകൂടി കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു. ഉടനെ തന്നെ വാട്സ്ആപ്പ് ഓണാക്കി ഒരു വോയിസ് മെസ്സേജ് അയച്ചു.

”  ഇവിടെ ഞാൻ നിങ്ങളുടെ ഭാര്യയാണെന്നും ഇടയ്ക്കൊക്കെ എന്നെ വിളിക്കണമെന്നും ഉള്ള ഒരു ഉത്തരവാദിത്വം നിങ്ങൾക്കുണ്ടോ.?

ആ വോയിസ് മെസ്സേജ് സെന്റ് ആയതും അവൾ തലയ്ക്ക് കയ്യും കൊടുത്ത് ഇരുന്നിരുന്നു.  ആഗ്രഹിച്ച പോലെയുള്ള ഒരു ജീവിതം അല്ല ഭർത്താവിനൊപ്പം തനിക്ക് ലഭിച്ചത്.  ഒരുപാട് സ്വപ്നങ്ങളോടെയാണ് ഈ ജീവിതത്തിലേക്ക് താൻ കടന്നു വന്നത്.  പക്ഷേ പണമുണ്ട് എന്നല്ലാതെ താൻ ആഗ്രഹിച്ചതുപോലെ ഒരു ഭർത്താവിനെ തനിക്ക് ലഭിച്ചിട്ടില്ല.  അതൊരു വലിയ ദുഃഖം തന്നെയാണെന്ന് അവൾക്ക് തോന്നി. കിടപ്പറയിൽ പോലും തന്നെ തൃപ്തിപെടുത്താൻ അവന് സാധിച്ചില്ല. ജോലി തീർക്കൽ ആണ് അതും.  ഫേസ്ബുക്ക് എടുത്ത് തന്റെ റിക്വസ്റ്റ്  സാം അക്സെപ്റ്റ് ചെയ്തിട്ടുണ്ടോ എന്നും റിയ നോക്കിയിരുന്നു. ചെയ്തിട്ടില്ല എന്ന് മനസ്സിലായതോടെ അവൾക്ക് വല്ലാത്ത നിരാശ തോന്നി..

പള്ളിയിലെ കുർബാന കഴിഞ്ഞ് നേരെ ശ്വേതയുടെ വീട്ടിലേക്കാണ് രണ്ടുപേരും പോയത്.  രണ്ടുപേരെയും കണ്ടതോടെ വലിയ ഉത്സാഹത്തോടെ അവർക്ക് അരികിലേക്ക് ഓടിയെത്തിയിരുന്നു സാലി.

”  നിങ്ങള് വരുമെന്ന് എനിക്ക് തോന്നിയിരുന്നു, പക്ഷേ രാവിലെ പ്രതീക്ഷിച്ചില്ല. ഉച്ച കഴിഞ്ഞു ഇങ്ങോട്ട് വരുമെന്ന് കരുതിയത്.

”  ഞങ്ങൾ കുർബാന കൂടാൻ വന്നത് ആണ്. അപ്പൊ പിന്നെ ഇവിടേക്കും കൂടി കയറിയേക്കാം എന്ന് കരുതി.

മറുപടി പറഞ്ഞത് സാമാണ്.

”  ഒറ്റദിവസംകൊണ്ട് അമ്മച്ചി അങ്ങ് ക്ഷീണിച്ചു പോയല്ലോ..

അമ്മയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ശ്വേത പറഞ്ഞു.

”  അത് നിനക്ക് തോന്നുന്നത് ആണ്…നിങ്ങൾ വല്ലതും കഴിച്ചോ മക്കളെ..?  ഞാൻ ഇവിടെ ചപ്പാത്തിയും മുട്ടക്കറി ഉണ്ടാക്കിയിട്ടുണ്ട്.

”  വീട്ടിൽനിന്ന് അപ്പം കഴിച്ചിട്ട് ആണ് വന്നത്, ഏതായാലും കുറച്ച് കഴിഞ്ഞു ഒരു ചപ്പാത്തി കഴിക്കാം. പിന്നെ ഉച്ചയ്ക്ക് ഇവിടുന്ന് കഴിച്ചിട്ടെ പോകുന്നുള്ളൂ,

സാം പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു സാലിക്ക്,

” വല്യമ്മച്ചി എന്തിയെ..?  ഒരു അപരിചിതത്വവും ഇല്ലാതെ സാം ചോദിച്ചപ്പോൾ അകത്തുണ്ട് എന്ന് പറഞ്ഞിരുന്നു സാലി..

പെട്ടെന്ന് എല്ലാവരെയും ഒന്ന് നോക്കിയതിനുശേഷം അവൻ അകത്തേക്ക് കയറി പോയിരുന്നു..  അവന്റെ ആ പ്രവർത്തി സാലിയിൽ വലിയ സന്തോഷം നിറച്ചിരുന്നു.  തങ്ങളെപ്പോലെ സാധാരണക്കാരുടെ വീട്ടിൽ വന്നാൽ അവൻ സന്തോഷത്തോടെ നിൽക്കുമോ എന്നും അവിടെ നിന്നും എന്തെങ്കിലും ഭക്ഷണം കഴിക്കുമോ എന്നുമൊക്കെയുള്ള ഒരു ഭയം സാലിയിൽ ഉണ്ടായിരുന്നു.  അതിനൊക്കെയുള്ള ഒരു മറുപടിയായിരുന്നു സാമിന്റെ ആ പ്രവർത്തി.  അവൻ അകത്തേക്ക് കയറുമ്പോൾ സെറ്റിയിൽ ടിവി കണ്ടുകൊണ്ടിരിക്കുകയാണ് ശ്വേതയുടെ അനിയൻ.

” അളിയോ..?

ചെറുചിരിയോടെ അവനെ വിളിച്ച് അവന്റെ തോളിൽ കയ്യിട്ടു അവന് അരികിലായി കയറിയിരുന്നിരുന്നു സാം. പിന്നീട് അവനുമായി കമ്പനി വിശേഷങ്ങളൊക്കെ പറയുന്നതിനിടയിൽ സാലിയും അവിടേക്ക് വന്നു.  ശ്വേതയും സാലിയും കയറി വന്നപ്പോൾ മൂന്നുപേരും എന്തൊക്കെയോ പറഞ്ഞു ചിരിച്ച് സംസാരിക്കുകയാണ്.  ആ കാഴ്ച അവരുടെ മനസ്സിലും വലിയ സമാധാനം നിറച്ചിരുന്നു.

”  ചായ എടുക്കട്ടെ മോനെ…

സാലി അവനോടായി ചോദിച്ചു.

”  ചായ വേണ്ട ആന്റി.. കാപ്പി ഉണ്ടെങ്കിൽ കുറച്ച് കാപ്പി എടുത്താൽ മതി.  പിന്നെ വല്ല ഉപ്പേരിയോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അതും എടുത്തോ.? മറയില്ലാതെ പറയുന്നവനെ കണ്ടപ്പോൾ ശ്വേതയ്ക്കും സമാധാനമായിരുന്നു.  അവൾ അമ്മച്ചിക്കൊപ്പം അടുക്കളയിലേക്ക് പോയിരുന്നു.  വളരെ സമാധാനപൂർണമായ ഒരു മുഖമാണ് സാലിയുടേത് എന്ന് അവൾക്ക് തോന്നി.  താൻ ജനിച്ചതിൽ പിന്നെ ഇത്രയും സന്തോഷത്തോടെ അമ്മയുടെ മുഖം കണ്ടിട്ട് പോലും ഇല്ല.

” അമ്മച്ചി ഭയങ്കര സന്തോഷത്തിലാണല്ലോ.

അവരുടെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.

”  അത് പിന്നെ കാണാതിരിക്കുവോടി നിന്റെ അപ്പച്ചൻ മരിച്ച കാലം മുതലേ സച്ചുവിനെ കുറിച്ചല്ല നിന്നെക്കുറിച്ച് ആയിരുന്നു എന്റെ പേടി.  അവൻ ഒരു ആൺകുട്ടിയല്ലേ.?  എങ്ങനെയെങ്കിലും ജീവിച്ചോളും എന്ന് കരുതി,  പക്ഷേ നിന്റെ കാര്യം അങ്ങനെയല്ലല്ലോ. നിന്നേ നല്ലൊരു കയ്യിൽ എത്തിക്കാൻ പറ്റുമോ എന്നോർത്ത് സമാധാനമില്ലാതെ എത്ര രാത്രിയില് അമ്മച്ചി ഉറങ്ങാതിരുന്നിട്ടുണ്ട് എന്നറിയോ.  ഇപ്പോ നിന്നെ നന്നായി സ്നേഹിക്കുന്ന ഒരാളുടെ കൈകളിലേക്ക് നിന്നെ എത്തിച്ചപ്പോൾ അമ്മച്ചിക്ക് വലിയ സന്തോഷം തോന്നുന്നുണ്ട്.  അതിലുപരി വലിയ സമാധാനവും.  ഈ നിമിഷം മരിച്ചു പോയാലും എനിക്ക് പേടിയില്ല,  സന്തോഷം മാത്രമേ ഉള്ളൂ,

”  ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും പറയാതിരിക്കുക.  എന്തെങ്കിലും ഒരു നല്ല കാര്യം വരുമ്പോൾ അമ്മച്ചിക്ക് എപ്പോഴും പറയാനുള്ളത് ഇങ്ങനെ ഉള്ള നെഗറ്റീവ് കാര്യങ്ങൾ മാത്രമാണ്.

ശ്വേതയുടെ മുഖം മങ്ങി

” ഞാനൊരു സന്തോഷം കൊണ്ട് പറഞ്ഞതാ, മോൾ കാര്യമാക്കണ്ട അത് പോട്ടെ അവിടെ ഉള്ളവർക്കൊക്കെ മോളെ വലിയ കാര്യമാണോ.?  നമ്മൾ ഒന്നുമില്ലാതെ അങ്ങോട്ട് പോയത് ആണ്. അത് കണ്ടു വേണം നിൽക്കാൻ. എന്നോട് പറയുന്നതുപോലെ ചാടി കയറി അവിടുത്തെ അമ്മയോട് ഒന്നും പറയാൻ നിൽക്കരുത്.

”  അമ്മച്ചി വിചാരിക്കുന്ന പോലെ ഒന്നുമല്ല അവിടുത്തെ അമ്മെ നമുക്കറിയാവുന്നതല്ലേ. പുള്ളിക്കാരി ഭയങ്കര ഡൗൺ ടു എർത്തായിട്ടുള്ള ക്യാരക്ടർ ആണ്. ഭയങ്കര ഫ്രണ്ട്ലി ആയിട്ടുള്ള ക്യാരക്ടർ.  എന്ത് കാര്യവും നമുക്ക് തുറന്നു പറയാം.  പിന്നെ പപ്പ ആണെങ്കിലും കുഴപ്പം ഒന്നുമില്ല. എന്നോട് വലിയ ഇഷ്ടമാണ്. അമ്മ അവിടെ ജോലി ചെയ്തിരുന്നുവെന്നോ ഞാൻ അവിടുത്തെ ജോലിക്കാരിയുടെ മകൾ ആയിരുന്നല്ലോ എന്നുമുള്ള യാതൊരു വിധത്തിലുള്ള അവഗണനകളും അവിടെ കിട്ടിയിട്ടില്ല.  അവിടേക്ക് കല്യാണം കഴിഞ്ഞു പോകുമ്പോൾ എനിക്കുണ്ടായിരുന്നു അമ്മ പറഞ്ഞതു പോലെയുള്ള ചില ടെൻഷൻ ഒക്കെ.  സാം ഇച്ചായനെ മാത്രം ഞാൻ ചിന്തിച്ചിരുന്നുള്ളൂ. പിന്നീട് ഞാൻ അവിടെ ഉണ്ടാവാൻ പോകുന്ന പ്രശ്നങ്ങൾ എന്തൊക്കെ ആയിരിക്കുമെന്ന് ചിന്തിച്ചു നോക്കിയത്. ആ സമയത്ത് ഈ തീരുമാനം അവിവേകം ആയി പോയോന്നു വരെ എനിക്ക് തോന്നിയിരുന്നു.  പക്ഷേ അങ്ങനെയല്ല അമ്മച്ചിടെ കണ്ണുനീരും പ്രാർത്ഥനയും ഒക്കെ കണ്ടിട്ടായിരിക്കും ദൈവം എനിക്ക് തന്നത് സന്തോഷം നിറഞ്ഞ ഒരു ജീവിതം ആണെന്നാ തോന്നുന്നത്.  അവരൊക്കെ നല്ല മനുഷ്യരാണ്. 

”  സത്യം പറഞ്ഞാൽ അവരുടെ പണം കൊണ്ട് നിന്നെ വളർത്തിയതും ഈ നിലയിൽ എത്തിച്ചതും ഒക്കെ.  എത്രയോ വട്ടം ജോലി ചെയ്തതിനല്ലാതെ തന്നെ സഹായിച്ചിട്ടുണ്ട് സാമിന്റെ അമ്മച്ചി.

അപ്പോഴേക്കും അവൾ രണ്ട് ഗ്ലാസ് കഴുകി എടുത്തിരുന്നു.  അതിലേക്ക് കാപ്പി ഒഴിച്ചു ബേക്കറി സാധനങ്ങൾ ഇട്ടുവയ്ക്കുന്ന ഭരണിയിൽ നിന്നും കുറച്ചു ബിസ്ക്കറ്റും മിച്ചറും ഒക്കെ എടുത്തു കൊണ്ട് നേരെ ഉമ്മറത്തേക്ക് പോയിരുന്നു..  ഉമ്മറത്ത് ചെന്നപ്പോൾ സച്ചു കുട്ടൻ മാത്രമേ ഉള്ളൂ. ഒരു നിമിഷം സാം എവിടെ പോയി എന്ന് ശങ്കിച്ചുകൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങിയവളേ അനുജൻ തടഞ്ഞു.

”  അളിയനും വല്യമ്മച്ചിയും കൂടി ഒരു റൗണ്ട് അടിക്കാൻ പോയിരിക്കുകയാ..

” റൗണ്ട് അടിക്കാനോ..?

ശ്വേത മനസിലാകാതെ ചോദിച്ചു

”  എടി ചേച്ചി വല്യമ്മച്ചിക്ക് ബൈക്കിൽ കേറണം എന്ന് ഭയങ്കര ആഗ്രഹം. അളിയൻ ആദ്യമായിട്ട് വല്യമ്മച്ചി ചോദിച്ചത് അല്ലേ എന്നും പറഞ്ഞ് ബുള്ളറ്റ് കൊണ്ടുപോയിരിക്കുകയാണ്..

” ദൈവമേ തന്നെ നിൽക്കാൻ പറ്റാത്ത വല്യമ്മച്ചിയെയോ.?

അത്ഭുതത്തോടെ അവൾ മൂക്കത്ത് വിരൽ വെച്ചു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button